|
സച്ചിന് ബാറ്റ് താഴെവെച്ചാലെന്താ?
Posted on: 17 Apr 2012
വിജി
ക്രിക്കറ്റില്‍ ബാറ്റിംഗ് വിഭാഗത്തില്‍ ഏതാണ്ടെല്ലാ ലോകറെക്കോര്‍ഡുകളും സ്വന്തമാക്കിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് (ഈ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ അത്യാവശ്യം ബൗളറുടെ റോളും ഏറ്റെടുക്കാറുണ്ട്) സംഭവബഹുലമായ കളി ജീവിതത്തില്‍ തന്റെ നൂറാം സെഞ്ച്വറിക്ക് എന്തുകൊണ്ട് ഒരു വര്‍ഷം കാത്തിരിക്കേണ്ടിവന്നുവെന്ന് ഇപ്പോഴും പിടികൂടിയിട്ടില്ലത്രെ. കടുത്ത പരീക്ഷണങ്ങളെയാണ് പോയ വര്‍ഷം ഞാന്‍ അഭിമുഖീകരിച്ചത്. എന്തുകൊണ്ട്? എവിടെയാണ് പ്രതിബദ്ധത നഷ്ടപ്പെട്ടത്? അതെനിക്ക് മനസ്സിലാവുന്നില്ല. ഏതൊരാള്‍ക്കും കളിജീവിതത്തില്‍ നല്ല കാലവും മോശം കാലവുമുണ്ടാകുമെന്ന് ഗുരുവായ രമാകാന്ത് അച്ഛരേക്കര്‍ പറഞ്ഞു തന്നിരുന്നു. ഒന്നും ശാശ്വതമായി നിലനില്‍ക്കുന്നതല്ല എന്ന ഉപദേശം മോശം കാലങ്ങളെ ഏറെ ബുദ്ധിമുട്ടുകൂടാതെ പിന്നിടാന്‍ എന്നെ സഹായിച്ചിട്ടുണ്ട്. നൂറാം സെഞ്ച്വറിയുടെ പടിവാതില്‍ക്കലാണ് ലോകകപ്പ് വന്നത്. അന്ന് എന്റെ ചിന്ത മുഴുവന്‍ കഴിയുന്നത്ര റണ്‍ നേടി ടീം വിജയത്തിന്റെ ഭാഗമാവുക എന്നതുമാത്രമായിരുന്നു. നൂറാം സെഞ്ച്വറി ചിന്തയിലേ ഉണ്ടായിരുന്നില്ല.- ക്രിക്കറ്റിലെ ദൈവം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഈ 39 കാരന്‍ പ്രസ്താവിക്കുന്നു.
ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനായാണ് സച്ചിന്‍ വാഴ്ത്തപ്പെടുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകംവരെ ഈ ബഹുമതി അന്തരിച്ച സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന് (ഓസ്‌ട്രേലിയ) സ്വന്തമായിരുന്നു. 1998 ല്‍ ആണ് സച്ചിന് 25 വയസ്സ് തികഞ്ഞത്. 25 വയസ്സിനുള്ളില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ബ്രാഡ്മാന്റെ ശരാശരി റണ്‍ 99.71 സച്ചിന്റേത് വെറും 54.84 മാത്രം. ഈ പ്രായത്തിനിടയ്ക്ക് വെസ്റ്റിന്‍ഡീസിന്റെ വിവിയന്‍ റിച്ചാര്‍ഡ്‌സ് (62.41) ഗാരി സോബേഴ്‌സ് (59.86) എന്നിവര്‍ സച്ചിനേക്കാള്‍ മികവു പ്രകടിപ്പിച്ചിട്ടുണ്ട്. അന്ന് സച്ചിന്റെ തൊട്ടടുത്തുനിന്നിരുന്ന ജാവേദ് മിയാന്‍ദാദിന്റെ (പാകിസ്താന്‍) ടെസ്റ്റ് ശരാശരി പോലും 54.36 ആയിരുന്നു. ഇവരെയെല്ലാവരേക്കാളും കൂടുതല്‍ ടെസ്റ്റുകളും ഏകദിനമത്സരങ്ങളും കളിക്കാന്‍ കഴിഞ്ഞതല്ലേ സച്ചിന്റെ നേട്ടത്തിനു പിന്നില്‍?
1999 ല്‍ ആണെന്നു തോന്നുന്നു സച്ചിന്‍ രണ്ടാമതും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. ആദ്യത്തെ തവണ ക്യാപ്റ്റനായ സച്ചിന്‍ ആ സ്ഥാനത്തും കളിക്കാരനെന്ന നിലയ്ക്കും പരാജയമായപ്പോഴാണ് ഒഴിവാക്കപ്പെട്ടത്. പകരം മുഹമ്മദ് അസ്ഹറുദ്ദീന്‍ വന്നു. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റില്‍ കുത്തകാവകാശം സ്ഥാപിച്ചിരിക്കുന്ന മുംബൈ ലോബിക്ക് അസര്‍ അധഃകൃതനായിരുന്നു. ഏതാനും ടെസ്റ്റുകളിലും മറ്റും ഈ സ്‌റ്റൈലിഷ് ബാറ്റ്‌സ്മാന് ശോഭിക്കാന്‍ കഴിയാതെ വന്നപ്പോള്‍, അസറിന്റെ തലയ്ക്കുവേണ്ടി കാത്തിരിക്കുകയായിരുന്ന മുംബൈ ലോബി ആ അവസരം ഉപയോഗപ്പെടുത്തി സച്ചിനെ വീണ്ടും ഇന്ത്യന്‍ ടീമിന്റെ നായകനാക്കുകയായിരുന്നു. ഫലം പഴയതു തന്നെ. അതോടെ സച്ചിന്‍ ക്യാപ്റ്റന്‍ സ്ഥാനം എന്നന്നേക്കുമായി വേണ്ടെന്നു വെക്കാന്‍ സ്വയം നിര്‍ബന്ധിതനാവുകയും ചെയ്തു.
കളിയില്‍ നിന്നു ലഭിച്ച പേരും പ്രശസ്തിയും ഉപയോഗിച്ച് (ഒരു വാടകഗുണ്ടയുടെ മനോഭാവത്തോട് ഇതിനെ ഉപമിക്കാം) സോപ്പിന്റെ പരസ്യം മുതല്‍ സിനിമാഭിനയം വരെ പണം വാരാനുള്ള ഉപാധിയാക്കി മാറ്റിയതിനുള്ള ക്രെഡിറ്റ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു പരിവര്‍ത്തനം സൃഷ്ടിച്ച കളിക്കാരനും ക്യാപ്റ്റനുമായി അറിയപ്പെടുന്ന സുനില്‍ ഗവാസ്‌കര്‍ക്ക് അവകാശപ്പെട്ടതാണ്. തന്റെ മുംബൈ മുന്‍ഗാമിയുടെ കാലടിപ്പാടുകള്‍ അതേപടി പിന്തുടരുകയാണ് സച്ചിന്‍ ചെയ്യുന്നത്. പണം കുന്നുകൂട്ടാനുള്ള വ്യഗ്രതയില്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്താണെന്ന് സച്ചിനടക്കമുള്ള ക്രിക്കറ്റ് താരങ്ങല്‍ അറിയുന്നില്ല. അഥവാ അവര്‍ അറിഞ്ഞതായി ഭാവിക്കുന്നില്ല. സച്ചിന്റെ രണ്ടു പഴയ ടി.വി.പരസ്യങ്ങള്‍ ഉദാഹരണം. അതൊരു സിഗരറ്റ് കമ്പനിക്കാരുടെതായിരുന്നു. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ തുഴഞ്ഞുപോകുന്ന ഒരു കൊതുമ്പുവള്ളം. ഒരു ലക്ഷ്വറി ബോട്ടിലിരുന്ന് അത് കൗതുകത്തോടെ കാണുന്ന സച്ചിനടക്കമുള്ള ഇന്ത്യന്‍ ടീമിലെ നാലു പ്രമുഖ കളിക്കാര്‍. അടുത്ത ദൃശ്യം അവര്‍ അതുപോലുള്ള ഒരു കൊതുമ്പുവള്ളത്തില്‍ വാശിയോടെ തുഴഞ്ഞുവന്ന മുമ്പേ പോയവരെ പരാജയപ്പെടുത്തുന്നതാണ്. എന്തൊരു അസംബന്ധം. ഇതിലും അപഹാസ്യമായൊരു മറ്റൊരു പരസ്യമുണ്ടായിരുന്നു. ഒരു ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്കാരുടേത്. അതില്‍ സച്ചിന്‍ നിങ്ങളോടും കല്‍പിക്കുകയാണ്. ഗോ ഗെറ്റിറ്റ്, ഈ വാചകത്തിലെ ധാര്‍ഷ്ട്യം മാത്രമല്ല, അപ്പോള്‍ ആ മുഖത്തു തെളിഞ്ഞു നില്‍ക്കുന്ന ഗര്‍വും നമ്മളില്‍ അവജ്ഞയുളവാക്കും. എന്തായാലും, ഇന്ന് ഇന്ത്യയില്‍ സിനിമാതാരമായ അമിതാഭ്ബച്ചനോളമോ അദ്ദേഹത്തെക്കാള്‍ കൂടുതലോ പരസ്യവരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് താരമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. രണ്ടുകൂട്ടരും ഒരേ തൂവല്‍പക്ഷികളാണെന്ന് ആര്‍ക്കാണറിയാത്തത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന ഗ്രേഗ് ചാപ്പല്‍ (ഓസ്‌ട്രേലിയ) നമ്മുടെ കളിക്കാരുടെ ഈ പ്രവണതയെ കുറ്റപ്പെടുത്തി സംസാരിച്ചതും അത് അവരുടെ കളിയെ ബാധിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നതും ഇവിടെ സ്മരിക്കുന്നത് നന്ന്.
സച്ചിന്റെ ആരാധനാമൂര്‍ത്തിയായ ഗവാസ്‌കര്‍ അഭേദ്യമായ ഒരു ലോകറെക്കോര്‍ഡിട്ടിട്ടുമുണ്ട്. 1975 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണത്. ഇന്ത്യ ദയനീയമായി പരാജയപ്പെട്ട ആ മത്സരത്തില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായി ഇറങ്ങിയ ഗവാസ്‌കര്‍ തന്റെ വിക്കറ്റ് കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ച് അന്നത്തെ 60 ഓവറും കളിച്ച് പുറത്താവാതെ നിന്നു. നേടിയത് 36 റണ്‍സ്. സമയം കടന്നുപോയപ്പോള്‍ നൂറാം സെഞ്ച്വറിയുടെ ഓര്‍മപ്പെടുത്തലുകള്‍ വന്നുതുടങ്ങി. ദിവസം നൂറു തവണയെങ്കിലും ഇതാവര്‍ത്തിക്കുമ്പോള്‍ ഇത്തരമൊരു ചിന്ത ആരുടെയും മനസ്സില്‍ കടന്നുകൂടും. അത് മനസ്സില്‍ ഭാരമുണ്ടാക്കും. കാലം ചെല്ലുന്തോറും ആ ചിന്ത കടുപ്പമേറിയതാവും. അത്തരമൊരു സന്നിഗ്ധഘട്ടത്തിലൂടെയാണ് ഒരു വര്‍ഷം ഞാന്‍ കടന്നുപോയത് എന്ന് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുറന്നു സമ്മതിച്ചപ്പോള്‍ ഗവാസ്‌കറുടെ ഈ പ്രകടനമാണ് ഓര്‍മയില്‍ വരുന്നത്. അതായത് കഴിഞ്ഞ ഒരു വര്‍ഷമായി സച്ചിന്‍ ടീമിനുവേണ്ടിയോ രാജ്യത്തിനുവേണ്ടിയോ അല്ല കളിച്ചിരുന്നത്. സച്ചിന്‍ കളിച്ചിരുന്നത് തന്റെ നൂറാമത്തെ നൂറിനു വേണ്ടിയായിരുന്നു. സ്വാര്‍ത്ഥതാല്പര്യം എന്നല്ലാതെ ഇതിനും മറ്റെന്തെങ്കിലും പേരുണ്ടോ? നൂറാമത്തെ നൂറിനുവേണ്ടിയുള്ള കാത്തിരിപ്പ് തെണ്ടുല്‍ക്കറെ മുഷിപ്പിക്കുകമാത്രമല്ല ഉണ്ടായത്. മുന്‍ ഇംഗ്ലണ്ട് കളിക്കാരനും ഇപ്പോള്‍ കമന്റേറ്ററുമായ മൈക്കല്‍ ആതേര്‍ടണ്‍ ലണ്ടന്‍ ടൈംസില്‍ എഴുതി. അത് തെണ്ടുല്‍ക്കറിലേക്ക് തന്നെ രൂക്ഷമായ വെളിച്ചം വീശുകയും ചെയ്തു. കളിയില്‍ തുടരാന്‍ അദ്ദേഹത്തിനെ പ്രേരിപ്പിക്കുന്നത് എന്താണെന്നതിലേക്ക് കളിക്കുന്നതിനു പല കാരണങ്ങളുമുണ്ടാവും. അതില്‍ ഏറ്റവും പ്രധാനം ചാപ്പല്‍ ചൂണ്ടിക്കാണിച്ചതുപോലെ മത്സരം ജയിക്കാന്‍ നിങ്ങളുടെ ടീമംഗങ്ങളെ സഹായിക്കുക എന്നുള്ളതാണ്. സാമ്പത്തികം, വ്യക്തിഗതനേട്ടങ്ങള്‍ തുടങ്ങിയ മറ്റു പരിഗണനകള്‍ പിന്നീടേ വരുന്നുള്ളൂ. തെണ്ടുല്‍ക്കറുടെ സമീപകാലത്തെ ഞെരിപിരികൊള്ളലുകള്‍ സൂചിപ്പിക്കുന്നത് തന്റെ നേട്ടത്തില്‍ മാത്രം ശ്രദ്ധ മുഴുവന്‍ അലിഞ്ഞു ചേര്‍ന്ന ഒരാളെയാണ്.
തെണ്ടുല്‍ക്കര്‍ നൂറാമത്തെ സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ ആവേശപൂര്‍വം അതാഘോഷിച്ചുവെങ്കിലും വളരെ ചുരുക്കം പേരേ ആ കളി കൈവിട്ടു പോകുന്ന ഒരു കാര്യത്തിനാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടിരുന്നുളളൂ. തെണ്ടുല്‍ക്കറുടെ മന്ദഗതിയിലുള്ള സ്‌കോറിംഗ് ആണ് ബംഗ്ലാദേശിനോടേറ്റ പരാജയത്തിനു കാരണമെന്നു അംഗീകരിക്കാനും മിക്കവര്‍ക്കും വിസമ്മതമായിരുന്നു. ടീമിനെ തന്റെ കാല്‍ക്കീഴിലാക്കാന്‍ ഒരു വ്യക്തി നടത്തിയ ശ്രമമായി ഇതിനെയെല്ലാം വ്യാഖ്യാനിക്കുന്നതില്‍ എന്താണ് തെറ്റ്?
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ പര്യടനങ്ങളുടെയും ധാക്കയിലെ ഏഷ്യാകപ്പ് പരാജയങ്ങളുടെയും പശ്ചാത്തലത്തിലാണ് അവര്‍ ടീമില്‍ നിന്ന് വിരമിക്കുന്നതിനെപ്പറ്റി ഒരു പര്യാലോചന വേണമെന്ന അഭിപ്രായം ഉയരുന്നത്. അപ്പോഴതാ വരുന്നു തെണ്ടുല്‍ക്കറുടെ ഒരു പ്രസ്താവന. ഒരാള്‍ കളിയില്‍ ഉന്നതമായ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ അത് സ്വാര്‍ത്ഥതയാകില്ലേ? സെഞ്ച്വറികളില്‍ സെഞ്ച്വറി തികയ്ക്കാനുള്ള ഞാന്‍ ഇന്ത്യന്‍ കുപ്പായമിട്ടത് കഴിയാവുന്ന കാലം ഈ ടീമിനു വേണ്ടി കളിക്കാനാണ്. ആരെങ്കിലും പറഞ്ഞു എന്നതുകൊണ്ട് ഞാന്‍ കളി നിര്‍ത്തില്ല. അതെനിക്ക് തോന്നണം. ഒരു ഇതിഹാസത്തില്‍ നിന്നാണ് ഈ വാക്കുകള്‍ വരുന്നതെന്നതിനാല്‍ സാധാരമ ക്രിക്കറ്റ് പ്രേമികള്‍ ഇതംഗീകരിക്കാന്‍ തയ്യാറായേക്കും. എന്നാല്‍ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഢാക്കയിലും തെണ്ടുല്‍ക്കറടക്കമുള്ള മുതിര്‍ന്ന കളിക്കാര്‍ പൊതുവെ പരാജയമായിരുന്നുവെന്ന വാസ്തവം ആര്‍ക്കെങ്കിലും നിഷേധിക്കാമോ? കളിക്കാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി.സി.സി.ഐ) നിയോഗിച്ച സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ നയിക്കുന്നത്. സച്ചിന്‍ ആരോഗ്യപരമായി ഫിറ്റും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യനും ആണെങ്കില്‍ ഇന്ത്യന്‍ ടീമിലുണ്ടാകും. ഇല്ലെങ്കില്‍ പുറത്തുപോയേ പറ്റൂ. എത്രവലിയവനും അതു ബാധകമാണ്. മുതിര്‍ന്ന കളിക്കാരനാണെന്നുവെച്ച് ടീമില്‍ സ്ഥിരമായി സ്ഥാനം ലഭിക്കണമെന്ന് അവകാശവാദമൊന്നും ഉന്നയിക്കാനാവില്ല. കഴിഞ്ഞകാല നേട്ടങ്ങള്‍ ഇന്നത്തേക്കോ നാളത്തേക്കോ ഒരു ഗ്യാരന്റിയുമല്ല. തുടര്‍ച്ചയായി ഒന്നാം കിട പ്രകടനം കാഴ്ചവെക്കുക അതുമാത്രമാണ് ഏക പോംവഴി. അല്ലാതെ തന്നിഷ്പ്രകാരം നടക്കേണ്ടതല്ല കാര്യങ്ങള്‍, ആരും ഏതുവലിയവനും ഇതിന് അതീതനല്ല. ഏകദിനക്രിക്കറ്റില്‍ അസൂയാവഹമായ നേട്ടങ്ങള്‍ക്കുടമയായിരുന്നിട്ടും റിക്കി പോണ്ടിങ് ഓസ്‌ട്രേലിയന്‍ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് സച്ചിന് കണ്ടറിയണം.
പ്രതിഭാസമ്പന്നരായ വിരാട് കോലിയെയും രോഹിത് ശര്‍മ്മയെയും പോലെ നിരവധി പുതിയ കളിക്കാര്‍ രംഗപ്രവേശം ചെയ്തുകഴിഞ്ഞിട്ടുണ്ട്. അതും സച്ചിന്‍ തെണ്ടുല്‍ക്കര്‍ മനസ്സിലാക്കേണ്ട കാര്യമത്രെ.
പന്‍കുറിപ്പ് (അല്ലെങ്കില്‍ മുന്‍കുറിപ്പ്): അച്ഛന്റെ ജോലി കാരണം കര്‍ണാടകക്കാരനായി മാറിയ പാരമ്പര്യം കൊണ്ട് സച്ചിനെപ്പോലെ മഹാരാഷ്ട്രക്കാരനായ, രാഹുല്‍ ദ്രാവിഡ് അന്തര്‍ദേശീയ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരിക്കുന്നു. ജൂണ്‍ 1996 നും ജനവരി 2012 നും ഇടയ്ക്കുള്ള 16 വര്‍ഷം രണ്ടുപേരും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗങ്ങളായിരുന്നു. ഈ കാലയളവില്‍ സച്ചിന്‍ സ്‌കോര്‍ ചെയ്തത് 12, 841 റണ്‍സ്, ദ്രാവിഡ് അടിച്ചെടുത്തതാവട്ടെ 13286 റണ്‍സും.
|
|
Other stories in this section:
|
|