|
ദ്യോക്കോവിച്ചിന് തിരിച്ചടി
Posted on: 11 Nov 2011
പി.ജെ.ജോസ്
സ്‌പോക്കസ്
ടെന്നീസിലെ ആധുനികകാല ചക്രവര്‍ത്തി റോജര്‍ ഫെഡററെയും ഒരിക്കലും തളരാത്ത പോരാളി റാഫേല്‍ നഡാലിനെയും വിസ്മയിപ്പിക്കുന്നതായിരുന്നു ഇക്കുറി സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ചിന്റെ കുതിപ്പ്.മൂന്ന് ഗ്രാന്‍സ്ലാം കിരീടങ്ങളടക്കം പത്ത് കിരീടങ്ങള്‍ .കരിയറിലാദ്യമായി ലോക ഒന്നാം നമ്പര്‍ പദവി.സീസണില്‍ തോറ്റത് മൂന്നു തവണ മാത്രം.
ഒക്ടോബര്‍ രണ്ടാം ആഴ്ചയില്‍ തന്നെ ഈ വര്‍ഷം ലോക ഒന്നാം നമ്പര്‍ പദവി ആര്‍ക്കും കൈവിടുകയില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു.ടെന്നീസിലെ മറ്റൊരു ഇതിഹാസമായ പീറ്റ് സാംപ്രസിന്റെ പ്രശംസയും താരം നേടി.തന്റെ ജീവിത കാലത്ത് ഇത്തരം മിന്നുന്ന ഫോം ഒരു താരവും പ്രകടിപ്പിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു സാംപ്രസിന്റെ വിശേഷണം.അത്രയ്ക്ക് ആധികാരികമായിരുന്നു ഒരു കാലത്ത് മറ്റു താരങ്ങളെ അനുകരിക്കുന്നതു വഴി പ്രശസ്തനായിരുന്ന ദ്യോകോവിച്ചിന്റെ മാസ്മരിക പ്രകടനം.
സീസണ്‍ അവസാനിക്കുന്നതിന് മുമ്പ് പരമാവധി വിജയങ്ങളും കിരീടങ്ങളും നേടാനുള്ള ദ്യോകോവിച്ചിന്റെ ശ്രമങ്ങള്‍ക്ക് പരിക്ക് പക്ഷേ തടയിട്ടു.അര്‍ജന്റീനയ്‌ക്കെതിരായ ഡേവിസ് കപ്പ് സെമി ഫൈനലിലായിരുന്നു സംഭവം.യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോര്‍ട്ടോയ്‌ക്കെതിരായ മത്സരം ദ്യോകോവിച്ചിന് പൂര്‍ത്തിയാക്കാനായില്ല.ഇതായിരുന്നു സീസണിലെ സെര്‍ബിയന്‍ താരത്തിന്റെ മൂന്നാമത്തെ തോല്‍വി.
പരിക്കിനെത്തുടര്‍ന്ന് ആറ് ആഴ്ചയോളം ദ്യോകോവിച്ചിന് ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നു.പരിക്ക് ഭേദമായശേഷം സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസല്‍ എ.ടി.പി ടൂര്‍ണമെന്റിലാണ് ലോക ഒന്നാം നമ്പര്‍ വീണ്ടും മത്സരിക്കാനിറങ്ങിയത്.
കിരീട പ്രതീക്ഷയുമായിറങ്ങിയ ദ്യോകോവിച്ചിന് സെമി ഫൈനലില്‍ അടിതെറ്റി.ജപ്പാന്റെ യുവതാരം നിഷിക്കേരിയാണ് ഒന്നിനെതിരെ രണ്ടു സെറ്റുകളില്‍ ദ്യോകോവിച്ചിനെ ഞെട്ടിച്ചത് (2-6,7-6,6-0 ).വൈല്‍ഡ് കാര്‍ഡായിട്ടാണ് ഇരുപത്തൊന്നുകാരനായ ജപ്പാന്‍ താരം ടൂര്‍ണമെന്റിനിറങ്ങിയത്.
പുറത്തെ പരിക്ക് മത്സരത്തിനിടെ കൂടുതല്‍ രൂക്ഷമായത് ദ്യോകോവിച്ചിന് ഇരട്ട തിരിച്ചടിയായി.മത്സരത്തിനിടെ സെര്‍ബിയന്‍ താരത്തിന് ഇടയ്ക്കിടയ്ക്ക് വൈദ്യശുശ്രൂഷ വേണ്ടി വന്നു.പരിക്കു മൂലമാണ് നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഒന്നു പൊരുതി നില്‍ക്കാന്‍ പോലുമാകാതെ അദ്ദേഹത്തിന് തോല്‍വി സമ്മതിക്കേണ്ടി വന്നത്. ഇതോടെ ദ്യോകോവിച്ചിന്റെ സീസണിലെ തോല്‍വി നാലായി.സീസണില്‍ കൂടുതല്‍ കിരീടങ്ങള്‍ നേടാമെന്ന മോഹത്തിന് പരിക്ക് തടസ്സമാകുമെന്ന സൂചനയാണ് ദ്യോകോവിച്ച് നല്‍കിയത്.
ദ്യോകോവിച്ചിന്റെ തോല്‍വി മുന്‍ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ക്ക് നേട്ടമായി .ഫൈനലില്‍ നിഷിക്കേരിയെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ച് ഫെഡറര്‍ സീസണിലെ രണ്ടാം കിരീടം നേടി (6-1,6-3).ബേസില്‍ ഫെഡററുടെ അഞ്ചാം കിരീടമാണിത്.
|