a mathrubhumi initiative
IST:
ഹോം   വെബ്‌സ്‌പെഷ്യല്‍  
മാറുമോ രഞ്ജിയുടെ പിച്ച്‌
Posted on: 12 Jul 2012


സുധീര്‍ ശേഖര്‍ പാലക്കണ്ടി







മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ഒരുപക്ഷേ ക്യാപ്റ്റന്‍മാരില്‍ വെച്ചേറ്റവും തന്ത്രശാലിയുമായ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ കമ്മിറ്റി രഞ്ജി ട്രോഫി ഫോര്‍മാറ്റ് കൂടുതല്‍ ബൗളര്‍മാര്‍ക്ക് സൗഹൃദമുള്ളതും കഴിവതും മത്സരങ്ങള്‍ക്ക് റിസള്‍ട്ട് ലഭ്യമാക്കുവാനായി ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുകയാണ.് ഇവ നടപ്പിലാവണമെങ്കില്‍ ബി.സി.സി.ഐ.യുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനം വേണമെന്ന് മാത്രം.

നിലവിലുള്ള നിയമാവലി അനുസരിച്ച് എലൈറ്റ് ഡിവിഷനില്‍ 15 ടീമുകളും പ്ലേറ്റ് ഡിവിഷനില്‍ രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളടക്കം മൊത്തം 27 ടീമുകളാണ് പങ്കെടുക്കുന്നത്. നിലവില്‍ എലൈറ്റ് ഡിവിഷനിലുള്ള എ ഗ്രൂപ്പില്‍പെട്ട 8 ടീമുകള്‍ 7 മത്സരവും ബി ഗ്രൂപ്പില്‍പെട്ട 7 ടീമുകള്‍ 6 മത്സരങ്ങളും പ്ലേറ്റ് ഗ്രൂപ്പിലുള്ള എ ഗ്രൂപ്പില്‍പെട്ട 6 ടീമുകള്‍ 5 മത്സരവും ബി ഗ്രൂപ്പില്‍പെട്ട 6 ടീമുകള്‍ 5 മത്സരവും ലീഗ് ഘട്ടത്തില്‍ കളിച്ചിരുന്നു. എലൈറ്റ് ഡിവിഷനില്‍പെട്ട 15 ടീമുകളില്‍ നിന്ന് 6 ടീമുകളും പ്ലേറ്റ് ഡിവിഷനില്‍ പെട്ട 12 ടീമുകളില്‍ നിന്ന് 2 ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടത്തിലേക്ക് പ്രവേശിക്കും.



പുതിയ ഫോര്‍മാറ്റ് പ്രകാരം 27 ടീമുകള്‍ എ, ബി, സി എന്നീ മുന്ന് ഗ്രൂപ്പുകളായി 9 ടീമുകള്‍ വീതം മത്സരിക്കുന്നു. എല്ലാ ടീമുകളും ചുരുങ്ങിയത് എട്ട് മത്സരങ്ങളെങ്കിലും ലീഗ് ഘട്ടത്തില്‍ കളിച്ചിരിക്കും. 15 ടീമുകളുള്‍പ്പെടുന്ന എലൈറ്റ് ഡിവിഷനിലെ ടോപ് 9 ടീമുകള്‍ എ ഗ്രൂപ്പിലും, ബാക്കി വരുന്ന 6 ടീമുകളടക്കം 12 ടീമുകള്‍ ഉള്‍പ്പെടുന്ന പ്ലേറ്റ് ഡിവിഷനിലെ ടോപ് 3 ടീമുകളും ഉള്‍പ്പെടുന്നതാണ് ബി ഗ്രൂപ്പ്, പ്ലേറ്റ് ഡിവിഷനിലെ ബാക്കി വരുന്ന 9 ടീമുകള്‍ അവരുടെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് സി.യിലും കളിക്കുന്നു. ഗ്രൂപ്പ് എ, ബി യില്‍ നിന്ന് 3 ടീമുകള്‍ വീതവും ഗ്രൂപ്പ് സി.യില്‍ നിന്ന് 2 ടീമുകളടക്കം മൊത്തം 8 ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് കടക്കുന്നു. ഓരോ സീസണിലേയും പ്രകടനത്തിനനുസൃതമായി 3 ഗ്രൂപ്പുകളിലും (എ,ബി,സി) ഉളള 2 ടീമുകള്‍ വീതം മുന്നോട്ട് കയറുകയോ പിന്നോട്ട് പോവുകയോ ചെയ്യാം.

അഞ്ചാം ദിവസവും മത്സരം തീരുമാനത്തിലായിലെങ്കില്‍ ആറം ദിവസത്തേക്ക് കൂടി കളി നീളും. എന്നീട്ടും തീരുമാനമായിലെങ്കില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയവര്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും. ആറാം ദിവസത്തിനിടക്കും ഇരു ടീമുകളുടെയും ഒന്നാം ഇന്നീംഗ്‌സ് പൂര്‍ത്തിയായിലെങ്കില്‍ ടോസിലൂടെ ജേതാക്കളെ തീരുമാനിക്കും.



മത്സരങ്ങള്‍ കുടുതല്‍ ആവേശകരവും പഴയ ഫോര്‍മാറ്റ് പ്രകാരമുള്ളതിനേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ ടീമുകള്‍ക്ക് ലഭിക്കുമെന്നത് ഒരു പ്രത്യേകതയായി കമ്മറ്റി കരുതുന്നു.

വിശകലനം

ഓവറില്‍ 2 ബൗണ്‍സര്‍ വീതം അനുവദിക്കാനുള്ള കമ്മിറ്റിയുടെ തീരുമാനം ഏറ്റവും ക്രിയാത്മകമായി കണക്കാക്കണം. 9,10 ഓര്‍ഡറിലുള്ള ബാറ്റസ്്മാന്‍മാര്‍വരെ സെന്‍ഞ്ച്വറി നേടുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍. പ്രത്യേകിച്ചും രണ്ടാമത്തെ ബൗണ്‍സര്‍ നല്ല ടെക്‌നിക്കുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനായാസം കൈകാര്യം ചെയ്യാനാകും, നേരമരിച്ച് ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ കുഴങ്ങും അതു വഴി ക്ലാസ്സ് ബാറ്റ്‌സ്്മാന്‍മാരെ പെട്ടെന്ന് കണ്ടെത്താനും അവരുടെ കഴിവിനെ പരിപോഷിപ്പിക്കുവാനും ആകും.

മറിച്ച് നല്ല പേസും ബൗണ്‍സുമുള്ള ഒരു ബൗളര്‍ക്ക് ഓവറില്‍ തന്റെ രണ്ടാമത്തെ ബൗണ്‍സര്‍കൊണ്ട് എത്ര സെറ്റായ ബാറ്റ്‌സ്മാനെയും പരീക്ഷിക്കാനാകും. ഈ തീരുമാനം വിദേശ പിച്ചുകളില്‍ ചുഴലുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഗണ്യമായ സഹായമേകും. ബൗളര്‍മാരെ വാലറ്റക്കാരായ ബാറ്റ്‌സ്മാന്‍മാര്‍ തച്ചുതകര്‍ക്കുന്നത് ഒഴിവാകും കാരണം രണ്ടാമത്തെ ബൗണ്‍സര്‍ എപ്പോള്‍ വരുമെന്ന് പ്രവചിക്കാനാവാതെ ഫ്രണ്ട്ഫൂട്ടില്‍ ഫാസ്റ്റ് ബൗളറെ നേരിടാനുള്ള ആശങ്ക ബാറ്റ്‌സ്മാന്റെ മനസ്സില്‍ എപ്പോഴുമുണ്ടാവും.



കൂടാതെ ക്ലോസ് ഇന്‍ ഫീല്‍ഡര്‍മാര്‍ക്ക് അവരുടെ റിഫ്ലക്‌സുകള്‍ പരീക്ഷണ വിധേയമാക്കാം പ്രത്യേകിച്ച് സ്ലിപ്പ്, ഗള്ളി, പോയിന്റ്, സില്ലിപോയിന്റ്, ഫോര്‍വേര്‍ഡ്‌ഷോര്‍ട്ട്‌ലെഗ്ഗ്, ബാക്ക് വേര്‍ഡ്‌ഷോര്‍ട്ട്‌ലെഗ്ഗ്, ലെഗ്ഗ്സ്ലിപ്പ് മുതലായ പൊസിഷനുകളില്‍.

ഡ്രോ ആയ മതസരത്തിന് 3 പോയിന്റ് നല്‍കുന്നത് ടീമുകള്‍ കൂടുതല്‍ മത്സരങ്ങള്‍ ഡ്രോ ആക്കാന്‍ താത്പ്പര്യപ്പെടും. ജയത്തിന് 6 പോയിന്റും ഡ്രോക്ക് 1 പോയിന്റ് വീതം നല്‍കുന്നതാണ് ഉചിതം. ഡ്രോ ആയ മത്സരങ്ങള്‍ പരമാവധി നിരുല്‍സാഹപ്പെടുത്തുകയാണ് വേണ്ടത്.

ക്വാര്‍ട്ടര്‍, സെമി മുതലായവ 5 ദിവസമാക്കാനുള്ള തീരുമാനം ന്യായീകരിക്കാമെങ്കിലും, ജീവനില്ലാത്ത പിച്ചുകളില്‍ മത്സരം നടത്തിയാല്‍ 10 ദിവസമുണ്ടെങ്കിലും കളി പൂര്‍ത്തിയാകില്ല. അതിനാല്‍ പിച്ച് കമ്മറ്റിയുടെ കണ്ടെത്തലുകള്‍ പ്രവര്‍ത്തികമാക്കണം. പിച്ച് മത്സരശേഷം കവര്‍ ചെയ്യാതിരിക്കുക, പുല്ല് അത്യാവശ്യം പിച്ചില്‍ നിലനിര്‍ത്തുക, നിലവാരമുള്ള ബാറ്റ്‌സ്മാനും, ബൗളര്‍ക്കും തിളങ്ങാന്‍ പറ്റും വിധത്തിലുള്ള സ്‌പോര്‍ട്ടിങ്ങ് വിക്കറ്റ് നിര്‍മ്മിക്കുക, ന്യൂട്രല്‍ വേദി പരീക്ഷിക്കുക മുതലായ തീരുമാനങ്ങള്‍ സഗൗരവം പരിഗണിക്കേണ്ടിയിരിക്കുന്നു.

താഴ്ന്ന റാങ്കിങ്ങ് ഉള്ള ടീമുകള്‍ക്ക് ഉയര്‍ന്ന റാങ്കിങ്ങുള്ള ടീമുകളുമായി മാറ്റുരയ്ക്കുവാനുള്ള സാധ്യത നിലനില്‍ക്കുകയും പ്രഗല്‍ഭരായ കളിക്കാരുമായി ഏറ്റുമുട്ടുവാനുള്ള സാഹചര്യവും സംജാതമാകുകയും ചെയ്യും കൂടാതെ 8 മത്സരങ്ങളെങ്കിലും കളിക്കുക വഴി കൂടുതല്‍ മത്സര പരിചയം നേടുകയും ചെയ്യാം. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഗ്രൂപ്പില്‍ നിന്ന് മുകളിലോട്ട് കയറുക വഴി കൂടുതല്‍ കരുത്തരായ ടീമുകളുമായി മത്സരിക്കുക മൂലം നേടുന്ന മത്സര പരിചയവും കേരളം പോലുള്ള ടീമുകള്‍ക്ക് സഹായകരമാവും.

10 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന എലൈറ്റ്, പ്ലേറ്റ്, ഡിവിഷന്‍, സമ്പ്രദായം മാറ്റുക വഴി രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് കൂടുതല്‍ ജീവനും, ബാറ്റും ബോളും തമ്മിലുള്ള യഥാര്‍ത്ഥ യുദ്ധം നടക്കണമെങ്കില്‍ ഘടനാപരമായ മാറ്റങ്ങള്‍ അനിവാര്യമാണ്. ബി.സി.സി.ഐ. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുളള ടെക്‌നിക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത സീസണ്‍ മുതല്‍ പ്രാവര്‍ത്തികമാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.