|
ഇന്ത്യ-പാക് സംയുക്ത ജേതാക്കള്‍
Posted on: 02 Jul 2012
അണ്ടര്‍-19 ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനല്‍
* അസ്ലമിനും ഉന്മുക്തിനും സെഞ്ച്വറി
* സ്‌കോര്‍ 282-ല്‍ സമാസമം
കോലാലമ്പൂര്‍: ആവേശം വാനോളമുയര്‍ന്ന പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പം നിന്ന ഇന്ത്യയും പാകിസ്താനും അണ്ടര്‍-19 ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം പങ്കുവെച്ചു. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ ഓപ്പണര്‍ സമി അസ്ലമിന്റെ(134) സെഞ്ച്വറിയുടെ കരുത്തില്‍ 282 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദിന്റെ(121) സെഞ്ച്വറിയിലൂടെ തിരിച്ചടിച്ച ഇന്ത്യ നിശ്ചിത സമയത്ത് ഇതേ സ്‌കോറില്‍(282) ഒപ്പം നിന്നു. ജയിക്കാന്‍ അവസാന ഓവറില്‍ ഏഴു റണ്‍സ് മാത്രം മതിയായിരുന്ന ഇന്ത്യയ്ക്ക് ആറു റണ്‍സേ കിട്ടിയുള്ളൂ. അതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് 282-ല്‍ അവസാനിച്ചു. അവസാനഓവറില്‍ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റും നഷ്ടപ്പെട്ടിരുന്നു. കളിയിലെ കേമനുള്ള ട്രോഫി സമി അസ്ലമും ഉന്മുക്ത് ചന്ദും പങ്കിട്ടു. ടൂര്‍ണമെന്‍റിന്റെ മികച്ച താരമായും മികച്ച ബാറ്റ്‌സ്മാനായും സമി അസ്ലം തിരഞ്ഞെടുക്കപ്പെട്ടു. സ്‌കോര്‍: പാകിസ്താന്‍ 50 ഓവറില്‍ 9ന് 282; ഇന്ത്യ 50 ഓവറില്‍ 8ന് 282.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഉന്മുക്ത് എതിരാളികളെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങിനെ പിച്ചിച്ചീന്തിയ അസ്ലമാണ് പാകിസ്താന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോഴും ആക്രമണാത്മക ബാറ്റിങ് പുറത്തെടുത്ത് അസ്ലം ടീമിനെ മുന്നോട്ടു നയിച്ചു. 46-ാം ഓവറില്‍ പുറത്താവുമ്പോള്‍ 124 പന്തുകളില്‍ 13 ബൗണ്ടറിയും മൂന്നു സിക്‌സറും പറത്തി അദ്ദേഹം 134 റണ്‍സ് നേടിയിരുന്നു. മൂന്നാം വിക്കറ്റില്‍ അസ്ലം-ഉമര്‍ വഹീദ്(48) സഖ്യം 100 റണ്‍സ് നേടി. അസ്ലമിന്‍േറതടക്കം അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ കലാരിയയാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ നന്നായി തിളങ്ങിയത്. 10 ഓവറില്‍ 37 റണ്‍സേ കലാരിയ വിട്ടുകൊടുത്തുള്ളൂ.
283 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ ഓപ്പണര്‍ വോറ (11) യെ നഷ്ടമായെങ്കിലും ഓപ്പണര്‍ കൂടിയായ ക്യാപ്റ്റന്‍ ഉന്മുക്തും അപരാജിതും (90) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 31.5 ഓവറില്‍ 175 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ വിജയത്തിന്റെ അടുത്തെത്തിച്ചതാണ്. എന്നാല്‍, അപരാജിത് മടങ്ങിയശേഷം നല്ലൊരു കൂട്ടുകെട്ടുണ്ടാക്കാനാവാതെ വന്നത് തിരിച്ചടിയായി. അവസാനഓവര്‍ വരെ ഉന്മുക്ത് ക്രീസിലുണ്ടായിരുന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. ഇഷാന്‍ അദില്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ റണ്ണൊന്നുമെടുക്കാന്‍ ക്യാപ്റ്റനായില്ല. രണ്ടാമത്തെ പന്തില്‍ സിംഗിള്‍ മാത്രമാണ് കിട്ടിയത്. കലാരിയ നേരിട്ട മൂന്നാമത്തെ പന്തില്‍ രണ്ടു റണ്‍ ഓടിയെടുക്കാമായിരുന്നെങ്കിലും ഉന്മുക്ത് സ്‌ട്രൈക്ക് സ്വന്തമാക്കാന്‍ സിംഗിളില്‍ ഒതുക്കി. നാലാമത്തെ പന്ത് കവര്‍ ബൗണ്ടറിക്ക് മുകളിലൂടെ പറത്താനുള്ള ഉന്മുക്തിന്റെ ശ്രമം അസീസുള്ളയുടെ കൈകളിലൊതുങ്ങി. ഇതോടെ രണ്ടു പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമെന്ന നിലയായി. അഞ്ചാമത്ത പന്തില്‍ ബൗണ്ടറിയടിച്ച് കലാരിയ സ്‌കോര്‍ തുല്യമാക്കി. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍ മാത്രം. എന്നാല്‍ കലാരിയയുടെ ഷോട്ട് റിട്ടേണ്‍ ക്യാച്ചായി മാറിയതോടെ ഇന്ത്യന്‍ വിജയം സമനിലയായി പരിണമിച്ചു.
|
|
Other stories in this section:
|
|