SATURDAY, JANUARY 31, 2015
'നഷ്ടമായത് ഒളിമ്പിക് മെഡല്‍മാത്രം'
Posted on: 14 Sep 2011

കെ.ആര്‍. ധന്യ

ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ എക്കാലത്തെയും അഭിമാനതാരമാണ് അഞ്ജുബോബി ജോര്‍ജ്. 2003ല്‍ പാരീസില്‍നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടി ചരിത്രംസൃഷ്ടിച്ച ഇന്ത്യക്കാരി. നിരവധി ദേശീയ, അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം, വെള്ളി മെഡലുകള്‍ സ്വന്തമാക്കിയ അഞ്ജുവിനെ അര്‍ജുന അവാര്‍ഡും ഖേല്‍രത്‌ന അവാര്‍ഡും പത്മശ്രീയും നല്കി രാജ്യം ആദരിച്ചു. ട്രിപ്പിള്‍ ജംപില്‍ മുന്‍ ദേശീയചാമ്പ്യനും അഞ്ജുവിന്റെ കോച്ചുമായിരുന്ന ഭര്‍ത്താവ് റോബര്‍ട്ട് ബോബി ജോര്‍ജിന് രണ്ടുവയസ്സുകാരന്‍ മകന്‍ ആരോണിനുമൊപ്പം ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ അഞ്ജു അവധിക്കാലമാസ്വദിക്കാനായി നാട്ടിലെത്തിയതാണ്. കസ്റ്റംസ് വകുപ്പില്‍ ഉദ്യോഗസ്ഥയായ അഞ്ജു കുടുംബാംഗങ്ങള്‍ക്കൊപ്പം ഹൗസ്‌ബോട്ട് യാത്രയ്ക്കായി ആലപ്പുഴയിലെത്തിയപ്പോള്‍ 'മാതൃഭൂമി'യുമായി വിശേഷങ്ങള്‍ പങ്കുവച്ചു.


? കായികരംഗത്തെ തിരക്കുകളൊഴിഞ്ഞുള്ള ജീവിതം

ശരിക്കും ഞാന്‍ ആസ്വദിക്കുകയാണ്. കായികജീവിതം മുഴുവന്‍ സമ്മര്‍ദങ്ങള്‍ നിറഞ്ഞതായിരുന്നു. ഇപ്പോള്‍ ഞാന്‍ 'റിലാക്‌സ്ഡാണ്'. ജീവിതം ആസ്വദിക്കാന്‍ കഴിയുന്നുണ്ട്.

? പൂര്‍ണമായും കുടുംബജീവിതത്തില്‍ മുഴുകിയോ?

അങ്ങനെ വേണമെങ്കില്‍പറയാം. പക്ഷേ, ഇപ്പോഴും പരിശീലനത്തിനൊരു കുറവുമില്ല. എന്നും രാവിലെ കുറച്ചുസമയം അതിനുവേണ്ടി ചെലവഴിക്കുന്നുണ്ട്.

?അമ്മയായതിനുശേഷമുള്ള ജീവിതം.

മകന്‍ ആരോണ്‍. അവനുമായാണ് ഞാനുംബോബിയും പരിശീലനത്തിനായി ഗ്രൗണ്ടില്‍ പോകുന്നത്. അവന്‍ ജനിച്ചയന്നുമുതല്‍ കാണാന്‍തുടങ്ങിയതാണ് ഈ കസര്‍ത്ത്. ഇപ്പോള്‍ ഞാന്‍ പരിശീലിക്കുന്നതു കാണുമ്പോള്‍ അവനും കൈയുംകാലുമൊക്കെയെടുത്ത് ആക്ഷന്‍ കാണിക്കും.

?തിരക്കൊഴിഞ്ഞ ജീവിതത്തിലെ വിശ്രമനേരങ്ങള്‍ എങ്ങനെ

യാത്രകള്‍ ഞങ്ങള്‍ക്കിരുവര്‍ക്കും ഇഷ്ടമാണ്. സമയം കിട്ടുമ്പോഴെല്ലാം കുഞ്ഞിനെയുംകൊണ്ട് യാത്രപോകും. കാറില്‍ എത്താന്‍പറ്റുന്ന ദൂരങ്ങളായിരിക്കും ഞങ്ങളുടെ ലക്ഷ്യം. ബാംഗ്ലൂരിലും പുറത്തും കാറുമായി ഞങ്ങള്‍ കറങ്ങാന്‍ പോകാറുണ്ട്. പിന്നെ, പാട്ട് കേള്‍ക്കും. സിനിമകള്‍ വീട്ടിലിരുന്ന് കാണും.

?കായിക ജീവിതമൊഴിച്ചുള്ള അഞ്ജുബോബി ജോര്‍ജിനെ എങ്ങനെ സ്വയംവിലയിരുത്തുന്നു

കുടുംബത്തോട് ഏറെ അടുപ്പവും സ്‌നേഹവുമുള്ള തികച്ചും ഹോംലിയായ ഒരു സ്ത്രീ. നല്ലകുടുംബിനിയും അമ്മയുമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു.

?കായികജീവിതത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍

ഒട്ടും നിരാശയില്ല. കൂടുതല്‍ നേടാമെന്ന് തോന്നിയിട്ടുണ്ട്. ആഗ്രഹത്തിന് ആര്‍ക്കും പഞ്ഞമില്ലല്ലോ. എന്നേക്കാള്‍ എന്നില്‍ പ്രതീക്ഷിച്ചിരുന്നവര്‍ മറ്റുള്ളവരാണ്. മറ്റു കായികതാരങ്ങളുടെ കാര്യത്തില്‍ 'അവര്‍ ഇത്രയെങ്കിലുമെത്തിയല്ലോ' എന്നുപറയുമ്പോള്‍ 'അഞ്ജുവില്‍നിന്ന് പ്രതീക്ഷിച്ചതുകിട്ടിയില്ല' എന്നാണ് പലരും പറയുന്നത്. എന്നില്‍നിന്ന് എന്തെല്ലാമോ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നപോലെ. പക്ഷേ, എനിക്ക് നഷ്ടമായത് ഒളിമ്പിക്‌മെഡല്‍ മാത്രമാണ്. മറ്റെല്ലാം ഞാന്‍ നേടിക്കഴിഞ്ഞിരുന്നു.

?ഇന്ത്യന്‍ അത്‌ലറ്റിക് മേഖല

'ഇല്ല' എന്നുപറഞ്ഞ് കരയുന്നവരാണ് അത്‌ലറ്റിക്‌സ് മേഖലയിലേക്കുവരുന്ന പലരും. അങ്ങനെ കരഞ്ഞിട്ട് കാര്യമില്ല. നമ്മുടെ കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരങ്ങള്‍ നാം തന്നെ അന്വേഷിക്കണം. എങ്കിലേ ഇന്ത്യന്‍ അത്‌ലറ്റിക്‌സും രക്ഷപ്പെടൂ.

?കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം ഇന്ത്യയില്‍

ഇന്ത്യയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും ഒരു പ്രത്യേകതയുണ്ട്. നമ്മള്‍ ഒരുകാര്യം നേടിയതിനുശേഷം മാത്രമേ അവര്‍ നമ്മളെ അംഗീകരിക്കൂ, പ്രോത്സാഹിപ്പിക്കൂ. ആ നേട്ടത്തിലേക്കെത്താനായി ഒരുവ്യക്തിയെ പ്രോത്സാഹിപ്പിക്കാനോ വേണ്ടസാഹചര്യം ഒരുക്കിക്കൊടുക്കാനോ ആരുമുണ്ടാകില്ല. എന്റെ കോച്ച് ബോബിതന്നെയായിരുന്നതുകൊണ്ട് എവിടെപ്പോയി പരിശീലനം നേടാനും എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പക്ഷേ, ഇന്ത്യയിലെ ഒട്ടുമിക്ക അത്‌ലറ്റുകള്‍ക്കും ഇത്തരം സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. പലരും സാമ്പത്തികമായി ഏറെ പിന്നാക്കം നില്കുന്നവരുമാണ്.

?യുവകായിക താരങ്ങളോട് പറയാന്‍

ഇന്ത്യന്‍ കായികതാരങ്ങളില്‍ തൊണ്ണൂറു ശതമാനത്തിനും ലോകമത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. എന്തെങ്കിലും നേടണമെന്നുള്ള ഒരു ലക്ഷ്യബോധത്തിന്റെ കുറവുമുണ്ടായിരുന്നു. ഇപ്പോള്‍ ഈ മനോഭാവത്തില്‍ മാറ്റമുണ്ടാകുന്നുണ്ട്. നമ്മളും ലോകത്തില്‍ എവിടെയോ ഒരു ശക്തിയായി ഉണ്ടെന്നുള്ള വിശ്വാസം അവര്‍ക്ക് വന്നിട്ടുണ്ടെന്ന് തോന്നുന്നു. പേടി മാറ്റിവച്ച് ആത്മവിശ്വാസത്തോടെ പൊരുതിയാല്‍ കായികരംഗത്ത് ഇനിയും ഇന്ത്യക്ക് ഏറെ മുന്നോട്ടുപോകാനാകും.

?പരിശീലന രംഗത്തേക്ക്

ഇല്ലേ ഇല്ല. ഞാന്‍ നല്ലൊരു കായികതാരമായിരിക്കാം. പക്ഷേ നല്ലൊരു പരിശീലകയാകാനുള്ള ഒരു യോഗ്യതയും എനിക്കില്ല. അത് വ്യത്യസ്ഥമായ ഒരു മേഖലയാണ്.

?ഭാവി പദ്ധതികള്‍

ഒന്നും തീരുമാനിച്ചിട്ടില്ല. കായികരംഗത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

?ആലപ്പുഴയുമായി

എന്റെവീട് ചങ്ങനാശ്ശേരിയിലാണല്ലോ. അതുകൊണ്ട് നിരവധിതവണ ആലപ്പുഴയില്‍ വന്നിട്ടുണ്ട്. ഇവിടത്തെ കരിമീന്‍ പൊള്ളിച്ചതിനോട് കടുത്ത ഇഷ്ടവുമുണ്ട്. പിന്നെ കായല്‍യാത്ര- അതും സുന്ദരം.

 

 

 

Other stories in this section:
 • അര്‍ജന്റീനയ്ക്ക് എന്താണ് സംഭവിച്ചത്?-മഷെറാനോ
 • സ്‌ക്വയര്‍ ഡ്രൈവ്‌
 • സഞ്ജു കൂളാണ്‌
 • ആക്രമണം തന്നെ പ്രതിരോധം
 • റോള്‍ മോഡല്‍
 • ബില്യണ്‍ ഡോളര്‍ ബെയ്ല്‍
 • വെരി വെരി സ്‌പെഷ്യല്‍
 • 'എന്റെ ഏറ്റവും വലിയ ജയം'
 • ആഹ്ലാദത്തിരയില്‍ പ്രജുഷ
 • ദീപികയ്ക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കം
 • ഷാര്‍പ്പ് ഷൂട്ടര്‍
 • ലക്ഷ്യം ഒളിമ്പിക് മെഡല്‍; ഈ വെള്ളി കോച്ച് അജിമോന്-ദുര്‍ഗേഷ്‌
 • സ്വപ്നം പോലെ സ്വര്‍ണപ്പന്ത്
 • ഇത് ഉറുഗ്വായ്ന്‍ ജനതയ്ക്കുള്ള സമ്മാനം: ഫോര്‍ലാന്‍
 • ആഫ്രിക്കയുടെ ആവേശം പ്രകടമാവും
 • ഞങ്ങള്‍ക്കുമുണ്ട് ചില സ്വപ്നങ്ങള്‍: ദ്രോഗ്ബ
 • ടീമാണ് മുഖ്യം, വ്യക്തിനേട്ടങ്ങള്‍ രണ്ടാമത് മാത്രം
 • ജയമാണ് പ്രധാനം, കേളീഭംഗിയല്ല: ദുംഗ
 • അര്‍ജന്റീനയെ പേടിക്കണം
 • എന്റെ സ്വപ്നം ലോകകപ്പ്‌
 •