a mathrubhumi initiative
IST:
ഹോം   ഫുട്‌ബോള്‍  
അനല്‍ക്ക ഇരട്ട റോളില്‍
Posted on: 13 Apr 2012

അനീഷ് പി. നായര്‍

ചൈനീസ് ക്ലബ്ബായ ഷാങ്ഹായ് സെന്‍ഹുവ എഫ്.സിയില്‍ ഇനി മുതല്‍ നിക്കോളസ് അനല്‍ക്കെക്ക് ഡബിള്‍ റോളായിരിക്കും. എതിര്‍ ഗോള്‍ മുഖത്ത് നിരന്തരം ഭീഷണി ഉയര്‍ത്തുന്ന സ്‌ട്രൈക്കറുടെ പതിവു റോളിന് പുറമെ ടീമിന്റെ കളിതന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്ന പരിശീലക ടീമിലും അനല്‍ക്കയെന്ന ഫ്രഞ്ച് താരത്തെ കാണാം. ചൈനീസ് സൂപ്പര്‍ ലീഗില്‍ തപ്പിത്തടയുന്ന സെന്‍ഹുവ ടീമിനെ കരകയറ്റുന്നതിനായി മാനേജ്‌മെന്റ് നടപ്പാക്കുന്ന പരീക്ഷണത്തിന്റെ ഭാഗമായി അനല്‍ക്കക്ക് സഹപരിശീലക സ്ഥാനം നല്‍കി. പരിശീലക ടീമില്‍ നടത്തുന്ന വന്‍ അഴിച്ചുപണിയുടെ ഭാഗമായാണ് ഫ്രഞ്ച് താരത്തിന് പുതിയ വേഷം ലഭിക്കുന്നത്.

കഴിഞ്ഞ സീസണിലാണ് ചൈനീസ് ഫുട്‌ബോളിനെ ഞെട്ടിച്ചുകൊണ്ട് അനല്‍ക്കയെ സെന്‍ഹുവ സ്വന്തമാക്കുന്നത്. 90 മില്യണ്‍ പൗണ്ടിനാണ് ഫ്രഞ്ച് താരം ചൈനയിലെത്തുന്നത്. ചൈനയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയാണിത്. അനല്‍ക്കയെ ടീമിലെത്തിച്ചെങ്കിലും ലീഗില്‍ മോശം പ്രകടനമാണ് ടീം നടത്തുന്നത്. അഞ്ച് മത്സരം പിന്നിട്ടപ്പോള്‍ അഞ്ച് പോയന്റ് മാത്രം നേടിയ ടീം 11-ാം സ്ഥാനത്താണ്. ക്ലബ്ബിന്റെ മുഖ്യ പരിശീലകന്‍ ജീന്‍ ടീഗാനയെ നിലനിര്‍ത്തിക്കൊണ്ടാണ് മാനേജ്‌മെന്റ് അഴിച്ചുപണി നടത്തുന്നത്. പരിശീലക ടീമിലുള്ള മറ്റുള്ളവരെ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. മുപ്പത്തിമൂന്നുകാരനായ അനല്‍ക്കയുടെ പരിചയസമ്പത്ത് ടീമിന് ഗുണകരമാകുമെന്നും മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു.

കിഴക്കന്‍ ചൈനയിലെ ക്ലബ്ബായ ഷാങ്ഹായ് സെന്‍ഹുവ 1951ലാണ് സ്ഥാപിക്കപ്പെട്ടത്. ചൈന ഒന്നാം ഡിവിഷനില്‍ മൂന്ന് തവണ ചാമ്പ്യന്‍മാരായിട്ടുണ്ട്. സുപ്പര്‍ ലീഗില്‍ മുന്ന് തവണ റണ്ണേഴ്‌സ് അപ്പുമായിട്ടുണ്ട്. സൂപ്പര്‍ കപ്പ് ലക്ഷ്യമിട്ടാണ് വന്‍ തുക മുടക്കി അനല്‍ക്കയെ കൊണ്ടുവന്നത്. നാല് കളികളില്‍ ക്ലബ്ബിനായി ബൂട്ട് കെട്ടിയ അനല്‍ക്ക രണ്ട് തവണ ലക്ഷ്യം കണ്ടു.

16 വര്‍ഷമായ ക്ലബ്ബ് ഫുട്‌ബോള്‍ കരിയറില്‍ അനല്‍ക്ക കളിക്കുന്ന ഒമ്പതാമത്തെ ക്ലബ്ബാണ് സെന്‍ഹുവ. പാരീസ് സെന്റ് ജര്‍മന്‍, ആര്‍സനല്‍, റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ഫെനര്‍ബാഷെ, ബോള്‍ട്ടന്‍, ചെല്‍സി ക്ലബ്ബുകള്‍ക്കായാണ് മുമ്പ് കളിച്ചത്. ഫ്രഞ്ച് ദേശിയ ടീമിനായി 69 തവണ കളത്തിലിറങ്ങിയിട്ടുമുണ്ട്.

ഡബിള്‍ റോളില്‍ തിളങ്ങാന്‍ കഴിയുമെന്നാണ് അനല്‍ക്കയുടെ പ്രതീക്ഷ. ടീമിന്റെ ഗെയിം പ്ലാന്‍ ആസൂത്രണം ചെയ്യുകയും അത് കളിക്കളത്തില്‍ നടപ്പാക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയും ചെയ്യേണ്ടി വരുന്നത് പുതിയ അനുഭവമാകുമെന്നും ഈ വെറ്ററന്‍ സ്‌ട്രൈക്കര്‍ കരുതുന്നു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.