|
ബീജിങ്ങില്‍ നിന്ന് ലണ്ടനിലെത്തുമ്പോള്‍
Posted on: 11 Jul 2012
ദീപാദാസ്
ഒളിമ്പിക്‌സിലെ ജമ്പിങ് പിറ്റുകളിലേക്കുള്ള വാതില്‍ രഞ്ജിത് മഹേശ്വരിക്കു മുന്നില്‍ തുറക്കുന്നത് ഇതു രണ്ടാം തവണ. 2008ല്‍ ബീജിങ് ഒളിമ്പിക്‌സില്‍ സ്വന്തമാക്കാന്‍ കഴിയാതെ പോയത് ഇത്തവണ എന്തായാലും നേടണമെന്ന വാശിയിലാണ് രഞ്ജിത്. ഇത്തവണ തന്റെ ഒളിമ്പിക്‌സ് പ്രകടനത്തിന് സാക്ഷ്യം വഹിക്കാന്‍ മകള്‍ ജിയ കൂടിയുണ്ടെന്ന സന്തോഷവും രഞ്ജിത്തിനുണ്ട്. ഒപ്പം ഭാര്യയും മുന്‍ ഇന്ത്യന്‍ പോള്‍വാള്‍ട്ട് താരവുമായ സുരേഖയുടെ പിന്തുണ കൂടിയാവുമ്പോള്‍ ലണ്ടനില്‍ നിന്ന് ഒരു ശുഭവാര്‍ത്ത തന്നെ രാജ്യത്തിനു സമ്മാനിക്കാമെന്ന പ്രത്യാശയിലാണ് ഈ 26-കാരന്‍.
ഏപ്രിലില്‍ പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ ട്രിപ്പില്‍ ജംപില്‍ 16.5 മീറ്റര്‍ ചാടിയാണ് രഞ്ജിത് ലണ്ടനിലേക്കുള്ള യാത്ര ഉറപ്പാക്കിയത്. തയ്യാറെടുപ്പുകളുടെ നാളുകളില്‍ 17 മീറ്ററിലപ്പുറം ചാടിയെത്തിയാല്‍ ഒളിമ്പിക്‌സ് മെഡലിലേക്കുള്ള ദൂരം കുറയുമെന്നാണ് മുന്‍ ഏഷ്യന്‍ ചാമ്പ്യന്‍ കൂടിയായ രഞ്ജിത് കരുതുന്നത്. 17.07 മീറ്റര്‍ ചാടിയിട്ടുള്ള രഞ്ജിതിന് അത് അസാധ്യമായ കാര്യവുമല്ല. 2010-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വന്തമാക്കിയ ആ ദൂരം നിലവില്‍ ദേശീയ റെക്കോഡാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡലും അതുവഴി രഞ്ജിത് നേടി.
കോട്ടയം ചാന്നാനിക്കാട് പടിഞ്ഞാറേ കാരോട്ട് പി.പി. രാധാകൃഷ്ണന്റെയും മഹേശ്വരിയുടെയും മകനായ രഞ്ജിത് ദക്ഷിണ റെയില്‍വെയിലെ ഉദ്യോഗസ്ഥനാണ്. ഒളിമ്പിക്‌സില്‍ മാറ്റുരക്കാന്‍ ലഭിച്ച ഈ രണ്ടാം അവസരം രഞ്ജിത് സഫലമാക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.
|
|
Other stories in this section:
|
|