a mathrubhumi initiative
IST:
ഹോം   വെബ്‌സ്‌പെഷ്യല്‍  
മാഞ്ഞുപോയ ഉത്സവക്കാലം
Posted on: 17 Jun 2011



ഒരിക്കല്‍കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം വരികയാണ്. ഏകദിനവും 20 ട്വന്റിയും ടെസ്റ്റ് ക്രിക്കറ്റുമൊക്കെ അടങ്ങുന്ന പരമ്പര. കൗണ്ടി ടീമുകളുമായുള്ള മത്സരങ്ങളും ഉണ്ട്. പക്ഷേ, മത്സരത്തിന്റെ ഷെഡ്യൂള്‍ കാണുമ്പോള്‍ എവിടെയൊക്കെയോ ചില പോരായ്മകള്‍, വല്ലായ്മകള്‍. പഴയകാലത്തെ ഇംഗ്ലണ്ട് പര്യടനങ്ങളുടെ കാല്പനികതയൊന്നും ഇതില്‍ കാണുന്നില്ല. ഒരു പര്യടനം, അത്രമാത്രം. ഇങ്ങനെ തോന്നാന്‍ കാരണമിതാണ്. പണ്ടുകാലത്ത് ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ടോ മൂന്നോ ടെസ്റ്റുകളേ ഉണ്ടാവൂ. പക്ഷേ, കൗണ്ടി ടീമുകളുമായുള്ള മുഖാമുഖങ്ങള്‍ വിസ്തരിച്ചും ധാരാളമായിട്ടും ഉണ്ടാകും. ഇത്തവണ ഇന്ത്യ ഇംഗ്ലീഷ് കൗണ്ടികളുമായി കളിക്കുന്നുണ്ടെങ്കിലും അവയൊക്കെ വഴിപാടു മത്സരങ്ങള്‍ മാത്രമാണ്.

ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഈറ്റില്ലമാണ് കൗണ്ടി മൈതാനങ്ങള്‍. കെന്റിലോ സസ്സെക്‌സിലോ ആണ് ക്രിക്കറ്റ് കളി ആദ്യമായി തുടങ്ങിയതെന്നു വരെ ചരിത്ര ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇംഗ്ലണ്ട് ടീം സൃഷ്ടിക്കപ്പെടുന്നതുതന്നെ കൗണ്ടി ക്രിക്കറ്റ് മത്സരങ്ങളിലൂടെയാണ്. കൗണ്ടി ക്രിക്കറ്റില്‍ ഒന്നോ രണ്ടോ തവണ തിളങ്ങാന്‍ കഴിഞ്ഞാല്‍ കളിക്കാരനു മുന്നില്‍ ദേശീയ ടീമിന്റെ വാതിലുകളാണ് തുറക്കുക. പക്ഷേ, വ്യക്തിപരമായ ഈ നേട്ടത്തിനുവേണ്ടി മാത്രമല്ല ഇംഗ്ലീഷുകാര്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നത്. കൗണ്ടി ക്രിക്കറ്റ് അവരുടെ പ്രാദേശിക സംസ്‌കാരത്തിന്റെ ഭാഗമായതുകൊണ്ടുകൂടിയാണ്. ഇംഗ്ലണ്ട് എന്ന ദേശം ആദ്യം യുണൈറ്റഡ് കിങ്ഡം ആയി വളര്‍ന്നപ്പോഴും പിന്നീട് ലോകം ഭരിക്കുന്ന സാമ്രാജ്യമായപ്പോഴും ഓരോ ഇംഗ്ലീഷുകാരനും നഷ്ടപ്പെട്ടുകൊണ്ടിരുന്ന ചില പ്രാദേശിക-ഗ്രാമീണ സ്മരണകളുണ്ട്. കൗണ്ടി ക്രിക്കറ്റ് ആ ഗ്രാമീണ സംസ്‌കാരത്തിന്റെ ഭാഗമാണ്. കൗണ്ടി ക്രിക്കറ്റില്‍ പങ്കെടുക്കുന്ന ഇംഗ്ലീഷുകാരന്‍ ഇംഗ്ലീഷുകാരനല്ല, ലിസ്റ്റര്‍ഷയറുകാരനും ഡെര്‍ബിഷെയറുകാരനും വെസ്സെക്‌സുകാരനും ലങ്കാഷെയറുകാരനുമാണ്. കളി ഈ നാട്ടുദേശങ്ങള്‍ തമ്മിലാണ്. അതില്‍ അവര്‍ക്ക് അങ്ങേയറ്റം വാശിയും ആവേശവുമുണ്ട്. ഇംഗ്ലണ്ട് മുഴുവനും ഇത്തരം നാട്ടുദേശങ്ങളുണ്ടായിരുന്നതിനാല്‍ ഈ ആവേശത്തിന് വ്യാപ്തിയുമുണ്ടായിരുന്നു. അതിന്റെയൊക്കെ ഫലമായി ഇംഗ്ലീഷ് ഫുട്‌ബോള്‍ലീഗുപോലെ നിരവധി തട്ടുകളിലായി കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുകള്‍ നടത്താനും അവര്‍ക്ക് സാധിച്ചു. ഏറ്റവും മുകള്‍ത്തട്ടില്‍ പതിനെട്ടു ടീമുകളാണ് പതിവ്. മുകള്‍തട്ടിലെ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കുറവ് പോയന്റ് നേടിയ ടീം താഴേക്കിറങ്ങും. താഴേത്തട്ടില്‍ ഏറ്റവും കൂടുതല്‍ പോയന്റു നേടി ചാമ്പ്യന്മാരായാല്‍ ആ ടീമിന് ഉയര്‍ന്ന തട്ടിലേക്ക് ഉയരാനും കഴിയും. അപ്രകാരത്തില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കണമെങ്കില്‍ ഒരു കാര്യം ഉറപ്പായിട്ട് വേണം. ഓരോ തട്ടിലും മിനിമം വേണ്ടുന്ന ടീമുകള്‍ നാട്ടില്‍ ഉണ്ടാകണം. അക്കാലത്ത് ഇംഗ്ലണ്ടിന് അത് ഉണ്ടായിരുന്നു. കൗണ്ടി ടീമുകളും മൈനര്‍ കൗണ്ടി ടീമുകളുമായി നിരവധി എണ്ണം ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.



ഇക്കാരണം കൊണ്ടുതന്നെ കൗണ്ടി ക്രിക്കറ്റിന്റെ ഉയര്‍ന്ന തലങ്ങളില്‍ നല്ല നിലവാരവും ഉണ്ടായിരുന്നു. ഇംഗ്ലീഷ് ടീമിന്റെ ഏകദേശം തുല്യശക്തിയില്‍ കളിക്കാന്‍ കഴിയുന്ന കൗണ്ടി ടീമുകള്‍ അക്കാലത്ത് ഉണ്ടായിരുന്നു. അതുകൊണ്ട് ഇന്ത്യയോ മറ്റ് രാജ്യങ്ങളോ ഇംഗ്ലണ്ട് സന്ദര്‍ശിച്ചാല്‍ കൗണ്ടി ടീമുകളുമായുള്ള കളികള്‍ക്ക് തുല്യപ്രാധാന്യമുണ്ട്. 1971 ല്‍ ഇന്ത്യ ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ ആകെ മൂന്നു ടെസ്റ്റുകളെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 14 കൗണ്ടി ടീമുകളുമായും ടി.എന്‍. പിയേഴ്‌സ് ഇലവന്‍, ഡി.എച്ച്. റോബിന്‍സ് ഇലവന്‍ എന്നീ രണ്ട് സ്വകാര്യ ടീമുകളുമായും മത്സരങ്ങളുണ്ടായിരുന്നു. ഇവയെല്ലാം ത്രിദിന മത്സരങ്ങളാണ്. അതായത് മൂന്ന് പഞ്ചദിന ടെസ്റ്റ് മത്സരങ്ങള്‍ക്കായി പതിനഞ്ചു ദിവസമാണെങ്കില്‍ കൗണ്ടി മത്സരങ്ങള്‍ക്കായി നാല്പത്തിയെട്ടു ദിവസം. 1974 ലും ഏകദേശം ഇതുതന്നെയായിരുന്നു അവസ്ഥ. 14 കൗണ്ടി ടീമുകളോടും ഡി.എച്ച്. റോബിന്‍സ് ഇലവനുമായും ഇന്ത്യ കളിച്ചു. കൗണ്ടി ടീമുകളുടെ കൂട്ടത്തില്‍ ഓക്‌സ്‌ഫോഡ്-കേംബ്രിഡ്ജ് സര്‍വകലാശാലകളുടെ സംയുക്ത ടീമും ഉണ്ടായിരുന്നു. ആ സ്ഥാനത്ത് ഇന്ന് വെറും അഞ്ച് കൗണ്ടി ടീമുകളുമായേ ഇന്ത്യ കളിക്കുന്നുള്ളൂ. അതില്‍തന്നെ മൂന്നെണ്ണം ഏകദിന മത്സരങ്ങളാണ്. കൂടാതെ ഒരു ദ്വിദിന മത്സരവും ഒരു ത്രിദിന മത്സരവും. വേറൊരു ഭാഷയില്‍ പറഞ്ഞാല്‍ നാല്പത്തിയഞ്ചും നാല്പത്തിയെട്ടും ദിവസങ്ങള്‍ കളി ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വെറും എട്ട് ദിവസങ്ങളിലാണ് ഇന്ത്യയുടെ കൗണ്ടി ടീമുകളുമായുള്ള കളികള്‍ നടക്കുക.

നിലവാരത്തിന്റെ കാര്യത്തിലും ഇംഗ്ലീഷ് കൗണ്ടി ടീമുകള്‍ തകര്‍ന്നിരിക്കുന്നു. കൗണ്ടി ക്രിക്കറ്റ് എന്നത് ഇംഗ്ലണ്ടിന്റെ പ്രാദേശികവും ഗ്രാമീണവുമായ സംസ്‌കാരത്തിന്റെ ഭാഗമാണെങ്കിലും ഏറ്റവും മികച്ച 18 ടീമുകളില്‍ രണ്ടു മൂന്ന് ലോക താരങ്ങളും ഉണ്ടാകുമായിരുന്നു. ഉദാഹരണത്തിന് 1971 ല്‍ മിഡിലെക്‌സില്‍ കളിച്ചിരുന്ന ഒരു കളിക്കാരന്‍ ഇംഗ്ലീഷ് ക്യാപ്റ്റനായി പിന്നീട് മാറിയ മൈക് ബ്രിയര്‍ലി ആയിരുന്നു. അതേ കാലത്ത് എസ്സെക്‌സിനു വേണ്ടി ഇംഗ്ലണ്ടിന്റെ കരുത്തനായ ബാറ്റ്‌സ്മാന്‍ കീത്ത് ഫ്ലെച്ചറും വെസ്റ്റിന്‍ഡീസിന്റെ ബൗളര്‍ ബോയ്‌സും ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ ലീവറും ഉണ്ടായിരുന്നു. 1974 ലും ഇതേനില തുടര്‍ന്നു.



അന്ന് വൊസ്റ്റര്‍ഷെയറിനുവേണ്ടി കളിച്ചിരുന്നത് ന്യൂസിലാന്റിന്റെ ഓപ്പണര്‍ ഗ്ലെന്‍ ടേണറും ദക്ഷിണാഫ്രിക്കയുടെ താരം ബാസില്‍ ഡൊളിവെയ്‌റയും വെസ്റ്റ്ഇന്‍ഡീസിന്റെ ഫാസ്റ്റ് ബൗളര്‍ വെന്‍ബന്‍ ഹോള്‍ഡറുമായിരുന്നു. ഇതേകാലത്ത് സോമര്‍സെറ്റില്‍ വിവിയന്‍ റിച്ചാഡ്‌സും ഹാംഷയറില്‍ ഗ്രീനിഡ്ജും കളിച്ചതായി ഓര്‍ക്കുന്നു. അതായത് ഇന്ത്യ പ്രധാന കൗണ്ടി ടീമുകളോട് ഏറ്റുമുട്ടുമ്പോള്‍ ലോകതാരങ്ങളും ഇംഗ്ലീഷ് ടീം അംഗങ്ങളും പ്രാദേശിക താരങ്ങളും ഒരുമിച്ച് നില്‍ക്കുന്ന ടീമുകളോടാണ് ഏറ്റുമുട്ടുക. ഈ മുഖാമുഖം ഇരു കൂട്ടര്‍ക്കും ഗുണകരമായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കരുത്തരോട് മാറ്റുരയ്ക്കാന്‍ ഒരവസരം എന്നതിനു പുറമെ ഇംഗ്ലണ്ടിലെ ഭാവി താരങ്ങളുടെ (അതായത് അപ്പോള്‍ പ്രാദേശിക താരങ്ങളായി കളിക്കുന്നവരുടെ) ശക്തി ദൗര്‍ബല്യങ്ങള്‍ അറിയാനുള്ള സാധ്യത കൂടിയായിരുന്നു ഓരോ കളിയും. ഇംഗ്ലണ്ടിലെ പ്രാദേശിക താരങ്ങള്‍ക്കാകട്ടെ അവര്‍ക്ക് തീര്‍ത്തും അപരിചിതരായ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മൂര്‍ച്ചയറിയാനുള്ള ഒരവസരം. കൗണ്ടി ക്രിക്കറ്റില്‍ കളിച്ചിരുന്ന വിദേശ (ലോക) താരങ്ങള്‍ക്ക് സാമ്പത്തികമായി ഈ കളികള്‍ ഏറെ നേട്ടമുണ്ടാക്കി. അക്കാലത്ത് ഐ.പി.എല്‍. എന്ന സ്വര്‍ണ്ണഖനി തുറന്നിട്ടുണ്ടായിരുന്നില്ലല്ലോ. അതിനാല്‍ കൗണ്ടി ക്രിക്കറ്റാണ് വെസ്റ്റ് ഇന്‍ഡീസിലെയും മറ്റും മികച്ച താരങ്ങള്‍ക്ക് അധിക വരുമാനമുണ്ടാക്കാനുള്ള ഇടം. കൗണ്ടി ക്രിക്കറ്റ് പില്‍ക്കാലത്ത് തകര്‍ന്നത് വെസ്റ്റിന്‍ഡീസിന്റെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമായി.



ഇന്ത്യന്‍ കളിക്കാരും അക്കാലത്ത് ധാരാളമായി കൗണ്ടി ക്രിക്കറ്റില്‍ കളിച്ചിരുന്നു. സോമര്‍സെറ്റില്‍ കളിച്ചിരുന്ന റിച്ചാര്‍ഡ്‌സ് ടീം വിട്ടപ്പോള്‍ അവര്‍ പകരക്കാരനായി ടീമിലെടുത്തത് ഇന്ത്യയുടെ സുനില്‍ ഗാവസ്‌കറെയായിരുന്നു. ഗാവാസ്‌കറെ കൂടാതെ ഇന്ത്യയിലെ മറ്റ് കളിക്കാരും കൗണ്ടികളുടെ ആതിഥ്യം അനുഭവിച്ചിട്ടുണ്ട്. ഒടുവില്‍ എന്തു സംഭവിച്ചു? ഇതിന് ഉത്തരം ഗാര്‍ഡിയന്‍ പത്രത്തിന്റെ പ്രശസ്തനായ സ്‌പോര്‍ട്‌സ് ലേഖകന്‍ ഫ്രാങ്ക് കീറ്റിങ് ദുഃഖത്തോടെയും ദേഷ്യത്തോടെയും ഇങ്ങനെ എഴുതി. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷയുടെ സൗന്ദര്യം വായനക്കാരെ ബോധ്യപ്പെടുത്താനായി ഇവിടെ ഇംഗ്ലീഷും പരിഭാഷയും കൊടുക്കുന്നു. അദ്ദേഹം എഴുതുന്നു:

''For decade upon decade it was a cherished adornment of the summer sub-culture, certainly for my generation when heroes were giants and giants were locals. About a quarter of a century ago the championship began fraying and then in no time unravelling. It is now a pointless excercise, unwatched, unwanted, serviced by mostly blinkered, greedy chairman-builed committes and played by mostly unknown foreign and second rate mercenaries.''

(''നിരവധി ദശാബ്ദങ്ങളായി അത് നമ്മുടെ വേനല്‍ക്കാല സാംസ്‌കാരികോത്സവത്തിന്റെ തിലകക്കുറിയായിരുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ തലമുറയ്ക്ക്. ഞങ്ങളുടെ ആരാധനാമൂര്‍ത്തികള്‍ അന്ന് അതികായരായിരുന്നു, ആ അതികായരാകട്ടെ ഞങ്ങളുടെ നാട്ടുകാരില്‍ച്ചിലരും. ഏതാണ്ട് കാല്‍നൂറ്റാണ്ടു മുമ്പ് എല്ലാം ക്ഷയിക്കാന്‍ തുടങ്ങി. പെട്ടെന്നു തന്നെ കൗണ്ടി ചാമ്പ്യന്‍ഷിപ്പ് തകര്‍ന്ന് തരിപ്പണമായി. ഇന്നത് വെറും അനാവശ്യ പരിശ്രമം മാത്രമാണ്. ആര്‍ക്കും കാണേണ്ട, ആര്‍ക്കും വേണ്ട. നടത്തിപ്പുകാര്‍ ഹ്രസ്വദൃഷ്ടികളും അത്യാര്‍ത്തിക്കാരുമായ ചെയര്‍മാന്മാരുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന കമ്മിറ്റികള്‍. കളിക്കുന്നവരോ വിദേശത്തുനിന്ന് വന്ന അപരിചിതരും രണ്ടാം കിടക്കാരുമായ കുറെ കൂലിപ്പടമാത്രം.'')



ഫ്രാങ്ക് കീറ്റിങ്ങിനെ സംബന്ധിച്ചിടത്തോളം കൗണ്ടി ക്രിക്കറ്റ് എന്നത് മാഞ്ഞുപോയ വസന്തവും ഉത്സവവും സംസ്‌കാരവുമായിരുന്നു. ഈ വാക്യങ്ങള്‍ക്കൊടുവിലെ 'വിദേശ കൂലിപ്പടയാളികള്‍' എന്ന പ്രയോഗം ശ്രദ്ധേയമാണ്. ഇന്ന് കൗണ്ടി ടീമുകള്‍ ദരിദ്രമാണ്. വിദേശത്തുനിന്ന് പണം കൊടുത്ത് നല്ല കളിക്കാരെ അവര്‍ക്ക് കൊണ്ടുവരാന്‍ കഴിയുന്നില്ല. പകരം അവര്‍ക്ക് കിട്ടുന്നവരാവട്ടെ ദേശീയ ടീമുകളില്‍ തിരഞ്ഞെടുക്കപ്പെടാത്ത ചിലര്‍ മാത്രം. ഇപ്പോഴത്തെ കൗണ്ടി ടീമുകളുടെ ആള്‍ബലം നോക്കിയാല്‍ ധാരാളം പാകിസ്താന്‍ കളിക്കാരെ അവയില്‍ കാണാം. പാകിസ്താനെ ഐ.പി.എല്ലുകാര്‍ക്ക് വേണ്ട. ആ രാജ്യത്താകട്ടെ സുരക്ഷാഭീഷണി കാരണം വിദേശ കളിക്കാര്‍ കളിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. അങ്ങനെ പാകിസ്താനിലെ ജൂനിയര്‍ കളിക്കാര്‍ക്ക് കളിക്കാനുള്ള അവസാന അഭയകേന്ദ്രമാണ് ഇന്ന് കൗണ്ടി ക്രിക്കറ്റ്.

ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് എന്ന സുന്ദരമായ സംസ്‌കാരം തകര്‍ന്നപ്പോള്‍ പകരമുണ്ടായതാണ് ഇന്ത്യയിലെ ഐ.പി.എല്‍. എന്ന പണാര്‍ത്തിയുടെ സംസ്‌കാരം. ഇവ രണ്ടും രണ്ടാണ്. ഒറ്റ ഉദാഹരണം മാത്രം മതി ഇത് തെളിയിക്കാന്‍. പണ്ട് ഹാംഷെയറുകാരന്‍ നെഞ്ചോട് ചേര്‍ത്തുവെച്ചിരുന്ന സ്വന്തം ടീമാണ് ഹാംഷെയര്‍ കൗണ്ടി ടീം. അത് അവരുടെ അഭിമാനമാണ്. എന്നാല്‍ ഇന്ന് കല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെതാണെന്ന് കല്‍ക്കത്തക്കാര്‍ക്കോ കൊച്ചി ടസ്‌കേഴ്‌സ് തങ്ങളുടെതാണെന്ന് കേരളക്കാര്‍ക്കോ തോന്നുന്നുണ്ടോ?

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.