a mathrubhumi initiative
IST:

ഇന്ത്യ - ശ്രീലങ്ക

മത്സരം 14 : 20-6-2013

ഹോം   വെബ്‌സ്‌പെഷ്യല്‍  
മഴയ്‌ക്കൊരു ജയദേവന്‍ കുട
Posted on: 31 May 2012


സ്ഥിരോത്സാഹം എന്ന വാക്കിന് ജയദേവനോളം യോജിക്കുന്ന ഒരു പര്യായപദമുണ്ടാകുമോ എന്ന് സംശയമാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിക്കറ്റിന്റെ മഴനിയമങ്ങളില്‍ കണ്ട അസ്വാഭാവികത ഈ എഞ്ചിനീയറിലെ ശാസ്ത്രാന്വേഷിയെ ചൊടിപ്പിച്ചത് സ്വാഭാവികം മാത്രമാണെന്ന് ഇദ്ദേഹത്തോട് ഒരിക്കലെങ്കിലും സംസാരിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകും. പിന്നീടങ്ങോട്ട് ഒരു സത്യാന്വേഷകനെപ്പോലെ ജയദേവന്‍ അതിനു പിന്നാലെ സഞ്ചരിച്ചു. പലതും കണ്ടു, കണ്ടെത്തി. കണ്ടെത്തിയതില്‍ പലതും തിരുത്തി മുന്നേറുന്നതിനിടയില്‍ എവിടെയോ വെച്ച് യുക്തിഭദ്രമായ ഒരു സങ്കേതം ഉരുത്തിരിഞ്ഞു വന്നു. അകലെ കടലുകള്‍ക്കപ്പുറത്ത് ഫ്രാങ്ക്‌ളിന്‍ ഡക്‌വര്‍ത്ത്, ടോണി ലൂയിസ് എന്നീ രണ്ട് ശാസ്ത്രജ്ഞ്രര്‍ക്ക് അതോടെ ഉറക്കം നഷ്ടപ്പെടാന്‍ തുടങ്ങി.

എന്താണ് വിജെഡി രൂപത്തിന്റെ പ്രാധാന്യം എന്ന് ചോദിച്ചാല്‍ പ്രാഥമികമായി അത് ഡി/എല്‍ മെത്തേഡിലുണ്ടായിരുന്ന നിരവധി പ്രശ്‌നങ്ങളെ പുറത്തെടുത്തിട്ടു എന്നതാണ് ഒറ്റ വാചകത്തിലെ ഉത്തരം. ഒരു സാധാരണക്കാരന് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു മേഖലയല്ല ഇതിനകത്തെ ഗണിതശാസ്ത്ര തത്വങ്ങള്‍. അതുകൊണ്ടു തന്നെ അതിനെപ്പറ്റി നാം തല പുണ്ണാക്കിയിട്ടു കാര്യമില്ല. നമ്മുടെ മുമ്പില്‍ ആകെയുള്ളത് മത്സരഫലം നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ ഉണ്ടാകേണ്ട യുക്തി മാത്രമാണ്. അക്കാര്യത്തില്‍ ഡി/എല്‍ രീതികളില്‍ ഇപ്പോഴും നിരവധി യുക്തിരാഹിത്യങ്ങള്‍ നിലനിക്കുന്നുണ്ട്. ചില വസ്തുതകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും.



ഉദാഹരണം: 1


50 ഓവറുകളുള്ള ഒരു ഏകദിന മത്സരത്തില്‍ ആദ്യത്തെ ടീം ബാറ്റ് ചെയ്യുന്നു. കൃത്യം 20 ഓവറുകള്‍ അവസാനിച്ചപ്പോള്‍ മഴ കളി തടസ്സപ്പെടുത്തുന്നു. ആ സമയത്തെ സ്‌കോര്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 53 റണ്ണുകള്‍. പിന്നീട് മഴയ്ക്ക് ശേഷം കളി പുനരാരംഭിക്കുമ്പോള്‍ ഒന്നാം ഇന്നിങ്ങ്‌സ് തുടരാന്‍ ഉള്ള സമയമില്ല. രണ്ടാം ഇന്നിങ്ങ്‌സിന്റെ ലക്ഷ്യ സ്‌കോര്‍ ഡി/എല്‍ രീതി ഉപയോഗിച്ച് പുനര്‍നിര്‍ണ്ണയിക്കുമ്പോള്‍ 20 ഓവറുകളില്‍ 148 റണ്ണുകള്‍ എന്നാണ് കാണുക.

കളി തുടരുകയായിരുന്നുവെങ്കില്‍ ഒന്നാമത്തെ ടീം 50 ഓവറുകളില്‍ എടുക്കുമായിരുന്ന സ്‌കോര്‍ 244 ആണെന്നാണ് ഡി/എല്‍ പട്ടിക ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയാകുമ്പോള്‍ ഒരോവറില്‍ 4.88 റണ്‍ വീതം എടുത്ത ടീമിനെതിരെ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന്റെ 20 ഓവറിലെ നിരക്ക് 7.4 റണ്‍ ആയി പുനര്‍നിര്‍ണ്ണയിക്കപ്പെടുന്നത് എങ്ങനെയാണ് ന്യായീകരിക്കപ്പെടുന്നത്?

ഒരു വാദത്തിനു വേണ്ടി ഇത് അംഗീകരിക്കാമെന്നുതന്നെ വെയ്ക്കുക. ഇതേ സാഹചര്യത്തില്‍ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഒന്നാമത്തെ ടീം ഇത്രയും റണ്ണുകള്‍ എടുത്തിരുന്നതെങ്കില്‍ രണ്ടാമത്തെ ടീമിന്റെ ലക്ഷ്യ സ്‌കോര്‍ 20 ഓവറുകളില്‍ 101 റണ്ണുകളായിട്ട് ചുരുങ്ങിപ്പോകുന്നു. അതായത് 10 വിക്കറ്റുകളും കൈവശമുണ്ടായിരുന്നെങ്കില്‍ ഒന്നാം ടീം ബാക്കിയുള്ള 30 ഓവറുകളില്‍ 6.36 നിരക്കില്‍ 191 റണ്ണുകള്‍ കൂടി എടുക്കുമായിരുന്നു എന്ന് ഊഹിക്കപ്പെടുന്നിടത്ത് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നുവെങ്കില്‍ അത് ഓവറില്‍ 3.73 ആയി കുറഞ്ഞു പോകുന്നതായി ഡി/എല്‍ കണക്കു കൂട്ടുന്നു.

വെറുതെ നേരംപോക്കിനു കളി കാണുന്നവര്‍ക്ക് പോലും മനസ്സിലാക്കാവുന്ന ഒരു പ്രശ്‌നമാണിത്. 20 ഓവറുകള്‍ക്കുള്ളില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുക എന്നത് ഒരു ഏകദിന മത്സരത്തെ സംബന്ധിച്ചിടത്തോളം ഒരു അപൂര്‍വ അവസ്ഥയൊന്നുമല്ല. ഇവിടെ വിക്കറ്റുകളുടെ വീഴ്ച്ചയ്ക്ക് അമിതമായ പ്രാധാന്യം കല്പിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ 14 വര്‍ഷങ്ങളിലായി ഡി/എല്‍ രീതിക്കെതിരെ ഉയര്‍ത്തപ്പെട്ടിരുന്ന പ്രധാനപ്പെട്ട ആക്ഷേപങ്ങളിലൊന്നാണ് വിക്കറ്റുകളുടെ എണ്ണത്തിനു നല്‍കപ്പെടുന്ന ഈ പ്രാധാന്യം, എത്രയൊക്കെ പരിഷ്‌കരിക്കപ്പെട്ടിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഇപ്പോഴും സജീവമാണെന്ന് ഈ ഉദാഹരണം വെളിവാക്കുന്നു.



ഉദാഹരണം: 2


മേല്‍ സൂചിപ്പിച്ച അതേ മത്സര സാഹചര്യങ്ങള്‍ . ഇത്തവണ സ്‌കോര്‍ 106, അതായത് ആദ്യം പരാമര്‍ശിച്ചതിന്റെ ഇരട്ടിയാണെന്ന്വെയ്ക്കുക. അങ്ങനെയെങ്കില്‍ വിക്കറ്റ് പോകാതെയുള്ള അവസ്ഥയിലെ ലക്ഷ്യ സ്‌കോര്‍ 183 റണ്ണുകള്‍ ആയിരിക്കുമത്രേ. 53 വഴങ്ങിയവരേക്കാള്‍ വെറും 35 റണ്ണുകള്‍ മാത്രമേ ഇരട്ടി റണ്ണുകള്‍ വഴങ്ങിയവര്‍ സ്‌കോര്‍ ചെയ്യേണ്ടതുള്ളൂ. ഇനി 2 വിക്കറ്റ് നഷ്ടത്തിലായിരുന്നു 106 റണ്ണുകള്‍ എങ്കില്‍ ലക്ഷ്യം 167 ആയിട്ട് കുറയുന്നു. ആദ്യത്തെ ഉദാഹരണവുമായിട്ട് താരതമ്യം ചെയ്യുമ്പോള്‍ ഇവിടത്തെ വ്യത്യാസം 66 റണ്ണുകളും.

ഉദാഹരണം: 3


താഴെ കാണുന്ന പട്ടിക പരിശോധിക്കുക. ഇത് ടി20 മത്സരങ്ങളില്‍ വിവിധ ഘട്ടങ്ങളില്‍ മത്സരം നിന്നു പോകുമ്പോള്‍ 5 ഓവറുകളില്‍ രണ്ടാമത്തെ ടീമിന് ആവശ്യമായ സ്‌കോര്‍ (പാര്‍ സ്‌കോര്‍ - അതായത് ജയിക്കാന്‍ ഇതിനേക്കാള്‍ ഒരു റണ്‍ കൂടുതല്‍ എടുക്കണമെന്നര്‍ഥം) എത്രയാണെന്ന് സൂചിപ്പിക്കുന്ന പട്ടികയാണ്.

ഒന്നാമത്തെ ടീമിന്റെ സ്‌കോര്‍ 0 മുതല്‍ 9 വരെ വിക്കറ്റുകള്‍ക്കുള്ള പാര്‍ സ്‌കോറുകള്‍

0 1 2 3 4 5 6 7 8 9
200 46 49 53 59 67 78 95 119 150 181
220 52 55 58 63 70 81 97 121 156 195
240 58 60 63 67 72 81 96 119 157 206
260 64 65 67 70 74 82 94 115 154 212
280 70 70 71 73 77 82 92 111 157 213

ഇതില്‍ വിവിധ ലക്ഷ്യ സ്‌കോറുകള്‍ പിന്‍തുടരുമ്പോള്‍ ആറു വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലും 7 വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലും ഉള്ള സ്‌കോറുകള്‍ നോക്കുക. 200 റണ്ണുകള്‍ ആവശ്യമുള്ളപ്പോള്‍ വേണ്ടതിനേക്കാള്‍ കുറവ് റണ്ണുകള്‍ കൊണ്ട് 260 റണ്ണുകളും 280 റണ്ണുകളും പിന്‍തുടര്‍ന്ന് ജയിക്കാവുന്ന വിചിത്രമായ അവസ്ഥ കാണാം.



ഇതൊക്കെ ജയദേവന്‍ തന്നെ കണ്ടെത്തിയ ഉദാഹരണങ്ങളില്‍ ചിലത് മാത്രമാണ്. ഇതിനു പകരം വിജെഡി രീതിയാണ് ഉപയോഗിക്കപ്പെട്ടിരുന്നതെങ്കില്‍ കുറച്ചുകൂടി യുക്തിപൂര്‍വ്വമായ ലക്ഷ്യങ്ങള്‍ ആവുമായിരുന്നോ എന്നത് സ്വാഭാവികമായും സംശയിക്കാവുന്ന കാര്യമാണ്. ആയിരുന്നിരിക്കും എന്നതിന്റെ തെളിവാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐസിസിയുടെ മീറ്റിങ്ങുകളില്‍ നിരന്തരമായിട്ട് ഈ ബദല്‍, ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതിലൂടെ നമുക്ക് മനസ്സിലാകുന്നത്.

ലണ്ടനില്‍ നടക്കുന്ന ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ഒരു പ്രധാന അജെന്‍ഡ നിലവിലുള്ള ഡക്‌വര്‍ത്ത്-ലൂയിസ് രീതികള്‍ തുടരണോ അതോ വിജെഡി പരീക്ഷിക്കണമോ എന്നുള്ളതാണ്. ഒരവസരമെങ്കിലും ജയദേവന് നല്‍കേണ്ടതുണ്ട് എന്ന് ഒരു സംശയവും കൂടാതെ പറയാന്‍ സാധിക്കും. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധ ശാസ്ത്രജ്ഞനും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശബ്ദമായ ഹര്‍ഷാ ഭോഗ്ലെയുടെ ജ്യേഷ്ഠനുമായ ഡോ.ശ്രീനിവാസ് ഭോഗ്ലെ പറഞ്ഞത് മാത്രം മതി, ജയദേവന്റെ രീതികളുടെ ആധികാരികത ഉറപ്പാക്കാന്‍.

ഐസിസി എന്നോടാണ് ഒരു തെരെഞ്ഞെടുപ്പ് ആവശ്യപ്പെട്ടിരുന്നതെങ്കില്‍ ഞാന്‍ ഒരു സംശയവും കൂടാതെ ജയദേവന്റെ പദ്ധതി അംഗീകരിച്ചുകൊണ്ട് കൈ പൊക്കുമായിരുന്നു. അമാനുഷികമായ ഈ പ്രയത്‌നത്തെ ഐസിസി അംഗീകരിക്കുമെന്ന് തന്നെ നമുക്ക് ആഗ്രഹിക്കാം. അതിനായി പ്രാര്‍ഥിക്കാം.



Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.