a mathrubhumi initiative
IST:
ഹോം   മറ്റു മത്സരങ്ങള്‍  
കൊമ്പിടിഞ്ഞാലിലെ മഞ്ഞുകാലങ്ങള്‍
Posted on: 12 Mar 2012

പി. സനിത

എന്റെ ഗ്രാമമാണ് ഓട്ടക്കാരിയാകാന്‍ എന്നെ ആദ്യമൊരുക്കിയത് എന്ന് പലപ്പോഴും തോന്നാറുണ്ട്. കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പോകാന്‍ കഴിയുന്ന ഹൈറേഞ്ച് പ്രദേശത്താണ് എന്റെ വീട്. ഇടുക്കിയിലെ പണിക്കന്‍കുടിയിലെ കൊമ്പിടിഞ്ഞാലില്‍. പാറത്തോട് സെന്റ്‌ജോര്‍ജ് ഹൈസ്‌കൂളിലെത്താന്‍ ഞങ്ങള്‍ അഞ്ചു കിലോമീറ്റര്‍ നടക്കണം. അങ്ങോട്ടുമിങ്ങോട്ടും 10 കിലോമീറ്റര്‍ നടക്കും, ഒരു ദിവസം. ഞങ്ങളുടെ നാട്ടില്‍ നല്ലൊരു റോഡുപോലുമില്ലായിരുന്നു അക്കാലത്ത്.

കലയത്തും കുഴിയില്‍ പി.ടി. മാത്യുവെന്ന ഞങ്ങളുടെ അപ്പച്ചന്‍ നല്ലൊരു കര്‍ഷകനായിരുന്നു. കപ്പയും കാച്ചിലും നെല്ലും പയറും എന്നുവേണ്ട വീട്ടിലേക്ക് വേണ്ട എല്ലാം ഞങ്ങളുടെ പറമ്പില്‍ വിളയിച്ചെടുക്കുമായിരുന്നു. അമ്മച്ചി മറിയക്കുട്ടിക്ക് അന്ന് നാല് പശുക്കളുണ്ടായിരുന്നു. ആടുകളും കോഴിയും വേറെയും, പാലും പച്ചക്കറികളും സമൃദ്ധം. അധ്വാനിക്കാനുള്ള മനസ്സ് മൂലധനമായുള്ളവരായിരുന്നു അന്നാട്ടുകാര്‍.

ഓരോ ബറ്റാലിയനുകളായിട്ടായിരുന്നു ഞങ്ങളുടെ സ്‌കൂളില്‍ പോക്ക്. ചേച്ചി റീനയും അവളുടെ സുഹൃത്തുക്കളും ചേര്‍ന്ന ഒരു സംഘം ആദ്യമിറങ്ങും. തൊട്ടു പിന്നാലെ ചേട്ടന്‍ ബിജുവും ഞാനും ഞങ്ങളുടെ സുഹൃത്തുക്കളും. അനിയന്‍ ബിനുവിനെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അവനും ഞങ്ങളുടെ കൂടെ കൂടി.

പാറത്തോട് സെന്റ്‌ജോര്‍ജ് ഹൈസ്‌കൂളില്‍ എല്ലാ കുട്ടികളും ഏതെങ്കിലുമൊക്കെ ഇനങ്ങളില്‍ ഉണ്ടായിരുന്നു. ഹോക്കിയും ബാസ്‌കറ്റ്‌ബോളുമൊക്കെയാണ് ഞാന്‍ ആദ്യം കളിച്ചത്. എന്നെ അത്‌ലറ്റിക്‌സിലേക്ക് തിരിച്ചുവിടുന്നത് സ്‌കൂളിലെ രാജന്‍സാറും ചിന്നമ്മടീച്ചറുമാണ്. ഹൈറേഞ്ചില്‍നിന്നു വരുന്ന കുട്ടികള്‍ ഓട്ടത്തിലും ചാട്ടത്തിലുമൊക്കെ ശോഭിക്കാന്‍ കഴിയുന്നവരാണെന്ന് രാജുസാറിനും ചിന്നമ്മ ടീച്ചറിനുമൊക്കെ ഉറച്ച വിശ്വാസമുണ്ടായിരുന്നു. എല്ലാ ദിവസവും ക്ലാസ് കഴിഞ്ഞാല്‍ ഗ്രൗണ്ടില്‍ എല്ലാ കുട്ടികള്‍ക്കും കായിക പരിശീലനം ഉണ്ടായിരുന്നു. ഏറെ ഉത്സാഹത്തോടെ ഞങ്ങള്‍ ഇതില്‍ പങ്കെടുക്കും. പരിശീലനം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് കപ്പ വേവിച്ചതും ചായയും ചെറുപയര്‍ പുഴുങ്ങിയതുമൊക്കെ തരും. സ്‌കൂളധികൃതരും കായികാധ്യാപകരും അത്രയ്ക്കും കരുതല്‍ ഞങ്ങളോട് കാണിച്ചിരുന്നു. തിരിച്ച് ഞങ്ങള്‍ക്കെല്ലാവര്‍ക്കും കിലോമീറ്ററുകള്‍ നടക്കാനുള്ളതാണെന്ന് അവര്‍ക്കറിയാം.

ചിന്നമ്മ ടീച്ചര്‍ ഞങ്ങളുടെ അമ്മയെപ്പോലെയായിരുന്നു. മത്സരങ്ങള്‍ക്കൊക്കെ മറ്റ് സ്‌കൂളുകളില്‍ പോകുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഞാന്‍ മടി കാണിക്കും. ടീച്ചറത് കണ്ടുപിടിച്ചശേഷം എന്നെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കും.

മഞ്ഞുകാലം ഞങ്ങള്‍ക്കെല്ലാം എന്തു സന്തോഷമുള്ള കാലമാണെന്നോ? മഞ്ഞുകാലത്താണല്ലോ ക്രിസ്മസ്. ഞങ്ങളുടെ വീട്ടലിരുന്നാല്‍ ദൂരെ മലകള്‍ക്കുമുകളിലൂടെ മഞ്ഞും മഴയും കൂടെ യാത്രചെയ്യുന്ന കാഴ്ച കാണാം. ആ മഞ്ഞുകാലങ്ങള്‍ക്ക് എന്തു മനോഹാരിതയാണെന്നോ? ഡിസംബറിലെ കൊടുംതണുപ്പില്‍ ക്രിസ്മസിന് ഞങ്ങള്‍ കുട്ടിസംഘം ഒരു സൈന്യമായി പള്ളിയില്‍ പോകും. അയല്‍പക്കത്തെ ചേട്ടത്തിയുടെ ചൂട്ടുകറ്റയുടെ വെളിച്ചത്തിലാണ് യാത്ര. ഹൈറേഞ്ചിലെ കൊടും തണുപ്പില്‍ നടക്കാന്‍പോലുമാവാതെ നില്‍ക്കുമ്പോള്‍ ചേട്ടത്തി ഉത്സാഹിപ്പിക്കും - 'ഇങ്ങനെ പോയാല്‍ ഉണ്ണിയേശു പിറക്കുമ്പോഴേക്ക് അങ്ങെത്തില്ല.

അന്നൊക്കെ ശരിക്കും ഞങ്ങള്‍ തിരുപ്പിറവി കണ്ടു. ഓരോ ക്രിസ്മസിനും ഞങ്ങളുടെ മനസ്സില്‍ ഉണ്ണിയേശു ജനിച്ചു.

അപ്പച്ചനും അമ്മച്ചിയുമായിരുന്നു എന്റെ റോള്‍ മോഡലുകള്‍. ഒരു കുഗ്രാമത്തിലെ ആ ദമ്പതിമാര്‍ മക്കളില്‍ ഈശ്വരവിശ്വാസവും ധര്‍മനിഷ്ഠയും അച്ചടക്കവും വളര്‍ത്തി.

ഒരു ദിവസം ഞങ്ങളുടെ വീട്ടില്‍ നെല്ല് മെതിക്കാനെത്തിയ പണിക്കാര്‍ക്ക് വെള്ളവുമായി പോവുകയായിരുന്നു ഞാന്‍. അപ്പോള്‍ അനിയന്‍ ബിനു കിതച്ചുവരുന്നു. അവന്‍ പള്ളിയില്‍ പോയി വരുന്ന വരവാണ്. 'ചേച്ചീ എനിക്ക് വെള്ളം' അവന്‍ പറഞ്ഞു. 'നീ പോയ് എടുത്തുകുടിച്ചോ' ഞാനവനോട് പറഞ്ഞു. ഞാനവനെ മൈന്‍ഡ് ചെയ്യാതെ പണിക്കാര്‍ക്ക് വെള്ളം കൊണ്ടുപോയി കൊടുത്തു. ഇതെല്ലാം കണ്ട് അമ്മ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ വെള്ളം കൊടുത്ത് തിരിച്ചുവന്നപ്പോള്‍ അമ്മ എന്നെ പിടികൂടി. 'ദാഹിച്ചു വലഞ്ഞു വരുന്നവര്‍ക്ക് ആദ്യം ഒരു ഗ്ലാസ് വെള്ളം നല്‍കണം' അന്ന് അമ്മ എന്നോട് പറഞ്ഞത് ഞാനിപ്പോഴും പാലിക്കുന്നു. എന്റെ വീട്ടില്‍ വരുന്നവര്‍ക്ക് ഒരു ഗ്ലാസ് വെള്ളം നല്‍കാതെ ഞാന്‍ വിടാറില്ല. അമ്മ അന്നെന്നെ വഴക്കു പറഞ്ഞിരുന്നെങ്കില്‍ ഞാനത് മറന്നുപോവുമായിരുന്നു. പക്ഷേ, അമ്മ അത് വളരെ മൃദുവായി, എന്നാല്‍ കര്‍ക്കശമായാണ് പറഞ്ഞത്. അമ്മ പറയുന്നത് എനിക്ക് വേദവാക്യമാണ്.

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഡല്‍ഹിയില്‍ നടന്ന നാഷണല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ഞാനൊറ്റയ്ക്കാണ് പോയത്. ഞങ്ങളുടെ ഇടവക വികാരിയായ ജോര്‍ജച്ചന്റെ പരിചയത്തിലുള്ള ഒരു കുടുംബത്തോടൊപ്പം കൊച്ചിയില്‍ നിന്ന് എന്നെ യാത്രയാക്കുമ്പോള്‍ ദൈവത്തിലുള്ള ഉറച്ച വിശ്വാസമാണ് അവര്‍ക്ക് തുണയായത്, എനിക്കും.

അപ്പച്ചന് അച്ചടക്കം വളരെ നിര്‍ബന്ധമുള്ള ഒരു കാര്യമായിരുന്നു. ഒരു സാധനം എടുത്താല്‍ എടുത്തിടത്ത് വെക്കണമെന്നത് കണിശമായിരുന്നു. വീട്ടില്‍ ഒരിക്കല്‍ ഞാനിത് തെറ്റിച്ചപ്പോള്‍ എനിക്കടി കിട്ടി. അതിനുശേഷം ഇന്നുവരെ ഞാനൊന്നും വാരിവലിച്ച് ഇട്ടിട്ടില്ല.

രാജുസാറിനെ പറ്റി ഓര്‍മയില്‍ വരുന്ന ഒരു കാര്യമുണ്ട്. ഒരിക്കല്‍ ഒരു മത്സരത്തിന് പോയപ്പോള്‍ ഞങ്ങള്‍ക്ക് സ്‌പൈക്കൊക്കെ തന്നു. വെള്ളക്കുപ്പിയും സ്‌പൈക്ക്‌സു മൊക്കെയായി സ്റ്റാര്‍ട്ടിങ് പോയന്റിലേക്ക് നടക്കുമ്പോള്‍ പലതവണ എന്റെ കൈയില്‍ നിന്ന് സ്‌പൈക്ക് വീണു. സാറിത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 'ബീനാമോളെ ജീവിതകാലം മുഴുവന്‍ ഉറച്ചു പിടിക്കേണ്ടതാണിത്. നീയിത് ഇപ്പോഴേ താഴെയിട്ടാലെങ്ങെനെയാ?'' സാറിന്റെ ചോദ്യം. പിന്നെ ഞാനത് താഴെയിട്ടിട്ടില്ല.

ഏഴാം ക്ലാസ്സില്‍ ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പഠിക്കാന്‍ പോകുമ്പോള്‍ ഏറെ വിഷമിച്ചു. അമ്മ പറഞ്ഞു- ''ഇത്രയും കാലം ഞങ്ങള്‍ തെറ്റും ശരിയും പറഞ്ഞുതരാന്‍ നിന്റെ കൂടെയുണ്ടായിരുന്നു. ഇനി നീ ഒറ്റയ്ക്കുള്ള ജീവിതത്തിലേക്കാണ് പോകുന്നത്. തെറ്റും ശരിയും മനസ്സിലാക്കി തെറ്റില്‍ നിന്ന് വിട്ടുനില്‍ക്കണം''. അമ്മ ആ ഏഴാംക്ലാസുകാരിയോട്പറഞ്ഞത് ഇന്നും ഞാന്‍ പാലിക്കുന്നു.

എന്‍. എസ്.ടി.സി.സ്‌കീമില്‍ ജി.വി. രാജയിലെത്തിയ എന്റെ ജീവിതം പിന്നീട് തിരുവനന്തപുരത്തായി. ഓണം അവധിയും ക്രിസ്മസ് അവധിയും വരാന്‍ ഞാന്‍ കാത്തിരിക്കും. മധ്യവേനലവധിക്ക് ഞങ്ങള്‍ക്ക് പട്യാല ക്യാമ്പിലെത്തണം. ഓരോ തവണയും കൊമ്പൊടിഞ്ഞാലിലെത്തുമ്പോള്‍ പ്രകൃതി എന്നെ കൈയും നീട്ടി സ്വീകരിക്കും. അവിടുത്തെ മഞ്ഞിലും മഴയിലും നടന്ന് അമ്മയുണ്ടാക്കുന്ന ഭക്ഷണവും കഴിച്ചുകഴിയുമ്പോഴേക്കും തിരിച്ചുപോരാന്‍ സമയമായിട്ടുണ്ടാവും.

പണിക്കന്‍കുടി റോഡിലൂടെ പൊടിപറത്തി പായുന്ന ജീപ്പില്‍ ആടിയുലഞ്ഞ് വീണ്ടും തിരുവനന്തപുരത്തേയ്ക്ക് മടക്കം. അച്ഛനുണ്ടാകും കൂടെ. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം കിട്ടിയപ്പോള്‍ ആ റോഡ് നന്നാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പണിക്കന്‍കുടി മുതല്‍ ഇടുക്കിയിലെ പൊന്മുടി വരെയുള്ള 11.5 കിലോമീറ്റര്‍ റോഡിന് ശാപമോക്ഷം കിട്ടി.

ഇപ്പോഴും സ്‌നേഹമുള്ള കുടുംബം എനിക്കൊപ്പമുണ്ട്. ഭര്‍ത്താവ് ഡോ. വിവേക് ജോര്‍ജ്. മക്കള്‍ ആറ് വയസ്സുകാരന്‍ അശ്വിനും ആറുമാസം പ്രായമുള്ള ഹെയ്‌ലിയും. ശാസ്തമംഗലത്ത് താമസം. കുഞ്ഞിനെ നോക്കാന്‍ റെയില്‍വേയിലെ സ്‌പോര്‍ട്‌സ് ഓഫീസര്‍ ജോലിക്ക് തത്കാലം അവധി നല്‍കിയിരിക്കുന്നു.

ഇപ്പോഴും ആ മഞ്ഞുകാലങ്ങള്‍ ഇടയ്ക്ക് മനസ്സില്‍ തെളിയും. ആ മഞ്ഞും മഴയും പിന്നെയൊരിക്കലും കണ്ടിട്ടില്ല. കാട് നാടായപ്പോള്‍ പലതും പടിയിറങ്ങിപ്പോയി. അതുപോലൊരു ക്രിസ്മസ് കാലവും പിന്നെ വന്നില്ല. എങ്കിലും തളരുമ്പോള്‍ ആ ഓര്‍മകളിലൂടെ ഒന്ന് ഓടിവന്നാല്‍മതി ഞാന്‍ ഫ്രഷാവും. ഏലത്തിന്റെയും കുരുമുളകിന്റേയും സുഗന്ധവും കൊണ്ടുവരുന്ന കാറ്റിന്റെ ഓര്‍മകള്‍ പോലും മനസ്സില്‍ ശുഭ ഊര്‍ജം നിറയ്ക്കും.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.