|
ചാമ്പ്യന്‍ 'കുക്കാബുറാസ്'
Posted on: 12 Dec 2011
പി.പി.സുരാജ്
ഹോക്കിയില്‍ തങ്ങളുടെ കരുത്ത് ഒരിക്കല്‍ക്കൂടി തെളിയിച്ച് ഓസ്‌ട്രേലിയന്‍ ടീം ചാമ്പ്യന്‍സ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടു. ഓക്‌ലന്‍ഡില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ സ്‌പെയിനിനെ ഒരുഗോളിന് തകര്‍ത്താണ് 'കുക്കാബുറാസ്' എന്ന വിളിപ്പേരിലറിയപ്പെടുന്ന ഓസ്‌ട്രേലിയന്‍ ടീം കപ്പുയര്‍ത്തിയത്. തുടര്‍ച്ചയായി നാലുതവണ ട്രോഫിസ്വന്തമാക്കുകയെന്ന റെക്കോഡ് സ്വന്തമാക്കിയാണ് ടീം ലണ്ടന്‍ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്നത്.
ചാമ്പ്യന്‍ഷിപ്പിലെ ഹോട്ട്‌ഫേവറിറ്റായ ഓസ്‌ട്രേലിയയ്ക്കു മുമ്പില്‍ കടുത്ത പോരാട്ടം കാഴ്ചവെച്ചാണ് ന്യൂസീലന്‍ഡ് ടീം കീഴടങ്ങിയത്. എഡി ഒക്കെന്‍ഡന്‍ നേടിയ വിവാദഗോളാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ മാനം കാത്തത്. ഗോളിനെതിരെ സ്പാനിഷ് കളിക്കാര്‍ വാദിച്ചെങ്കിലും കൊറിയക്കാരനായ റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു. നാലാംവട്ടവും കിരീടം നേടാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഓസീസ് ക്യാപ്റ്റന്‍ ജാമി ഡ്വയര്‍ പറഞ്ഞു. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇത് പന്ത്രണ്ടാംതവണയാണ് ടീം കപ്പുയര്‍ത്തുന്നത്.
റാങ്കിങ്ങില്‍ എന്തുകൊണ്ടാണ് തങ്ങള്‍ തലപ്പത്ത് തുടരുന്നതെന്നത് വ്യക്തമാക്കുന്ന പ്രകടനമായിരുന്നു ഓസ്‌ട്രേലിയയുടേത്. എതിരാളികളുടെ മുന്നേറ്റങ്ങളെ സമര്‍ഥമായി പ്രതിരോധിച്ചും നേരിയ അവസരങ്ങള്‍പോലും മുതലെടുത്തുമാണ് ടീം കിരീടം ചൂടിയത്. ഹോളണ്ടും ന്യൂസീലന്‍ഡും പാകിസ്താനും അടക്കമുള്ള ടീമുകളെ തോല്‍പ്പിച്ചായിരുന്നു ഫൈനലില്‍ ഇടം നേടിയത്.
വെറ്ററന്‍ താരങ്ങളും യുവനിരയും ഇടകലര്‍ന്ന പെര്‍ഫക്ട് ടീമാണ് ഓസ്‌ട്രേലിയ. ജാമി ഡ്വയര്‍, മാര്‍ക് നോല്‍സ് എന്നീ വെറ്ററന്‍ താരങ്ങളും ഗ്രെയിം ബെഗ്ബി, മാത്യു സ്വാന്‍ തുടങ്ങിയ യുവതാരങ്ങളും അടങ്ങിയ ടീം എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. കായികരംഗത്ത് ക്രിക്കറ്റിലൂടെ മാത്രം അറിയപ്പെട്ടിരുന്ന രാഷ്ട്രമായിരുന്നു ഓസ്‌ട്രേലിയ. എന്നാല്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഹോക്കിയിലും പുതിയ മേല്‍വിലാസമുണ്ടാക്കാന്‍ ഹോക്കി ടീമിന് കഴിഞ്ഞു.
2004 ഏതന്‍സ് ഒളിമ്പിക്‌സിലെ സ്വര്‍ണനേട്ടത്തോടെയാണ് ഹോക്കിക്ക് ഓസ്‌ട്രേലിയയില്‍ ആരാധകരുണ്ടാകുന്നത്. 2008ലെ ബീജിങ് ഒളിമ്പിക്‌സില്‍ വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം കരുത്തോടെ തിരിച്ചെത്തിയ ടീം ഇന്ത്യയില്‍ നടന്ന ലോകകപ്പ് ജേതാക്കളായി. തുടര്‍ന്നിങ്ങോട്ട് സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ കുക്കാബുറ തലയുയര്‍ത്തി നിന്നു. റാങ്കിങ്ങില്‍ ഒരിക്കല്‍പ്പോലും നാലുസ്ഥാനങ്ങള്‍ക്ക് താഴെവീണിട്ടില്ലെന്ന വസ്തുത ഇതിന്റെ തെളിവാണ്.
ടീം ക്യാപ്റ്റന്‍ ജാമി ഡ്വയറിന് വ്യക്തിപരമായി ഏറെ ആഹ്ലാദിക്കാവുന്ന പരമ്പരയായിരുന്നു ഇത്. ഏഴുഗോളുകള്‍ നേടി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ പദവി നേടിയതിന് പിന്നാലെ ലോകത്തെ മികച്ച താരമെന്ന പദവിയും ഡ്വയറിനെ തേടിയെത്തി. ഇത് അഞ്ചാം തവണയാണ് ഡ്വയര്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ക്രിക്കറ്റില്‍ മാത്യു ഹെയ്ഡനെപ്പോലെ, ഫുട്‌ബോളില്‍ ടിം കഹിലിനെപ്പോലെ ഏറെ ആരാധകരുള്ള താരമാണ് ഡ്വയര്‍. അന്താരാഷ്ട്രകരിയറില്‍ നൂറിലധികം ഗോളുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. വരുന്ന ലണ്ടന്‍ ഒളിമ്പിക്‌സില്‍ ടീമിനെ ചാമ്പ്യന്‍മാരാക്കാനുള്ള തയ്യാറെടുപ്പിലാണ് ജാമി ഡ്വയര്‍.
|
|
Other stories in this section:
|
|