|
ബോള്‍ട്ടെടുക്കാന്‍ വന്യമൃഗം
Posted on: 23 May 2012
പി.ടി. ബേബി
തെരുവിലേക്ക് വലിച്ചെറിയുന്ന ഓരോ ബിയര്‍ കുപ്പിക്കും പിന്നാലെ യോഹാന്‍ ബ്ലേക്ക് ഓടിയെത്തും. മറ്റാരുമെത്തുന്നതിനുമുന്നേ അതവന്‍ കൈക്കലാക്കുകയും ചെയ്യും. ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ അവന്റെ ജീവിതമാര്‍ഗമായിരുന്നു. അതു പെറുക്കിവിറ്റാല്‍, ഒരുനേരത്തെ ആഹാരത്തിനുള്ള വക വീട്ടിലെത്തിക്കാം. വളരുമ്പോള്‍, ക്രിക്കറ്റ്താരമായി പണമുണ്ടാക്കണമെന്നവന്‍ മോഹിച്ചു. കൂട്ടുകാര്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍, തന്റെ വീടിനരികില്‍, ഒരു കുറ്റി തറച്ച് അതിലേക്ക് ബ്ലേക്ക് പന്തെറിഞ്ഞുകൊണ്ടിരുന്നു. വെസ്റ്റിന്‍ഡീസ് ടീമിലൂടെ, തന്റെ ജീവിതം പച്ചപിടിക്കുന്നത് അവന്‍ സ്വപ്നം കണ്ടിരുന്നു.
ബ്ലേക്കിന് ഇടയ്ക്കുവെച്ച് വഴിതെറ്റി. പേസ് ബൗളറാകാന്‍ ഓടിയെത്തുന്ന ബ്ലേക്കിനെക്കണ്ട്, ഇവന്റെ പേശികള്‍ക്ക് യോജിക്കുക അത്‌ലറ്റിക്‌സായിരിക്കുമെന്ന് നിര്‍ദേശിച്ചത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒനീല്‍ ആങ്കിളാണ്. വീട്ടിലേക്കുള്ള കുടിവെള്ളത്തിനായി ഏറെദൂരം നടന്നും വെള്ളംചുമന്ന് തിരിച്ചുനടന്നും കുഞ്ഞിലേതന്നെ ബ്ലേക്കിന്റെ പേശികള്‍ ഉറച്ചിരുന്നു. ബ്ലേക്കിന് ചേര്‍ന്നത് അത്‌ലറ്റിക്‌സാണെന്നുകണ്ട പ്രിന്‍സിപ്പല്‍, അവനെ അത്‌ലറ്റിക്‌സിന് പേരുകേട്ട സെന്‍റ് ജാഗോ ഹൈസ്‌കൂളിലേക്ക് പറഞ്ഞുവിട്ടു. അതൊരു തുടക്കമായി. 100 മീറ്ററില്‍ നിലവിലെ ലോകചാമ്പ്യനാണ് യോഹാന്‍ ബ്ലേക്ക്. ലണ്ടനില്‍ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുവിളിക്കാന്‍ തന്‍േറടമുള്ള ഒരേയൊരാള്‍.
സെന്‍റ് ജാഗോ ദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ 100 മീറ്റര്‍ ചാമ്പ്യനായി മാറിയ ബ്ലേക്കിന്റെ പിന്നീടുള്ള ഉയര്‍ച്ച അതിവേഗമായിരുന്നു. 9.82 സെക്കന്‍ഡില്‍ ഓടിയെത്തി ഏറ്റവും വേഗമേറിയ നാലാമത്തെ ജമൈക്കന്‍ സ്പ്രിന്‍ററായി അദ്ദേഹം മാറി. നെസ്റ്റ കാര്‍ട്ടര്‍, അസഫ പവല്‍, ഉസൈന്‍ ബോള്‍ട്ട് എന്നീ ലോകോത്തര അത്‌ലറ്റുകളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. 100 മീറ്റര്‍ 10 സെക്കന്‍ഡില്‍താഴെ സമയം കൊണ്ട് ഓടിയെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായും ബ്ലേക്ക് മാറി.
കഴിഞ്ഞവര്‍ഷം ദക്ഷിണ കൊറിയയിലെ ദെയ്ഗുവില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പാണ് ബ്ലേക്കിന്റെ പ്രതിഭയുടെ ഉരകല്ലായത്. ബോള്‍ട്ട് ഫൗള്‍ സ്റ്റാര്‍ട്ടിനെത്തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട ഫൈനലില്‍, ജമൈക്കന്‍ പെരുമ നിലനിന്നത് ബ്ലേക്കിന്റെ കുതിപ്പിലാണ്. 9.92 സെക്കന്‍ഡില്‍ ബ്ലേക്ക് കുതിച്ചെത്തി. കാള്‍ ലൂയിസിന് ശേഷം ലോകചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായും ബ്ലേക്ക് മാറി. അതേ മീറ്റില്‍ ബ്ലേക്ക് ഉള്‍പ്പെട്ട ജമൈക്കന്‍ ടീം ലോകറെക്കോഡോടെ റിലേയില്‍ സ്വര്‍ണമണിയുകയും ചെയ്തു. ഐ.എ.എ.എഫ് ഡയമണ്ട് ലീഗില്‍ അസഫ പവലിനെ പിന്തള്ളി ബ്ലേക്ക് 100 മീറ്റര്‍ ജേതാവായി.
തന്റെ കൂടെ പരിശീലിക്കുന്ന ബ്ലേക്കിന് ബോള്‍ട്ട് നല്‍കിയ ഓമനപ്പേര് വന്യമൃഗം എന്നാണ്. ആരാണ് കേമന്‍ എന്നുചോദിച്ചാല്‍ ബ്ലേക്ക് പറയും, ക്രിക്കറ്റ് ബൗളിങ്ങില്‍ എന്നെ വെല്ലാന്‍ ബോള്‍ട്ടിന് കഴിയുമെന്ന് തോന്നുന്നില്ല എന്ന്. അത് ബ്ലേക്കിന്റെ വിനയമാണ്. ലണ്ടനില്‍ 100 മീറ്റര്‍ പോരാട്ടത്തില്‍, ലോകം ഉറ്റുനോക്കുന്നത് ബോള്‍ട്ട്-ബ്ലേക്ക് പോരാട്ടത്തിനാണ്. അത്രമേല്‍, അപ്രവചനീയമായിരിക്കുന്നു വേഗത്തിലെ ജമൈക്കന്‍ പോര്.
|