a mathrubhumi initiative
IST:
ഹോം   കോളം   പി.ജെ. ജോസ്‌
ബൊറൂസിയയുടെ അത്ഭുത കിരീടം
Posted on: 05 May 2011


അത്ഭുത ലോകത്തില്‍ നിന്നെത്തിയ മാന്ത്രിക ടീമിനെ എന്നപോലെയാണ് ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരാളികള്‍ ഇപ്പോള്‍ കാണുന്നത്.ഫുട്‌ബോളിലെ യാഥാസ്ഥിതികരെയും പാരമ്പര്യവാദികളെയുമെല്ലാം അമ്പരപ്പിച്ചാണ് അവര്‍ ഇക്കുറി ജര്‍മന്‍ കിരീടം നേടിയത്.കരുത്തരായ ബയറണ്‍ മ്യൂണിക്കിനെയും ലെവര്‍ക്യൂസനെയും ഷാല്‍ക്കെയുമൊക്കെ അട്ടിമറിച്ചാണ് അവര്‍ ജര്‍മന്‍ കിരീടം ഉയര്‍ത്തിയിരിക്കുന്നത്.അതും 2002നു ശേഷം.

ഇക്കുറി ജര്‍മന്‍ ലീഗിന് പന്തുരുളുമ്പോള്‍ ബൊറൂസിയയെ ശക്തരായ എതിരാളികളായി ആരും കരുതിയിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്തായിരുന്നു അവര്‍ . യുവരക്തങ്ങളായിരുന്നു ബൊറൂസിയയുടെ കോച്ച് യര്‍ഗന്‍ ക്ലോപ്പിന്റെ ശക്തി.കോച്ചിന്റെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാക്കിയാണ് അവര്‍ ഇക്കുറി കിരീടം തിരിച്ചുപിടിച്ചത്.ബൊറൂസിയയുടെ ഏഴാം ലീഗ് കിരീടമാണിത്.
ബൊറൂസിയയുടെ കിരീട നേട്ടത്തിന് മറ്റു ചില പ്രത്യേകതകള്‍ കൂടിയുണ്ട്.യൂറോപ്പിലെ ഏറ്റവും മികച്ച്എന്റര്‍ടെയ്ന്‍മെന്റ് ഫുട്‌ബോളാണ് അവര്‍ ഇക്കുറി കാഴ്ചവച്ചത്.സുന്ദരമായ ആക്രമണ ഫുട്‌ബോളുമായി അവര്‍ ഓരോ ആഴ്ചയും എതിരാളികളെ മറികടന്നു.

വമ്പന്‍ താരങ്ങള്‍ക്കുവേണ്ടി കാശൊഴുക്കാതെ ടീമിന് ഓരോ പൊസിഷനിലും പ്രയോജനപ്പെടുന്ന താരങ്ങളെ സ്വന്തമാക്കുകയെന്ന പോളിസിയാണ് ക്ലോപ്പ് നടപ്പാക്കിയത്.ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമായിരു്ന്നു ജപ്പാന്റെ യുവമിഡ്ഫീല്‍ഡര്‍ ഷിന്‍ജി കവാഗയുടെ തിരഞ്ഞെടുപ്പ്.ടീമിന്റെ ആണിക്കല്ലായി മാറാന്‍ മധ്യനിരയിലെ പ്രകടനങ്ങളിലൂടെ ജപ്പാന്‍ താരത്തിനായി.

ബൊറൂസിയയുടെ യൂത്ത് പോളിസിയിലൂടെ വളര്‍ന്നു വന്ന യുവമിഡ്ഫീല്‍ഡര്‍ മരിയോ ഗോട്‌സെയും താരത്തിളക്കത്തോടെയുള്ള പ്രകടനമാണ് ഇക്കുറി നടത്തിയത്.കിട്ടിയ അവസരങ്ങളില്‍ തന്റെ കഴിവ് പ്രകടിപ്പിച്ച് ബൊറൂസിയയുടെ ആദ്യ ഇലവനില്‍ സ്ഥാനമുറപ്പിക്കാനും ടീമിന്റെ കിരീടനേട്ടത്തില്‍ തന്റേതായ പങ്കു വഹിക്കാനും യുവതാരത്തിനായി.

താന്‍പോരിമ മാറ്റിവച്ച് ഒറ്റ ടീമായി കളിക്കാനായി എന്നതാണ് ബൊറൂസിയയുടെ വിജയ രഹസ്യം.പ്രതിരോധവും മധ്യനിരയും മുന്നേറ്റ നിരയുമെല്ലാം എണ്ണയിട്ട യന്ത്രങ്ങളെപ്പോലെ കളിച്ചപ്പോള്‍ അര്‍ഹിച്ച വിജയം ക്ലോപ്പിന്റെ കുട്ടികള്‍ക്കു കിട്ടി.ലീഗില്‍ രണ്ടു മത്സരങ്ങള്‍ ശേഷിക്കെയാണ് ബൊറൂസിയ കിരീടത്തില്‍ മുത്തമിട്ടത്.മുപ്പത്തിയാറാം റൗണ്ട് മത്സരത്തില്‍ എഫ്.സി.ന്യൂറംബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയായിരുന്നു അവരുടെ കിരീട ധാരണം.രണ്ടാം സ്ഥാനക്കാരായ ബെയര്‍ ലെവര്‍ ക്യൂസന്‍, എഫ്.സി.കൊളോണോടു തോറ്റതോടെ കാര്യങ്ങള്‍ എല്ലാം ബൊറൂസിയയ്ക്ക് അനുകൂലമായി മാറി.

Other stories in this section:



 

 


 

© Copyright 2013 Mathrubhumi. All rights reserved.