|
മെസ്സിയെവെച്ച് വിരട്ടേണ്ട
Posted on: 15 Jun 2012
ലവീവ്:യൂറോക്കപ്പില്‍ ലയണല്‍ മെസ്സിക്ക് എന്തുകാര്യമെന്ന് ചോദിക്കരുത്. എന്നാല്‍, എതിരാളികളെ തളര്‍ത്താന്‍ എന്തായുധവും ഉപയോഗിക്കാമെന്ന ഡെന്‍മാര്‍ക്ക് ആരാധകരുടെ നീക്കം മെസ്സിയെ യൂറോക്കപ്പിലുമെത്തിച്ചു. ഗ്രൂപ്പ് ബിയിലെ രണ്ടാംമത്സരത്തില്‍ പോര്‍ച്ചുഗലും ഡെന്‍മാര്‍ക്കുമായുള്ള മത്സരത്തിനിടെയാണ് മെസ്സിയുടെ അപ്രതീക്ഷിത കടന്നുവരവ്. പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍കൂടിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പന്തുതൊടുമ്പോഴൊക്കെ സ്റ്റേഡിയത്തിലെ ഡാനിഷ് ആരാധകര്‍ മെസ്സിയുടെ പേരുവിളിച്ച് ക്രിസ്റ്റ്യാനോയെ ചൊടിപ്പിച്ചുകൊണ്ടിരുന്നു. 'നീയത്രയ്ക്ക് ആളാകേണ്ട, നിന്നെക്കാള്‍ മികച്ചത് മെസ്സിതന്നെ' എന്ന് ആക്രോശിച്ച് ക്രിസ്റ്റ്യാനോയെ തളര്‍ത്തുകയായിരുന്നു ഡെന്‍മാര്‍ക്ക് ആരാധകരുടെ ലക്ഷ്യം.
മത്സരത്തില്‍ തന്റെ ബോള്‍കണ്‍ട്രോളും വേഗവും ഡ്രിബ്ലിങ് പാടവവുമൊക്കെ ക്രിസ്റ്റ്യാനോ പുറത്തെടുത്തെങ്കിലും പോസ്റ്റിനുമുന്നിലെത്തുമ്പോള്‍ താരം പരാജയപ്പെടുന്നതായിരുന്നു കാഴ്ച. രണ്ട് സുവര്‍ണാവസരങ്ങള്‍ ക്രിസ്റ്റ്യാനോ പാഴാക്കുന്നതിനും ലുവീവ് സ്റ്റേഡിയം സാക്ഷിയായി. ടീം വിജയിച്ചെങ്കിലും സ്വന്തം പ്രകടനത്തില്‍ ക്രിസ്റ്റ്യാനോ തൃപ്തനായിരുന്നില്ല. അതിനുപുറമെയാണ് 'മെസ്സി'വിളിയിലൂടെ തന്നെ തളര്‍ത്താനുള്ള ഡെന്‍മാര്‍ക്ക് ആരാധകരുടെ ശ്രമം.
മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ തന്റെ അനിഷ്ടം ക്രിസ്റ്റ്യാനോ മറച്ചുവെച്ചുമില്ല. 'ഈ പറയുന്ന മെസ്സി കഴിഞ്ഞവര്‍ഷം ഇതേസമയത്ത് എവിടെയായിരുന്നുവെന്നറിയാമോ? സ്വന്തംനാട്ടില്‍ നടന്ന കോപ്പ അമേരിക്കയില്‍ അര്‍ജന്റീന തോറ്റപ്പോള്‍ വീട്ടില്‍ വെറുതെയിരിക്കയായിരുന്നു അയാള്‍. അത് മോശംകാര്യമാണെന്ന് ആര്‍ക്കും തോന്നുന്നില്ലേ?'- മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ തന്റെ ദേഷ്യം മുഴുവന്‍ പ്രകടിപ്പിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ പറഞ്ഞു.
കോപ്പ അമേരിക്കയില്‍ ക്വാര്‍ട്ടര്‍ഫൈനലിലാണ് അര്‍ജന്റീന കീഴടങ്ങിയത്. യൂറോയില്‍ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്താകലിന്റെ വക്കിലാണ്. ഹോളണ്ടിനെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ സമനിലയെങ്കിലും നേടാതെ പോര്‍ച്ചുഗലിന് മുന്നേറാനാവില്ല.
ആധുനിക ഫുട്‌ബോളിലെ ഏറ്റവുംമികച്ച താരത്തെ സംബന്ധിച്ച ചര്‍ച്ചകളും വിലയിരുത്തലുകളും എത്രത്തോളം താരങ്ങളെ ബാധിക്കുന്നുണ്ടെന്നതിന്റെ തെളിവായാണ് ക്രിസ്റ്റ്യാനോയുടെ ചൂടാകലിനെ നിരീക്ഷകര്‍ കാണുന്നത്. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ മേധാവിത്വം അവസാനിപ്പിച്ച് റയല്‍ മാഡ്രിഡ് ചാമ്പ്യന്മാരായത് ക്രിസ്റ്റ്യാനോയുടെ കേളീമികവിലായിരുന്നു. എന്നാല്‍, സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകളുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള റെക്കോഡ്തകര്‍ത്ത മെസ്സി, വ്യക്തിപരമായി നേട്ടമുണ്ടാക്കുകയും ചെയ്തു.
കഴിഞ്ഞ മൂന്നുവര്‍ഷമായി മെസ്സിയാണ് ഫിഫയുടെ ലോകഫുട്‌ബോളര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ഇത്തവണത്തെ ഗോള്‍ നേട്ടവും മെസ്സിക്കുതന്നെ പുരസ്‌കാരം നേടിക്കൊടുത്തേക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
ക്യാപ്റ്റന്‍ പദവിയേറ്റെടുത്തശേഷം ദേശീയ ടീമിനുവേണ്ടിയും മികച്ച പ്രകടനം കാഴ്ചവെക്കുന്നതും മെസ്സിയുടെ അനുകൂലഘടകമാണ്.
|