|
പ്രതീക്ഷയോടെ സെറീന
Posted on: 18 May 2012
സ്‌പോക്കസ്
സീസണിലെ രണ്ടാമത്തെ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പായ ഫ്രഞ്ച് ഓപ്പണിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്‍ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് ആവേശത്തിലാണ്.അടുത്തിടെ സമാപിച്ച മാഡ്രിഡ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ കിരീടം നേടിയതോടെ വനിതാ് വിഭാഗത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ നേടാനുള്ളവരുടെ സാധ്യതാ പട്ടികയില്‍ സെറീന മുന്‍നിരയിലെത്തിയിരിക്കുകയാണ്.മാഡ്രിഡിലെ വിവാദമായ നീലകളിമണ്‍ കോര്‍ട്ടില്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസാരെങ്കയെ തകര്‍ത്താണ് സെറീന കിരീടം ചൂടിയത്( 6-1,6-3).
ഒരു മാസത്തിനിടെ രണ്ട് കളിമണ്‍ കോര്‍ട്ട് കിരീടങ്ങള്‍ നേടിയാണ് അമേരിക്കന്‍ താരം ഫ്രഞ്ച് ഓപ്പണില്‍ എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.നേരത്തെ കഴിഞ്ഞ മാസം ചാള്‍സ്റ്റണില്‍ നടന്ന ഡബഌു.ടി.എ .ടൂര്‍ണമെന്റിലും സെറീന കിരീടം നേടിയിരുന്നു.തുടരെ രണ്ട് ക്ലേ കോര്‍ട്ട് കിരീടങ്ങളുടെ പകിട്ടുമായാണ് താരം ഫ്രഞ്ച് ഓപ്പണിനെത്തുന്നത്.
ഒരു കാലത്ത് വനിതാ ടെന്നീസിനെ അടക്കിഭരിച്ചിരുന്ന കേളീ ശൈലി തനിക്ക് കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു മാഡ്രിഡിലെ സെറീനയുടെ പ്രകടനം.ലോക ഒന്നാം നമ്പര്‍ താരത്തിന്റെ ഗ്ലാമറിലിറങ്ങിയ അസാരെങ്കയെ നിഷ്‌നപ്രഭമാക്കുന്നതായി കളിക്കളത്തില്‍ സെറീനയുടെ നീക്കങ്ങള്‍ .കരുത്തുറ്റ സെര്‍വുകളും റിട്ടേണകളുമായി അവര്‍ കോര്‍ട്ട് വാണു.
മാഡ്രിഡിലെ കിരീട നേട്ട്‌ത്തോടെ കരിയറില്‍ ആകെ നേടിയ ഡബ്ല്യു. ടി.എ. കിരീടങ്ങളുടെ എണ്ണം 41 ആക്കി ഉയര്‍ത്താനും സെറീനയ്ക്കായി.ഇതോടെ ബെല്‍ജിയത്തിന്റെ കിം ക്ലൈസ്‌റ്റേഴ്‌സിനൊപ്പമായി സെറീനയുടെ സ്ഥാനം.41 കിരീടങ്ങളുമായി ഇരുവരും ആകെ കിരീട നേട്ടങ്ങളുടെ എണ്ണത്തില്‍ ലോകത്ത് പതിമ്മൂന്നാം സ്ഥാനം പങ്കിടുകയാണ് ഇരുവരും.
അസാരെങ്കയും വൊസ്‌നയാക്കിയുമുള്‍പ്പെടുന്ന യുവതാരങ്ങള്‍ ഭരിക്കുന്ന വനിതാ ടെന്നീസില്‍ തന്നെ എഴുതിത്തള്ളാനാകില്ലെന്ന സന്ദേശമാണ് സെറീന നല്‍കുന്നത്.മുപ്പതാം വയസ്സിലും തന്റെ ഫോമിന് അധികമൊന്നും മങ്ങലുണ്ടായിട്ടില്ലെന്നു തെളിയിക്കാനും ഇപ്പോഴത്തെ പ്രകടനത്തിലൂടെ അമേരിക്കന്‍ താരത്തിന് കഴിയുന്നുണ്ട്.
അസുഖവും പരിക്കും മൂലം ഏതാണ്ട് ഒരു വര്‍ഷത്തോളം കോര്‍ട്ടില്‍ നിന്ന് വിട്ടു നിന്ന ശേഷമാണ് സെറീനയുടെ ഇപ്പോഴത്തെ പ്രകടനമെന്നതും ശ്രദ്ധേയമാണ്.ഫ്രഞ്ച് ഓപ്പണില്‍ യുവതാരങ്ങളെ വീഴ്ത്തി സെറീന ഇക്കുറി കിരീടം നേടിയാലും അത്ഭുതപ്പെടേണ്ടതില്ല.കാരണം തിരിച്ചുവരവുകളുടെ ചക്രവര്‍ത്തിനിയാണല്ലോ അമേരിക്കന്‍ താരം.
|