a mathrubhumi initiative
IST:
ഹോം   ലണ്ടന്‍ ഒളിംപിക്‌സ്‌   ബേബീസ് ഡെയ്‌സ് ഇന്‍ ലണ്ടന്‍
ഒരു ഡസന്‍ പ്രതീക്ഷ
Posted on: 13 Jul 2012

പി.ടി. ബേബി

ഇനി 14 നാള്‍
ഒളിമ്പിക്‌സില്‍ നിന്ന് പത്തോ അതിലധികമോ മെഡലുകള്‍! ഏത് രാജ്യത്തിനാണ് ഇത്രയും പ്രതീക്ഷ എന്ന് ചോദിക്കരുത്. നമ്മുടെ സ്വന്തം ഇന്ത്യയാണ് മുമ്പൊന്നുമില്ലാത്ത പ്രതീക്ഷാച്ചരടില്‍ ഒളിമ്പിക്‌സിലേക്ക് പറക്കുന്നത്. 112 വര്‍ഷമായി ഒളിമ്പിക്‌സില്‍ ഇന്ത്യ പങ്കെടുക്കാന്‍ തുടങ്ങിയിട്ട്. ഇതുവരെ കിട്ടിയത് 20 മെഡല്‍. അതില്‍ 11-ഉം ഹോക്കി ടീം അതിന്റെ പ്രതാപകാലത്തു നേടിയെടുത്തതാണ്. പിന്നീട് ചില ഒറ്റപ്പെട്ട മെഡല്‍ത്തിളക്കങ്ങള്‍ മാത്രം.

നാലുവര്‍ഷം മുമ്പ് ബെയ്ജിങ്ങില്‍ അഭിനവ് ബിന്ദ്ര വെടിവെച്ചിട്ടത് ഒരു ഇന്ത്യക്കാരന്റെ ആദ്യ വ്യക്തിഗത സ്വര്‍ണമാണ്. ഗുസ്തിയില്‍ സുശീല്‍ കുമാറും ബോക്‌സിങ്ങില്‍ വിജേന്ദര്‍ സിങ്ങും ഓരോ വെങ്കലം നേടിയതോടെ ഇന്ത്യയുടെ എക്കാലത്തേയും മികച്ച നേട്ടമായി അത് മാറി. ബെയ്ജിങ് ഒരു ഓര്‍മപ്പെടുത്തലായിരുന്നു. കായികാഭിവൃദ്ധിക്ക് യോജിച്ച മണ്ണുതന്നെയാണ് ഇന്ത്യയെന്നുള്ള ഓര്‍മപ്പെടുത്തല്‍. പ്രയോജനപ്പെടുത്താനാവാതെ പലതും തരിശായി കിടക്കുകയാണെന്നുമുള്ള തിരിച്ചറിവും അതുനല്‍കി.

തുടര്‍ന്നാണ് ഒട്ടേറെ പണവും മനുഷ്യാധ്വാനവും ചെലവിട്ട് കേന്ദ്രസര്‍ക്കാര്‍ ലണ്ടന്‍ ഒളിമ്പിക് പദ്ധതി ആവിഷ്‌കരിച്ചത്. അതിന് ഫലം കണ്ടു. ഒളിമ്പിക് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ലണ്ടനിലേക്ക് പോകുന്നത് - 81 താരങ്ങള്‍. അതേസമയം താരങ്ങളെ അനുഗമിക്കുന്ന ഔദ്യോഗിക സംഘത്തെ തീര്‍ത്തും വെട്ടിക്കുറയ്ക്കുകയും ചെയ്തു. സിഡ്‌നി ഒളിമ്പിക്‌സില്‍ പങ്കെടുത്തത് 72 കായികതാരങ്ങളാണ്, സര്‍ക്കാര്‍ ചെലവില്‍ ടീമിനൊപ്പം പോയത് 80 പേരും. അന്ന് ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മെഡലിന് മൂല്യം നിര്‍ണയിച്ചപ്പോള്‍ അവസാന സ്ഥാനം ഇന്ത്യക്കായിരുന്നു. കായികരംഗത്തെ ഒരു കറവപ്പശുവായി കൂടെ കൊണ്ടുനടന്ന് പാല് കുടിക്കുന്നവര്‍ കുറച്ചൊക്കെ തിരിച്ചറിയപ്പെട്ടുതുടങ്ങി എന്നതില്‍ ആശ്വസിക്കാം.

ലണ്ടനില്‍ ഇന്ത്യ അഞ്ച് സ്വര്‍ണമടക്കം 12 മെഡലെങ്കിലും നേടുമെന്നാണ് കണക്ക്. ഇത് പെരുപ്പിച്ച കണക്കാണെന്ന് വിചാരിക്കണ്ട. സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ കണക്കുകൂട്ടുന്നത്. ലോകോത്തര നിലവാരം പുലര്‍ത്തുന്ന ഒരു പിടി താരങ്ങള്‍ നമുക്കുണ്ട്. അവര്‍ അതത് ദിവസങ്ങളില്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ ലണ്ടനില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ കായികലോകം ഒരു കുതിച്ചുചാട്ടംതന്നെ നടത്തും. ഷൂട്ടിങ്, ബോക്‌സിങ്, ഗുസ്തി, ബാഡ്മിന്റണ്‍, ടെന്നീസ്, അമ്പെയ്ത്ത് എന്നീ ഇനങ്ങളിലാണ് ഇന്ത്യന്‍ പ്രതീക്ഷകളേറെ. ഇതില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം താരങ്ങളുടേയും പ്രകടനങ്ങള്‍ ഒരു മെഡലിന് പാകത്തിനുള്ളതാണ്.

റേഞ്ചില്‍ വീണ്ടും സുവര്‍ണപ്രതീക്ഷ


ഷൂട്ടിങ്ങിലായിരിക്കാം ഒരുപക്ഷേ, ഇന്ത്യ കൂടുതല്‍ മെഡലുകള്‍ നേടുക. ഷൂട്ടിങ്ങില്‍ ആദ്യമായാണ് ഇന്ത്യക്ക് 11 ക്വാട്ട ലഭിക്കുന്നത്. ബെയ്ജിങ്ങിലെ സ്വര്‍ണവേട്ടക്കാരന്‍ അഭിനവ് ബിന്ദ്രയ്‌ക്കൊപ്പം ഗഗന്‍ നരംഗും രഞ്ചന്‍ സോധിയും ഉറച്ച പ്രതീക്ഷകളാണ്. മൂന്നിനങ്ങളില്‍ മത്സരിക്കുന്ന ഗഗനാണ് ഇക്കുറി ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രം. ലണ്ടനിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍താരവും ഗഗന്‍തന്നെ. രണ്ടിനങ്ങളിലാണ് ഗഗന്‍ മത്സരിക്കുന്നത് - 10 മീ. എയര്‍റൈഫിള്‍, 50 മീ.റൈഫിള്‍ 3 പൊസിഷന്‍ എന്നിവയില്‍. പല ലോകറെക്കോഡുകളും തിരുത്തി മുന്നേറുന്ന ഗഗന് ഒരു ഒളിമ്പിക് സ്വര്‍ണം അപ്രാപ്യമല്ല. കഴിഞ്ഞതവണ സ്വര്‍ണം തന്ന 10 മീ. എയര്‍റൈഫിളിലാണ് ബിന്ദ്ര ഇത്തവണയും.ദീര്‍ഘമായ അന്താരാഷ്ട്ര പരിചയസമ്പത്തും ലഭിക്കാവുന്നതിലേക്കും മികച്ച പരിശീലനവും നേട്ടം ആവര്‍ത്തിക്കാന്‍ ബിന്ദ്രയ്ക്ക് കരുത്ത് നല്‍കുന്നു.

സ്വര്‍ണത്തിലേക്ക് വില്ലുകുലച്ച്


അമ്പെയ്ത്തിലെ എല്ലാ മെഡല്‍ ഇനങ്ങളിലും ഇന്ത്യ മത്സരിക്കുന്നുണ്ട്. ആറ് താരങ്ങളാണ് ലണ്ടനില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്നത് - ജയന്ത തലൂക്ദാര്‍, രാഹുല്‍ ബാനര്‍ജി, തരുണ്‍ദീപ് റായ്, ദീപികാ കുമാരി, ലൈലാറാം ബൊംബായ്‌ലാ ദേവി, ചെക്രവോലു സ്വുരോ. ഇതുവരെയും ഈയിനത്തില്‍ ഇന്ത്യക്ക് ഒരു ഒളിമ്പിക് മെഡല്‍ ലഭിച്ചിട്ടില്ല. ഇത്തവണ കഥമാറുമെന്നാണ് വിശ്വാസം. തലൂക്ദാറും ദീപികാ കുമാരിയുമാണ് വലിയ പ്രതീക്ഷകള്‍. 18-കാരിയായ ദീപികാ കുമാരി ലോക ഒന്നാം നമ്പര്‍ താരമാണ്. 2006 ലോകകപ്പില്‍ സ്വര്‍ണം നേടിയ ജയന്ത തലൂക്ദാര്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍താരമാണ്.

റിങ്ങിലും വലിയ പ്രതീക്ഷ


എട്ട് ബോക്‌സര്‍മാരെയാണ് ഇന്ത്യ ഇടിക്കൂട്ടിലേക്ക് കയറ്റിവിടുന്നത്. അതില്‍ രണ്ട് താരങ്ങള്‍ മെഡല്‍ കൊണ്ടുവന്നില്ലെങ്കില്‍ നിരാശാജനകമാകും - വിജേന്ദറും വനിതാ താരം മേരി കോമും. ഇതാദ്യമായാണ് വനിതാ ബോക്‌സിങ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയത്. അഞ്ചുതവണ ലോക ബോക്‌സിങ് ചാമ്പ്യനായ മേരി കോം 51 കിലോഗ്രാം വിഭാഗത്തില്‍ ലോകനാലാം നമ്പര്‍ താരമാണ്. സെമിയിലെത്തിയാല്‍ മെഡല്‍ ഉറപ്പ്. ഇപ്പോഴത്തെ ഫോം തുടരുക എന്നതുമാത്രമാണ് മേരിക്ക് ഒരു മെഡലിനായി ചെയ്യാനുള്ളത്. ദേവേന്ദ്രോ സിങ്, ശിവ ഥാപ്പ, ജയ് ഭഗവാന്‍, മനോജ് കുമാര്‍, വികാസ് കൃഷ്ണന്‍ യാദവ്, സുമിത് സാംഗ്വാന്‍ എന്നീ ബോക്‌സര്‍മാരും മെഡല്‍ സാധ്യതയുള്ളവരാണ്.

റാക്കറ്റില്‍ സുവര്‍ണ സൈന


ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകളെ ജ്വലിപ്പിക്കുന്നത് ലോക അഞ്ചാം നമ്പര്‍ താരമായ സൈന നേവാള്‍ തന്നെയാണ്. തായ്‌ലന്‍ഡ് ഓപ്പണിലെയും ഇന്‍ഡൊനീഷ്യന്‍ ഓപ്പണിലെയും കിരീടങ്ങള്‍ സൈനയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. മിക്‌സഡ് ഡബിള്‍സില്‍ മലയാളി താരം വി. ദിജുവും ജ്വാലാ ഗുട്ടയും ഉള്‍പ്പെട്ട സഖ്യവും പ്രതീക്ഷയിലാണ്. ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ജ്വാല-അശ്വിനി പൊന്നപ്പ സഖ്യത്തിന് അത്ഭുതങ്ങള്‍ ആവര്‍ത്തിക്കാനാവും. ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍സീരീസില്‍ സെമിവരെ മുന്നേറിയ പ്രകടനം ആവര്‍ത്തിച്ചാല്‍ പി. കശ്യപിന് പോലും മെഡല്‍സാധ്യതയുണ്ടെന്ന് കോച്ച് പി. ഗോപീചന്ദ് പറയുന്നു.

തര്‍ക്കങ്ങള്‍ തീര്‍ത്ത് ടെന്നീസ്


തര്‍ക്കത്തിന്റെ ഒളിമ്പിക്‌സായിരുന്നു ടെന്നീസില്‍ ഇതേവരെ കണ്ടത്. ആര് ആര്‍ക്കൊപ്പം കളിക്കുമെന്നത് പരസ്യമായ വിഴുപ്പലക്കലായി. ഇപ്പോള്‍, എല്ലാം പഴയ കാര്യമെന്ന മട്ടില്‍ ടീം തയ്യാറെടുപ്പ് തുടങ്ങിയതോടെ, പ്രതീക്ഷകളുടെ എയ്‌സ് പെയ്തുതുടങ്ങി. ടെന്നീസില്‍ മെഡലുകള്‍ വരാന്‍ സാധ്യത കൂടുതലാണ്. ഡബിള്‍സില്‍ മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സഖ്യവും മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ- ലിയാന്‍ഡര്‍ പേസ് സഖ്യവും മെഡലിലേക്ക് എയ്‌സുകള്‍ എയ്യുമെന്നാണ് വിശ്വാസം.


ഗോദയില്‍ സുശീല്‍ തന്നെ


ഗുസ്തിയില്‍ സുശീല്‍കുമാര്‍ ബെയ്ജിങ്ങിലെ മെഡല്‍ നിലനിര്‍ത്താനാണ് എല്ലാ സാധ്യതയും. എന്നാല്‍, അമിത് കുമാര്‍, യോഗേശ്വര്‍ ദത്ത്. നര്‍സിങ് പഞ്ചാം യാദവ് എന്നിവരും വനിതാ വിഭാഗത്തിലെ ഗീത ഫോഗട്ടും പ്രതീക്ഷകളുടെ ഗോദയിലാണ്. വനിതാ ഗുസ്തിയില്‍ ഗീത ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊന്നാണ്.

ട്രാക്കില്‍ പ്രതീക്ഷ കമ്മി



അത്‌ലറ്റിക്‌സില്‍ ഒരു ഒളിമ്പിക് മെഡലെന്നത് ഇത്തവണയും അതിമോഹമായി മാറാനാണ് സാധ്യത. ഡിസ്‌കസ് ത്രോയില്‍ കൃഷ്ണ പൂണിയയും വികാസ് ഗൗഡയും സീമ ആന്റിലുമൊക്കെ ഫൈനല്‍ റൗണ്ടിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് താരങ്ങള്‍ എ സ്റ്റാന്‍ഡേര്‍ഡ് യോഗ്യത നേടിയ 20 കിലോ മീറ്റര്‍ നടത്തത്തില്‍ മലയാളി താരം കെ.ടി. ഇര്‍ഫാനും ഗുര്‍മീത് സിങ്ങും ബല്‍ജീന്ദര്‍ സിങ്ങും മത്സരിക്കുന്നു. 800 മീറ്ററില്‍ ടിന്റു ലൂക്ക, ട്രിപ്പിള്‍ ജമ്പില്‍ മയൂഖാ ജോണി എന്നിവര്‍ ഫൈനല്‍വരെ മുന്നേറാന്‍ കഴിവുള്ള താരങ്ങളാണ്.
പങ്കെടുക്കുന്നതിലാണ് വിജയിക്കുന്നതിലല്ല മഹത്ത്വമെന്ന ഒളിമ്പിക് സിദ്ധാന്തം പറഞ്ഞുകൊണ്ടിരുന്നത് എന്തായാലും ഇപ്പോള്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്നില്ല. എല്ലാത്തവണയും ഇന്ത്യ ഒളിമ്പിക്‌സിന് പോകുന്നതുപോലെയല്ല ഇത്തവണ. പ്രതീക്ഷകള്‍ അതിരു കടക്കുന്നതാണ്. പക്ഷേ, ഷൂട്ടിങ്‌കോച്ച് മലയാളിയായ സണ്ണി തോമസ് പറയുന്നതുപോലെ അതത് ദിവസത്തെ ഫോമാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. ഒളിമ്പിക് വേദിയില്‍ പിഴവുകള്‍ക്ക് പ്രായശ്ചിത്തമില്ല.

Other stories in this section:



© Copyright 2013 Mathrubhumi. All rights reserved.