a mathrubhumi initiative
IST:

ഇംഗ്ലണ്ട് - ദ.ആഫ്രിക്ക

മത്സരം 13 : 19-6-2013

ഹോം   ക്രിക്കറ്റ്‌  
ഭാജിയുടെ ഭാവി
Posted on: 10 Nov 2011

ആര്‍ഗി

കരിയറില്‍ നൂറു ടെസ്റ്റുകള്‍ തികയ്ക്കുകയെന്നത് ഏതൊരു ടെസ്റ്റ് ക്രിക്കറ്ററുടെയും കരിയറിലെ മോഹമാണ് ഈ നേട്ടത്തിന് വെറും രണ്ട് മത്സരങ്ങള്‍മാത്രം അകലെയാണ് ഹര്‍ഭജന്‍ സിങ്. 98 മത്സരങ്ങളില്‍നിന്ന് 406 വിക്കറ്റുകളുമായി ഇന്ത്യന്‍ ടീമിലെ സുവര്‍ണതാരങ്ങളിലൊരാളായി വിരാജിച്ചുനില്‍ക്കുമ്പോഴാണ് മോശം ഫോം ഭാജിയെ പിടികൂടുന്നത്. 2008 ജൂലായില്‍ ഗോളില്‍ ശ്രീലങ്കയ്‌ക്കെതിരെ പത്തുവിക്കറ്റ് പ്രകടനം നടത്തിയശേഷം ഭാജിയുടെ ഗ്രാഫ് താഴേക്കാണ്. ഇംഗ്ലണ്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളില്‍ മാത്രമേ കളിക്കാനായുള്ളൂവെങ്കിലും, നിരാശാജനകമായിരുന്നു പ്രകടനം. ഓരോ ടെസ്റ്റിലും ഓരോ വിക്കറ്റുകള്‍മാത്രം. ഇക്കാലയളവിനിടെ, ന്യൂസീലന്‍ഡിനെതിരെ നാട്ടില്‍ തുടരെ രണ്ട് സെഞ്ച്വറികള്‍ നേടി ബാറ്റിങ്ങിലും ശോഭിക്കാന്‍ തുടങ്ങിയെങ്കിലും, അത് ഗുണംചെയ്തില്ല. ബാറ്റ്‌സ്മാനായ ഹര്‍ഭജനെ ടീമിന് വേണ്ട. ഇംഗ്ലണ്ടില്‍നിന്ന് ഇടയ്ക്ക് പരിക്കേറ്റ് തിരിച്ചുപോരേണ്ടിവന്നതോടെ ഹര്‍ഭജന്റെ കഷ്ടകാലവും തുടങ്ങി. നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു താരം. ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലും ഇപ്പോള്‍ വിന്‍ഡീസിനെതിരെ കഴിഞ്ഞ ഒന്നാംടെസ്റ്റിലും ഹര്‍ഭജനെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ തെല്ലും മടികാട്ടിയുമില്ല.

വിന്‍ഡീസിനെതിരെ ഫിറോസ് ഷാ കോട്‌ലയില്‍ സ്പിന്നര്‍മാരായ പ്രഗ്യാന്‍ ഓജയും ആര്‍. അശ്വിനും നേടിയ ഓരോ വിക്കറ്റുകളും ഹര്‍ഭജന്റെ നെഞ്ചില്‍ തീയുണ്ടകളായാണ് പതിച്ചത്. രണ്ടാംടെസ്റ്റിലും അശ്വിനെയും ഓജയെയും നിലനിര്‍ത്തിയ സെലക്ടര്‍മാരുടെ കണ്ണില്‍ ഇടംനേടാന്‍ ഹര്‍ഭജന് ഇനി ആഭ്യന്തര ക്രിക്കറ്റ് മാത്രമാണ് ശരണം.

ഓസ്‌ട്രേലിയയിലേക്കുള്ള ടെസ്റ്റ്പരമ്പരയാണ് വിന്‍ഡീസ് പരമ്പരയ്ക്കുശേഷം ഇന്ത്യന്‍ ടീമിന് ഇനി മുന്നിലുള്ളത്. ഓസ്‌ട്രേലിയന്‍പര്യടനം ഏതൊരു ക്രിക്കറ്ററുടെയും മോഹമാണ്. അവിടേക്ക് ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ തിരഞ്ഞെടുക്കാന്‍ തീരെ സാധ്യതയുമില്ല. പ്രത്യേകിച്ച് ഓഫ് സ്പിന്നര്‍മാരെ. ഓജയും അശ്വിനും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍, മൂന്നാമതൊരാളെ സെലക്ടര്‍മാര്‍ പരീക്ഷിക്കുമോ എന്ന കാര്യം ഉറപ്പിക്കാനുമാവില്ല.

ഹര്‍ഭജന്‍ സിങ്ങിന്റെ ഓസ്‌ട്രേലിയന്‍ മണ്ണിലെ പ്രകടനം അത്ര തൃപ്തികരമല്ല. പണ്ട് ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് ഹര്‍ഭജനെ താരമാക്കി മാറ്റിയതെന്നത് ശരിയാണ്. എന്നാല്‍, ഓസീസ് പിച്ചുകളില്‍ ഹര്‍ഭജന്റെ ഓഫ് സ്പിന്നിന് അത്ര കണ്ട് നേട്ടമുണ്ടാക്കാനായിട്ടില്ല. ഓസ്‌ട്രേലിയയില്‍ കളിച്ച നാല് ടെസ്റ്റുകളില്‍ 73.22 ശരാശരിയില്‍ ഒമ്പതുവിക്കറ്റുകളാണ് ഹര്‍ഭജന്റെ നേട്ടം. ഹര്‍ഭജന്‍ മാത്രമല്ല, മിക്കവാറും എല്ലാ ഓഫ് സ്പിന്നര്‍മാര്‍ക്കും ഓസീസ് മണ്ണ് വളക്കൂറുള്ളതല്ല. മുത്തയ്യ മുരളീധരന്‍ അഞ്ചു ടെസ്റ്റുകളില്‍ 12 വിക്കറ്റും (ശരാശരി 75.41) സഖ്‌ലെയ്ന്‍ മുഷ്താഖ് നാല് ടെസ്റ്റുകളില്‍ 14 വിക്കറ്റും (34.14) ഗ്രേയം സ്വാന്‍ അഞ്ച് ടെസ്റ്റുകളില്‍ 15 വിക്കറ്റുമാണ് (39.40) നേടിയിട്ടുള്ളത്. ഗ്രേയം സ്വാനാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇപ്പോഴുള്ളതില്‍വെച്ചേറ്റവും മികച്ച ഓഫ് സ്പിന്നര്‍. സ്വാന് തിളങ്ങാനാകാത്ത ഓസ്‌ട്രേലിയന്‍ പിച്ചിലേക്ക് ഹര്‍ഭജനെ സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുമോ?

ഹര്‍ഭജന് വിലങ്ങുകള്‍ വേറെയുമുണ്ട്. ഏത് സാഹചര്യത്തിലും മികവോടെ പന്തെറിയുന്ന അശ്വിന്റെ പ്രതിഭയാണ് അതിലൊന്ന്. കോട്‌ലയില്‍ ഒമ്പതുവിക്കറ്റോടെ അരങ്ങേറാനായതിന്റെ താരമൂല്യം അശ്വിനില്‍ ഏറെനാള്‍ നില്‍ക്കും. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകാന്തിന്റെ നാട്ടുകാരനാണെന്നതും അശ്വിന് അധികാനുകൂല്യം നല്‍കും. ഹര്‍ഭജന്‍ മടങ്ങിയെത്തുംവരെ മാത്രമല്ല ടീമില്‍ അശ്വിന്റെ സ്ഥാനം എന്നുറപ്പിക്കുന്നതാണ് മത്സരത്തിനുശേഷം ശ്രീകാന്തടക്കമുള്ള ഇന്ത്യന്‍ക്രിക്കറ്റിലെ മേലാളന്മാര്‍ നടത്തിയ പ്രശംസാവചനങ്ങള്‍.

വിന്‍ഡീസിനെതിരെ ഹര്‍ഭജന്‍ സിങ്ങും ഇതേക്കാള്‍ മികവുകാട്ടുമായിരുന്നുവെന്ന് കരുതുന്നവരുണ്ട്. ഇന്ത്യന്‍ സ്പിന്നര്‍മാരെ പാഡുകൊണ്ട് തടുക്കാന്‍ തുനിഞ്ഞ വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരില്‍ ഏഴുപേര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍, സമീപകാലത്തെ മോശം പ്രകടനങ്ങള്‍ ഹര്‍ഭജനെ തുണച്ചില്ല. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനുവേണ്ടി കളിച്ചെങ്കിലും ഒരുമത്സരംപോലും നേടാനാകാതെ പോയത് ഹര്‍ഭജന്റെ നിരാശയേറ്റുകയും ചെയ്യുന്നു.

വിന്‍ഡീസിനെതിരെ ഇന്ത്യ ന്യൂഡല്‍ഹിയില്‍ കളിക്കാനിറങ്ങുമ്പോള്‍, കുംബ്ലെയോ ഹര്‍ഭജനോ ഇല്ലാതെ 2000-നുശേഷം നാട്ടില്‍ കളിക്കുന്ന ആദ്യ മത്സരമായിരുന്നു അത്. 2008 നവംബര്‍ മൂന്നിനുശേഷമാണ് കുംബ്ലെയില്ലാതെ ഇന്ത്യ ടെസ്റ്റ് കളിക്കാന്‍ തുടങ്ങിയത്. അതിനുശേഷമുള്ള 27 ടെസ്റ്റുകളില്‍ 107 വിക്കറ്റുകള്‍ വീഴ്ത്താന്‍ ഹര്‍ഭജനായിട്ടുണ്ട്. വ്യത്യസ്തതയില്ലെന്നതും റണ്‍സ് ഏറെ വഴങ്ങുന്നുവെന്നതും ഹര്‍ഭജന്റെ പോരായ്മയായി. ഇംഗ്ലണ്ടിനെതിരെ കളിച്ച രണ്ടു ടെസ്റ്റുകളില്‍ 69.4 ഓവറില്‍ 143.5 ശരാശരിയോടെ വെറും രണ്ടുവിക്കറ്റ് മാത്രം വീഴ്ത്തിയത് കരിയറിലെ ഏറ്റവും മോശം പ്രകടനവുമായി. അത്, ഭാജിയെ ടീമില്‍നിന്ന് പുറത്തേക്കു നയിക്കുകയും ചെയ്തു. വിന്‍ഡീസിനെതിരായ ശേഷിച്ച മത്സരങ്ങളിലും ഓജയും അശ്വിനും തിളങ്ങിയാല്‍, പിന്നീട് ഭാജിക്കൊരു മടങ്ങിവരവ് എളുപ്പമാകില്ല.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.