a mathrubhumi initiative
IST:
ഹോം   വെബ്‌സ്‌പെഷ്യല്‍  
ഹാറ്റ്‌സ് ഓഫ് ആന്റ് ഗുഡ്‌ബൈ ക്യാപ്റ്റന്‍
Posted on: 02 Oct 2011



ഇത് എന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ചില ഓര്‍മകളാണ്. എന്നെപ്പോലെ ഒരുപാട് പേര്‍ പങ്കുവെക്കുന്ന ഓര്‍മ്മകളും വീരചരിതങ്ങളുമാണെന്നതിനാല്‍ ഈ കറിപ്പ് എഴുതുന്നു. അക്കാലത്ത് രാജകുമാരനുണ്ടായിരുന്നു. കഥയിലല്ല, ശരിക്കും ജീവിതത്തില്‍ തലകുനിക്കാത്ത തലയെടുപ്പ്. മുന്നില്‍ നിന്ന് പടനയിക്കുകതന്നെ. രാജകുമാരന്റെ പേര് മന്‍സൂര്‍ അലിഖാന്‍ പട്ടാഡി. കളിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെയും കൊളോണിയല്‍ ക്രിക്കറ്റിന്റെയും ചരിത്രത്തില്‍ ആദ്യമായി വെള്ളക്കാരന്‍ അപകര്‍ഷതയനുഭിവച്ചുവെന്ന് റേഡിയോ കമന്റേറ്റര്‍മാര്‍ പറഞ്ഞ് ഞങ്ങളറിഞ്ഞു. പഴയ 'ഹിന്ദു' പത്രത്തിന്റെയും 'ഇല്ലസ്‌ട്രേറ്റഡ് വീക്‌ലി'യുടെയും താളുകളില്‍ അച്ചടിച്ചു വരാറുണ്ടായിരുന്ന പട്ടൗഡിയുടെ ഫോട്ടോകള്‍ ഞങ്ങളുടെ പുസ്തകത്താളുകള്‍ക്കിടയില്‍ മയില്‍പ്പീലിയോടൊപ്പം സ്ഥാനം പടിച്ചു.

വിശ്വനാഥിനും സര്‍ദേശായിക്കും നരിക്കോണ്‍ട്രാക്റ്റര്‍ക്കും ഇല്ലാതിരുന്ന ഒരു സവിശേഷത പട്ടൗഡിയില്‍ ഉണ്ടായിരുന്നു-ജന്മസിദ്ധമായ നേതൃപാടവം. ഇന്ത്യ വെറും പ്രജാരാഷ്ട്രമാണ്, നമ്മള്‍ കളിക്കുന്നത് കൊളോണിയല്‍ യജമാനന്‍ കണ്ടെത്തിയ ക്രിക്കറ്റാണ്, കളിയില്‍ കൂടുതല്‍ കേമനായ വെള്ളക്കാരനോട് തോല്‍ക്കാനാണ് നമ്മുടെ വിധി-ഇത്തരം ചിന്തകള്‍ ഊടും പാവും നെയ്ത മനോഘടനയോടെയായിരുന്നു അക്കാലങ്ങളില്‍ ഇന്ത്യന്‍ കളിക്കാര്‍ കളിക്കാന്‍ ഇറങ്ങിയിരുന്നത്. റേഡിയോ ചെവിയോട് ചേര്‍ത്ത് വെച്ച് കളികേട്ടിരുന്ന ശ്രോതാക്കളും ഏതാണ്ട് ഇതേ മനോഘടനയുള്ളവര്‍തന്നെ. അതുകൊണ്ടുതന്നെ 'ലോഡ്‌സില്‍ ഇന്ത്യ തോറ്റു' 'ഓവലില്‍ ഇന്ത്യ ബുദ്ധിമുട്ടുന്നു' തുടങ്ങിയ തലക്കെട്ടുകള്‍ പത്രത്തലക്കെട്ടുകളായി രാവിലെ പ്രാതലിനൊടൊപ്പം എത്തുമ്പോളും ആരും വിഷമിക്കാറില്ല. കാരണം പ്രജാരാജ്യത്തിന് അത്രയൊക്കെയേ വിധിയുള്ളു. അന്ന് പത്രവാര്‍ത്ത പൂര്‍ണ്ണമായി വായിച്ചിരുന്നത് തോല്‍വിക്കിടയിലും ചന്ദ്രശേഖര്‍ക്ക് വിക്കറ്റ് കിട്ടിയോ സലിം ദുറാനി എന്തെങ്കിലും അവിസമരണീയ പ്രകടനം കാഴ്ചവെച്ചോ എന്നറിയാനായിരുന്നു. മഹിമയിലൂടെ ഇന്ത്യക്കാര്‍ ക്രിക്കറ്റിനെ പ്രണയിച്ചു. ഇന്നും കാര്യങ്ങള്‍ ഏതാണ്ട് ഇതേ അവസ്ഥയില്‍ത്തന്നെ. ചന്ദ്രശേഖര്‍, ദൂറാനി, സര്‍ദേശായി എന്ന നാമങ്ങള്‍ക്ക് പകരം ദ്രാവിഡ്, ലക്ഷമണ്‍, തെണ്ടുല്‍ക്കര്‍ എന്നായിട്ടണ്ടെന്ന് മാത്രം.



ഈ പൊതുരീതി ആദ്യമായി മാറ്റിമറിച്ചത് ടൈഗര്‍ പട്ടൗഡിതന്നെയായിരുന്നു. ക്രിക്കറ്റ് ഇന്ത്യയ്ക്ക് ജയിക്കാനുള്ള കളിയാണെന്നും ക്യാപ്റ്റന്റെ ചുമതലയെന്നത് അണികള്‍ക്ക് പിറകില്‍ നിന്ന് പ്രചോദനം നല്കലല്ല, മുന്നില്‍ നിന്ന് പടനയിക്കലാണെന്നും പട്ടൗഡി വിശ്വസിച്ചു. 1961ല്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്പണിഞ്ഞ പട്ടൗഡി തന്റെ മൂന്നാം ടെസ്റ്റില്‍ത്തന്നെ ഇന്ത്യയെ വിജയത്തില്‍ എത്തിച്ചു. അതും മദ്രാസ് ടെസ്റ്റില്‍ സേടിയ സെഞ്ച്വറിയോടെ. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ പരമ്പര വിജയമായിരുന്നു അത്.

നേതൃത്വപാടവത്തെക്കുറിച്ച് മാനേജ്‌മെന്റ് പഠനങ്ങളില്‍ രണ്ടുതരം വീക്ഷണങ്ങള്‍ ഉണ്ട്. നിരവധി കൊച്ചുകൊച്ചു പ്രവര്‍ത്തനങ്ങളിലൂടെ ഒരു വ്യക്തി ജനസാമാന്യത്തിന് നല്ലത് ചെയ്യുമ്പോള്‍ ക്രമേണ അയാളൊരു നേതാവായി മാറുന്നു എന്നതാണ് ഒന്നാമത്തെ വീക്ഷണം. എന്നാല്‍ മറ്റൊരുതരം നേതാക്കന്മാര്‍ കൂടിയുണ്ട്. അവരില്‍ നേതൃഗുണം ജന്മസിദ്ധമാണ്. ഒരു സഭയില്‍ അയാള്‍ കയറിച്ചെല്ലുമ്പോഴേ അയാള്‍ ആരാധനാപാത്രമായിട്ടുണ്ടാകും. Trait theory എന്നാണ് മാനേജ്‌മെന്റ് പഠനങ്ങളില്‍ ഈ നേതൃസിദ്ധാന്തത്തെ വിളിക്കുന്ന പേര്. ഈ സിദ്ധാന്തത്തെ തികച്ചും ഉദാഹരിക്കുന്ന വ്യക്തിത്വമായിരുന്നു പട്ടൗഡിയുടേത്. നേതൃഗുണം പട്ടൗഡിയുടെ ഓരോ ചുവടുവെപ്പിലും ഉണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ പഠിച്ചിരുന്ന കാലത്ത് സ്‌ക്കൂള്‍ ക്രിക്കറ്റില്‍ പട്ടൗഡി സൃഷ്ടിച്ച റെക്കോഡ് അതിനു തെളിവാണ്.



ഒരു സീസണില്‍ 1068 റണ്‍സടിച്ച പട്ടൗഡി തകര്‍ത്തത് മുന്‍ ഇംഗ്ലീഷ് ക്യാപറ്റനായിരുന്ന ഡഗ്ലസ് ജാര്‍ഡൈന്റെ പേരിലുള്ള റെക്കോഡായിരുന്നു. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനെ ബോഡിലൈന്‍ ആക്രമണത്തിലൂടെ തളയ്ക്കാന്‍ ശ്രമിച്ച ഇംഗ്ലീഷ് ക്യാപ്റ്റനായിരുന്നു ജാര്‍ഡൈന്‍ എന്ന് ഓര്‍ക്കണം. 1961 ല്‍ ഒരു കാര്‍ അപകടത്തില്‍ വെച്ച് പട്ടൗഡിയ്ക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടത് പട്ടൗഡിയിലെ നേതൃത്വഗുണങ്ങളെ കെടുത്തിക്കളയുകയല്ല പൂര്‍വ്വാധികം ജ്വലിപ്പിക്കുകയാണ് ചെയ്തത്. ഒറ്റക്കണ്ണുമായി ക്രിക്കറ്റ് കളിക്കല്‍ ഏതാണ്ട് അസാദ്ധ്യം തന്നെയായിരുന്നു. കേടുവന്ന കണ്ണ് തുറന്നുപടിച്ചാല്‍ ഓരോ വസ്തുവും രണ്ടായി കാണും. ബാറ്റ് ചെയ്യുമ്പോള്‍ രണ്ടു പന്തുകള്‍ നേരെ വരുന്നതായാണ് തോന്നുക. ഇനി ആ കണ്ണ് അടച്ചു പിടിച്ചാലോ, മൂന്നാമത്തെ മാനമായ ആഴം, അകലം എന്നിവ നഷ്ടപ്പെട്ട് ദ്വിമാനമായ ലോകത്തില്‍ എത്തിയ പോലിരിക്കും. പന്ത് എത്ര അകലത്തിലാണെന്നു മനസ്സിലാവാന്‍ വിഷമം വരും. അതോടെ പന്ത് നേരിടാന്‍ ഏത് ഷോട്ട് സിലക്ട് ചെയ്യണമെന്ന് നിശ്ചയിക്കാനും പ്രയാസം വരും. പക്ഷേ, പട്ടൗഡി രാജപ്രതാപത്തോടെ വിധിക്കെതിരെയും തലപൊക്കിപ്പിടിച്ചു. കേടു വന്ന കണ്ണിനുമേല്‍ ക്യാപ്പ് ഇറക്കിവെച്ച് ഒറ്റക്കണ്ണിന്റെ കാഴ്ചയുമായി അദ്ദേഹം ബാറ്റ് ചെയ്തു. ഡബിള്‍ സെഞ്ച്വറിയടക്കം മികച്ച സ്‌ക്കോറുകള്‍ നേടുകയും ചെയ്തു. ഒരുപക്ഷേ, കണ്ണു നഷ്ടപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ ഒരു കാലഘട്ടത്തിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായിത്തന്നെ പട്ടൗഡി അറിയപ്പെടുമായിരുന്നു.

ഒറ്റക്കണ്ണുകൊണ്ട് ബാറ്റ് ചെയ്ത പട്ടൗഡിയ്ക്ക് അപാരമായ ക്രാന്തദര്‍ശ്വിത്വം ഉണ്ടായിരുന്നു. തന്റെ ഫീല്‍ഡര്‍മാരെ യഥാസ്ഥാനത്ത് നിര്‍ത്തുന്നതില്‍ പട്ടൗഡിയുടെ ദര്‍ശനം അസാമാന്യമായിരുന്നു. തന്റെ ഏതു ബൗളര്‍ ഏതുതരത്തിലുള്ള പന്തെറിയും, ആ പന്തിനെതിരെ എതിര്‍ ബാറ്റ്‌സ്മാന്‍ ഏതുതരം ഷോട്ടുകള്‍ കളിക്കും എന്ന് മുന്‍കൂട്ടി കാണാല്‍ പട്ടൗഡിയ്ക്കുള്ള കഴിവ് പട്ടൗഡിയ്ക്ക് മുമ്പോ പിമ്പോ അധികം ക്യാപ്റ്റന്മാര്‍ക്ക് ഉണ്ടായിരുന്നില്ല. ഇന്ത്യ എതിര്‍ ടീമുകളെ ആക്രമിക്കേണ്ടത് സ്പിന്‍ ബൗളര്‍മാരെ രംഗത്തിറക്കിക്കൊണ്ടാവണം എന്ന് മനസ്സിലാക്കിയതും പട്ടൗഡിയായിരുന്നു. ചന്ദ്രശേഖര്‍, പ്രസന്ന, ബേഡി, വെങ്കട്‌രാഘവന്‍ തുടങ്ങിയ സ്പിന്നര്‍മാര്‍ ഇന്ത്യയുടെ ഭാഗധേയം ഏറ്റെടുത്തതും വാസ്തവത്തില്‍ പട്ടൗഡിയുടെ ദര്‍ശനത്തിന്റെ ഫലമായിട്ടായിരുന്നു. പട്ടൗഡി ഉണ്ടായിരുന്നില്ലെങ്കില്‍, ഒരുപക്ഷേ, 1970 കളിലെ സ്പിന്‍ വസന്തവും തന്റെ പിന്‍ഗാമിയായ അജിത് വഡേക്കറുടെ പരമ്പരവിജയങ്ങളും ഉണ്ടാകുമായിരുന്നില്ല. ധോണിയുടെ ടീമിനെ വാര്‍ത്തെടുത്തത് ബംഗാള്‍ ടൈഗര്‍ ഗാംഗുലിയാണെന്ന് പറയുന്നതുപോലെ അജിത് വഡേക്കറുടെ ടീമിനെ വാര്‍ത്തെടുത്തത് മുന്‍ഗാമിയായ ടൈഗര്‍ പട്ടൗഡിയായിരുന്നു.



ഒരു ക്യാപ്റ്റന്റെ മഹിമ പൂര്‍ണമായി മനസ്സിലാക്കണമെങ്കില്‍ അദ്ദേഹം എത്ര കളിക്കാരെ പുതുതായി വളര്‍ത്തിക്കൊണ്ടുവന്നു എന്ന് അറിയുമ്പോളാണ്. തന്റെ കരിയര്‍ മാത്രം ശ്രദ്ധിച്ച്, തന്റെ കരിയര്‍ ഗ്രാഫില്‍ മാത്രം ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് നല്ല ക്യാപ്റ്റനാവാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ഇന്ത്യ കണ്ട രണ്ട് മികച്ച ക്യാപ്റ്റന്മാര്‍ പട്ടൗഡിയും ഗാഗുലിയുമായിരുന്നു. വിശ്വനാഥും ആബിദ് അലിയും പ്രസന്നയുമൊക്കെ ടൈഗര്‍ പട്ടൗഡിയില്‍ നിന്ന് അനുഭവിച്ച സ്‌നേഹവും വിശ്വാസവും അവരുടെ ക്രിക്കറ്റ് ജീവിതത്തില്‍ നിര്‍ണായകമായി മാറി. തങ്ങളുട ഏറ്റവും മികച്ച കളി പുറത്തെടുക്കാന്‍ അവരെ സഹായിച്ചത് പട്ടൗഡി നല്കിയ പ്രചോദനമായിരുന്നു. തന്റെ കീഴില്‍ കളിച്ചവര്‍ മോശമായി കളിച്ചപ്പോളൊക്കെ പട്ടൗഡി അവരുടെ യഥാര്‍ത്ഥ കഴിവില്‍ വിശ്വാസമര്‍പ്പിച്ചു. ഇന്ത്യ ഇന്ന് കാത്തിരിക്കുന്നത് അത്തരമൊരു ക്യാപ്റ്റനെയാണ്. പട്ടൗഡിയുടെ തലപ്പൊക്കം, ഗവാസ്‌ക്കറുടെ ഉരുക്കുറപ്പ്, ഗാംഗുലിയുടെ ശൗര്യം-ഇതൊക്കെ ചേര്‍ന്ന ഒരു ക്യാപ്റ്റനെ.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.