|
അസ്ലന്‍ഷാ ഹോക്കി ഇന്ത്യ വിജയവഴിയില്‍
Posted on: 26 May 2012
ഇപ്പോ (മലേഷ്യ): സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്തി. ആദ്യമത്സരത്തില്‍ ന്യൂസീലന്‍ഡിനോട് ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ന്ന ഇന്ത്യന്‍ ടീം, ദക്ഷിണ കൊറിയയ്‌ക്കെതിരെ 2-1ന്റെ വിജയമാണ് വെള്ളിയാഴ്ച സ്വന്തമാക്കിയത്. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗ്രൂപ്പ് തല എതിരാളികളായ കൊറിയയ്‌ക്കെതിരെ നേടിയ വിജയം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസമുണര്‍ത്തുന്നതാണ്.
മത്സരത്തില്‍ ലഭിച്ച ഏക പെനാല്‍ട്ടി കോര്‍ണര്‍ മുതലാക്കി, സന്ദീപ് സിങ്ങാണ് 12-ാം മിനിറ്റില്‍ ഇന്ത്യയെ മുന്നില്‍ക്കടത്തിയത്. ഒരുഗോള്‍ ലീഡില്‍ വിജയമുറപ്പിച്ച് മുന്നേറിയ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് 66-ാം മിനിറ്റില്‍ കൊറിയ ഗോള്‍ മടക്കി. നാം ഹ്യുന്‍ വൂവാണ് ഗോള്‍ സ്‌കോറര്‍. സമനിലയിലേക്ക് നീങ്ങിയ മത്സരത്തില്‍ ഇന്ത്യയുടെ വിജയഗോള്‍ പിറന്നത് അവസാന മിനിറ്റിലാണ്. തുഷാര്‍ ഖണ്ഡേക്കര്‍ ഇടതുവിങ്ങില്‍നിന്ന് നല്‍കിയ ക്രോസില്‍നിന്ന് എസ്.കെ. ഉത്തപ്പയാണ് വിജയഗോള്‍ കണ്ടെത്തിയത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടീമിന്റെ പ്രകടനത്തില്‍ താന്‍ തൃപ്തനല്ലെന്ന് കോച്ച് മൈക്കല്‍ നോബ്‌സ് പറഞ്ഞു. രണ്ടാം പകുതിയില്‍ ഗെയിംപ്ലാനിനനുസരിച്ചല്ല ടീം കളിച്ചത്. അതാണ് കൊറിയയ്ക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കിയത്- നോബ്‌സ് പറഞ്ഞു.
ആദ്യ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്ത ന്യൂസീലന്‍ഡ്, രണ്ടാം ദിവസവും വമ്പന്‍ ജയം കരസ്ഥമാക്കി. കരുത്തരായ അര്‍ജന്റീനയെ രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ന്യൂസീലന്‍ഡ് ആറുപോയന്റോടെ മുന്നില്‍ നില്‍ക്കുന്നു. വെള്ളിയാഴ്ചത്തെ മറ്റൊരു മത്സരത്തില്‍, ആതിഥേയരായ മലേഷ്യയും ബ്രിട്ടനും 3-3 സമനില പാലിച്ചു. ശനിയാഴ്ച മത്സരമില്ല. ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടനാണ് ഇന്ത്യയുടെ എതിരാളികള്‍.
|
|
Other stories in this section:
|
|