a mathrubhumi initiative
IST:
ഹോം   കോളം   പി.ജെ. ജോസ്‌
റൂണി റിട്ടേണ്‍സ്‌
Posted on: 16 Mar 2012


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടത്തില്‍ അയല്‍ക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നില്‍ കയറിയതോടെ എല്ലാ കണ്ണുകളും വെയ്ന്‍ റൂണിയിലാണ്.സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ റൂണി മിന്നുന്ന ഫോമിലേക്ക് തിരിച്ചെത്തിയത് യുണൈറ്റഡിന്റെ കോച്ച് അലക്‌സ് ഫെര്‍ഗൂസനും ആരാധകര്‍ക്കും പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.ഇരുപതാം ലീഗ് കിരീടമെന്ന തിളക്കമാര്‍ന്ന നേട്ടമാണ് യുണൈറ്റഡ് സ്വപ്നം കാണുന്നത്.

കഴിഞ്ഞ ഞായറാഴ്ച നടന്ന ലീഗ് മത്സരത്തില്‍ വെസ്റ്റ്‌ബ്രോംവിച്ചിനെ എതിരല്ലാത്ത രണ്ടു ഗോളിന് യുണൈറ്റഡ് കീഴടക്കിയതോടെയാണ് ഒക്ടോബര്‍ പതിനഞ്ചിനു ശേഷം അവര്‍ ആദ്യമായി ലീഗില്‍ മുമ്പിലെത്തുന്നത്.ഇതുവരെ കിരീടപ്പോരാട്ടത്തില്‍ മുമ്പിലായിരുന്ന സിറ്റി ,സ്വാന്‍സീനയോട് അപ്രതീക്ഷിതമായി തോറ്റതും വെസ്റ്റ്‌ബ്രോംവിച്ചിനെതിരായ വിജയത്തിനൊപ്പം യുണൈറ്റഡിന് ഗുണം ചെയ്തു.ഇരട്ട ഗോളുകളുമായി റൂണിയാണ് ടീമിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

ഇക്കുറി സീസണിന്റെ ആദ്യപകുതിയില്‍ മൂന്നു മാസത്തോളം ഒരു ഗോള്‍ പോലും നേടാന്‍ റൂണിക്കായിരുന്നില്ല.ഒരു ഗോളവസരം മാത്രമാണ് ഇക്കാലയളവി്ല്‍ റൂണിക്ക് ഒരുക്കാന്‍ സാധിച്ചത്.

കഴിഞ്ഞ സീസണിലെ മോശം ഫോമിന്റെ ആവര്‍ത്തനമായിരിക്കും ഇക്കുറിയുമെന്ന വിലയിരുത്തലുകള്‍ വരെ റൂണിയെക്കുറിച്ചുണ്ടായി.പുതുവര്‍ഷത്തില്‍ വമ്പന്‍ തിരിച്ചുവരവു നടത്തിയാണ് യുണൈറ്റഡിന്റെ കുതിപ്പില്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ നിര്‍ണായക പങ്കാളിയായിരിക്കുന്നത്.

വെസ്റ്റ്‌ബ്രോമിനെതിരായ മത്സരത്തിനുമുമ്പ് യൂറോപ്പാ ലീഗില്‍ അത്‌ലറ്റിക് ബില്‍ബാവോയ്‌ക്കെതിരെയായിരുന്നു യുണൈറ്റഡിന്റെ മത്സരം.യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബില്‍ബാവോ ഈ ആദ്യപാദ മത്സരത്തില്‍ ഞെട്ടിച്ചിരുന്നു.മത്സരത്തില്‍ റൂണി നേടിയ ഇരട്ടഗോളുകളാണ് യൂറോപ്പാ ലീഗില്‍ യുണൈറ്റഡിന്റെ പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരിക്കുന്നത്.

2012ല്‍ വമ്പന്‍ ടീമുകളായ സിറ്റിക്കും ലിവര്‍പൂളിനും ചെല്‍സിക്കുമെതിരെയെല്ലാ്ം ഗോളടിച്ച് റൂണി ടീമിന്റെ ആണിക്കല്ലാണ് താനെന്ന് തെളിയിച്ചു കഴിഞ്ഞു.നിര്‍ണായക മത്സരങ്ങളില്‍ റൂണിയുടെ പ്രതിഭയാണ് ഫെര്‍ഗൂസന്റെയും യുണൈറ്റഡിന്റെയും രക്ഷയ്‌ക്കെത്തിയത്.
വെസ്‌ററ്‌ബ്രോമിനെതിരായ ഇരട്ട ഗോളുകളോടെ ആറ് മത്സരങ്ങളില്‍ റൂണി ഒമ്പത് ഗോള്‍ നേടിക്കഴിഞ്ഞു.സീസണില്‍ ഇതുവരെ എല്ലാ മത്സരങ്ങളില്‍ നിന്നുമായി 26 ഗോളാണ് താരം നേടിയിരിക്കുന്നത്.

ലീഗില്‍ ഇനി പത്ത് മത്സരങ്ങള്‍ ശേഷിക്കെ സീസണില്‍ 40 ഗോളുകളെന്ന ലക്ഷ്യമാണ് ഫെര്‍ഗൂസന്‍ റൂണിക്ക് നല്‍കിയിരിക്കുന്നത്.റൂണി ലക്ഷ്യം നേടിയാല്‍ യുണൈറ്റഡ് ഇരുപതാം ലീഗ് കിരീടം ഉറപ്പിച്ചുവെന്നാണ് ഫെര്‍ഗൂസന്റെ അഭിപ്രായം.ഇപ്പോഴത്തെ ഫോമില്‍ കോച്ചിന്റെ ലക്ഷ്യം റൂണിക്ക് അപ്രാപ്യമല്ലെന്നാണ് വിലയിരുത്തല്‍ .

Other stories in this section:



 

 


 

© Copyright 2013 Mathrubhumi. All rights reserved.