a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
സുനില്‍ ഛേത്രി സ്‌പോര്‍ട്ടിങ് ലിസ്ബണില്‍
Posted on: 06 Jul 2012



ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ ചരിത്രമെഴുതി സുനില്‍ ഛേത്രി പോര്‍ച്ചുഗല്‍ വമ്പന്മാരായ സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ കളിക്കാനൊരുങ്ങുന്നു. ഇന്ത്യന്‍ നായകനായ ഛേത്രിയുമായി രണ്ടുവര്‍ഷ കരാര്‍ ഒപ്പുവെച്ചതായി ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ സീസണില്‍ ഛേത്രി സ്‌പോര്‍ട്ടിങ് ബി ടീമില്‍ പോര്‍ച്ചുഗല്‍ രണ്ടാം ഡിവിഷനില്‍ കളിക്കും. ഇതോടെ പോര്‍ച്ചുഗലില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനാവും 27-കാരനായ മോഹന്‍ ബഗാന്‍ സ്‌ട്രൈക്കര്‍.

ഛേത്രിയുടെ കളിമികവിനേക്കാള്‍ ഇന്ത്യയിലെ വന്‍ ഫുട്‌ബോള്‍ മാര്‍ക്കറ്റാണ് സ്‌പോര്‍ട്ടിങ്ങിനെയും ആകര്‍ഷിക്കുന്നത്. ഫിഫ ഏറ്റവും പരിഗണന നല്‍കുന്ന ഇന്ത്യയില്‍ ചുവടുറപ്പിക്കുകയാണ് ലക്ഷ്യമെന്ന് ക്ലബ്ബ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ കളിക്കാരുടെ എണ്ണം തന്നെ രണ്ട് കോടി കവിയുമെന്ന് ക്ലബ്ബ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ നിരവധി ഫുട്‌ബോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌പോര്‍ട്ടിങ്ങിന് പദ്ധതിയുണ്ടെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വെളിപ്പെടുത്തി. മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പോര്‍ട്ടിങ് 18 തവണ പോര്‍ച്ചുഗീസ് ലീഗ് നേടിയിട്ടുണ്ട്. ലോക ഫുട്‌ബോളര്‍ ബഹുമതി നേടിയ ലൂയി ഫിഗോയും ക്രിസ്റ്റ്യനോ റൊണാള്‍ഡോയും ക്ലബ്ബിന്റെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നുവന്നവരാണ്. യൂറോ സെമിയിലെത്തിയ പോര്‍ച്ചുഗല്‍ ടീമിന്റെ ഗോളി റൂയി പട്രീസിയൊ സ്‌പോര്‍ട്ടിങ് താരമാണ്.

യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളിലൊന്നില്‍ കളിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറേ സന്തോഷമുണ്ടെന്ന് ഛേത്രി പറഞ്ഞു. അവിടെ എന്ത് നേടാനാവുമെന്ന് അറിയില്ല. എന്നാല്‍, പിന്നീട് നിരാശ തോന്നുന്നത് ഒഴിവാക്കാന്‍ കഠിനമായി പ്രയത്‌നിക്കും - ഛേത്രി വ്യക്തമാക്കി. നേരത്തേ 2010-ല്‍ അമേരിക്കന്‍ ടീം കാന്‍സാസ് സിറ്റി വിസാര്‍ഡ്‌സിലും ഛേത്രി കളിച്ചിരുന്നു. എന്നാല്‍ ആദ്യ ടീമില്‍ ഏറേ അവസരം ലഭിക്കാത്തതിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. 2009-ല്‍ ഇഗ്ലീഷ് ടീം ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സില്‍ കളിക്കാന്‍ അവസരമൊരുങ്ങിയിരുന്നെങ്കിലും ഇംഗ്ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്തത് തിരിച്ചടിയായി. ഇന്ത്യയ്ക്കുവേണ്ടി 58 കളികളില്‍ നിന്ന് 33 ഗോള്‍ നേടാന്‍ ഛേത്രിക്ക് കഴിഞ്ഞിട്ടുണ്ട്. 2008 ഏഷ്യന്‍ ചാലഞ്ച് കപ്പ് ഫൈനലില്‍ ഛേത്രിയുടെ ഹാട്രിക് പ്രകടനത്തിലാണ് ഇന്ത്യ താജിക്കിസ്താനെ തോല്‍പ്പിച്ച് ചാമ്പ്യന്‍മാരായത്. ഇതോടെ 24 വര്‍ഷത്തിന് ശേഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനും ഇന്ത്യ യോഗ്യത നേടി. ഖത്തറില്‍ 2011-ല്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ബഹ്‌റൈനെതിരെയും ദക്ഷിണകൊറിയക്കെതിരെയും ഛേത്രി ഗോള്‍ നേടിയിരുന്നു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.