a mathrubhumi initiative
IST:
ഹോം   ക്രിക്കറ്റ്‌  
കണ്ണില്‍പ്പെടാതെ ക്രിക്കറ്റ് നേട്ടങ്ങള്‍
Posted on: 31 Oct 2011

പി.ടി.ബേബി


അഗര്‍ത്തലയില്‍ നിന്നാണ് ഒടുവിലത്തെ വാര്‍ത്ത വന്നത്. സി.കെ. നായിഡു ട്രോഫി അണ്ടര്‍ 22 ടൂര്‍ണമെന്റില്‍ ത്രിപുരയ്‌ക്കെതിരെ കേരളത്തിന്റെ എം.കെ. അക്ഷയ 180 റണ്‍സോടെ പുറത്താകാതെ നിന്നു. അതേദിവസം തന്നെയാണ് ഹൈദരാബാദില്‍ നടന്ന വിനു മങ്കാദ് ട്രോഫി ദക്ഷിണമേഖലാ അണ്ടര്‍ 19 ഏകദിന മത്സരത്തില്‍ കേരളത്തിന്റെ ആര്‍.എസ്. രഞ്ജിത്ത് 100 റണ്‍സ് നേടി പുറത്താകാതെ നിന്നത്.

കേരള ക്രിക്കറ്റില്‍ ഇങ്ങനെ തിളക്കമുള്ള പലതും സംഭവിക്കുന്നുണ്ട്. പക്ഷേ, അതൊക്കെ കണ്ണില്‍പ്പെടാതെ പോകുന്നു എന്ന് മാത്രം. കേരള ക്രിക്കറ്റ് എന്ന് കേള്‍ക്കുമ്പോള്‍ ഒരു പറ്റം വിവാദങ്ങളാണ് നമ്മുടെ മുന്നിലേക്ക് ആദ്യം എത്തുക. കേരള ക്രിക്കറ്റ് വിവാദങ്ങളിലൂടെ മാത്രം അറിയപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതിനിടയില്‍ നമ്മുടെ താരങ്ങളുടെ ഉജ്ജ്വല പ്രകടനങ്ങളാണ് മുങ്ങിപ്പോയത്. സമീപകാലത്ത് കേരള ക്രിക്കറ്റ് ഏറെ മാറിയിരിക്കുന്നു. ശ്രദ്ധേമായ പല പ്രകടനങ്ങളുമുണ്ടായി. വിദേശങ്ങളില്‍ കളിച്ച് മികച്ച അനുഭവ സമ്പത്തുമുണ്ടായി.

ദക്ഷിണാഫ്രിക്കന്‍ പര്യടനം കേരളത്തെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ കേരളം കളിച്ച ഏഴ് മത്സരങ്ങളില്‍ ആറും ജയിച്ചു. ഇതിനിടെ പ്രശാന്ത് പരമേശ്വരന്‍ ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഇടംനേടുകയും ചെയ്തു.

ഇതാദ്യമായി ഈ വര്‍ഷം കേരളം ബുച്ചിബാബു ഓള്‍ ഇന്ത്യ നോക്കൗട്ട് ടൂര്‍ണമെന്റില്‍ റണ്ണേഴ്‌സ് അപ്പായി. 2010-11ല്‍ അണ്ടര്‍ 19 കുച്ച് ബെഹാര്‍ ട്രോഫിയില്‍ ആദ്യമായി എലൈറ്റ് ഗ്രൂപ്പിലെത്തി. സെയ്ദ് മുഷ്ത്താഖ് അലി ട്രോഫി ട്വന്റി 20യില്‍ കഴിഞ്ഞ സീസണില്‍ ആദ്യമായി നോക്കൗട്ട് സ്‌റ്റേജില്‍ കളിച്ചു.

കഴിഞ്ഞ സീസണില്‍ സി.കെ. നായിഡു ട്രോഫിയില്‍ ആന്ധ്രയോടൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടു. ഇതിനിടെ ഡി.വി. സുബ്ബറാവു ട്രോഫി സ്വന്തമാക്കി. ഇതും കേരള ക്രിക്കറ്റിലെ ആദ്യസംഭവം. അണ്ടര്‍ 25 റാം മോഹന്‍ ട്രോഫിയില്‍ റണ്ണേഴ്‌സ് അപ്പായത് കഴിഞ്ഞ സീസണിലാണ്. കേരള വനിതകള്‍ക്കും ഒരു നേട്ടമുണ്ടായി, ആന്ധ്രയില്‍ സച്ചിന്‍ രാജു സീനിയേഴ്‌സ് ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനം.

സമീപകാലത്ത് നമ്മുടെ താരങ്ങളും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. റെയ്ഫി വിന്‍സന്റ് ഗോമസ്, പി. പ്രശാന്ത്, പ്രശാന്ത് പരമേശ്വരന്‍ എന്നിവര്‍ ശ്രീശാന്തിനൊപ്പം കൊച്ചി ടസ്‌കേഴ്‌സില്‍ കളിച്ചു.

ഐ.പി.എല്ലില്‍ ഒരു കളിയില്‍ മാന്‍ ഓഫ് ദ മാച്ചായ പ്രശാന്ത് പരമേശ്വരന്‍ ദുലീപ് ട്രോഫിയിലും കളിച്ചു. അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെത്തിയ സഞ്ജു വിശ്വനാഥ് ജൂനിയര്‍ തലത്തില്‍ ഒരു സീസണില്‍ 1000 റണ്‍സടിക്കുന്ന താരമാവുകയും ചെയ്തു. സഞ്ജു അണ്ടര്‍ 19 ദക്ഷിണമേഖലാ ടീമിലും കളിച്ചു. റോബര്‍ട്ട് ഫെര്‍ണാണ്ടസിന് ദേവ്ധര്‍ ട്രോഫിയിലും രോഹന്‍ പ്രേമിന് ദുലീപ് ട്രോഫിയിലും അഭിഷേക് മോഹന് അണ്ടര്‍ 19 ദക്ഷിണമേഖലാ ടീമിലും കളിക്കാന്‍ അവസരം ലഭിച്ചു. ഈ വര്‍ഷം വിനു മങ്കാദ് ട്രോഫിയില്‍ 14 വിക്കറ്റുമായി ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരനായി മാറിയത് അഭിഷേക് മോഹനാണ്.

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളില്‍ വിവിധ കേരളടീമുകള്‍ പര്യടനം നടത്തി.

ഇങ്ങനെ ചെറുതല്ലാത്ത നേട്ടങ്ങളുണ്ടാവുമ്പോഴും അതെല്ലാം വിവാദങ്ങളുടെ നിഴലിലായി പോകുന്നു. കേരള ക്രിക്കറ്റ് താരങ്ങള്‍ക്ക് അവര്‍ അര്‍ഹിച്ച അംഗീകാരങ്ങള്‍ കിട്ടാതെ പോകുന്നതാണ് ദുരന്തം.

ഐ.പിഎല്‍ കേരള ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചുചാട്ടത്തിന് വഴിവെക്കേണ്ടതായിരുന്നു. എന്നാല്‍ സംഭവിച്ചത് നേരേ തിരിച്ചാണ്. കേരളത്തില്‍ ക്രിക്കറ്റ് കാണാന്‍ ആളെക്കിട്ടുന്നില്ലെന്നും ഇവിടെ നിന്ന് വേദി മാറ്റിത്തരണമെന്നും ടസ്‌കേഴ്‌സ് ഉടമകള്‍ ബി.സി.സി.ഐ.ക്ക് കത്ത് നല്‍കിയതിന് പിന്നാലെ ഫ്രാഞ്ചൈസിയുടെ അംഗീകാരം റദ്ദാക്കപ്പെട്ടു. കേരളത്തിലെ മുപ്പതോളം യുവക്രിക്കറ്റര്‍മാര്‍ക്ക് ഒരു മാസത്തോളം അന്താരാഷ്ട്ര താരങ്ങളുമായി ഇടപഴകാനും അവരോടൊപ്പം പരിശീലനത്തില്‍ പങ്കെടുക്കാനും സാധിച്ചിരുന്നു. ആ അവസരങ്ങള്‍ അടുത്ത സീസണില്‍ നഷ്ടമാകും. ഐ.പി.എല്‍. സജീവമായി കേരളത്തില്‍ തുടരുകയാണെങ്കില്‍ അത് നമ്മുടെ കളിക്കാര്‍ക്ക് സുവര്‍ണാവസരങ്ങള്‍ തന്നെ നല്‍കുമായിരുന്നു. പക്ഷേ, വരുംസീസണില്‍ കൊച്ചിയില്‍ ഐ.പി.എല്‍. ഉണ്ടാവില്ലല്ലോ.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.