|
അജയ്യരല്ല സ്‌പെയിന്‍
Posted on: 23 Jun 2012
ഡീഗോ മാറഡോണ
ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയുടെ മിന്നുന്ന ഫോമാണ് സ്‌പെയിനും ഫ്രാന്‍സും തമ്മിലുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ വിജയികളെ കാത്തിരിക്കുന്നത്. അതിനുമുമ്പായി ചാമ്പ്യന്മാരായ സ്‌പെയിനിനും ഏറേ യോജിപ്പില്ലാത്ത ഫ്രഞ്ച് പടയ്ക്കും തങ്ങളുടേതായ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.
സ്വീഡനെതിരായ തോല്‍വിക്ക് ശേഷം ഫ്രഞ്ച് പാളയത്തില്‍ പട തുടങ്ങിയതായാണ് വാര്‍ത്തകള്‍. ചില കളിക്കാര്‍ മനസ്സുകൊണ്ട് ഇപ്പോള്‍ത്തന്നെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റ കാനാ ബീച്ചില്‍ അവധിയാഘോഷം തുടങ്ങിക്കഴിഞ്ഞതായി മലൂദ പറയുന്നു. വിമര്‍ശകരെ പരസ്യമായി വിമര്‍ശിക്കാറുള്ള നസ്രി ഇതിന് മറുപടിയും നല്കിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിനിടെയുണ്ടായ കലാപത്തെയാണ് ഇത്തവണയും ഫ്രഞ്ച് ക്യാമ്പിലെ പ്രശ്‌നങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. ചുറുചുറുക്കുള്ള പുതിയ കോച്ച് ലോറന്റ് ബ്ലാങ്കിന് പ്രശ്‌നങ്ങള്‍ പെട്ടന്നുതന്നെ ലഘൂകരിക്കാനായിട്ടുണ്ട്. ക്വാര്‍ട്ടറില്‍ അട്ടിമറി വിജയത്തിന് ഏതായാലും ഫ്രഞ്ചുകാര്‍ സ്പാനിഷ് എതിരാളികളിലാണ് കൂടുതല്‍ ശ്രദ്ധയൂന്നേണ്ടത്.
സ്വീഡനോടേറ്റ തോല്‍വി ഫ്രഞ്ചുകാരുടെ താളം തെറ്റിച്ചിട്ടുണ്ട്. ബ്ലാങ്കിന് പ്രതിഭകളുടെ നിര തന്നെയാണ് കൂട്ടിനുള്ളത്. ഹ്യൂഗോ ലോറിസ് മികച്ച ഗോളിയാണ്. ടോറസ്, ഇനിയേസ്റ്റ കൂട്ടുകെട്ടിനെ തടയാന്‍ സ്വീഡനെതിരെ പുറത്തെടുത്ത മികവ് ലോറിസ് ആവര്‍ത്തിക്കേണ്ടതുണ്ട്. റോമയുടെ മെക്‌സസ് നേതൃത്വം നല്‍കുന്ന പ്രതിരോധവും പിഴവില്ലാത്തതാണ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കബായെക്ക് സ്പാനിഷ് അര്‍മാഡെക്കതിരെ നിര്‍ണായക പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. പന്തിന്‍മേലുള്ള സ്പാനിഷ് ആധിപത്യത്തിന് തടയിടാന്‍ മധ്യനിരയിലെ ദിയാരക്ക് കഴിയണം. റയല്‍ സ്‌ട്രൈക്കര്‍ ബെന്‍സെമയും ബയറണിന്റെ റിബറിയുമാണ് ഫ്രഞ്ച് നിരയിലെ നക്ഷത്രങ്ങള്‍. എതിരാളികളെ വെട്ടിച്ച് വേഗമേറിയ നീക്കങ്ങളിലൂടെ കൂട്ടുകാര്‍ക്ക് പന്തെത്തിക്കുന്ന റിബറിയെ തടയുക പ്രയാസമാണ്. ബെന്‍സെമയാവട്ടെ മൂര്‍ച്ചയേറിയ ഫിനിഷറും. അട്ടിമറി ജയത്തിന് ഫ്രാന്‍സിന് കഴിയണമെങ്കില്‍ ഇരുവരും ചേര്‍ന്ന് ഒരു ഗോളെങ്കിലും നേടണം.
ലോക, യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ അജയ്യരാണെന്ന് തോന്നുന്നില്ല. ഇറ്റലിക്കതിരെ ഒരു ഗോളിന് പിന്നിലായശേഷം സമനിലയുമായി രക്ഷപ്പെടുകയായിരുന്നു അവര്‍. അയര്‍ലന്‍ഡിനെ ഏറേ വിയര്‍ക്കാതെ കീഴടക്കിയെങ്കിലും ഗോളി കസിയസിന്റെ മികവാണ് ക്രൊയേഷ്യക്കെതിരെ ചാമ്പ്യന്മാര്‍ക്ക് രക്ഷയായത്. ഡിഫന്‍സില്‍ പുയോളിന്റെയും മുന്‍നിരയില്‍ വിയയുടേയും അഭാവം സ്പാനിഷ് ടീമിന്റെ കാര്യക്ഷമതയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍, മറ്റു കളിക്കാര്‍ ഇപ്പോഴും മികവിലാണെന്നത് ഫ്രാന്‍സിന് മോശം വാര്‍ത്തയാണ്. സില്‍വ, സാവി, ഇനിയേസ്റ്റ, ഫാബ്രിഗസ് എന്നിവര്‍ വണ്‍ ടെച്ച് പാസുകളിലൂടെ പരസ്പരം പന്ത് കൈമാറുന്നു. പന്ത് വരുതിയിലില്ലാത്തപ്പോള്‍ നിരന്തരം ഓടി സ്ഥലം ഉണ്ടാക്കാനും അവര്‍ക്ക് സാധിക്കുന്നു. ടീമിന് പ്രതിരോധിക്കാനറിയാം, ഗോളടിക്കാനറിയാം, പന്ത് വരുതിയില്‍ നിര്‍ത്താനുമറിയാം. ഇറ്റലിക്ക് അവരെ ഒരു പരിധിവരെ തടയാനായി. ഫ്രാന്‍സിനും അതിന് കഴിയണം.
സ്പാനിഷ് താരങ്ങള്‍ ഇതിനകം തന്നെ ക്രിസ്റ്റ്യാനോയെ സെമിയില്‍ നേരിടുന്നതിന്റെ ആലോചനയിലാവും. സിദാന്‍ നല്‍കിയതുപോലുള്ള പ്രചോദനം ലഭിച്ചാലെ ലോക ചാമ്പ്യന്‍മാരെ ഞെട്ടിക്കാന്‍ ഫ്രാന്‍സിന് കഴിയൂ.
|