a mathrubhumi initiative
IST:
ഹോം   കോളം   പി.ജെ. ജോസ്‌
താരോദയമായി ഗോട്‌സെ
Posted on: 18 Aug 2011


സ്‌പോക്കസ്
ഇടക്കാലത്ത് ഒന്നു തളര്‍ന്നെങ്കിലും ഫുട്‌ബോള്‍ ലോകത്തെ ശക്തികേന്ദ്രങ്ങളില്‍ മുന്‍നിരയില്‍ തന്നെയാണ് ജര്‍മന്‍ ടീം. കഴിഞ്ഞ രണ്ടു ലോകകപ്പിലും മൂന്നാം സ്ഥാനം. 2008- ലെ യൂറോകപ്പില്‍ റണ്ണേഴ്‌സ് അപ്പ്. മോഹിപ്പിക്കുന്ന കിരീട നേട്ടങ്ങളുടെ വമ്പു പറയാനില്ലെങ്കിലും ജര്‍മന്‍ ഫുട്‌ബോളിന്റെ കരുത്തു തെളിയിക്കുന്നതാണ് ഈ നേട്ടങ്ങള്‍.

ജര്‍മന്‍ ഫുട്‌ബോളിന്റെ ഭാവി യുവതാരങ്ങളുടെ കൈകളില്‍ ശക്തമാണെന്നു തെളിയിക്കുന്നതായിരുന്നു കഴിഞ്ഞയാഴ്ച ബ്രസീലിനെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദമത്സരം. ജര്‍മന്‍ നഗരമായ സ്റ്റുട്ട്ഗര്‍ട്ടില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്രസീലിനെ മറികടന്നത്.

സ്‌കോര്‍ സൂചിപ്പിക്കുന്നതു പോലെ അത്ര കടുത്ത മത്സരമായിരുന്നില്ല അരങ്ങേറിയത്. കളിയുടെ എല്ലാ മേഖലകളിലും ബ്രസീലിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ജര്‍മന്‍ ടീം പുറത്തെടുത്തതെന്നാണ് ഫുട്‌ബോള്‍ പണ്ഡിതന്‍മാരുടെ അഭിപ്രായം. കളി ആസൂത്രണം ചെയ്യുന്നതിലും അത് സമര്‍ഥമായി നടപ്പാക്കുന്നതിലും ജര്‍മന്‍ താരങ്ങള്‍ മികവു കാട്ടിയെന്നാണ് അവരുടെ വിലയിരുത്തല്‍.

നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ക്കുശേഷം ബ്രസീലിനെതിരെ ജര്‍മനി നേടിയ വിജയമെന്ന വിശേഷണവും ഇതിനുണ്ട്. ബ്രസീലാണ് 2014-ലെ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്.

കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും കൈവിട്ട കിരീടം സ്വന്തം നാട്ടില്‍ വീണ്ടെടുക്കുക എന്നതാണ് കോച്ച് മനോ മെനസിസിന്റെയും ബ്രസീലിയന്‍ ഫുട്‌ബോള്‍ അധികൃതരുടെയും മുന്നിലുള്ള ലക്ഷ്യം. അതിനായി യുവടീമിനെ വാര്‍ത്തെടുത്തുകൊണ്ടിരിക്കുകയാണ് കോച്ചും സംഘവും.

സ്റ്റുട്ട്ഗര്‍ട്ടില്‍ ജര്‍മനിയെ നേരിട്ടത് യുവാക്കള്‍ക്ക് മുന്‍തൂക്കമുള്ള ടീമാണ്. മറുവശത്ത് ജര്‍മന്‍ നിരയിലും യുവതാരങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. യുവതാരങ്ങളുടെ അരങ്ങില്‍ തിളങ്ങിയത് ജര്‍മനിയുടെ പത്തൊമ്പതുകാരനായ മിഡ്ഫീല്‍ഡര്‍ മരിയോ ഗോട്‌സെയാണ്.

ജര്‍മന്‍ ചാമ്പ്യന്മാരായ ബൊറൂസിയ ഡോട്മുണ്ടിന്റെ താരമായ ഗോട്‌സെയ്ക്ക് ദേശീയ ടീമില്‍ തുടക്കം മുതല്‍ കളിക്കാന്‍ ലഭിച്ച ആദ്യ അവസരമായിരുന്നു ബ്രസീലിനെതിരായ മത്സരം. യാതൊരു പരിഭ്രമവും കാണിക്കാതെ പരിചയസമ്പന്നനായ ഒരു മിഡ്ഫീല്‍ഡറെ പോലെയാണ് യുവതാരം കളിനിയന്ത്രിച്ചത്.

കളിക്കളത്തില്‍ എന്തു സംഭവിക്കുമെന്നത് ഉള്‍ക്കാഴ്ചയോടെ കണ്ട് അതിനനുസരിച്ച് ടീമിന്റെ തന്ത്രങ്ങള്‍ മെനഞ്ഞ ഗോട്‌സെ തന്നെയായിരുന്നു ജര്‍മനിയുടെ വിജയശില്പി. ടീമിന്റെ ഗോള്‍നേട്ടക്കാരുടെ പട്ടികയില്‍ ഇടംകണ്ടെത്താനും യുവതാരത്തിനു കഴിഞ്ഞു. കരിയറിലെ ആദ്യ അന്താരാഷ്ട്ര ഗോളാണ് താരം സ്വന്തമാക്കിയത്. ജര്‍മനിക്ക് വിജയം സമ്മാനിച്ചതിനൊപ്പം കളിയിലെ കേമനെന്ന ബഹുമതിയും യുവതാരം നേടി.

വേഗവും സാങ്കേതികത്തികവും ഭാവനാപൂര്‍ണമായ നീക്കങ്ങളുമാണ് ഗോട്‌സെയുടെ കരുത്ത്. ഇതെല്ലാം പൂര്‍ണമായ അര്‍ഥത്തില്‍ ബ്രസീലിനെതിരെ കളിക്കളത്തില്‍ പ്രകടിപ്പിക്കാന്‍ ഗോട്‌സെയ്ക്കായി. മത്സരശേഷം ജര്‍മന്‍ കോച്ച് ജോക്കിം ലോ തന്റെ ടീമിന്റെ വിജയശില്പിയെ പ്രശംസകള്‍ കൊണ്ട് മൂടി. ഗോട്‌സെയും ടീമിന്റെ മൂന്നാം ഗോള്‍ നേടിയ ഇരുപതുകാരനായ ആന്ദ്രെ ഷൂറലുമൊക്കെ ജര്‍മന്‍ ഫുട്‌ബോളിന്റെ പതാകാ വാഹകരാണെന്നു തെളിയിക്കുന്ന പ്രകടനമാണ് നടത്തിയത്.

എട്ടാം വയസ്സില്‍ ബൊറൂസിയയുടെ യൂത്ത് അക്കാദമിയിലെത്തിയ ഗോട്‌സെ പത്തുവര്‍ഷത്തിനുള്ളില്‍ തന്നെ സീനിയര്‍ ടീമിന്റെ അവിഭാജ്യ ഘടകമായി. കഴിഞ്ഞ സീസണില്‍ ബുണ്ടസ് ലിഗയില്‍ ബൊറൂസിയ കിരീടം നേടിയപ്പോള്‍ മിന്നുന്ന പ്രകടനങ്ങളിലൂടെ ഗോട്‌സെയും ടീമിന്റെ വിജയത്തില്‍ പങ്കാളിയായി. കഴിഞ്ഞ സീസണില്‍ ആറു ഗോളുകള്‍ നേടിയ ഗോട്‌സെ 15 ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

പത്തൊന്‍പതു വയസ്സെന്ന ചെറുപ്രായത്തില്‍ തന്നെ ഭാവിയിലെ താരമെന്ന വിശേഷണം ഗോട്‌സെ നേടിക്കഴിഞ്ഞു.

ജര്‍മനിയുടെ മെസ്സിയെന്നാണ് ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ ഗോട്‌സെയെ വിശേഷിപ്പിച്ചത്. ലോകനിലവാരത്തിലുള്ള മിഡ്ഫീല്‍ഡറെന്ന് ഫുട്‌ബോള്‍ പണ്ഡിതരും യുവതാരത്തെ വിലയിരുത്തുന്നു. ജര്‍മനിയുടെ ഫുട്‌ബോള്‍ ഭാവി ശോഭനമാണെന്നു തന്നെയാണ് ഗോട്‌സെയെപ്പോലുള്ള താരങ്ങള്‍ നല്‍കുന്ന സൂചന.

Other stories in this section:



 

 


 

© Copyright 2013 Mathrubhumi. All rights reserved.