a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
വിവ ചെല്‍സി... വിവ ദ്രോഗ്ബ...
Posted on: 21 May 2012


ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയുടെ ചരിത്രജയം മ്യൂണിക്കില്‍ നിന്ന് പ്രശസ്ത ഫുട്‌ബോള്‍ ലേഖകന്‍ ക്രിസ് പുന്നക്കാട്ട് ഡാനിയേല്‍
വിലയിരുത്തുന്നു



മ്യൂണിക്ക്: വിടപറയാനൊരുങ്ങുന്ന ഐവറികോസ്റ്റ് സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബയുടെ അവിസ്മരണീയ പ്രകടനമായിരുന്നു ഇംഗ്ലീഷ്ടീം ചെല്‍സിക്ക് ആദ്യ യൂറോപ്യന്‍ ചാമ്പ്യന്‍സ്‌ലീഗ് ഫുട്‌ബോള്‍ കിരീടം സമ്മാനിച്ചത്. കളിതീരാന്‍ രണ്ട് മിനുറ്റ് മാത്രം ബാക്കിനില്‍ക്കേ ബയറണെതിരെ സമനില ഗോളടിച്ച ദ്രോഗ്ബ ഷൂട്ടൗട്ടില്‍ ടീമിന്റെ വിജയഗോളും കുറിച്ചു. പെനാല്‍ട്ടി കിക്ക് തുലച്ചാണ് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കിരീടമുയര്‍ത്താനുള്ള സുവര്‍ണാവസരം മ്യൂണിക്ക് ടീം പാഴാക്കിയത്. അധികസമയത്ത് ആര്യന്‍ റോബനെടുത്ത കിക്ക് തടുത്തിട്ട ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കും ചെല്‍സിക്ക് കന്നിക്കിരീടമൊരുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 83-ാം മിനുറ്റില്‍ ജര്‍മന്‍ താരം തോമസ് മുള്ളര്‍ നേടിയ ഗോളില്‍ ബയറണ്‍ കിരീടത്തിലേക്ക് നീങ്ങവെയാണ് ദ്രോഗ്ബ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഗോള്‍ മടക്കിയത്. തുടര്‍ന്ന് അധികസമയത്ത് ഇരുടീമുകള്‍ക്കും ലക്ഷ്യം ഭേദിക്കാന്‍ പരാജയപ്പെട്ടതോടെ പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ചെല്‍സിക്കായി ആദ്യ കിക്കെടുത്ത യുവാന്‍ മാത്തക്ക് പിഴച്ചെങ്കിലും മറ്റു നാലുപേരും പന്ത് വലയിലെത്തിച്ചു.
ബയറണിന്റെ ഇവികാ ഒലിച്ചിന്റെ കിക്ക് ചെക്ക് തടുത്തിട്ടപ്പോള്‍ ബാസ്റ്റിന്‍ ഷ്വെയിന്‍സ്റ്റീഗറുടെ അടി പുറത്തുപോയി. ഇതോടെ അവസാന കിക്കെടുത്ത ദ്രോഗ്ബ ചെല്‍സിക്ക് ചരിത്രംകുറിച്ച ജയം സമ്മാനിച്ചു(4-3). ആദ്യ മൂന്ന് കിക്കുകള്‍ കഴിഞ്ഞപ്പോള്‍ 3-2ന് മുന്നിലായിരുന്ന ബയറണ്‍ അവസാനത്തെ രണ്ടു ഷോട്ടും പാഴാക്കിയാണ് തോല്‍വിയിലേക്ക് വീണത്.
അലയന്‍സ് അരീനയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ തുടക്കം മുതല്‍ ബയറണ്‍ ആധിപത്യം പുലര്‍ത്തുന്നതാണ് കണ്ടത്. ആതിഥേയരുടെ ആക്രമണനിരയും ചെല്‍സിയുടെ പ്രതിരോധവും തമ്മിലായിരുന്നു ശക്തിപരീക്ഷണം. നിരന്തരം കോര്‍ണറുകള്‍ വഴങ്ങിയാണ് ബയറണ്‍ മുന്നേറ്റങ്ങള്‍ക്ക് ചെല്‍സി തടയിട്ടത്. മാരിയൊ ഗോമസും ആര്യന്‍ റോബനും ഫ്രാങ്ക് റിബറിയുമെല്ലാം അവസരങ്ങള്‍ തുലയ്ക്കാന്‍ മത്സരിക്കുകയായിരുന്നു. ഭൂരിഭാഗം സമയത്തും പന്ത് വരുതിയില്‍വെച്ച ബയറണ്‍ ആദ്യ പകുതിയില്‍ത്തന്നെ ചുരുങ്ങിയത് മൂന്ന് ഗോളിനെങ്കിലും മുന്നിലെത്തേണ്ടതായിരുന്നു. അപൂര്‍വം അവസരങ്ങളില്‍ ദ്രോഗ്ബയും മാത്തയും കാലുവും ബയറണ്‍ ഗോളി മാന്വല്‍ ന്യൂയറെ പരീക്ഷിക്കാനൊരുങ്ങി. ജര്‍മന്‍ ടീമിന്റെ നിരന്തരശ്രമങ്ങള്‍ക്ക് 83-ാം മിനിറ്റിലാണ് ഫലം കണ്ടത്. മുള്ളറുടെ നിലംകുത്തി ഹെഡ്ഡര്‍ ചെക്കിനെ നിസ്സഹായനാക്കി വലയില്‍ കയറുകയായിരുന്നു. എന്നാല്‍ അഞ്ച് മിനിറ്റിനകം അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ദ്രോഗ്ബയ്ക്കായി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് 2008-ലെ ഫൈനലില്‍ ഷൂട്ടൗട്ടില്‍ തോറ്റതിന്റെ നിരാശ മ്യൂണിക്കില്‍ തീര്‍ക്കുകയായിരുന്നു ചെല്‍സി. അന്ന് മോസ്‌കോയില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി വില്ലനായ ദ്രോഗ്ബ ചെല്‍സിയില്‍ തന്റെ അവസാന സീസണില്‍ ടീമിന്റെ ഹീറോയായി. ചെല്‍സിയുമായുള്ള ദ്രോഗ്ബയുടെ കരാര്‍ ഈ സീസണോടെ അവസാനിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗിലൊഴിച്ച് ചെല്‍സിയുടെ പ്രകടനം ശരാശരിക്ക് താഴെയായിരുന്നു.
പ്രീമിയര്‍ ലീഗിലെ തിരിച്ചടിയെത്തുടര്‍ന്ന് പോര്‍ച്ചുഗല്‍കാരനായ യുവകോച്ച് ബോവാസ് പുറത്തായതോടെ ടീമിന്റെ ഭാഗ്യം തെളിഞ്ഞു. ബോവാസിന്റെ സഹായിയായ അലക്‌സാന്‍ഡ്രോ ഡി മാറ്റൊയുടെ കീഴിലാണ് നീലപ്പട തിരിച്ചുവരവ് തുടങ്ങിയത്. ബാഴ്‌സലോണയെപ്പോലെ പന്തിന്മേല്‍ ആധിപത്യം പുലര്‍ത്തുന്ന സുന്ദരന്‍ ശെലിയായിരുന്നില്ല ഡി മാറ്റോയുടേത്. എതിരാളിയെ ആക്രമിക്കാന്‍ അനുവദിക്കുക, പ്രത്യാക്രമണങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുക, ആവശ്യമുള്ളപ്പോള്‍ മാത്രം ഗോളടിക്കുക. ചാമ്പ്യന്മാരായ ബാഴ്‌സയടക്കമുള്ള വമ്പന്മാരെ ഇങ്ങനെയായിരുന്നു ഡി മാറ്റൊയുടെ കുട്ടികള്‍ വീഴ്ത്തിയത്. ഗോളി പീറ്റര്‍ ചെക്കിന്റെ മികവും ഗോള്‍ പോസ്റ്റിന്റെ കാരുണ്യവും ഭാഗ്യവുമെല്ലാം തുണയായി എത്തുകയും ചെയ്തു. പ്രീക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ ഇറ്റലി ടീം നാപ്പോളിയോട് 3-1ന് തോറ്റശേഷം രണ്ടാം പാദത്തില്‍ 4-1ന്റെ അവിശ്വസനീയജയം നേടിയപ്പോഴേ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് ടീം എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിരുന്നു.


Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.