|
ദ്രാവിഡിന്റെ ഓര്‍മകളിലെ മലയാളി
Posted on: 16 Dec 2011
ആര്‍.ഗിരീഷ്‌കുമാര്‍
കോഴിക്കോട്: തീവണ്ടികളുടെ ചൂളംവിളികളും യാത്രക്കാരുടെ സംശയങ്ങളും നിറഞ്ഞ ആലപ്പുഴ റെയില്‍വേസ്റ്റേഷനിലെ സാധാരണ ദിവസമായിരുന്നു ഉംബ്രി എന്ന സുരേഷ്‌കുമാറിന് ബുധനാഴ്ച. അങ്ങകലെ ഓസ്‌ട്രേലിയയിലെ കാന്‍ബറയിലുള്ള വാര്‍ മെമ്മോറിയല്‍ ഹാളില്‍ ക്രിക്കറ്റിന്റെ മഹാരഥന്മാര്‍ക്കിടയില്‍, താന്‍ പരാമര്‍ശിക്കപ്പെടുന്നതറിയാതെ, സുരേഷ്‌കുമാര്‍ ആലപ്പുഴയില്‍നിന്ന് തെക്കോട്ടും വടക്കോട്ടും പോകുന്ന തീവണ്ടികളുടെ വിവരം തെറ്റാതെ നല്‍കിക്കൊണ്ടിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സര്‍ ഡോണ്‍ ബ്രാഡ്മാന്റെ പത്താം അനുസ്മരണപ്രഭാഷണം നടത്തവെ, ഇന്ത്യയുടെ വന്മതില്‍ രാഹുല്‍ദ്രാവിഡ് ഇരുപതുവര്‍ഷം മുമ്പത്തെ കളിക്കളം ഓര്‍മിച്ചെടുത്തപ്പോഴാണ് സുരേഷ്‌കുമാറും ഉത്തര്‍പ്രദേശുകാരനായ ധര്‍മേന്ദ്ര മിശ്രയും അതില്‍ കടന്നുവന്നത്. മലയാളം മാത്രമറിയുന്ന സുരേഷും ഹിന്ദി മാത്രമറിയുന്ന ധര്‍മേന്ദ്രയും ക്രിക്കറ്റ് എന്ന പൊതുഭാഷയിലൂടെ, സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കഥ ദ്രാവിഡ് ഓര്‍ത്തെടുത്തത് തന്റെ സുദീര്‍ഘമായ കളികാലത്തിലെ സുവര്‍ണ സ്മരണകളിലൊന്നായാണ്.
1992 മാര്‍ച്ചില്‍ മുംബൈയില്‍ ന്യൂസീലന്‍ഡ് അണ്ടര്‍-19 ടീമിനെതിരെ മുംബൈയില്‍ നടന്ന ചതുര്‍ദിന മത്സരമാണ് ദ്രാവിഡ് പരാമര്‍ശിച്ചത്. പിന്നീട് ന്യൂസീലന്‍ഡ് ടീമിലെത്തിയ ഡിയോണ്‍ നാഷിന്റെ മാരക പേസിനുമുന്നില്‍ ദ്രാവിഡ് അടക്കമുള്ള മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍, ഇന്ത്യ ഏഴിന് 129 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിട്ടു. അവിടെ കൈകോര്‍ത്ത ധര്‍മേന്ദ്ര മിശ്രയും (64), സുരേഷ്‌കുമാറും (20 നോട്ടൗട്ട്) ചേര്‍ന്ന് എട്ടാംവിക്കറ്റില്‍ 101 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യ 276 റണ്‍സെടുക്കുകയും ചെയ്തു.
ടീമിലെ മറ്റുള്ളവരുമായി ഇടപഴകാന്‍ അക്കാലത്ത് ഭാഷ തനിക്ക് തടസ്സമായിരുന്നുവെന്ന് സുരേഷ് സമ്മതിച്ചു. ''പ്രീഡിഗ്രി കഴിഞ്ഞ കാലമാണത്. എനിക്കാണെങ്കില്‍ ഹിന്ദി സംസാരിക്കാനൊന്നും അറിയില്ല. കേട്ടാല്‍ മനസ്സിലാകുമെന്നുമാത്രം'' -സുരേഷ് പറഞ്ഞു.
ദ്രാവിഡില്‍നിന്ന് സുരേഷ് പ്രശംസ നേടുന്നത് ആദ്യമായല്ല. അണ്ടര്‍-15 ടീമില്‍ കളിക്കുമ്പോള്‍ മുതല്‍ ദ്രാവിഡിനെതിരെ കളിച്ചിട്ടുണ്ട്. അക്കാലത്ത് കേരളവും കര്‍ണാടകയുമായിട്ടായിരുന്നു സ്ഥിരംമത്സരം. ഇന്നത്തെപ്പോലെ ഗ്രൂപ്പ് മത്സരമൊന്നുമില്ല. എല്ലാം നോക്കൗട്ട്. അണ്ടര്‍-21 ടീമില്‍ കളിക്കുന്നതുവരെയുള്ള ഏഴുവര്‍ഷത്തിനിടെ ദ്രാവിഡിന്റെ വിക്കറ്റ് ഒട്ടേറെത്തവണ വീഴ്ത്തിയിട്ടുണ്ട്.
''രഞ്ജിയില്‍ എന്റെ ആദ്യസീസണായിരുന്നു അത്. എസ്.ബി.ടിക്കുവേണ്ടി അതിഥിതാരമായും കളിച്ചിരുന്നു. ഈ പ്രകടനങ്ങളാണ് ന്യൂസീലന്‍ഡ് അണ്ടര്‍-19നെതിരെ ചതുര്‍ദിനമത്സരം കളിക്കുന്ന ദക്ഷിണമേഖലാ ടീമില്‍ എനിക്ക് സ്ഥാനം നേടിത്തന്നത്. വിശാഖ പട്ടണത്തായിരുന്നു കളി. ദ്രാവിഡ് ക്യാപ്റ്റന്‍. സുജിത് സോമസുന്ദര്‍, എസ്. ശരത്, ഗോകുല്‍ കൃഷ്ണന്‍ തുടങ്ങിയവരൊക്കെ ടീമിലുണ്ട്. വി.വി.എസ്. ലക്ഷ്മണ്‍ ടീമിലുണ്ടായിരുന്നെങ്കിലും കളിച്ചില്ല. ഈ മത്സരത്തില്‍ രണ്ടിന്നിങ്‌സിലായി ഒമ്പതുവിക്കറ്റ് നേടി ഞാന്‍ തിളങ്ങിയതോടെ, ഇന്ത്യന്‍ അണ്ടര്‍-19 ടീമിലും ഞാന്‍ ഇടം പിടിച്ചു. വിശാഖപട്ടണത്തെ കളിയില്‍ ഞാനായിരുന്നു മാന്‍ ഓഫ് ദ മാച്ച്''
സ്റ്റീഫന്‍ ഫ്ലെമിങ്ങും ഡിയോണ്‍ നാഷുമൊക്കെ ന്യൂസീലന്‍ഡ് ടീമിലുണ്ട്. ബാംഗ്ലൂരിലേത് രണ്ടാം ടെസ്റ്റായിരുന്നു. മുംബൈയില്‍ നടന്ന ആദ്യടെസ്റ്റില്‍ ഇന്ത്യ ജയിച്ചു. ആ മത്സരത്തില്‍ 42 റണ്‍സും രണ്ടുവിക്കറ്റും ഞാന്‍ നേടി. രണ്ടാംടെസ്റ്റിന്റെ തലേന്നാണെങ്കില്‍ എനിക്ക് കടുത്ത പനി. ഹോട്ടല്‍മുറിയിലെത്തിയ ദ്രാവിഡ്, സുരേഷ് എന്തായാലും നാളെ കളിക്കണമെന്ന് പറഞ്ഞു. ഞാന്‍ കളിച്ചു. ഫ്ലെമിങ്ങിന്റേതടക്കം നാലുവിക്കറ്റും കിട്ടി.
''ദ്രാവിഡ് നല്ല ക്യാപ്റ്റനായിരുന്നു. നല്ല സുഹൃത്തും. ഇത്രയും കാലത്തിനുശേഷം അന്നത്തെ ഒരു സംഭവം ഓര്‍ത്തെടുത്തതുതന്നെ അതിനു തെളിവ്. മാതൃഭൂമിയില്‍നിന്ന് ഇക്കാര്യം വിളിച്ചുപറഞ്ഞയുടന്‍ ഞാന്‍ ഭാര്യയെ വിളിച്ചു. ദ്രാവിഡ് ഇതെല്ലാം ഓര്‍ത്തിരിക്കുന്നല്ലോ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ദ്രാവിഡിന്റെ കൂടെ കളിച്ചുവെന്നത് നമ്മളൊക്കെ അഭിമാനത്തോടെ പറഞ്ഞുനടക്കുമ്പോള്‍, ഇതൊക്കെ അദ്ദേഹം മറന്നിട്ടില്ലെന്നതുതന്നെ എത്രവലിയ അംഗീകാരമാണ്''
ദ്രാവിഡിന്റെ പ്രസംഗത്തില്‍ താന്‍ പരാമര്‍ശിക്കപ്പെട്ടുവെന്ന് അറിഞ്ഞതുമുതല്‍, സുരേഷിന് ഇത് സാധാരണ ദിവസമായിരുന്നില്ല. തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലെത്തേണ്ടിയിരുന്ന കരിയര്‍, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മാത്രമൊതുങ്ങിയതിന്റെ നിരാശപോലും ഇല്ലാതാക്കുന്ന വാക്കുകളായി അതു മാറി. 72 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ 196 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഉംബ്രി, 2005-ലാണ് വിരമിച്ചത്.
''ദ്രാവിഡുമായി ഇപ്പോഴും നല്ല ബന്ധമുണ്ട്. കൊച്ചിയില്‍ കളിക്കാന്‍ പോയപ്പോള്‍ കണ്ടിരുന്നു. ഒത്തിരിനേരം സംസാരിക്കുകയും ചെയ്തു'' . ക്രിക്കറ്റിന്റെ ദൈവം സച്ചിനാണെങ്കിലും, ജൂനിയര്‍ തലംമുതല്‍ക്ക് ഇപ്പോഴും സ്ഥിരതയോടെ കളിക്കുന്ന ദ്രാവിഡാണ് സുരേഷിന്റെ താരം. സാങ്കേതികമായി തികവുറ്റ ബാറ്റ്‌സ്മാനാണ് ദ്രാവിഡ്. ടീമിലെ മറ്റുള്ളവരുമായി ഇടപഴകുന്നത് കണ്ടുപഠിക്കണം. ഏതു കളിയായാലും ആത്മാര്‍ഥതയില്‍ വിട്ടുവീഴ്ചയില്ലാത്തതാണ് ദ്രാവിഡിനെ വന്മതിലായി നിലനിര്‍ത്തുന്നതെന്നും സുരേഷ് പറയുന്നു. മറ്റൊന്ന് അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്. മറ്റാരൊക്കെയുണ്ടായിട്ടും, ബ്രാഡ്മാന്‍ പ്രഭാഷണത്തിന് പുറത്തുനിന്ന് വിളിക്കപ്പെട്ട ആദ്യവ്യക്തി ദ്രാവിഡായത് അതുകൊണ്ടാണെന്നും സുരേഷ് വിലയിരുത്തുന്നു.
ആലപ്പുഴ റെയില്‍വേസ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ സെന്ററിലാണ് സുരേഷ് ജോലിചെയ്യുന്നത്. പഴവീട് ഗൗരീശങ്കരത്തില്‍ മണിമോഹനന്‍ നായരുടെയും സുഭദ്രാ ദേവിയുടെയും മകന്‍. മഞ്ജുവാണ് ഭാര്യ. മകന്‍ അതില്‍ എസ്. കൃഷ്ണ. ചെറുപ്പംമുതല്‍ക്കേ ഉംബ്രിയെന്ന് വിളിച്ച് സുരേഷിനെ കേരളക്രിക്കറ്റിന്റെ ഉംബ്രിയാക്കിയത് ചേട്ടന്‍ സുമേഷ്‌കുമാറും.
ദ്രാവിഡ് വേദിയില്‍ പറഞ്ഞത്
''അണ്ടര്‍-19 ക്രിക്കറ്റ് കളിക്കുന്ന കാലത്തെ മറക്കാനാവാത്ത ഒരനുഭവം ഞാന്‍ പങ്കുവെക്കട്ടെ. ന്യൂസീലന്‍ഡ് ജൂനിയര്‍ ടീമിനെതിരെ ഇന്ത്യ അണ്ടര്‍-19 ടീം കളിക്കുന്ന സമയത്തെ കഥയാണിത്. ഞങ്ങളുടെ ടീമില്‍ രണ്ട് ബൗളര്‍മാരുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നായിരുന്നു ഒരാള്‍. അദ്ദേഹത്തിന് അറിയാവുന്നത് ഹിന്ദിമാത്രം. ഇന്ത്യയില്‍ എവിടെനിന്നുമുള്ള താരങ്ങളെ ബന്ധിപ്പിക്കാന്‍ ഇംഗ്ലീഷിനേക്കാള്‍ ഹിന്ദി മതി. എന്നാല്‍, ഇക്കാര്യം തെക്കേ ഇന്ത്യയിലെ കേരളത്തില്‍നിന്നുള്ള ബൗളറൊഴികെ മറ്റെല്ലാവരുടെ കാര്യത്തിലും ശരിയായിരുന്നു. സ്വന്തം ഭാഷയായ മലയാളം മാത്രമേ അദ്ദേഹം സംസാരിച്ചിരുന്നുള്ളൂ. ഒന്നിടവിട്ട ഓവറുകള്‍ എറിയേണ്ട ബൗളര്‍മാര്‍ മാത്രമായിരുന്നു അവരെങ്കില്‍, ഭാഷ പ്രശ്‌നമാകില്ലായിരുന്നു.
പക്ഷേ, ഒരു മത്സരത്തില്‍ അവര്‍ക്ക് ഒന്നിച്ച് ക്രീസിലിറങ്ങേണ്ടി വന്നു. ആ കൂട്ടുകെട്ട് അവര്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന കാര്യത്തില്‍ ഡ്രസ്സിങ് റൂമില്‍ ഞങ്ങള്‍ തര്‍ക്കത്തിലായി. റണ്ണിനായി വിളിക്കണമെങ്കിലും സ്‌ട്രൈക്ക് കൈമാറണമെങ്കിലും എന്തെങ്കിലും പറയേണ്ടെ. ഒരാള്‍ പറയുന്നത് ഒരക്ഷരം പോലും മറ്റെയാള്‍ക്ക് തിരിയില്ല. എന്നിട്ടും അവര്‍ ഒരുമിച്ച് ബാറ്റുചെയ്തു. അവര്‍ രണ്ടുപേരും ചേര്‍ന്ന് നൂറ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. ഇത് ഇന്ത്യന്‍ക്രിക്കറ്റില്‍ മാത്രമേ സംഭവിക്കൂ. കാരണം, അവര്‍ക്കറിയാവുന്ന ഏകഭാഷ ക്രിക്കറ്റായിരുന്നു. അതവര്‍ നന്നായി ഉപയോഗിച്ചു. ''
(ഇന്ത്യന്‍ താരങ്ങളുടെ വ്യത്യസ സാമൂഹികപശ്ചാത്തലങ്ങള്‍ ക്രിക്കറ്റിലെത്തുമ്പോള്‍ എങ്ങനെയില്ലാതാകുന്നു എന്ന് വിശദീകരിക്കുകയായിരുന്നു ദ്രാവിഡ്. ഓസ്‌ട്രേലിയയിലെ കാന്‍ബറയില്‍ ബുധനാഴ്ച നടത്തിയ ബ്രാഡ്മാന്‍ അനുസ്മരണപ്രഭാഷണമായിരുന്നു രംഗം).
|
|
Other stories in this section:
|
|