|
സ്‌പെയിനെതിരെ ഫ്രഞ്ച് ചരിത്രം
Posted on: 23 Jun 2012
സ്‌പെയിന്‍ -ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഇന്ന്
രാത്രി 12.15 മുതല്‍ നിയോ പ്രൈമില്‍
ഡൊണെറ്റ്‌സ്‌ക്:ആറുവര്‍ഷംമുമ്പ് ഹാനോവറില്‍ നടന്ന ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിലാണ് സ്‌പെയിന്‍ പ്രമുഖ ടൂര്‍ണമെന്റില്‍ ഏറ്റവുമൊടുവില്‍ തോല്‍വിയറിഞ്ഞത്. സിനദിന്‍ സിദാന്റെ ഫ്രാന്‍സിനോട് ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കായിരുന്നു സ്പാനിഷ്ടീമിന്റെ തോല്‍വി. അതിനുശേഷം ഇന്നോളം നടന്നിട്ടുള്ള ലോകകപ്പ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ തകര്‍പ്പന്‍ കുതിപ്പിലാണ് സ്‌പെയിന്‍. 2008-ല്‍ യൂറോയും 2010-ല്‍ ലോകകപ്പും അവര്‍ നേടുകയും ചെയ്തു. ഹാട്രിക്കിരീടം ലക്ഷ്യമിട്ട് ക്വാര്‍ട്ടര്‍ഫൈനലില്‍ ഫ്രാന്‍സിനെ ശനിയാഴ്ച നേരിടുമ്പോള്‍ ഈ പഴയ തോല്‍വി സ്‌പെയിന്‍ മറന്നിട്ടുണ്ടാവില്ല.
2006 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ തോല്‍വി (3-1)ക്കുശേഷം സ്‌പെയിന്‍ തോല്‍വിയറിഞ്ഞിട്ടില്ല. പിന്നീട് കളിച്ച 46 ടൂര്‍ണമെന്റ് മാച്ചുകളില്‍ 40-ലും അവര്‍ ജയിച്ചു. തോറ്റത് മൂന്നെണ്ണത്തില്‍ മാത്രം. കണക്കുകളിലെ മുന്‍തൂക്കം സ്‌പെയിനെ മുന്നില്‍ നിര്‍ത്തുമ്പോള്‍, പ്രമുഖ ടൂര്‍ണമെന്റുകളിലൊന്നും അവര്‍ക്ക് ഫ്രാന്‍സിനെ തോല്പിക്കാനായിട്ടില്ലെന്ന ചരിത്രം മുഖംതിരിച്ചുനില്‍ക്കുന്നു.
1984 യൂറോക്കപ്പിന്റെ ഫൈനലിലും 2000-ത്തില്‍ ക്വാര്‍ട്ടറിലും സ്‌പെയിനിനെ ഫ്രാന്‍സ് തോല്പിച്ചു. 1992 യൂറോയുടെ യോഗ്യതാറൗണ്ടില്‍ രണ്ടുവട്ടവും സ്‌പെയിനിനെ ഫ്രാന്‍സ് വീഴ്ത്തി. 96-ലെ ഗ്രൂപ്പ് മത്സരത്തില്‍ സമനിലയും. 2006 ലോകകപ്പിലെ വിജയം കൂടിയാകുമ്പോള്‍, ടൂര്‍ണമെന്റ് മത്സരങ്ങളില്‍ അഞ്ച് ജയവും ഒരു സമനിലയുമെന്ന മുന്‍തൂക്കം ഫ്രാന്‍സിനുണ്ട്.
എന്നാല്‍, ഫ്രാന്‍സിന്റെ സമീപകാല റെക്കോഡ് ഒട്ടും ഭദ്രമല്ല. 2006 ലോകകപ്പിന്റെ സെമിയില്‍ പോര്‍ച്ചുഗലിനെ തോല്പിച്ചശേഷം, ടൂര്‍ണമെന്റുകളില്‍ ഫ്രാന്‍സ് മറ്റൊരു വിജയം നേടുന്നത് ഇക്കുറി യൂറോയുടെ ഗ്രൂപ്പ്മത്സരത്തില്‍ യുക്രൈനെതിരെയാണ്. 2008 യൂറോയിലെയും 2010 ലോകകപ്പിലെയും ആറ് ഗ്രൂപ്പ്മത്സരങ്ങളില്‍ നാലിലും ഫ്രാന്‍സിന് തോല്‍വിയായിരുന്നു ഫലം. നേട്ടം രണ്ട് സമനിലമാത്രം.
ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി മുന്നേറിയെങ്കിലും, ഇംഗ്ലണ്ടിനെതിരെ സമനിലയും സ്വീഡനെതിരെ തോല്‍വിയും വഴങ്ങി. സ്വീഡനെതിരെ അവസാന ഗ്രൂപ്പ്മത്സരത്തില്‍ നേരിട്ട തോല്‍വി അവരുടെ ടീം ക്യാമ്പില്‍ ഉരസലിനിടയാക്കുകയും ചെയ്തു. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ മത്സരം സ്വന്തമാക്കുന്ന സ്‌പെയിനിനെതിരെ ക്വാര്‍ട്ടറില്‍ കളിക്കാനിറങ്ങുമ്പോള്‍, പഴയചരിത്രം കൂട്ടുനില്‍ക്കില്ലെന്ന് ഫ്രഞ്ച്‌കോച്ച് ലോറന്റ്ബ്ലാങ്കിന് നന്നായറിയാം.
നിലവിലെ ജേതാക്കളാണ് സ്‌പെയിന്‍. ഇതേവരെയുള്ള ഫോം പരിഗണിക്കുമ്പോള്‍ കിരീടം നിലനിര്‍ത്താന്‍ സാധ്യതയുള്ള ടീമും. എന്നാല്‍, അവസാനമത്സരത്തില്‍ ക്രൊയേഷ്യയോട് നേടിയ ഒരുഗോള്‍ജയം സ്‌പെയിനിന്റെ കരുത്തിനെ ചോദ്യംചെയ്യുന്നതാണ്. കളിയില്‍ മേധാവിത്വമുണ്ടാക്കി എതിരാളികളെ ഇല്ലാതാക്കുന്ന സ്പാനിഷ്‌ശൈലി പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്ന് വിലയിരുത്തുന്നവരേറെയാണ്. അത് ശരിവെക്കുന്നമട്ടിലാണ് സ്‌പെയിനിന്റെ പ്രകടനവും.
മിഡ്ഫീല്‍ഡില്‍ സാവിയും ഇനിയേസ്റ്റയും ബസ്‌കെറ്റ്‌സും ചേര്‍ന്നൊരുക്കുന്ന നീക്കങ്ങളാണ് സ്‌പെയിനിന്റെ കരുത്ത്. സ്‌ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസ് ടൂര്‍ണമെന്റില്‍ മികച്ച ഫോമിലല്ല. സെസ്‌ക്ഫാബ്രിഗസിനെ ആദ്യ ഇലവനില്‍ കോച്ച് ഉള്‍പ്പെടുത്തുമോ എന്ന കാര്യവും ഉറപ്പില്ല. കരുത്തുറ്റ താരനിരയുള്ള ഫ്രാന്‍സിനെതിരെ കളിക്കുമ്പോള്‍ കളിയില്‍ കാര്യമായ മാറ്റം വരുത്താന്‍ സ്‌പെയിന്‍ നിര്‍ബന്ധിതരാകുമെന്നുറപ്പാണ്.
ഒട്ടും ആധികാരികമല്ല ഫ്രാന്‍സിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. റയല്‍ മാഡ്രിഡിനുവേണ്ടി മികച്ചപ്രകടനം കാഴ്ചവെക്കുന്ന സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയ്ക്ക് യൂറോയിലെ കഴിഞ്ഞ മൂന്നുമത്സരങ്ങളിലും ഗോള്‍ കണ്ടെത്താനായിട്ടില്ല. ആസൂത്രിതമായി നീക്കങ്ങള്‍ പ്ലാന്‍ചെയ്യുന്നതിനും അത് നടപ്പാക്കുന്നതിലുമുള്ള ഫ്രാന്‍സിന്റെ ദൗര്‍ബല്യം ഈ മത്സരങ്ങളില്‍ പ്രകടവുമായിരുന്നു. ആകെ മൂന്നുഗോളാണ് ഫ്രാന്‍സ് ഈ മത്സരങ്ങളില്‍നിന്ന് നേടിയത്.
യൂറോപ്പിലെ രണ്ട് പ്രബലന്മാര്‍തമ്മിലുള്ള പോരാട്ടമെന്ന നിലയ്ക്ക് ശ്രദ്ധേയമാണ് ഈ മത്സരം. 2006 ലോകകപ്പിലെ ഫൈനല്‍ പ്രവേശത്തിനുശേഷം കുത്തനെവീണ ഫ്രാന്‍സിന് തിരിച്ചുവരവിനുള്ള അവസരമാണിത്. ഫ്രാങ്ക് റിബറിയും മലൂദയും നസ്‌റിയുമൊക്കെ കളിക്കുന്ന ടീമിന് അത് അസാധ്യമായ കാര്യമൊന്നുമല്ല.
|
|
Other stories in this section:
|
|