|
ഭാഗ്യം തുണച്ചില്ല, കേരളത്തിന് സമനില
Posted on: 21 May 2012
സിറാജ് കാസിം
* ബംഗാളിനെതിരെ ഗോള്‍രഹിത സമനില
* കേരളം പെനാല്‍ട്ടി പാഴാക്കി
* മഹാരാഷ്ട്രയ്‌ക്കെതിരെ ജയിച്ചാല്‍ സെമിയില്‍
* ബംഗാള്‍ പുറത്ത്
കട്ടക്ക്:പഞ്ചാബി ഹൗസിലെ ഭാഗ്യദേവതയെ ക്ലൈമാക്‌സില്‍ കുടിയൊഴിപ്പിച്ച കേരളത്തിന് ബംഗാളിന് മുന്നില്‍ നിര്‍ഭാഗ്യത്തിന്റെ സമനില. വീണുകിട്ടിയ പെനാല്‍ട്ടികിക്ക് പോലും തുണയ്‌ക്കെത്താതിരുന്ന നിര്‍ഭാഗ്യദിനത്തില്‍ ബംഗാളിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച കേരളത്തിന് ഇനി സെമിഫൈനല്‍ സ്വപ്നങ്ങള്‍ പൂവണിയാന്‍ കാത്തിരിക്കാം. ചൊവ്വാഴ്ച അവസാനമത്സരത്തില്‍ മഹാരാഷ്ട്രയെ തോല്പിച്ചാല്‍ കേരളത്തിന് ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്താം. തോല്പിക്കാനായില്ലെങ്കിലും സമനിലയിലൂടെ ഇന്ത്യന്‍ ഫുട്‌ബോളിലെ രാജാക്കന്മാരായ ബംഗാളിനെ സന്തോഷ്‌ട്രോഫി ഫുട്‌ബോളില്‍ നിന്ന് തള്ളിപ്പുറത്താക്കിയാണ് കേരളം കളം വിട്ടത്. എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മഹാരാഷ്ട്രയോട് അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെട്ട് മുന്‍ ചാമ്പ്യന്മാരായ പഞ്ചാബും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. വിജയത്തോടെ മഹാരാഷ്ട്രയ്ക്ക് ആറു പോയന്റായപ്പോള്‍ കേരളത്തിന് നാല് പോയന്റാണുള്ളത്.
അര്‍ഹിച്ച വിജയം നഷ്ടമായതിന്റെ നിരാശ ഒഴിച്ചാല്‍ കേരളാ ഫുട്‌ബോളിന് അഭിമാനിക്കാവുന്ന കളിയാണ് ബംഗാളിനെതിരെ എം.എം. ജേക്കബിന്റെ കുട്ടികള്‍ കാഴ്ചവെച്ചത്. രണ്ടാംപകുതിയുടെ 28-ാം മിനുറ്റില്‍ ഉസ്മാനെ ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍ട്ടി രാകേഷ് പാഴാക്കുമ്പോള്‍ നിര്‍ഭാഗ്യത്തെ പഴിക്കാനേ കേരളത്തിനാവൂ. അതിന് മുമ്പും എത്രയോ സുവര്‍ണാവസരങ്ങളാണ് നിര്‍ഭാഗ്യംകൊണ്ട് കേരളത്തിന് മുമ്പില്‍ പാഴായത്. അപാരമായ പോരാട്ടവീര്യത്തോടെ കളിച്ചിട്ടും തങ്ങളുടേതല്ലാത്ത ഒരു ദിനത്തില്‍ വിജയം കൈപ്പിടിയിലൊതുക്കാനായില്ലെന്ന സങ്കടം മാറ്റി ഇനി മഹാരാനഷ്ര്ടയോട് കേരളത്തിന് അങ്കം കുറിക്കാം.
പഞ്ചാബിനെതിരായ മത്സരത്തിലെ അതേ ലൈനപ്പുമായി ഇറങ്ങിയ കേരളം കരുതലോടെയാണ് തുടങ്ങിയത്. സുര്‍ജിത്-റാസി കൂട്ടുകെട്ടില്‍ വലതുവിങ്ങിലൂടെ എതിര്‍പാളയത്തിലേക്ക് പട നയിക്കാനായിരുന്നു കേരളത്തിന്റെ പദ്ധതി. ഏഴാം മിനുറ്റിലാണ് ഈ പദ്ധതിയിലൂടെ കേരളം ആദ്യമായി ഗോളിന്റെ വക്കിലെത്തിയത്. വലതുവിങ്ങില്‍ നിന്ന് ലഭിച്ച പന്തുമായി ബോക്‌സിലേക്ക് കടന്നുകയറിയ കണ്ണന്‍ തൊടുത്ത ഷോട്ട് പക്ഷേ, പോസ്റ്റിലുരസിയെന്നോണം പുറത്തേക്ക് പോയി. ഈ ആക്രമണം പാളിപ്പോയെങ്കിലും പിന്നീട് കളം നിറഞ്ഞത് കേരളം തന്നെയായിരുന്നു.
സംഗ്രാം മാന്‍ഡിയും മോഹന്‍ സര്‍ക്കാറും ഗുര്‍പ്രീത് സിങ്ങും അടങ്ങിയ ബംഗാളി പ്രതിരോധനിരയെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്ന കേരളത്തിന് പക്ഷേ, ഭാഗ്യദേവത കൂട്ടിനുണ്ടായിരുന്നില്ല. 34-ാം മിനുറ്റിലും 44-ാം മിനുറ്റിലും കണ്ണന്‍ ഗോള്‍ നേടാതിരുന്നതിന് മറ്റൊരു കാരണവും പറയാനില്ല. 34-ാം മിനുറ്റില്‍ വലതു വിങ്ങില്‍ നിന്നുതന്നെ ലഭിച്ച പന്തുമായി ബോക്‌സിലേക്ക് കയറിയ കണ്ണന്‍ തൊടുത്ത പൊള്ളുന്ന ഷോട്ട് ബംഗാള്‍ ഗോളി അര്‍ണാബ് കുത്തിയകറ്റിയതെങ്ങനെയെന്ന് അയാള്‍ക്കുപോലുമറിയില്ലായിരുന്നു. പറന്നുചാടിയ അര്‍ണാബിന്റെ വിരല്‍ത്തുമ്പിലെവിടെയോ സ്പര്‍ശിച്ച് പന്ത് പോസ്റ്റിനെ തൊട്ടെന്നോണം പുറത്തേക്ക് പോകുകയായിരുന്നു. 44-ാം മിനുറ്റില്‍ ഇടതുവിങ്ങില്‍ നിന്ന് ജോണ്‍സണ്‍ നല്‍കിയ ക്രോസില്‍ കണ്ണന്‍ കൃത്യമായി തലവെച്ചെങ്കിലും പന്ത് ക്രോസ്ബാറില്‍ തട്ടി മടങ്ങുന്നതകണ്ട് തലയില്‍ കൈവെച്ചിരിക്കാനായിരുന്നു കേരളാ ബെഞ്ചിന്റെ വിധി.
മധ്യനിരയുടെ മികവില്‍ കേരളം കളി പിടിച്ചപ്പോള്‍ മറുവശത്ത് ബംഗാളിന്റെ സ്വതഃസിദ്ധമായ കളിയുടെ ഒഴുക്ക് നിലച്ചു. ജമീര്‍ അലി മൊണ്ടാലും തപന്‍ മെയ്തിയും കണ്ണികളായ മധ്യനിരയില്‍ നിന്ന് പന്തിന്റെ വിതരണം കൃത്യമാകാതെ വന്നത് ബംഗാള്‍ സ്‌ട്രൈക്കര്‍ താരിഫ് അഹമ്മദിന്റെ പദ്ധതികളെ തകിടം മറിച്ചു. ഇടയ്ക്ക് ലഭിച്ച സുവര്‍ണാവസരങ്ങള്‍ കേരള ഗോളി ജോബിയുടെ കൈകളിലും അവസാനിച്ചതോടെ ബംഗാളിന് ഒട്ടും സന്തോഷമില്ലാതെ ആദ്യ പകുതി അവസാനിപ്പിക്കേണ്ടി വന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബംഗാളായിരുന്നു കൂടുതല്‍ ആക്രമണങ്ങള്‍ സംഘടിപ്പിച്ചത്. ഒമ്പതാം മിനുറ്റില്‍ താരിഫ് അഹമ്മദിന്റെയും 11ഉം 19ഉം മിനുറ്റുകളില്‍ തപന്‍ മെയ്തിയുടെയും ഗോളെന്നുറച്ച ഷോട്ടുകള്‍ പക്ഷേ, കേരള ഗോളി ജോബി കുത്തിയകറ്റിയതോടെ ബംഗാള്‍ ക്യാമ്പില്‍ നിരാശ പടര്‍ന്നു. ബംഗാളിന്റെ ആക്രമണങ്ങളില്‍ നിന്ന് പതുക്കെ കളി തിരിച്ചുപിടിച്ച കേരളത്തിന് മുന്നില്‍ പക്ഷേ, ഭാഗ്യദേവത ഒരിക്കലും കനിഞ്ഞില്ല. 28-ാം മിനുറ്റില്‍ റാസിയില്‍ നിന്ന ലഭിച്ച പന്തുമായി ബോക്‌സിലേക്ക് കയറിയ ഉസ്മാനെ തളയ്ക്കാന്‍ കാലുവെക്കുകയേ ബംഗാള്‍ ഡിഫന്‍ഡര്‍ സൗമിക് റോയിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. വീണുകിട്ടിയ പെനാല്‍ട്ടിയെടുക്കാന്‍ വന്ന രാകേഷിന് മുന്നില്‍ ബംഗാള്‍ ഗോളി നിഷ്‌നപ്രഭനായെങ്കിലും പോസ്റ്റ് കേരളത്തെ ചതിച്ചു. വലത്തേ പോസ്റ്റിലേക്ക് രാകേഷ് തൊടുത്ത ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുമ്പോള്‍ ഭാഗ്യദേവത ബംഗാളിനെ നോക്കി ചിരിച്ചു.
|
|
Other stories in this section:
|
|