|
അഡബേയര്‍ മാജിക്
Posted on: 14 Feb 2012
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കറുത്ത കുതിരകളായ ടോട്ടനം ഹോട്‌സ്പറിന് കഴിഞ്ഞ ആഴ്ച തുടങ്ങിയത് സമ്മര്‍ദ്ദത്തിലാണ് . നികുതി വെട്ടിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ടീമിന്റെ കോച്ച് ഹാരി റെഡ്‌നാപ്പിന് കോടതി നടപടികള്‍ നേരിട്ട കാലം. പരിശീലകനില്ലാതെയാണ് ഫിബ്രവരി ആറാം തീയതി നടന്ന നിര്‍ണായക മത്സരത്തില്‍ ടോട്ടനം കരുത്തരായ ലിവര്‍പൂളിനെ നേരിട്ടത്.പ്രചോദനമേകാന്‍ പരിശീലകന്‍ അരികിലില്ലാതിരുന്നതോടെ എതിരാളികളുമായി അവര്‍ക്ക് ഗോള്‍രഹിത സമനിലയില്‍ പിരിയേണ്ടി വന്നു.കിരീടപ്പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി മുന്നേറിയ ടോട്ടനത്തിന് വന്‍തിരിച്ചടിയായിരുന്നു ഈ ഗോള്‍ രഹിത സമനില.
പക്ഷേ ഫിബ്രവരിയിലെ രണ്ടാം ആഴ്ച അവസാനിക്കുമ്പോള്‍ ടോട്ടനം ടീം ഏഴാം സ്വര്‍ഗത്തിലാണ്.കോച്ച് റെഡ്‌നാപ്പ് നികുതിവെട്ടിപ്പുകേസില്‍ കുറ്റവിമുക്തനായി. അപ്രതീക്ഷിതമായി ഇംഗ്ലണ്ട് ടീമിന്റെ പരിശീലക പദവി ഒഴിഞ്ഞ ഫാബിയോ കപ്പെല്ലോയ്ക്കു പകരം റെഡ്‌നാപ്പിനെ തല്‍സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്ത വന്നതോടെ ഇരട്ടി മധുരമായി.
ഇതിനു പിന്നാലെയാണ് ടീം കാത്തിരുന്ന, അവരുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയ വിജയം വന്നത്. ഫിബ്രവരി 11ന് ശനിയാഴ്ച നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കരുത്തരായ ന്യൂകാസില്‍ യുണൈറ്റഡായിരുന്നു ടോട്ടനത്തിന്റെ എതിരാളികള്‍. സീസണില്‍ മിന്നുന്ന പ്രകടനം നടത്തുന്ന ന്യൂകാസിലില്‍ നിന്ന് കടുത്ത മത്സരമാണ് അവര്‍ പ്രതീക്ഷിച്ചത്.
ടോട്ടനത്തിന്റെ തട്ടകമായ വൈറ്റ്ഹാര്‍ട്ട് ലെയ്‌നില്‍
അവര്‍ പോലും വിചാരിക്കാത്ത വിജയമാണ് ടീം നേടിയത്. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ന്യൂ കാസിലിനെ ടീം തകര്‍ത്തു വിട്ടത്.
ടോട്ടനത്തിന്റെ പുതിയതാരം ലൂയിസ് സാഹ ഇരട്ട ഗോളുകളുമായി വാര്‍ത്തകളില്‍ ഇടം നേടിയെങ്കിലും എമ്മാനുവേല്‍ അഡബേയറായിരുന്നു അവരുടെ വിജയ ശില്‍പി. സാഹയുടെ ഇരട്ട ഗോളുകള്‍ക്കടക്കം ആദ്യത്തെ നാലു ഗോളിനും വഴിയൊരുക്കിയത് അഡബേയറാണ്. അവസാന ഗോള്‍ കാവ്യനീതിപോലെ അഡബേയര്‍ സ്വന്തമാക്കുകയും ചെയ്തു. ബെനോയിറ്റ് അസൗ എകോറ്റോയും നിക്കോ ക്ര്യാങ്കറുമാണ് ടോട്ടനത്തിന്റെ മറ്റു സ്‌കോറര്‍മാര്‍.
അഡബേയറും സാഹയുമുള്‍പ്പെടുന്ന മുന്നേറ്റനിര ആദ്യ ആറു മിനിറ്റില്‍ തന്നെ കളി ടോട്ടനത്തിന്റെ വരുതിയിലാക്കിയിരുന്നു. രണ്ടു മിനിറ്റിലെ ഇടവേളയില്‍ രണ്ടു ഗോളുകളാണ് ടോട്ടനം നേടിയത്.
കളിതുടങ്ങി നാലാം മിനിറ്റില്‍ തന്നെ അഡബേയറുടെ പാസില്‍ നിന്ന് എകോറ്റോ ടോട്ടനത്തെ മുന്നിലെത്തിച്ചു. രണ്ടു മിനിറ്റിനുള്ളില്‍ വീണ്ടും അഡബേയര്‍ ന്യൂകാസിലിനെ ഞെട്ടിച്ചു. ഇക്കുറി സാഹയായിരുന്നു സ്‌കോറര്‍. 20-ാം മിനിറ്റില്‍ അഡബേയറുടെ സഹായത്തോടെ സാഹ വീണ്ടും ലക്ഷ്യം കണ്ടു.ക്രാങ്കാര്‍ 34-ാം മിനിറ്റില്‍ നേടിയ ഗോളിലും ടോഗോ താരത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു.
രണ്ടാം പകുതിയുടെ പത്തൊമ്പതാം മിനിറ്റിലായിരുന്നു അഡബേയറുടെ ഗോള്‍.സാഹ ഹെഡ്ഡറിലൂടെ നല്‍കിയ പന്ത് മിന്നുന്ന ഒരു വോളിയിലൂടെ അഡബേയര്‍ വലയിലെത്തിച്ചു.ഏഴു മത്സരങ്ങള്‍ക്കു ശേഷമാണ് താരം ഒരു ഗോള്‍ നേടുന്നത്.
അഡബേയര്‍ എന്ന താന്തോന്നിയായ പ്രതിഭയുടെ വിശ്വരൂപമാണ് വൈറ്റ്ഹാര്‍ട്ട് ലെയ്‌നില്‍ കണ്ടത്.ആഴ്‌സണലില്‍ സൂപ്പര്‍ താരമായി വിരാജിക്കുമ്പോഴാണ് അവിടെ നിന്നും പിണങ്ങി അഡബേയര്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്.സിറ്റിയില്‍ നിന്നും രണ്ടരവര്‍ഷത്തിനുശേഷം വായ്പാതാരമായി കഴിഞ്ഞ ജനവരിയില്‍ റയലില്‍ .അവിടെയും തന്റെ പ്രതിഭ തെളിയിക്കാന്‍ താരത്തിനായി.
പുതിയ സീസണിലാണ് വായ്പാ താരമായി അഡബേയര്‍ ടോട്ടനത്തിലെത്തുന്നത്.വൈറ്റ്ഹാര്‍ട്ട് ലെയ്‌നില്‍ താരം ഏറെ ഇണങ്ങിക്കഴിഞ്ഞെന്നാണ് അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്.
|
|
Other stories in this section:
|
|