|
ടിയാനന്‍മെന്‍ സ്‌ക്വയറില്‍
Posted on: 12 Aug 2008
ടി. സോമന്‍
ഒളിമ്പിക്‌സ് തിരക്കുകള്‍ക്കിടയില്‍ ഒരിത്തിരി സമയം കണ്ടെത്തിയാണ് ടിയാനന്‍മെന്‍ സ്‌ക്വയറിലേക്ക് പോയത്.കേട്ട കഥകളും കേള്‍ക്കാത്ത കഥകളും ഏറെയുള്ള ടിയാനന്‍മെന്‍ സ്‌ക്വയര്‍. ചൈനയുടെ ചരിത്രത്തിന്റെ വീരചരിതങ്ങള്‍ പേറിനടക്കുന്ന ചത്വരം.
ബെയ്ജിങ് നഗരത്തിനൊരു പ്രത്യേകതയുണ്ട്. അഞ്ച് വട്ടങ്ങളില്‍ അതിനെ വരക്കാം. മിക്കവാറും സ്ഥലങ്ങള്‍ ആ വട്ടത്തിനുള്ളില്‍ വരും. വട്ടമാകുമ്പോള്‍ അതിനൊരു കേന്ദ്രബിന്ദു വേണം. അതാണ് ടിയാനന്‍ മെന്‍ സ്‌ക്വയര്‍. തൃശ്ശൂരിലെ റൗണ്ട്‌പോലെ കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനം പോലെ തിരുവനന്തപുരത്തെ സ്റ്റാച്യു ജങ്ഷന്‍ പോലെ നഗരമധ്യത്തിലെ സ്ഥലം. ചൈനീസ് നേതാവ് മാവോ സേ തുങ് അന്ത്യ വിശ്രമം കൊള്ളുന്നതിവിടെയാണ്. വിഖ്യാതമായ ടിയാനന്‍മെന്‍ ടവര്‍ വടക്കും മാവോ സേ തുങ് ഹാള്‍ തെക്കും ചൈന നാഷണല്‍ മ്യൂസിയം കിഴക്കും ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍ പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന ചത്വരത്തിന്റെ സ്ഥലം ഏതാണ്ട് 109 ഏക്കര്‍ വരും. ഒറ്റയടിക്ക് ഒരു കോടിആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന സ്ഥലം.
പറഞ്ഞു വരുന്നത് അതൊന്നുമല്ല. ചൈനയിലേക്ക് വരുമ്പോഴേ എല്ലാവരും കാണണമെന്ന് നിര്‍ദേശിച്ച സ്ഥലമാണിത്. ചിലര്‍ക്ക് കാണാന്‍ അനുവദിക്കുമോ എന്ന ആശങ്കയുമുണ്ടായി. കാരണം മറ്റൊന്നുമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണകൂടത്തില്‍ നിന്ന് കൂടുതല്‍ സ്വാതന്ത്യം ആവശ്യപ്പെട്ട് 1989 ല്‍ വിദ്യാര്‍ഥികളും ബുദ്ധിജീവികളും ഒരുസമരം നയിക്കാന്‍ കേന്ദ്രീകരിച്ചതും ആ പ്രക്ഷോഭകാരികളെ ചൈനീസ് പട്ടാളം ക്രൂരമായി തോക്കിനിരയാക്കിയതുമായ സ്ഥലമാണിതെന്നതിനാലാണ്.
ജെയിംസിന്റെ സഹായത്തോടെ മെട്രോ ട്രെയിനില്‍ ടിയാനന്‍മെന്‍ ഈസ്റ്റ് സ്‌റ്റേഷനിലിറങ്ങി ഉച്ചവെയിലില്‍ നടക്കുമ്പോള്‍ കൂടെ നടക്കുന്നവരില്‍ ഭൂരിഭാഗവും വിദേശികളാണ്. എല്ലാവരും ലക്ഷ്യമിടുന്നത് സ്‌ക്വയറാണെന്നതു വ്യക്തം. സ്‌ക്വയറിനടുത്തെത്തിയപ്പോള്‍ പുറം കാഴ്ചകാണാന്‍ മാത്രം നൂറുകണക്കിനു വിദേശികള്‍ കൂടിനില്‍ക്കുന്നു. കുറച്ചുകൂടി മുന്നോട്ടു പോയപ്പോള്‍ പോലീസുകാരുടെ സാന്നിധ്യം ശരിക്കും അനുഭവപ്പെട്ടുതുടങ്ങി. അക്രഡിറ്റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് ബസ്സിലും മെട്രോയിലും ടിക്കറ്റ് വേണ്ടെന്നതുപോലെ സ്‌ക്വയറിനകത്തേക്ക് കയറാനും ടിക്കറ്റ് വേണ്ട. പക്ഷേ, ഉള്ളിലേക്കുള്ള ക്യൂവില്‍ നില്‍ക്കാതെ രക്ഷയില്ല. ഒളിമ്പിക്‌സ് വന്നതോടെ നഗരത്തിലെ എല്ലാതിരക്കുള്ള സ്ഥലങ്ങളിലും ക്യൂ നിര്‍ബന്ധമാണ്. മുമ്പും ക്യൂ ഉണ്ടെങ്കിലും കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നൊരുസമീപനം ബെയ്ജിങ്ങിലും വിലപ്പോയിരുന്നുവെന്ന് ജയിംസ് പറഞ്ഞു. കുറച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ ചെറിയൊരു ബഹളം. ഒരു അമേരിക്കന്‍ സംഘമാണ്. ന്യൂയോര്‍ക്കില്‍ നിന്നും വന്നവര്‍. ആരോ ഒരാള്‍ കുറേ നേരമായി അവരുടെ പിന്നാലെയുണ്ടത്രെ. സൂചന വ്യക്തം.
ചൈനയില്‍ രഹസ്യ പോലീസുകാര്‍ വിദേശികളെ പിന്തുടരുമെന്നു വാര്‍ത്തയുണ്ടായിരുന്നു. എന്തിനധികം മെയിന്‍ പ്രസ് സെന്‍ററില്‍ കഴിഞ്ഞ അഞ്ചാം തീയതി ഒരറിയിപ്പുണ്ടായി. പത്രക്കാര്‍ക്ക് ഒരു സിറ്റി ടൂര്‍ സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ പേര് നല്‍കണം. സിറ്റി ടൂറല്ലേയെന്ന നിലയില്‍ ആരും പേരു നല്‍കിയില്ല. സംഗതി ടിയാനന്‍മെന്‍ സ്‌ക്വയറിലേക്കുള്ള ട്രിപ്പായിരുന്നു. അതു വ്യക്തമായി പറയാതിരുന്നത് സംഘാടകരുടെ തന്ത്രവും. ടിയാനന്‍മെന്‍ സ്‌ക്വയറിലേക്ക് യാത്ര ഔദ്യോഗികമായി സംഘടിപ്പിച്ചാല്‍ കണ്ണില്‍ക്കണ്ട വിദേശികളൊക്കെ വന്നുചേരും. സിറ്റി ടൂറെന്നു പറഞ്ഞാല്‍ ആരും വരില്ല. അപ്പോള്‍ സംശയങ്ങള്‍ക്ക് മറുപടിയും പറയേണ്ടല്ലോ. പക്ഷേ, വിദേശികളുണ്ടോ വിടുന്നു. അവര്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് അതും ഒരു പരാതിയായി നല്‍കി.
ഇന്നത്തെ ് വാക്ക്: ഷു ഡേ (ശരി)
|
|
Other stories in this section:
|
|