a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
പ്രീജയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി ന്യുമോണിയ
Posted on: 06 Jul 2012


ന്യൂഡല്‍ഹി: ദീര്‍ഘദൂരങ്ങളുടെ മലയാളി താരം പ്രീജ ശ്രീധരന്റെ ഒളിമ്പിക് സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തിയത് കെനിയയില്‍ വെച്ച് പിടിപെട്ട ന്യുമോണിയ. ശനിയാഴ്ച ഇറ്റലിയില്‍ നടക്കുന്ന അവസാന യോഗ്യതാ മീറ്റില്‍ 10000 മീറ്ററില്‍ പ്രീജ ഒളിമ്പിക് യോഗ്യതയ്ക്കായി ഒരു ശ്രമം കൂടി നടത്തും.

കേന്ദ്ര സര്‍ക്കാറിന്റെ ഒളിമ്പിക് പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീജ മൂന്നുമാസം മുമ്പാണ് കെനിയയില്‍ പരിശീലനത്തിനും മീറ്റുകള്‍ക്കുമായി പോയത്. എന്നാല്‍ വൈകാതെ അവിടെ വെച്ച് ന്യുമോണിയ പിടിച്ചു. അതോടെ പരിശീലനവും മുടങ്ങി. പിന്നീട് ഇടയ്ക്ക് നാട്ടില്‍ വന്ന് ചികിത്സിച്ച ശേഷം പ്രീജ ഇറ്റലിയിലേക്കാണ് പോയത് 20 ദിവസമായി അവിടെയാണ്. ഇക്കാലത്ത് അമേരിക്കയിലും ഫ്രാന്‍സിലുമടക്കം മൂന്ന് യോഗ്യതാ മീറ്റുകളില്‍ പ്രീജ പങ്കെടുത്തു. പക്ഷേ, യോഗ്യതയിലെത്താന്‍ ആരോഗ്യം അനുവദിച്ചില്ല.

ബെയ്ജിങ്ങില്‍ 10000 മീറ്ററില്‍ ഓടിയ പ്രീജ ഈയിനത്തില്‍ മത്സരിച്ച ആദ്യ ഇന്ത്യക്കാരിയായിരുന്നു. 32 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 24-മതായാണ് പ്രീജ ഫിനിഷ് ചെയ്തത്. ഇത്തവണയും പ്രീജ അനായാസം യോഗ്യത നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അസുഖം തിരിച്ചടിയായി. ഏതായാലും ഇറ്റലിയില്‍ നിന്ന് ശനിയാഴ്ച ഒരു ശുഭവാര്‍ത്ത എത്തുമെന്നാണ് വീട്ടുകാരുടെ പ്രതീക്ഷ.

ഇതുവരെ ആറ് മലയാളി താരങ്ങളാണ് ഒളിമ്പിക്‌സിന് യോഗ്യത നേടിയിട്ടുള്ളത്. മയൂഖ ജോണി, രഞ്ജിത് മഹേശ്വരി (ട്രിപ്പിള്‍ ജമ്പ്), ടിന്റു ലൂക്ക (800), കെ.ടി.ഇര്‍ഫാന്‍ (നടത്തം), വി.ദിജു (ബാഡ്മിന്റണ്‍), പി.ആര്‍. ശ്രീജേഷ് (ഹോക്കി) എന്നിവരാണവര്‍. യോഗ്യത നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന രണ്ടോ മൂന്നോ താരങ്ങള്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യം കൊണ്ട് സാധിച്ചില്ല.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.