|
പേസിനൊപ്പമില്ലെന്ന് ഭൂപതി
Posted on: 15 Jun 2012
ഷിജു സ്‌കറിയ
ബാംഗ്ലൂര്‍ : ലിയാന്‍ഡര്‍ പേസിനൊപ്പം ഡബിള്‍സ് പങ്കാളിയാകാനില്ലെന്ന് മഹേഷ് ഭൂപതി വ്യക്തമാക്കിയതോടെ ഒളിമ്പിക്‌ടെന്നീസില്‍ ഇന്ത്യ രണ്ടുടീമുകളെ പങ്കെടുപ്പിച്ചേക്കും. ഒളിമ്പിക്‌സിനുള്ള ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് ടീമുകളെ വെള്ളിയാഴ്ച ബാംഗ്ലൂരില്‍ നടക്കുന്ന ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ സെലക്ഷന്‍കമ്മിറ്റി യോഗത്തില്‍ തിരഞ്ഞെടുക്കും.
തിങ്കളാഴ്ച പുറത്തിറങ്ങിയ ഏറ്റവുംപുതിയ എ.ടി.പി ഡബിള്‍സില്‍ ഏഴാംറാങ്കില്‍ എത്തിയതോടെ പേസിന് നേരിട്ട് എന്‍ട്രി ലഭിച്ചിട്ടുണ്ട്. ഡബിള്‍സില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ആദ്യ പത്ത് റാങ്കുകാര്‍ക്ക് ഒളിമ്പിക്‌സില്‍ നേരിട്ട് എന്‍ട്രി അനുവദിച്ചിട്ടുണ്ട്.
രണ്ടുടീമുകളെ അയയ്ക്കുകയാണെങ്കില്‍ പേസിനൊപ്പം പന്ത്രണ്ടാംറാങ്കുകാരനായ രോഹന്‍ ബൊപ്പണ്ണയും പതിനാലാം റാങ്കുകാരനായ ഭൂപതിക്കൊപ്പം സോംദേവ് ദേവ്‌വര്‍മനെയുമാണ് സെലക്ഷന്‍കമ്മിറ്റി പരിഗണിക്കുന്നത്. എന്നാല്‍, ഡബിള്‍സ് പങ്കാളിയായി ബൊപ്പണ്ണയെ വേണമെന്നാണ് ഭൂപതിയുടെ ആവശ്യം. സെലക്ഷന്‍കമ്മിറ്റി ഇക്കാര്യം അംഗീകരിക്കുകയാണെങ്കില്‍ സാംദേവ് പേസിന്റെ പങ്കാളിയാകും.
സാനിയ മിര്‍സ മിക്‌സഡ്ഡബിള്‍സില്‍ പങ്കാളിയായി ഭൂപതിയെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് ഓപ്പണിലെ വിജയം ഇരുവരുടെയും ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കയാണ്. ഏറ്റവുംപുതിയ റാങ്കിങ്ങില്‍ പന്ത്രണ്ടാംസ്ഥാനത്തായ സാനിയ മിര്‍സയ്ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നേടാനായില്ല. സാനിയയ്ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കണമെന്ന് ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ ആവശ്യത്തിന് ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്റെ പ്രതികരണം ലഭിച്ചിട്ടില്ല.
ഡബിള്‍സില്‍ ഇന്ത്യയുടെ രണ്ടുടീമുകള്‍ ഉണ്ടെങ്കില്‍മാത്രമേ സാനിയയ്‌ക്കൊപ്പം ഭൂപതിക്ക് കളത്തിലിറങ്ങാന്‍ കഴിയുകയുള്ളൂ. ഒളിമ്പിക്‌സ് നിയമം അനുസരിച്ച് പുരുഷവിഭാഗം ഡബിള്‍സിലെ ഒരു താരമാണ് മിക്‌സഡ്ഡബിള്‍സില്‍ പങ്കെടുക്കേണ്ടത്.
രണ്ട് ടീമുകളെ ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കുന്നത് മെഡല്‍സാധ്യത കുറയ്ക്കുമെന്ന് മറ്റൊരുവാദമുണ്ട്. അതേസമയം, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഡബിള്‍സ് പങ്കാളികളായ പേസും ഭൂപതിയും ഇനി ഒരിക്കല്‍കൂടി ഒന്നിക്കാനുള്ള സാധ്യത വിദൂരമാണ്. സാനിയയ്‌ക്കൊപ്പം ഭൂപതിക്ക് കളത്തിലിറങ്ങണമെങ്കില്‍ ഡബിള്‍സ് ടീം അംഗമാകണം. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ രണ്ടുടീമുകളെ പങ്കെടുപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ഒരു നീക്കത്തിന് തന്നെയായിരിക്കും സാധ്യത.
കഴിഞ്ഞ നാല് ഒളിമ്പിക്‌സില്‍ പേസും ഭൂപതിയുമാണ് ഇന്ത്യയ്ക്കുവേണ്ടി കളത്തിലിറങ്ങിയത്. 1999-ല്‍ നാല് ഗ്രാന്‍ഡ്സ്ലാമുകളിലും ഇവര്‍ ഫൈനലില്‍ എത്തിയിട്ടുണ്ട്. അക്കൊല്ലം ഫ്രഞ്ച് ഓപ്പണിലും വിംബിള്‍ഡണിലും വിജയികളായിരുന്നു. 2001-ലും സഖ്യം ഫ്രഞ്ച് ഓപ്പണ്‍ നേടിയിരുന്നു. 2011 നവംബറിലാണ് പേസും ഭൂപതിയുമായുള്ള സഖ്യം അവസാനമായി വേര്‍പിരിഞ്ഞത്.
|
|
Other stories in this section:
|
|