a mathrubhumi initiative
IST:
ഹോം   മറ്റു മത്സരങ്ങള്‍  
നൂറ്റാണ്ടിന്റെ പോരാട്ടത്തിന് ആനന്ദും ജെല്‍ഫാസ്റ്റും ഒരുങ്ങി
Posted on: 28 Apr 2012

പി.എസ്. കൃഷ്ണകുമാര്‍


നൂറ്റാണ്ടിന്റെ പോരാട്ടമായി വിശേഷിപ്പിക്കപ്പെടുന്ന ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിനായി അവര്‍ ഒരുങ്ങുകയാണ്. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും ഇസ്രായേലിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ ബോറീസ് ജെല്‍ഫാസ്റ്റും. മെയ് മധ്യത്തോടെ മോസ്‌കോയിലാണ് ചാമ്പ്യന്‍ഷിപ്പിന് വേദി ഒരുക്കുന്നത്. ഇരുവരും കടുത്ത ആത്മവിശ്വാസത്തിലാണ്. 2007 മുതല്‍ ലോകചാമ്പ്യന്‍പട്ടം നിലനിര്‍ത്തുന്ന ആനന്ദ് അത് ഒരിക്കല്‍ക്കൂടി നേടാനുള്ള തയ്യാറെടുപ്പിലാണ്.

തുല്യശക്തികളുടെ പേരാട്ടമായാണ് ചാമ്പ്യന്‍ഷിപ്പിനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇതുവരെ 30 തവണ ആനന്ദും ജെല്‍ഫാസ്റ്റും വിവിധ ടൂര്‍ണമെന്റുകളില്‍ മാറ്റുരച്ചിട്ടുണ്ട്. ഇതില്‍ ഒരു ഗെയിം കൂടുതല്‍ ജയിച്ച് നേരിയ മുന്‍തൂക്കവുമായാണ് ആനന്ദിന്റെ വരവ്. എന്നാല്‍ ഇതൊന്നും 43 കാരനായ ജെല്‍ഫാസ്റ്റിനെ ആകുലപ്പെടുത്തുന്നില്ല. ഇത്തവണ ലോക ചാമ്പ്യന്‍പട്ടം തനിക്കുതന്നെയാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ജെല്‍ഫാസ്റ്റ് ഒട്ടേറെ ചെസ്സ് പരിശീലകരുമായി പുതിയ തന്ത്രങ്ങള്‍ പരിശീലിക്കാന്‍ ആല്‍പ്‌സ് പര്‍വതനിരകളിലേക്ക് യാത്ര പോയിരിക്കുകയാണ്. ഗിരിശിഖരങ്ങളുടെ ഔന്നത്യത്തിലെ തീവ്രപരിശീലനം തന്നിലെ പോരാട്ടവീര്യത്തെ ഉത്തേജിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. മെയ് 10 നാണ് പോരാട്ടത്തിന്റെ ആദ്യറൗണ്ടിന് തുടക്കമാവുന്നത്. 31 വരെ ചാമ്പ്യന്‍ഷിപ്പ് നീളും. ഇതിന്റെ മുന്നോടിയായി രണ്ടാഴ്ച ആല്‍പ്‌സ് പര്‍വതനിരകളില്‍ പരിശീലിച്ച് തിരിച്ചെത്താനാണ് ജെല്‍ഫാസ്റ്റ് ലക്ഷ്യമിടുന്നത്.

ആനന്ദ് സ്വന്തംനാട്ടില്‍ തന്നെയാണ് കളി പരിശീലിക്കുന്നത്. ചെസ്സിനെ എന്നും അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന തമിഴ്‌നാട് ചെസ്സ് അസോസിയേഷന്‍ ആനന്ദിന്റെ വിജയത്തിനായി ആത്മാര്‍ഥ സഹകരണത്തിലാണ്. ''ആനന്ദിനെ ആശംസിക്കുക, ആനന്ദിനെ ജയിപ്പിക്കുക'' (വിഷ് ആനന്ദ്, വിന്‍ ആനന്ദ്) എന്നൊരു പ്രചാരണ പരിപാടിക്കുതന്നെ തമിഴ്‌നാട് സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഒരു ദശലക്ഷം സ്‌കൂള്‍ കുട്ടികളുടെ ഒപ്പുകള്‍ ഇവര്‍ ശേഖരിച്ചുകഴിഞ്ഞു. 1200 സ്‌കൂളുകള്‍ ഈ യജ്ഞത്തില്‍ പങ്കാളികളായി. മത്സരം തുടങ്ങുന്നതിനു മുമ്പായി ഒരു ജനതയുടെ മുഴുവന്‍ ആത്മവിശ്വാസത്തിന്റെ അടയാളമായി ഇത് ആനന്ദിന് കൈമാറാനാണ് തീരുമാനം. 12 ഗെയിമുകള്‍ നീളുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ആനന്ദ് ജയിക്കുന്നതുകാണാന്‍ കണ്ണിലെണ്ണയൊഴിച്ചാണ് രാജ്യത്തെ ചെസ്സ് പ്രേമികളുടെ കാത്തിരിപ്പ്.

ഇസ്രായേലില്‍ ഇതിനകം വീരപുരുഷന്റെ പരിവേഷം നേടിയ ജെല്‍ഫാസ്റ്റ് കഴിഞ്ഞ കുറച്ചുമാസങ്ങളായി പരിശീലനസമയം ദീര്‍ഘിപ്പിച്ചതായി പറയുന്നു. പ്രതിദിനം 8 മുതല്‍ 10 വരെ മണിക്കൂര്‍ ചെസ്സ് പരിശീലിക്കാന്‍ ചെലവിടുന്ന ജെല്‍ ഫാസ്റ്റ് ഗ്രാന്റ് മാസ്റ്റര്‍ അലക്‌സാണ്ടര്‍ ഹസ്മാന്‍ ഉള്‍പ്പെടെയുള്ളവരുടെ പരിശീലന സഹായം തേടുന്നുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ''ഹസ്മാനും ഞാനും തികഞ്ഞ ആത്മവിശ്വാസത്തോടെയും അര്‍പ്പണബോധത്തോടെയുമാണ് കളിയെ സമീപിക്കുന്നതും പരിശീലിക്കുന്നതും. ചെസ്സിനെക്കുറിച്ചുള്ള ഹസ്മാന്റെ ആഴത്തിലുള്ള അറിവ് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്''-അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ജെല്‍ഫാസ്റ്റ് പറഞ്ഞു.

''ആനന്ദ് അസൂയാര്‍ഹമായ ചിന്താശക്തിയും കളിമികവും ഉള്ള താരമാണ്. തുടക്കത്തിലെ പിഴവുകള്‍ വരുത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചാല്‍ ചിലപ്പോള്‍ ഞാന്‍ ലക്ഷ്യം കണ്ടേക്കുമെന്ന് വിശ്വാസമുണ്ട്. പക്ഷേ, അതെളുപ്പമല്ലെന്നറിയാം. അതിന് ശക്തമായ കളിതന്ത്രങ്ങളും കളിമികവും നാം സ്വന്തമാക്കേണ്ടതുണ്ട്''-ജെല്‍ഫാസ്റ്റ് പറയുന്നു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.