|
ഗ്ലാമര്‍ പോരിന് ലീയും
Posted on: 03 Aug 2011
ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൈനീസ് ടെന്നീസ് താരം ലീ നയെ ടെന്നീസ് കോര്‍ട്ടില്‍ മാത്രമല്ല താരമാക്കിമാറ്റിയത്. നൂറ്റിമുപ്പതു കോടിയിലേറെ വരുന്ന ചൈനീസ് ജനതയ്ക്കിടയില്‍ ലീ സ്വന്തമാക്കിയ ജനപ്രീതി അവരെ വിപണിയുടെയും പ്രിയപ്പെട്ട താരമാക്കിയിരിക്കുകയാണ്. ലോകത്തേറ്റവും വരുമാനമുണ്ടാക്കുന്ന വനിതാ കായികതാരമെന്ന പദവിയിലേക്ക് മുന്നേറുകയാണ് ലീയെന്നാണ് ഒടുവിലത്തെ വിശേഷം. ഈ പദവിയില്‍ എതിരാളിയില്ലാതെ വര്‍ഷങ്ങളായി തുടരുന്ന റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവ വെല്ലുവിളി നേരിടുന്നത് പ്രധാനമായും ചൈനീസ് താരത്തില്‍നിന്നാണ്.
ഫോബ്‌സ് മാസികയുടെ ഇക്കൊല്ലത്തെ കണക്കെടുപ്പിലും മരിയ ഷറപ്പോവയാണ് മുന്നില്‍. സമ്മാനത്തുക, പരസ്യവരുമാനം, അപ്പിയറന്‍സ് ഫീ, ശമ്പളം അങ്ങനെ വിവിധയിനത്തില്‍ വന്നുചേരുന്ന തുകയനുസരിച്ചാണ് താരങ്ങളുടെ മൊത്തവരുമാനം നിര്‍ണയിക്കുന്നത്. 2010 ജൂലായിക്കും 2011 ജൂലായിക്കുമിടയിലെ ആ കണക്കുപ്രകാരം ഷറപ്പോവയുടെ വരുമാനം 111 കോടി രൂപയാണ്. 2008-നുശേഷം ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളൊന്നും നേടാനായിട്ടില്ലെങ്കിലും ഷറപ്പോവയുടെ ഗ്ലാമറിന് തെല്ലും ഇടിവുസംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് വരുമാനത്തിലെ സ്ഥിരതയാര്‍ന്ന പ്രകടനം.
ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്കിന്റെ കരോളിന്‍ വൊസ്‌നിയാക്കിയാണ് വരുമാനത്തില്‍ രണ്ടാമത്. പക്ഷേ, അത് ഷറപ്പോവയുടെ പാതിയോളമേ വരൂ. 55. 3 കോടി രൂപയാണ് വൊസ്‌നിയാക്കി കീശയിലാക്കുന്നത്. ടെന്നീസ് താരങ്ങള്‍ അടക്കിഭരിക്കുന്ന ഈ പട്ടികയില്‍ ലീയുടെ സ്ഥാനം ഇപ്പോള്‍ എട്ടാമതാണ്. 35 കോടി രൂപയാണ് ലീ സ്വന്തമാക്കിയിട്ടുള്ളത്. എന്നാല്‍, ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിനുശേഷം വിപണിയുടെ ഫേവറിറ്റായി മാറിയ ലീ അടുത്ത വര്‍ഷത്തെ കണക്കെടുപ്പില്‍ ഷറപ്പോവയെ പിന്തള്ളിയാലും അതിശയിക്കേണ്ട.
റോളങ് ഗാരോയില്‍ കിരീടമേന്തിയശേഷം ലീ ഒപ്പുവെച്ചത് 186 കോടി രൂപയുടെ പരസ്യക്കരാറുകളാണ്. സമയക്കുറവുമൂലം കൂടുതല്‍ ബ്രാന്‍ഡുകളുമായി കരാറൊപ്പിടുന്നതില്‍നിന്ന് തത്കാലം പിന്മാറിയിരിക്കുകയാണ്. ഫ്രഞ്ച് ഓപ്പണുള്‍പ്പെടെ, ഈ സീസണില്‍ ഇതേവരെ 14 കോടിയോളം രൂപ സമ്മാനത്തുകയായും ലീ നേടിയിട്ടുണ്ട്.
മരിയ ഷറപ്പോവയെപ്പോലെ ലീയുടെയും മാര്‍ക്കറ്റിങ് കരാറുകള്‍ നിയന്ത്രിക്കുന്നത് ഈ രംഗത്തെ അതികായനായ മാക്‌സ് എയ്‌സന്‍ബഡാണ്. ചൈനയിലെ ടെന്നീസ് ആരാധകരായ 11. 6 കോടി പ്രേക്ഷകരില്‍ മാത്രമൊതുങ്ങുന്നതല്ല ലീയുടെ മൂല്യമെന്ന് ഇതിനകം വിപണി തിരിച്ചറിഞ്ഞതായി അദ്ദേഹം പറയുന്നു. ഫ്രഞ്ച് ഓപ്പണിനുശേഷം ജര്‍മന്‍ കാര്‍ മെഴ്‌സിഡസ് ബെന്‍സിന്റെയും ചൈനീസ് ഇന്‍ഷുറന്‍സ് കമ്പനിയായ തൈക്കാങ് ഇന്‍ഷുറന്‍സിന്റെയും കരാറിലാണ് പ്രധാനമായും ഒപ്പുവെച്ചത്. ഉടുപ്പിന്റെ കൈകളില്‍ മേഴ്‌സിഡസിന്റെയും തൈക്കാങ്ങിന്റെയും ലോഗോകള്‍ പതിച്ചായിരിക്കും ലീ ഇനി കളത്തിലിറങ്ങുക.
നൈക്കിയാണ് ലീയുടെ ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളത്. മറ്റുപരസ്യങ്ങള്‍ വസ്ത്രത്തില്‍ പതിക്കാന്‍ നൈക്കി അനുവാദം കൊടുത്തിട്ടുള്ള ഏക ടെന്നീസ് താരം കൂടിയാണ് ലീ. ഇവയ്ക്കുപുറമെ, രണ്ട് ലോകോത്തര ബ്രാന്‍ഡുകളുമായും ചൈനീസ് റിയല്‍ എസ്റ്റേറ്റ് സ്ഥാപനവുമായും ലീ കരാറിലെത്തിയിട്ടുണ്ട്. സ്വിസ് വാച്ച് റോളക്‌സിന്റെയും അമേരിക്കന്‍ ഐസ്‌ക്രീം ബ്രാന്‍ഡ് ഹാഗന്‍-ഡാസിന്റെയും ചൈനീസ് വെബ്‌സൈറ്റ് സിനയുടെയും മോഡലാണ് നിലവില്‍ ലീ. ഏഷ്യയുടെ ആദ്യ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യന്‍കൂടിയായ ലീ, വിപണിയുടെയും ചാമ്പ്യനായി മാറുന്ന കാലം വിദൂരമല്ലെന്നാണ് സൂചന.
|
|
Other stories in this section:
|
|