|
വി.പി. സത്യനും കെ.കെ. പ്രേമചന്ദ്രനും അര്‍ജുന പട്ടികയില്‍
Posted on: 06 Jul 2012
പാലക്കാട്: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വി.പി. സത്യനും മുന്‍ രാജ്യാന്തര അത്‌ലറ്റ് കെ.കെ. പ്രേമചന്ദ്രനും അര്‍ജുന അവാര്‍ഡിനുള്ള സാധ്യതാപട്ടികയില്‍. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് ഇരുവര്‍ക്കും മരണാനന്തര ബഹുമതിയായി അര്‍ജുനനല്‍കാന്‍ ശുപാര്‍ശ ചെയ്തത്.
അതത് വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സാധാരണ അര്‍ജുനയ്ക്ക് ശുപാര്‍ശ ചെയ്യുന്നത്. അതുകൊണ്ടുതന്നെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഇപ്പോഴത്തെ ശുപാര്‍ശയ്ക്ക് അപൂര്‍വതയുണ്ട്.
കായികമേഖലയില്‍ ഇവര്‍ സജീവമായിരുന്നകാലത്ത് അവാര്‍ഡിന് പരിഗണിക്കാതിരുന്നത് ഏറെ വിമര്‍ശത്തിനിടയാക്കിയിരുന്നു. ആവശ്യമെങ്കില്‍ മരണാനന്തര ബഹുമതിയായി അര്‍ജുനയ്ക്ക് ശുപാര്‍ശ ചെയ്യാമെന്ന നിയമമനുസരിച്ചാണ് ഇപ്പോഴത്തെ നടപടിയെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അബ്ദുള്‍റസാഖ് പറഞ്ഞു.
പത്തുതവണ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റനായിരുന്ന സത്യന്‍ കേരളാടീമിന്റെയും കേരളാപോലീസിന്റെയും സുവര്‍ണകാലഘട്ടത്തിന്റെ നായകനായിരുന്നു. 1993ല്‍ മികച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ ബഹുമതി കരസ്ഥമാക്കി. 1992ല്‍ കേരളം രണ്ടാമത് സന്തോഷ്‌ട്രോഫി നേടുമ്പോള്‍ സത്യനായിരുന്നു നായകന്‍. 1993ല്‍ കിരീടം നിലനിര്‍ത്തിയ ടീമിലും അംഗമായിരുന്നു. ഇന്ത്യന്‍ബാങ്ക് ഫുട്‌ബോള്‍ടീം പരിശീലകനും ചെന്നൈ പ്രധാന ഓഫീസിലെ അസിസ്റ്റന്റ് മാനേജരുമായിരുന്നു. 41-ാം വയസ്സില്‍ 2006ലായിരുന്നു മരണം.
രാജ്യംകണ്ട മികച്ച അത്‌ലറ്റുകളിലൊരാളായിരുന്നു പറക്കുംചന്ദ്രനെന്നറിയപ്പെട്ടിരുന്ന പാലക്കാട്‌സ്വദേശി കെ.കെ. പ്രേമചന്ദ്രന്‍. 1982ല്‍ ന്യൂഡല്‍ഹിയില്‍നടന്ന ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിമെഡല്‍നേടി. 1981ല്‍ ലക്‌നൗവില്‍നടന്ന ദേശീയമീറ്റില്‍ 100, 200, 400 മീറ്ററുകളില്‍ സ്വര്‍ണംനേടി. മില്‍ഖാസിങ്ങിനുശേഷം സ്പ്രിന്റിനങ്ങളില്‍ ട്രിപ്പിള്‍സ്വര്‍ണം നേടിയതാണ് പ്രേമചന്ദ്രന് പറക്കുംചന്ദ്രനെന്ന പേരുവീഴാന്‍ കാരണം. രാജ്യാന്തരമത്സരങ്ങളില്‍ അഞ്ച്‌മെഡല്‍ നേടിയ പ്രേമചന്ദ്രന്‍ കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റില്‍ ഫോര്‍മാനായിരിക്കെ 2001 ഏപ്രിലില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു.
|