a mathrubhumi initiative
IST:
ഹോം   കോളം   പി.ജെ. ജോസ്‌
ക്ലൈസ്റ്റേഴ്‌സിന് ഇനിയും കാത്തിരിപ്പിന്റെ കാലം
Posted on: 23 Jun 2011


ടെന്നീസ് ലോകം അടുത്തിടെ കണ്ട ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നാണ് ബല്‍ജിയം താരം കിം ക്ലൈസ്റ്റേഴ്‌സിന്റേത്.പരിക്ക് തളര്‍ത്തിയ കരിയറിലെ ആദ്യ പാദത്തില്‍ ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. അരഡസന്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെങ്കിലും സ്വന്തമാക്കാനുള്ള പ്രതിഭയും ഫോമും അക്കാലത്ത് ക്ലൈസ്‌റ്റേഴ്‌സിനുണ്ടായിരുന്നു. എങ്കിലും സ്വന്തം പ്രതിഭയോട് നീതി പുലര്‍ത്താന്‍ താരത്തിനായില്ലെന്നത് ടെന്നീസിനെ സ്‌നേഹിച്ചിരുന്നവരുടെ വേദനയായിരുന്നു.

രണ്ടാം വരവില്‍ ക്ലൈസ്റ്റേഴ്‌സ് ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി മാറുന്നതാണ് ടെന്നീസ് ലോകം കണ്ടത്. തിരിച്ചുവരവില്‍ തന്നെ 2009 ലെ യു.എസ്.ഓപ്പണ്‍ കിരീടം സ്വന്തമാക്കിയാണ് ക്ലൈസ്റ്റേഴ്‌സ് വരവറിയിച്ചത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷവും യു.എസ്. ഓപ്പണ്‍ കിരീടം നിലനിര്‍ത്തി രണ്ടാം വരവിലെ പ്രകടനം ചെറിയ കാലയളവിലെ അത്ഭുതമല്ലെന്നും താരം തെളിയിച്ചു.ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്‍ യു.എസ്. ഓപ്പണ്‍ മാത്രമേ നേടിയിട്ടുള്ളൂ എന്ന വിമര്‍ശനം പൊളിക്കുന്നതായി ഇക്കുറി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നേടിയ വിജയം. ചൈനയുടെ നാ ലിയെ തകര്‍ത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വിജയഗാഥ രചിച്ചതോടെ കരിയറിലെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടവും ക്ലൈസ്‌റ്റേഴ്‌സിന് സ്വന്തമായി.

രണ്ടാം വരവില്‍ ക്ലൈസ്റ്റേഴ്‌സ് ഉജ്ജ്വല ഫോമിലായിരുന്ന സമയമായിരുന്നു ഇത്. ലോക ഒന്നാം നമ്പര്‍ പദവിയും ചുരുങ്ങിയ കാലത്തേക്ക് (ഒരാഴ്ച) താരം തിരിച്ചു പിടിക്കുകയും ചെയ്തു. കരിയറില്‍ ഇതുവരെ നേടാന്‍ കഴിയാത്ത ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും ഇക്കുറി താരത്തിന് സ്വന്തമാക്കാനാകുമെന്ന തോന്നലും ആരാധകര്‍ക്കുണ്ടായി.കരിയറില്‍ എന്നും പരിക്കുകളുടെ കൂട്ടുകാരിയായിരുന്ന ക്ലൈസ്റ്റേഴ്‌സിനെ ഇക്കുറിയും പരിക്ക് ചതിക്കുന്നതാണ് കണ്ടത്. ഏപ്രിലില്‍ ഒരു കസിന്റെ വിവാഹ ആഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ താരത്തിന് കാലിന് പരിക്കേറ്റു. ഫ്രഞ്ച് ഓപ്പണില്‍,പരിക്ക് പൂര്‍ണമായും ഭേദമാകാകെ മത്സരിച്ച ക്ലൈസ്റ്റേഴ്‌സിന്റെ പോരാട്ടം രണ്ടാം റൗണ്ടില്‍ അവസാനിച്ചു.

2001 ല്‍ പതിനെട്ടാം വയസ്സില്‍ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലെത്തി മികവു തെളിയിച്ച ചരിത്രമാണ് ക്ലൈസ്റ്റേഴ്‌സിനുള്ളത്. അന്ന് വാശിയേറിയ പോരാട്ടത്തില്‍ ജെന്നിഫര്‍ കാപ്രിയാറ്റിയോട്, ക്ലൈസ്റ്റേഴ്‌സ് കീഴടങ്ങുകയായിരുന്നു.തുടര്‍ന്ന് 2003 ലും താരം ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലെത്തി. അന്ന് നാട്ടുകാരിയായ ജസ്റ്റിന്‍ ഹെനിനു മുന്നിലും തോല്‍വി സമ്മതിച്ചു.

ഇക്കുറി ഫ്രഞ്ച് ഓപ്പണിലെ നഷ്ടം വിംബിള്‍ഡണില്‍ നികത്താമെന്ന പ്രതീക്ഷയിലായിരുന്നു ക്ലൈസ്റ്റേഴ്‌സ്. ഇതിനു മുന്നോടിയായാണ് ഹോളണ്ടില്‍ നടന്ന യൂണിസെഫ് ഓപ്പണില്‍ താരം പങ്കെടുത്തത്. ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് താരം റൊമാനി ഒപ്രാന്‍ഡിക്കെതിരായ മത്സരത്തിനിടെയേറ്റ പരിക്ക് ക്ലൈസ്റ്റേഴ്‌സിന്റെ വിംബിള്‍ഡണ്‍ സ്വപ്നങ്ങളും തകര്‍ത്തു. മത്സരത്തിന്റെ രണ്ടാം ഗെയിമിലാണ് ക്ലൈസ്റ്റേഴ്‌സിന്റെ കണങ്കാലിന് പരിക്കേറ്റത്. ക്ലൈസ്റ്റേഴ്‌സിന്റെ പരിക്ക് മുതലെടുത്ത് ഒപ്രാന്‍ഡി നേരിട്ടുള്ള സെറ്റുകളില്‍ ജയിക്കുകയും ചെയ്തു.

പരിക്കിനെത്തുടര്‍ന്ന് വിംബിള്‍ഡണില്‍ നിന്നും പിന്‍മാറുകയാണെന്ന് ക്ലൈസ്റ്റേഴ്‌സ് പ്രഖ്യാപിച്ചതോടെ തുടരെ രണ്ടു ഗ്രാന്‍ഡ്സ്ലാം കിരീടസ്വപ്നങ്ങളാണ് തകര്‍ന്നത്. ഇതോടെ കഴിഞ്ഞ എട്ടു വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ അഞ്ചും താരത്തിന് നഷ്ടമായി.അടുത്തവര്‍ഷത്തെ ഒളിമ്പിക്‌സോടെ ടെന്നീസിനോട് വിടപറയുമെന്നാണ് ക്ലൈസ്റ്റേഴ്‌സ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനുമുമ്പ് വിംബിള്‍ഡണും ഫ്രഞ്ച് ഓപ്പണും നേടാന്‍ ക്ലൈസ്റ്റേഴ്‌സിന് കഴിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

Other stories in this section:



 

 


 

© Copyright 2013 Mathrubhumi. All rights reserved.