a mathrubhumi initiative
IST:
ഹോം   ക്രിക്കറ്റ്‌  
പടിയിറങ്ങിയിട്ടും സംഗക്കാര 'നായകന്‍'
Posted on: 09 Nov 2011

സന്തോഷ് വാസുദേവ്‌

ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടു തോറ്റ് നായകസ്ഥാനം രാജിവെച്ചെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാര ഇപ്പോഴും ശ്രീലങ്കന്‍ ടീമിന്റെ യഥാര്‍ഥ നായകനാണ്. നായകനായാലും അല്ലെങ്കിലും പോരാട്ടവീര്യം കൈവിട്ടിട്ടില്ലെന്നു തെളിയിക്കുകയാണ് ഈ ഇടങ്കൈയന്‍ താരം. പാകിസ്താനെതിരെ പൊതുവേദിയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍നിന്ന് ഒരു ഡബിള്‍ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളുമായി 516 റണ്‍സാണ് സംഗക്കാര അടിച്ചുകൂട്ടിയത്. പരമ്പരയിലുടനീളം ആധിപത്യം പുലര്‍ത്തിയ പാകിസ്താനെതിരെ സംഗക്കാരയുടെ ഈ പ്രകടനം കൂടി ഇല്ലായിരുന്നെങ്കില്‍ ശ്രീലങ്കയുടെ സ്ഥിതി ദയനീയമാകുമായിരുന്നു.

ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 197 റണ്‍സിന് തകര്‍ന്നടിഞ്ഞ ലങ്കയ്ക്കു മുന്നില്‍ 511 എന്ന ഹിമാലയന്‍ സ്‌കോറാണ് പാകിസ്താന്‍ ഉയര്‍ത്തിയത്. 314 എന്ന ഒന്നാം ഇന്നിങ്‌സ് ബാധ്യതയും പേറി മൂന്നാം ദിവസം വൈകുന്നേരം രണ്ടാം ഇന്നിങ്‌സില്‍ പാഡു കെട്ടേണ്ടി വന്ന ശ്രീലങ്കക്കാര്‍ തീര്‍ച്ചയായും ഒരു തോല്‍വി മുന്നില്‍ക്കണ്ടായിരിക്കണം മൈതാനത്തെത്തിയത്. നാലാം ദിനം അവസാനിക്കുമ്പോള്‍ തോല്‍വി ഒരു ദിവസത്തേക്കുകൂടി നീട്ടിക്കിട്ടിയ ആശ്വാസത്തില്‍ മാത്രമായിരുന്ന ലങ്കയുടെ സ്‌കോര്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 298 റണ്‍സ്. അപ്പോഴും ആദ്യ ഇന്നിങ്‌സ് ബാധ്യത പിന്നെയും ബാക്കി. പക്ഷേ, പ്രതീക്ഷയുടെ തിരിനാളമായി അപ്പോഴും ക്രീസിലുണ്ടായിരുന്നു മുന്‍ നായകന്‍ കുമാര്‍ സംഗക്കാര- 161 റണ്‍സോടെ. 169 എന്ന ചെറിയ വിജയലക്ഷ്യമേ പാകിസ്താനു മുന്നില്‍ ഉയര്‍ത്താനായുള്ളൂവെങ്കിലും അത് നേടിയെടുക്കാന്‍ സമയം തീരെ കുറവായിരുന്നു. മുന്നിലെത്തിയ തോല്‍വി ഒഴിവാക്കിയതില്‍ ലങ്ക ആശ്വാസം കൊണ്ടപ്പോള്‍ വാഴ്ത്തപ്പെട്ടത് സംഗക്കാരയെന്ന പോരാളി. 211 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം ഇന്നിങ്‌സ് സംഭാവന. സംഗക്കാരയുടെ എട്ടാം ഇരട്ട സെഞ്ച്വറിയായിരുന്നു അത്; പാകിസ്താനെതിരെ മൂന്നാമത്തേതും. ഇരട്ട സെഞ്ച്വറി ക്ലബില്‍ ഈ താരത്തിനു മുന്നിലുള്ളത് ഇനി ബ്രാഡ്മാന്റെയും ബ്രയന്‍ ലാറയുടെയും റെക്കോഡുകള്‍ മാത്രം.

രണ്ടാം ടെസ്റ്റിലും വലിയ സ്‌കോര്‍ കണ്ടെത്താനാവാതെ ലങ്ക കുഴങ്ങി. 239 റണ്‍സെന്ന ആദ്യ ഇന്നിങ്‌സ് സ്‌കോറിലും തുണയായത് 78 റണ്‍സോടെ സംഗക്കാര. മൂന്നാം ടെസ്റ്റിലും സംഗക്കാരയുടെ സ്‌കോറിങ് പാടവമാണ് ലങ്കന്‍ ടീമിന് കരുത്തേകിയത്. 144 റണ്‍സടിച്ച സംഗക്കാരയുടെ മികവിലാണ് ലങ്ക 413 എന്ന മികച്ച സ്‌കോര്‍ പാകിസ്താനു മുന്നിലുയര്‍ത്തിയത്. ഈ ഇന്നിങ്‌സോടെ ടെസ്റ്റില്‍ 9000 റണ്‍സും സംഗക്കാര തികച്ചു. രണ്ടാം ഇന്നിങ്‌സിലും അര സെഞ്ച്വറി തികച്ചു കരുത്തു കാട്ടിയ സംഗക്കാര നല്‍കുന്ന സൂചന ഇതാണ്- ക്യാപ്റ്റനായാലും ഇല്ലെങ്കിലും 'നായകന്‍' താന്‍ തന്നെ.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.