a mathrubhumi initiative
IST:
ഹോം   ലണ്ടന്‍ ഒളിംപിക്‌സ്‌   ലേഖനങ്ങള്‍
അരീക്കോട്ടെ നല്ലനടപ്പുകാരന്‍
Posted on: 11 Jul 2012

സി.കെ. റിംജു


നടത്തത്തില്‍ സംസ്ഥാന ജേതാവായ സഹപാഠിയുടെ നടത്തവേഗം അളക്കാന്‍ ഗ്രൗണ്ടിലെത്തിയ സുഹൃത്ത് അതേയിനത്തില്‍ ഒളിമ്പിക്‌സിന് യോഗ്യത നേടുക...വെറും നാലുവര്‍ഷത്തെ പരിശീലനംകൊണ്ട് കായിക മത്സരത്തിലെ അവസാന വാക്കായ ഒളിമ്പിക്‌സില്‍ ഇന്ത്യക്കുവേണ്ടി 20 കിലോമീറ്റര്‍ റേസ് വാക്കില്‍ മത്സരിക്കുക...

മലപ്പുറം അരീക്കോട് കുനിയിലെ പള്ളിയാളി വീട്ടു വരാന്തയിലിരുന്ന് ഇര്‍ഫാന്‍ ലണ്ടന്‍ ഒളിമ്പിക്‌സ് വരെ എത്തിനില്‍ക്കുന്ന തന്റെ നടത്തം തുടങ്ങിയ യാദൃച്ഛികത വിവരിക്കുമ്പോള്‍ പുറത്ത് അഭിനന്ദനമറിയിക്കാന്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. ഇര്‍ഫാന്റെ ഈ അതുല്യ നേട്ടത്തില്‍ ഫുട്‌ബോളിനെ നെഞ്ചേറ്റിയ അരീക്കോട്ടുകാര്‍ അത്യാഹ്ലാദത്തിലാണ്.

''എല്ലാം ഭാഗ്യമാണ്, ദൈവനിശ്ചയവും. പിന്നെ കോച്ചുമാരുടെ സഹായവും'' -ഇര്‍ഫാന്‍ തന്റെ നടത്ത വിജയത്തിന്റെ വഴി പറഞ്ഞു തുടങ്ങുന്നു...

10-ാം ക്ലാസുവരെ ഒരു സാധാരണ വിദ്യാര്‍ഥിയായിരുന്നു ഇര്‍ഫാന്‍. വര്‍ഷാവര്‍ഷം സ്‌കൂളില്‍ നടക്കുന്ന സ്‌പോര്‍ട്‌സ് ഡേക്ക് ചുമ്മാ ഓടിയും ചാടിയും എറിഞ്ഞും നടന്ന കാലം. 10-ല്‍ പഠിക്കുമ്പോള്‍ കൈക്കേറ്റ പരിക്കായിരുന്നു ഈ വകയില്‍ ഇര്‍ഫാനു കിട്ടിയ 'മെഡല്‍'. അന്നിതൊക്കെ നിര്‍ത്താന്‍ പറഞ്ഞതാണ് ഉപ്പ മുസ്തഫയും ഉമ്മ സുലൈഖയും. സ്‌നേഹശാസനയില്‍ ഇര്‍ഫാന്‍ തത്കാലം നിര്‍ത്തി. അതില്‍ പിന്നെ കീഴു പറമ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറിയില്‍ പഠിക്കവെ സഹപാഠിയുടെ നടത്തത്തിന്റെ സമയമളക്കാനായിരുന്നു ഗ്രൗണ്ടിലിറങ്ങിയത്. പിന്നെ സഹപാഠിക്കൊപ്പം നടന്നു തുടങ്ങി. ഒടുവില്‍ സംസ്ഥാന ജേതാവായ സഹപാഠിയുടെ വേഗത്തെ കവച്ചുവെക്കാന്‍ തുടങ്ങിയപ്പോഴാണ് കായികാധ്യാപകന്‍ താമരശ്ശേരി സ്വദേശി കെ.കെ. ജോസിന്റെ ശ്രദ്ധ ഇര്‍ഫാനില്‍ പതിഞ്ഞത്. അതോടെ ഇര്‍ഫാന്റെ കരിയര്‍ തെളിഞ്ഞു. 2007- ലെ സംസ്ഥാന മീറ്റില്‍ 5000 മീറ്റര്‍ ഓട്ടത്തിലും നടത്തത്തിലും നാലാം സ്ഥാനം ലഭിച്ചതാണ് കരിയറിലെ ആദ്യ നേട്ടം. കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ മത്സരത്തില്‍ 20 കി.മീ. നടത്തം മെഡലിലെത്തി. ഇതോടെ കായികാധ്യാപകന്‍ ജോസിനൊപ്പം ഇര്‍ഫാനും തിരിച്ചറിഞ്ഞു. തന്റെ വഴി നടത്തത്തിന്റേതാണെന്ന്. തുടര്‍ന്ന് 'സായി'യില്‍ ചേര്‍ന്നു. സായി കോച്ച് എ. ബോസിനു കീഴിലെ പരിശീലനം കൂടിയായപ്പോള്‍ ഉയരങ്ങളിലേക്ക് 'നടന്നു' പോകാനുള്ള കരുത്തുമായി...ഇതോടെ ഇര്‍ഫാന്‍ നല്ല നടത്തത്തിന്റെ കൂട്ടുകാരനാവുകയായിരുന്നു. സായിയിലെ പരിശീലന മികവില്‍ ആദ്യ സൗത്ത് സോണ്‍ മത്സരത്തില്‍ 10 കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണമണിഞ്ഞു. ഈ നേട്ടം ജോലിയിലേക്കുള്ള വാതിലുകൂടിയായി. അങ്ങനെ ഇര്‍ഫാന്‍ ഊട്ടി കേന്ദ്രമായ മദ്രാസ് റജിമെന്റില്‍ പട്ടാളക്കുപ്പായമണിഞ്ഞു. ഊട്ടിയില്‍ കോച്ച് റാം കുമാറിന്റെ പരിശീലനമികവില്‍ ഇര്‍ഫാന്‍ തന്റെ നടത്തം മെച്ചപ്പെടുത്തി. ആദ്യ സര്‍വീസസ് മീറ്റില്‍ ദേശീയ ക്യാമ്പിലേക്ക് സെലക്ഷനും കിട്ടി.



ഫെഡറേഷന്‍ കപ്പില്‍ കേരളത്തിന്റെ ജഴ്‌സിയണിഞ്ഞ ഇര്‍ഫാന്‍ നടത്തത്തില്‍ ദേശീയ റെക്കോഡിനുടമയായി. 20 കിലോമീറ്റര്‍ ഒരു മണിക്കൂര്‍ 22 മിനുട്ട് 14 സെക്കന്‍ഡില്‍ (1:22:14) നടന്നെത്തിയാണ് ഇര്‍ഫാന്‍ റെക്കോഡിട്ടത്. ഇത് ഒളിമ്പിക്‌സ് യോഗ്യതയ്ക്കുള്ള 'എ' സ്റ്റാന്‍ഡേര്‍ഡിനു മുകളിലാണെങ്കിലും ഫെഡറേഷന്‍ കപ്പ് യോഗ്യതാ മത്സരമായി അംഗീകരിക്കാത്തതിനാള്‍ ഒളിമ്പിക്‌സ് ട്രാക്കില്‍ നടക്കാന്‍ ഇര്‍ഫാന് വീണ്ടും കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ ഇക്കഴിഞ്ഞ മെയ് 12-ന് മോസ്‌കോയിലെ സറന്‍സ്സില്‍ നടന്ന ലോക റേസ് വാക്ക് കപ്പില്‍ 'എ' സ്റ്റാന്‍ഡേര്‍ഡ് യോഗ്യത മറികടന്നു. ഒരു മണിക്കൂര്‍ 22 മിനുട്ട് ഒമ്പത് സെക്കന്‍ഡില്‍ (1:22:9) 20 കിലോമീറ്റര്‍ നടന്നു തള്ളിയ ഇര്‍ഫാന്‍ നിലവിലെ ലോക ചാമ്പ്യനേക്കാള്‍ വെറും നാലുമിനുട്ട് മാത്രമാണ് പിറകില്‍.

ഒന്നാഞ്ഞു പിടിച്ചാല്‍ എനിക്ക് മെഡല്‍ കിട്ടും. പിന്നെ കഴിവു മാത്രം പോരാ, ഭാഗ്യവും മത്സര സമയത്തെ സാഹചര്യവുമൊക്കെ മികച്ച സമയം കുറിക്കുന്നതില്‍ നിര്‍ണായകമാണ്. ഇര്‍ഫാന്‍ അനുഭവ സാക്ഷ്യങ്ങളിലൂടെ നടന്നു പോയി. ''സ്റ്റാമിനയും ടെക്‌നിക്കുമാണ് നടത്തത്തിന്റെ വിജയം. പിന്നെ മത്സരം നടക്കുന്ന സമയവും നോക്കണം. റഷ്യയില്‍ നടന്ന ലോക റേസ് വാക്ക് കപ്പില്‍ വൈകീട്ടായിരുന്നു മത്സരം. ഞാന്‍ പരിശീലിച്ചിരുന്നതാവട്ടെ രാവിലെയും. അത് ചെറിയ തിരിച്ചടിയായി. ഇനി രാവിലെയും ഉച്ചയ്ക്കും പരിശീലനം നടത്തി ആ പ്രതിസന്ധി തരണം ചെയ്യണം. പിന്നെ ലണ്ടനില്‍ തണുപ്പാണ്. ആ കാലാവസ്ഥ കൂടി പൊരുത്തപ്പെടണം. അതിന് അവിടെ ചെന്ന് പരിശീലിച്ചേ മതിയാവൂ. ഒളിമ്പിക്‌സ് ജൂലായില്‍ തുടങ്ങുമെങ്കിലും ആഗസ്ത് ആദ്യവാരമാണ് നടത്ത മത്സരം; അതുകൊണ്ടുതന്നെ ജൂലായ് പകുതിയോടെയെങ്കിലും ലണ്ടനിലെത്തി പരിശീലിക്കണം'' -ഇര്‍ഫാന്‍ പറയുന്നു.

പട്യാലയിലെ ഒളിമ്പിക് ക്യാമ്പിലാണിപ്പോള്‍ ഇര്‍ഫാന്‍. അവിടെ ഗുരുദേവ് സിങ് എന്ന കോച്ചിന്റെ കീഴിലാണ് പരിശീലനം. റഷ്യക്കാരുടെ കുത്തകയായ നടത്തമത്സരത്തില്‍ റഷ്യന്‍ കോച്ച് ഫെര്‍ണാണ്ടസിനു കീഴിലും ഇര്‍ഫാന്‍ പരിശീലിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ഇര്‍ഫാനു പുറമെ ഗുര്‍മിത് സിങ്ങും ബല്‍ജീന്ദര്‍ സിങ്ങും 20 കിലോമീറ്റര്‍ റേസ് വാക്കില്‍ ഒളിമ്പിക്‌സിനുണ്ട്.

കഴിഞ്ഞ ബീജിങ് ഒളിമ്പിക്‌സില്‍ റഷ്യന്‍ താരം വലേറി ബോര്‍ചിനായിരുന്നു സ്വര്‍ണം. ഒരു മണിക്കൂര്‍ 19 മിനുട്ട് 15 സെക്കന്‍ഡിലാണ് (1:19:15) ബോര്‍ചിന്‍ 20 കിലോമീറ്ററാണ് നടന്ന് സ്വര്‍ണം തൊട്ടത്. ഇര്‍ഫാന്റെ മികച്ച സമയം 1:22:9 ആണ്. ശ്രമിച്ചാല്‍ ഇര്‍ഫാന് മെഡല്‍ നേടാനാവുമെന്നു തന്നെയാണ് ഇന്ത്യന്‍ ക്യാമ്പിലെ വിശ്വാസം. ആ വിശ്വാസത്തിനു ബലമേകാന്‍ കേരളത്തില്‍ നിന്നുള്ള മൂന്നു കോടി പ്രാര്‍ഥനയുമുണ്ട്.

ഉറക്കത്തില്‍പോലും ഫുട്‌ബോള്‍ മനസ്സിലിട്ടുതട്ടുന്ന അരീക്കോട്ടുകാരും ഇപ്പോള്‍ പ്രാര്‍ഥനയിലാണ്, നാട്ടു വഴികളിലൂടെ സ്പീഡില്‍ നടന്നുപോയ 'മ്മളെ ചെക്കന്‍ ഇര്‍ഫാന്‍' ഒളിമ്പിക് മെഡലണിയുമെന്ന പ്രാര്‍ഥനയില്‍...ഒരു ഗ്രാമം കാത്തു നില്‍ക്കുന്നു, ലണ്ടന്‍ ഒളിമ്പിക്‌സിന്റെ അച്ച് പതിഞ്ഞ സ്വര്‍ണലോക്കറ്റണിഞ്ഞ് വരുന്ന ആ നല്ല നടത്തക്കാരനുവേണ്ടി...

Other stories in this section:



© Copyright 2013 Mathrubhumi. All rights reserved.