a mathrubhumi initiative
IST:
ഹോം   ടെന്നീസ്‌  
പ്രതീക്ഷയുണര്‍ത്തി വീണ്ടും സോമു
Posted on: 23 Jun 2011



രാമനാഥന്‍ കൃഷ്ണനും ജയ്ദീപ് മുഖര്‍ജിയും വിജയ് അമൃത്‌രാജും രമേഷ് കൃഷ്ണനും ലിയാന്‍ഡര്‍ പേസും മഹേഷ് ഭൂപതിയുമൊക്കെ സമ്പന്നമാക്കിയ ഇന്ത്യന്‍ ടെന്നീസിന്റെ പുതിയ പതാകവാഹകനാണ് സോംദേവ് ദേവ്‌വര്‍മന്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയും ഏഷ്യന്‍ ഗെയിംസില്‍ ഡബിള്‍സ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയും പ്രതീക്ഷകള്‍ ആളിക്കത്തിച്ച സോമു കഴിഞ്ഞ ദിവസം മറ്റൊരു നേട്ടവും കൈവരിച്ചു. വിംബിള്‍ഡണിന്റെ രണ്ടാം റൗണ്ടില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം. 2001-ല്‍ ലിയാന്‍ഡര്‍ പേസാണ് ഏറ്റവുമൊടുവില്‍ ഈ ഘട്ടത്തിലേക്ക് മുന്നേറിയ ഇന്ത്യക്കാരന്‍.

വിംബിള്‍ഡണില്‍ ഇന്ത്യയ്ക്ക് സമ്പന്നമായൊരു ഭൂതകാലമാണുള്ളത്. ഗ്രാന്‍ഡ് സ്ലാം ടെന്നീസിന്റെ പ്രാഥമിക കാലം മുതല്‍ക്കെ ഇന്ത്യന്‍ സാന്നിധ്യമുണ്ടായിരുന്നു. 1939-ല്‍ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഘൗസ് മുഹമ്മദാണ് നേട്ടങ്ങളുടെ അമരക്കാരന്‍. 1955-ല്‍ നരേഷ് കുമാര്‍ നാലാം റൗണ്ടിലെത്തി. 1958-ല്‍ പ്രേംജിത്ത് ലാല്‍ ജൂനിയര്‍ വിംബിള്‍ഡണ്‍ ഫൈനല്‍ കളിച്ചു. പിറ്റേക്കൊല്ലം രാമനാഥന്‍ കൃഷ്ണന്‍ ജൂനിയര്‍ വിംബിള്‍ഡണ്‍ നേടുന്ന ആദ്യ ഏഷ്യന്‍ താരമായി മാറി.

പ്രശസ്ത ടെന്നീസ് താരം രമേഷ് കൃഷ്ണന്റെ അച്ഛനായ രാമനാഥന്‍ കൃഷ്ണനാണ് പുല്‍കോര്‍ട്ടില്‍ നേട്ടങ്ങളേറെക്കൊയ്ത ഇന്ത്യക്കാരന്‍. 1959-ല്‍ മൂന്നാം റൗണ്ടിലെത്തിയ അദ്ദേഹം 60-ലും 61-ലും സെമി ഫൈനല്‍ കളിച്ചു. 61-ല്‍ റോയ് എമേഴ്‌സണെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് രാമനാഥന്‍ സെമിയിലെത്തിയത്. സെമിയില്‍ പക്ഷേ, റോഡ് ലേവറോട് പരാജയപ്പെട്ടു. 1962-ല്‍ നാലാം സീഡായി വിംബിള്‍ഡണിനിറങ്ങിയെങ്കിലും പരിക്കേറ്റ് ടൂര്‍ണമെന്റിനിടെ പിന്മാറി.

ജയ്ദീപ് മുഖര്‍ജിയുടേതായിരുന്നു അടുത്ത ഊഴം. 1963, 64, 66 വര്‍ഷങ്ങളില്‍ അദ്ദേഹം വിംബിള്‍ഡണ്‍ നാലാം റൗണ്ടിലെത്തി. ടെന്നീസിലെ എ,ബി,സി എന്ന വിലയിരുത്തലില്‍ ഉള്‍പ്പെട്ട വിജയ് അമൃത്‌രാജ് 1973-ലും 1981-ലും ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച ഇന്ത്യക്കാരനാണ്. അമൃത്‌രാജ്, ബ്യോണ്‍ ബോര്‍ഗ്, ജിമ്മി കോണേഴ്‌സ് എന്നിവരായിരുന്നു ടെന്നീസിലെ വാഴ്ത്തപ്പെട്ട എബിസി.

ടെന്നീസില്‍ അച്ഛനോളം തന്നെ ഉയരത്തിലെത്തിയ രമേഷ് കൃഷ്ണന്‍ 1979-ല്‍ വിംബിള്‍ഡണിലും ഫ്രഞ്ച് ഓപ്പണിലും ജൂനിയര്‍ ചാമ്പ്യനായി. 1986-ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍വരെ മുന്നേറാനും അദ്ദേഹത്തിനായി. രമേഷ് കൃഷ്ണനുശേഷം ലിയാന്‍ഡര്‍ പേസാണ് ഇന്ത്യന്‍ പതാകയേന്തിയത്. സിംഗിള്‍സില്‍നിന്ന് വളരെ വേഗം ഡബ്ള്‍സിലേക്ക് കൂടുമാറുകയും ലോകത്തെ ഒന്നാംനിര ഡബ്ള്‍സ് താരമാവുകയും ചെയ്ത ലിയാന്‍ഡര്‍, 2001-ലാണ് വിംബിള്‍ഡണില്‍ സിംഗിള്‍സില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. മാര്‍ഡി ഫിഷിനെ തോല്‍പിച്ച് രണ്ടാം റൗണ്ടില്‍ക്കടന്ന ലിയാന്‍ഡറിന് അവിടെ അക്കൊല്ലം സെമി ഫൈനല്‍ കളിച്ച നിക്കോളാസ് എസ്‌ക്യൂഡിനുമുന്നില്‍ അടിതെറ്റി.

സമ്പന്നമായ ഈ ഭൂതകാലത്തിലേക്കാണ് സോംദേവ് റാക്കറ്റേന്തുന്നത്. സീഡില്ലാത്താരമായി വിംബിള്‍ഡണ്‍ മെയിന്‍ ഡ്രോയില്‍ ഇടം പിടിച്ച സോംദേവ് ആദ്യ റൗണ്ടില്‍ ഡെന്നീസ് ഗ്രംലേയര്‍ എന്ന ജര്‍മന്‍ താരത്തെ മറികടന്നാണ് രണ്ടാം റൗണ്ടിലെത്തിയത്. രണ്ടാം റൗണ്ടില്‍ റഷ്യയുടെ 18-ാം സീഡ് മിഖായേല്‍ യൂഷ്ണിയാണ് സോമുവിന്റെ എതിരാളി. റാങ്കിങ്ങില്‍ മുന്നിലുള്ള താരങ്ങളെ അട്ടിമറിക്കുന്നതില്‍ മിടുക്കുകാട്ടുന്ന സോമുവില്‍നിന്ന് മറ്റൊരത്ഭുതം പ്രതീക്ഷിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.