|
കളമൊഴിഞ്ഞ ഗോള്‍വേട്ടക്കാരന്‍
Posted on: 06 Jun 2012
ഗോളുകളുടെ നിത്യകാമുകന്‍ എന്ന വിശേഷണമാണ് അടുത്തിടെ ഫുട്‌ബോളില്‍ നിന്നും വിരമിച്ച ഹോളണ്ട് താരം റുഡ് വാന്‍ നിസ്റ്റല്‍റോയിക്ക് ചേരുക.അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റുന്ന താരമെന്ന പേര് ഏറ്റവും അനുയോജ്യനായ താരം.ഹോളണ്ടിനു വേണ്ടിയും യൂറോപ്പിലെ ് വമ്പന്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡിനു ം മാഞ്ചസറ്റര്‍ യുണൈറ്റഡിനു ം പി.എസ്.വി .ഐന്തോവനും വേണ്ടി ഗോളുകള്‍ അടിച്ചുകൂട്ടി, പ്രതിരോധ നിരക്കാരുടെ പേടിസ്വപ്‌നമായി നിസ്റ്റല്‍ റോയ് മാറി.മുപ്പത്തിയഞ്ചാം വയസ്സില്‍, ഒരു ഫുട്‌ബോളര്‍ക്കു സ്വന്തമാക്കാവുന്ന നേട്ടങ്ങളിലധികവും ശേഖരത്തിലാക്കിയാണ് താരം പടിയിറങ്ങുന്നത്.
കളിമെനയുന്ന സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായാണ്
ഫുട്‌ബോളില്‍ നിസ്റ്റല്‍ റോയിയുടെ തുടക്കം.ഇവിടെ നിന്നും സെന്‍ട്രല്‍ സ്‌ട്രൈക്കറുടെ റോളിലേക്ക് മാറ്റം കിട്ടിയതാണ് റോയിയുടെ കരിയറില്‍ വഴിത്തിരിവായത്.ഒപ്പം യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളുടെ ചരിത്രത്തിലും ഈ ചുവടുവയ്പ് നിര്‍ണായകമായി.ഐന്തോവന്റെയും യുണൈറ്റഡിന്റെയും റയല്‍ മാഡ്രിഡിന്റെയുമൊക്കെ ഷോകേസുകള്‍ ട്രോഫികള്‍കൊണ്ട് നിറയ്ക്കുന്നതില്‍ ഡച്ച് താരവും നിര്‍ണായക പങ്ക്് വഹിച്ചു.
1998മുതല്‍ മുതലുള്ള ഒരു ദശാബ്ദത്തിലാണ് നിസ്റ്റല്‍ റോയ് യൂറോപ്യന്‍ ഫുട്‌ബോളില്‍ ഗോള്‍ മഴ പെയ്യിച്ചത്.ഐന്തോവനും യുണൈറ്റഡിനും റയല്‍ മാഡ്രിഡിനുമൊപ്പം ലീഗ് കിരീടങ്ങള്‍.ഹോളണ്ടിലും സ്‌പോയിനിലും രണ്ട് തവണ ടോപ്‌സ്‌കോറര്‍ പദവി.ഒരു തവണ ഇംഗ്ലണ്ടിലെയും ടോപ്‌സ്‌കോറര്‍ . നിസ്റ്റല്‍ റോയിയെന്ന ഗോള്‍വേട്ടക്കാരന്‍ ഫുട്‌ബോള്‍പ്രേമികളുടെ ഇഷ്ടക്കാരനും യൂറോപ്പിലെ പ്രതിരോധ നിരക്കാരുടെ തലവേദനയായും മാറി. ലീഗിലെ ഫോം യൂറോപ്യന്‍ ഫുട്‌ബോളിലും നിലനിര്‍ത്താന്‍ ഡച്ച് താരത്തിനായി.
കരിയറില്‍ മിന്നിനില്‍ക്കുമ്പോള്‍ എതിരാളികളേക്കാള്‍ പരിക്കാണ് അദ്ദേഹത്തിന്റെ കുതിപ്പിന് പലപ്പോഴും തടയിട്ടത്.പരിക്കിന്റെ ബാക്കി പത്രവുമായാണ് നിസ്റ്റല്‍ റോയി ഐന്തോവനില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്.മാഞ്ചസ്റ്ററിന്റെ തട്ടകമായ ഓള്‍ഡ് ട്രോഫോഡില്‍
പക്ഷേ മറ്റൊരു നിസ്റ്റല്‍ റോയിയെയാണ് ആരാധകര്‍ കണ്ടത്.
അന്നത്തെ റെക്കോഡ് തുകയായ 1.9കോടി പൗണ്ടിന് ് യുണൈറ്റഡ് റോയിയെ സ്വന്തമാക്കിയപ്പോള്‍ നെറ്റിചുളിച്ചവരുണ്ട്.യുണൈറ്റഡ് അധികൃതര്‍ക്ക് തന്റെ കഴിവിലുള്ള വിശ്വാസമാണ് ഇത് തെളിയിക്കുന്നതെന്നായിരുന്നു റോയിയുടെ മറുപടി.തന്റെത് വീരവാദമല്ലെന്ന് ഓള്‍ഡ് ട്രോഫോഡിലെ അഞ്ച് വര്‍ഷം നീണ്ട കരിയറില്‍ അദ്ദേഹം തെളിയിച്ചു.219 കളികളില്‍ യുണൈറ്റഡിനായി 150 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.ടീമിനൊപ്പം പ്രീമിയര്‍ ലീഗ് കിരീടം കൂടാതെ എഫ്.എ.കപ്പ് ,ലീഗ് കപ്പ് ,എഫ്.എ.കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കി .ഇവയിലെല്ലാം നിര്‍ണായക പങ്കും താരം വഹിച്ചു.
യുണൈറ്റഡിലെ ഗോള്‍ വസന്തത്തിനിടയിലാണ് 2004-05 സീസണില്‍ പരിക്ക് അദ്ദേഹത്തെ വലച്ചത്.സീസണിന്റെ ഭൂരിഭാഗവും അദ്ദേഹത്തിന് നഷ്ടമായി.അടുത്ത സീസണില്‍ നിസ്റ്റല്‍ റോയ് ശക്തമായി തിരിച്ചുവന്നു.ഇതിനിടയില്‍ കോച്ച് അലക്‌സ് ഫെര്‍ഗൂസനുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്ത പരന്നു.കരിയറിലെ മികച്ച നേട്ടങ്ങളുമായി 2006 സീസണില്‍ നിസ്റ്റല്‍ റോയ് മൂന്നു വര്‍ഷത്തെ കരാറില്‍ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറി.
മാഡ്രിഡിലും തന്റെ പെരുമ നിലനിര്‍ത്തുന്ന പ്രകടനങ്ങളാണ് നിസ്റ്റല്‍ റോയ് പുറത്തെടുത്തത്.തുടരെ രണ്ട് സ്പാനിഷ് ലീഗ് കിരീടങ്ങള്‍ക്ക് ഒപ്പം ഒരു തവണ ടോപ്‌സ്‌കോറര്‍ പദവിയും അദ്ദേഹത്തിന് സ്വന്തമായി.ഇവിടെയും പരിക്കാണ് നിസ്റ്റല്‍ റോയിയുടെ കുതിപ്പിനെ പിന്നോട്ടടിച്ചത്.തിളക്കമുള്ള പ്രകടനങ്ങള്‍ക്ക് ശേഷം 2010 ജനവരിയില്‍ അദ്ദേഹം ജര്‍മന്‍ ടീം ഹാംബര്‍ഗിലേക്ക് മാറി.
ഹാംബര്‍ഗിലും തന്റെ പ്രതിഭ തെളിയിച്ച പ്രകടനമാണ് പുറത്തെടുത്തത്.അവിടെ നിന്നും കഴിഞ്ഞ സീസണില്‍ മലാഗയിലൂടെ റോയ് സ്പാനിഷ് ലീഗിലേക്ക് തിരിച്ചെത്തി.മലാഗയ്ക്ക് ചരിത്രത്തിലാദ്യമായ ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടിക്കൊടുത്ത ശേഷമാണ് റോയ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ഗോള്‍വേട്ടയിലെ ഒരു പിടി റെക്കോഡുകള്‍ സ്വന്തം പേരിലാക്കിയ നിസ്റ്റല്‍ റോയ് ഹോളണ്ടിനുവേണ്ടിയും മിന്നുന്ന പ്രകടനമാണ് നടത്തിയത്.പരിക്കുമൂലം 2000ലെ യൂറോ കപ്പ് റോയിക്ക് നഷ്ടമായിരുന്നു.2004,2008 വര്‍ഷങ്ങളിലെ യൂറോ കപ്പിലും 2006 ലെ ലോകകപ്പിലും ഹോളണ്ടിനുവേണ്ടി റോയി നടത്തിയ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.എഴുപത് അന്താരാഷ്ട്ര മത്സരങ്ങളില്‍ 35 ഗോളുകളും അദ്ദേഹം നേടി.ചാമ്പ്യന്‍സ് ലീഗിലെ രണ്ടാമത്തെ മികച്ച ഗോള്‍ വേട്ടക്കാരനും നിസ്‌ററല്‍ റോയിയാണ്.
കഴിഞ്ഞ കുറെ സീസണുകളില്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ റോയിക്ക് അവസരമില്ലായിരുന്നു.മലാഗ ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫിന് യോഗ്യത നേടിയതോടെ അതിന് അവസരമൊരുങ്ങിയതാണ്.പക്ഷേ സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ടു നിര്‍ത്താനായിരുന്നു നിസ്റ്റല്‍ റോയിക്ക് താത്പര്യം.എതിരാളികളുടെ നെഞ്ചു പിളര്‍ന്ന ഗോള്‍വേട്ടക്കാരന്റെ ധീരമായ തീരുമാനം.
|
|
Other stories in this section:
|
|