ഹെനിന് യുഗം അവസാനിക്കുമ്പോള്‍
Posted on: 14 Feb 2011
നെറ്റില്‍ ഒടുങ്ങിയ ബാക്ക്ഹാന്‍ഡ് ഷോട്ടുപോലെയാണിത്. അതോ വിധി കരുതിയ ഡബിള്‍ഫോള്‍ട്ടോ. കളം വിടാന്‍ നിര്‍ബന്ധിതയാകുകയെന്നത് ഏതു കളിക്കാരിക്കും വേദനാജനകം തന്നെ. പ്രതിഭയും ആഗ്രഹവും വറ്റാത്ത നാളോളം. മഹത്തായ ടെന്നീസ് താരങ്ങളിലൊരാളായി ലോകം അംഗീകരിച്ചുകഴിഞ്ഞ ബെല്‍ജിയം താരം ജസ്റ്റിന്‍ ഹെനിന്‍ കളി നിര്‍ത്താന്‍ തീരുമാനിച്ചത് ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടിയിലാണ്. ഇനിയൊരു കിരീടം 'ഉയര്‍ത്താന്‍' ആകാത്ത വിധം തന്റെ കൈക്കുഴ തകര്‍ന്നെന്ന് വെളിപ്പെടുത്തിയ ശേഷമായിരുന്നു ഹെനിന്റെ വിടവാങ്ങല്‍ പ്രഖ്യാപനം. ഒട്ടൊരു നിവൃത്തിയുണ്ടെങ്കില്‍ ഇങ്ങനെയൊരു കടുത്ത തീരുമാനം ഉണ്ടാകില്ലെന്ന ധ്വനിയുണ്ടായിരുന്നു ഹെനിന്റെ പ്രഖ്യാപനത്തില്‍.
28 വയസ്സെന്നത് ഒരു മികച്ച താരത്തെ സംബന്ധിച്ച് കരിയര്‍ അവസാനിപ്പിക്കാനുള്ള പ്രായമല്ല. ഹെനിനെ പോലെ നേട്ടങ്ങളുടെ കൊടുമുടിയേറിയ ഒരു കളിക്കാരിയെ സംബന്ധിച്ച് പ്രത്യേകിച്ചും. ഏതാനും വര്‍ഷം കൂടി കളി തുടര്‍ന്നിരുന്നെങ്കില്‍ വര്‍ത്തമാനകാല വനിതാ ടെന്നീസിലെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ന്റ്സ്ലാം കിരീടങ്ങളെന്ന നേട്ടം ജസ്റ്റിന്‍ ഹെനിന്റെ പേരിലാകുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ ആ നേട്ടമിനി കുറച്ചുകാലമെങ്കിലും യു.എസിന്റെ സെറീന വില്യംസിനൊപ്പം തുടരുമെന്ന് അംഗീകരിച്ചേ മതിയാകൂ. എതിരാളികളെ ദാക്ഷിണ്യമില്ലാതെ തോല്‍പ്പിച്ച ഹെനിന്‍ പരിക്കുകള്‍ക്കു മുന്നില്‍ പ്രതിരോധത്തിനുപോലും തുനിയാതെ കീഴടങ്ങുകയാണ്.
തന്റെ അസാമാന്യ പ്രതിഭ കൊണ്ട് മാത്രം കുന്നോളം വിശേഷങ്ങള്‍ ചാര്‍ത്തി കിട്ടിയ താരമാണ് ഹെനിന്‍. അവര്‍ ഒരിക്കലും താരപ്പൊലിമയില്‍ വിരാജിച്ചില്ല. കളിക്കാരിയായിരുന്നു എല്ലാ അര്‍ത്ഥത്തിലും. ടെന്നീസ് ലോകത്തിന്റെ ഗ്ലാമറോ പ്രശസ്തിയോ തലയ്ക്ക് പിടിപ്പിച്ചില്ല. സ്ത്രീയെന്ന നിലയ്ക്കുള്ള സൗന്ദര്യത്തിനായി അധ്വാനിച്ചില്ല. കടുത്ത നിറങ്ങളുള്ള തിളങ്ങുന്ന ജേഴ്‌സിയില്‍ കളത്തിലിറങ്ങി ശ്രദ്ധ ക്ഷണിച്ചില്ല. ജസ്റ്റിന്‍ ഹെനിന്‍ എന്ന അഡ്രസ് തന്നെ അവരെ ടെന്നീസിന്റെ പ്രിയപ്പെട്ടവളാക്കിയിരുന്നു.
വില്യംസ് സഹോദരിമാരുടെ കരുത്തോ, സ്‌റ്റെഫി-ഷറപ്പോവമാരുടെ പൊക്കമോ ഹെനിനുണ്ടായിരുന്നില്ല. ശാരീരിക വലുപ്പത്തില്‍ മറ്റുള്ളവരെക്കാള്‍ ഏറെ ചെറുതായിരുന്ന ഹെനിന്‍ പ്രതിഭയിലും കളിയിലും ഉയര്‍ന്നുനിന്നു. മറ്റു പലരേക്കാളേറെ നോക്കി പഠിക്കാന്‍ പൂര്‍വമാതൃകകളില്ലാതിരുന്ന ബെല്‍ജിയത്തില്‍ നിന്നും ടെന്നീസിലേക്കെത്തിയ ഒറ്റയാള്‍ പോരാളിയായിരുന്നു ഹെനിന്‍. തന്റെ ഒന്നാം നമ്പര്‍ പദവി കൊണ്ടും ഗ്രാന്റ്സ്ലാമുകള്‍ക്കൊണ്ടും ബെല്‍ജിയത്തെ ഏറെ സമ്പന്നമാക്കിയ ശേഷമാണ് അവര്‍ കളി നിര്‍ത്തുന്നത്.
ഏഴു ഗ്രാന്റ്സ്ലാം കിരീടങ്ങള്‍, 43 ഡബ്ല്യു.ടി.എ. നേട്ടങ്ങള്‍, ഒളിമ്പിക്‌സ് സ്വര്‍ണം, ഒരു വര്‍ഷം നാലു ഗ്രാന്റ്സ്ലാമുകളുടെയും ഫൈനലിലെത്തിയെന്ന സവിശേഷത എല്ലാം ഹെനിന്റെ പേരിനൊപ്പമുണ്ട്. പ്രതിഭാസമെന്ന് മാര്‍ട്ടീന നവരത്‌ലോവയും ഈ തലമുറയിലെ മികച്ച താരമെന്ന് ബില്ലിജിന്‍ കിങ്ങും ബാക്ക്ഹാന്‍ഡ് ഷോട്ടുകളുടെ റാണിയെന്ന് ജോണ്‍ മക്കന്‍റോയും വിളിച്ചു. കളിയിലെ അനായാസത കൊണ്ട് റോജര്‍ ഫെഡററുമായും കളിമണ്ണിലെ മികവിനാല്‍ റാഫേല്‍ നഡാലുമായും താരതമ്യം ചെയ്യപ്പെട്ടു. എക്കാലവും ഓര്‍മിക്കപ്പെടാന്‍ ഇത് തന്നെ ധാരാളമെന്ന് ഹെനിന്‍ തീരുമാനിച്ചാല്‍ പിന്നെ എന്തു ചെയ്യാനാകും.
ഹെനിന്റെ കളി മഹത്തരമാണോയെന്ന് തീരുമാനിക്കേണ്ടത് അവരുടെ ജീവിതാനുഭവങ്ങളുമായി കൂട്ടിവായിച്ചു വേണം. കയ്പ് നിറഞ്ഞതായിരുന്നു ബെല്‍ജിയത്തിലെ ബാല്യകാലം. സ്‌നേഹപൂര്‍വമായ പെരുമാറ്റമോ പ്രോത്സാഹനമോ അമ്മ ഫ്രാന്‍കോയിസ് റോസിയര്‍ ഒഴികെയുള്ളവരുടെ ഭാഗത്തുനിന്നുണ്ടായില്ല. 12 വയസ്സുവരെ അമ്മയുടെ ഒറ്റ ചിറകിന്‍ കീഴില്‍ ഹെനിന്‍ വളര്‍ന്നു. റോചെഫോര്‍ട്ടില്‍ നിന്ന് അതിര്‍ത്തി കുറുകെ കടന്ന 1992 ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ കാണാന്‍ റൊളാങ് ഗാരോസില്‍ എത്തിയതാണ് അമ്മയ്‌ക്കൊപ്പമുള്ള അവസാന ഓര്‍മ. അവിടെ ഹെനിന്റെ പ്രിയതാരം സ്‌റ്റെഫിഗ്രാഫ്, കളിമണ്ണിന്റെ തോഴി മോണിക്കാ സെലസിനു മുന്നില്‍ കീഴടങ്ങുന്ന കാഴ്ച ഹെനിന്‍ ഒട്ടൊരു വിസ്മയത്തോടെ കണ്ടു. ആ കാഴ്ച ഹെനിന്റെ ജീവിതം മാറ്റിമറിച്ചു.
ഹെനിന്റെ കളിക്കാനുള്ള ആഗ്രഹവും അതിനുള്ള അമ്മയുടെ പിന്തുണയും അച്ഛന്‍ ജോസ് ഹെനിന്റെയും സഹോദരന്മാരുയെും വെറുപ്പ് കൂട്ടിയതേയുള്ളൂ. 1995ല്‍ അമ്മ മരിച്ചതോടെ ഇവര്‍ ഒറ്റപ്പെട്ടു. ഏറെ കഴിയും മുമ്പ് ഹെനിന്‍ കണ്ടെത്തിയ അര്‍ജന്റീനക്കാരന്‍ കോച്ച് കാര്‍ലോസ് റോഡ്രിക്‌സ് ഹെനിന്റെ പരിശീലക സ്ഥാനത്തിനൊപ്പം ഒരച്ഛന്റെ കടമ കൂടിയാണേറ്റെടുത്തത്. 2002 ല്‍ കൂട്ടുകാരന്‍ പിയറി ഹാര്‍ഡിനിയെ വിവാഹം ചെയ്‌തെങ്കിലും ആ ബന്ധം ഏറെ നീണ്ടില്ല. 2007 വരെ ജസ്റ്റിന്‍ ഹെനിന്റെ പേരിനൊപ്പം ഉണ്ടായിരുന്ന 'ഹാര്‍ഡിനി'യെ വെട്ടി അവര്‍ വീണ്ടും കോര്‍ട്ടില്‍ സജീവമായി. ഹെനിന്റെ വിവാഹമോചനവും മൂത്ത സഹോദരന് പിണഞ്ഞ ആകസ്മിക അപകടവും അപ്പനും സഹോദരങ്ങളുമായി ഒന്നിക്കാനുള്ള വാതിലാണ് ഇവര്‍ക്കു മുന്നില്‍ തുറന്നത്. 2007 ലെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഫൈനല്‍ പുരോഗമിക്കവേ, ഹെനിന്റെ ഓര്‍മ്മയില്‍ ആദ്യമായി, ജോസ് ഹെനിനും ആങ്ങളമാരും കളി കാണാന്‍ ഗാലറിയിലെത്തി. ഹെനിന്‍ സജീവ ടെന്നീസിലെത്തി 10 വര്‍ഷം ആകുമ്പോഴാണ് ഇങ്ങനെയാരു സംഭവമെന്ന് ഓര്‍ക്കണം. ഇത്തരം ജീവിതാനുഭവങ്ങള്‍ അവരുടെ കളി ആവേശത്തെ ജ്വലിപ്പിച്ചതേയുള്ളൂ.
പ്രമുഖതാരം ജിമ്മി കോണേഴ്‌സ് ഒരിക്കല്‍ പറഞ്ഞു. ഇത് സ്‌പെഷ്യലിസ്റ്റുകളുടെ യുഗമാണ്. ഒന്നുകില്‍ നിങ്ങള്‍ കളിമണ്ണില്‍ രാജാവാകുക. അല്ലെങ്കില്‍ ഹാര്‍ഡ് കോര്‍ട്ടിലോ കളിമണ്ണിലോ ചക്രവര്‍ത്തി. ഇതൊന്നുമല്ലെങ്കില്‍ റോജര്‍ ഫെഡററാകുക. ഏതു തലത്തിലും ഫെഡററര്‍ക്കുള്ള കളി മികവാണ് കോണേഴ്‌സിനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. ഫെഡററുടെ സ്ഥാനത്ത് ജസ്റ്റിന്‍ ഹെനിന്‍ എന്നായാലും അര്‍ത്ഥം പൂര്‍ണമാണ്. ഒറ്റക്കൈകൊണ്ടുള്ള ഹെനിന്റെ ബാക്ക്ഹാന്‍ഡ് ഷോട്ടുകള്‍ താരതമ്യം ചെയ്യപ്പെട്ടത് ഇതിഹാസ പുരുഷതാരങ്ങള്‍ക്കൊപ്പമാണ്. ഹെനിനെ ഒഴിവാക്കിയാല്‍ ഈ തലമുറയില്‍ സെറീന വില്യംസ്, യെലേന ജാങ്കോവിച്ച് എന്നീ വനിതാ താരങ്ങളുടെ ബാക്ക്ഹാന്‍ഡ് ഷോട്ടുകള്‍ മാത്രമാണ് ടെന്നീസ് നിരൂപകരുടെ ശ്രദ്ധ നേടിയിട്ടുള്ളത്.
1999ല്‍ പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറിയ ഹെനിന്‍ ആന്റ്‌വേപ്പില്‍ നടന്ന ആദ്യ ഡബ്ല്യു.ടി.എ. ടൂര്‍ണമെന്റില്‍ തന്നെ കിരീടം നേടികൊണ്ടാണ് ശ്രദ്ധയയായത്. അരങ്ങേറ്റ ടൂര്‍ണമെന്റില്‍ തന്നെ കിരീടം നേടുന്ന 5-ാമത്തെ മാത്രം താരമായിരുന്നു ഹെനിന്‍. 2001 ലെ വിംബിള്‍ഡണ്‍ സെമിയില്‍ നിലവിലെ ഫ്രഞ്ച്-ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേത്രി ജെന്നിഫര്‍ കപ്രിയാറ്റിയെ തോല്പിച്ച് ഫൈനലിലെത്തിയെങ്കിലും യു.എസിന്റെ വീനസ് വില്യംസിനോട് കീഴടങ്ങി. 2002 ല്‍ നാല് ഡബ്ല്യു.ടി.എ. ടൂര്‍ണമെന്റുകളുടെ ഫൈനലിലെത്തിയ അവര്‍ ജര്‍മന്‍ ഓപ്പണ്‍ സെമിയില്‍ ജെനിഫര്‍ കപ്രിയാറ്റിയെയും ഫൈനലില്‍ സെറീന വില്യംസിനെയുമാണ് തോല്പിച്ചത്. 2003 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഉയര്‍ന്ന സീഡിങ്ങ് താരം ലിന്‍ഡ്‌സെ ഡാവന്‍പോര്‍ട്ടിനെ പരാജയപ്പെടുത്തി സെമിയിലെത്തിയെങ്കിലും പരിക്കുമൂലം വീനസിനോട് കീഴടങ്ങി. തുടര്‍ന്നു നടന്ന പ്രോക്‌സിമസ് ഡയമണ്ട് ഓപ്പണില്‍ നാട്ടുകാരി കിം ക്ലൈസ്റ്റേഴ്‌സിനോടു തോറ്റെങ്കിലും ദിവസങ്ങള്‍ക്കകം നടന്ന ദുബായ് ഓപ്പണില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം മോണിക്കാ സെലസിനെ തോല്പിച്ച് കിരീടം നേടി. പിന്നീട് സൗത്ത് കരോലിനയില്‍ നടന്ന ചാള്‍സ്്റ്റണ്‍ സര്‍ക്കിള്‍ കപ്പിലും സെറീന വില്യംസിനെ തോല്പിച്ചു കൊണ്ട് ഹെനിന്‍ കിരീടം നേടി.
ഫ്രഞ്ച് ഓപ്പണില്‍ നാലാം സീഡായി ഇറങ്ങിയ ഹെനിന്‍ സെമിയില സെറീന വില്യംസിനെയും ഫൈനലില്‍ നാട്ടുകാരി കിം ക്ലൈസ്റ്റേഴ്‌സിനെയുമാണ് തോല്പിച്ചത്. ഹെനിന്റെ കന്നി ഗ്രാന്റ്സ്ലാമിനൊപ്പം ബെല്‍ജിയത്തിലെത്തിയ ആദ്യ ഗ്രാന്റ്സ്ലാം കൂടിയായിരുന്നു ഇത്. വിംബിള്‍ഡണ്‍ നാലാം റൗണ്ടില്‍ മേരി പിയേഴ്‌സിനെയും ക്വാര്‍ട്ടറില്‍ സ്വെറ്റ്‌ലാന കുസ്‌നെട്‌സോവയേയും തോല്പിച്ച് മുന്നേറിയ ബെല്‍ജിയന്‍ താരം സെമിയില്‍ സെറീനയോടു തോറ്റു. യു.എസ്. ഓപ്പണില്‍ നാട്ടുകാരി കിം ക്ലൈസ്റ്റേഴ്‌സിനെ തോല്പിച്ച് കിരീടം നേടിയ ഹെനിന്‍, ലോക റാങ്കിങ്ങില്‍ രണ്ടാമതെത്തി.
2004 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിം ക്ലൈസ്റ്റേഴ്‌സിനെ തോല്പിച്ച് കിരീടം നേടിയതോടെ ഹെനിന്റെ റാങ്കിങ്ങ് പോയന്റ് കുത്തനെ ഉയര്‍ന്നു. ഡബ്ല്യു.ടി.എ. റാങ്കിങ്ങിന്റെ ചരിത്രത്തില്‍ ആദ്യമായി 7626 പോയന്റുകള്‍ നേടിയ ഹെനിന്‍, ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി. എന്നാല്‍ പോയന്റ് നല്‍കുന്ന ഈ രീതി 2006 മുതല്‍ ഒഴിവാക്കി.
സീസണിലെ ഫ്രഞ്ച് ഓപ്പണ്‍ യാത്ര നാലാം റൗണ്ടില്‍ അവസാനിച്ചെങ്കിലും ഏഥന്‍സ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി ഹെനിന്‍ റൊളാങ് ഗരോസിലെ തോല്‍വി മറന്നു.
സപ്തംബറില്‍ നടന്ന യു.എസ്. ഓപ്പണില്‍ നദിയാ പെട്രോവയോട് തോറ്റ ഹെനിന് ഒന്നാം റാങ്ക് നഷ്ടപ്പെട്ടു. പരിക്കിനെ തുടര്‍ന്ന് ആറ് മാസത്തോളം കളം വിട്ടുനിന്ന ഹെനിന്‍ മിയാമി മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിലാണ് തിരിച്ചുവന്നത്.
2005 ലെ ഫ്രഞ്ച് ഓപ്പണില്‍ ഫ്രാന്‍സിന്റെ മേരി പിയേഴ്‌സിനെ തോല്പിച്ച് റൊളാങ് ഗാരോസിലെ രണ്ടാം കിരീടം സ്വന്തമാക്കി ഹെനിന്റെ തുടര്‍ച്ചയായ 24-ാം ജയമായിരുന്നു പാരീസിലേത്. വിംബിള്‍ഡണ്‍ നിരാശയുടേതായിരുന്നു. ഒന്നാം റൗണ്ടില്‍ ഗ്രീസിന്റെ എലേനി സാനിലിഡുവിനോട് കീഴടങ്ങുമ്പോള്‍, വിംബിള്‍ഡണ്‍ ആദ്യ റൗണ്ടില്‍ പുറത്താകുന്ന ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ എന്ന മോശം നേട്ടമാണ് ഹെനിനെ കാത്തിരുന്നത്.
ഇതേ വര്‍ഷം ടെന്നീസ് മാഗസിന്‍ പുറത്തിറക്കിയ 1965 നും 2005നും ഇടയിലെ മഹത്തായ 40 ടെന്നീസ് താരങ്ങളുടെ പട്ടികയില്‍ 31-ാമതായി ഹെനിനുണ്ടായിരുന്നു.
ഹെനിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2006. നാലു ഗ്രാന്റ്സ്ലാമുകളുടെ ഫൈനല്‍ കളിച്ച അവര്‍ ഫ്രഞ്ച് ഓപ്പണില്‍ സ്വെറ്റ്‌ലാന കുസ്‌നെട്‌സോവയെ തോല്പിച്ച് കിരീടം നേടി. മെല്‍ബണ്‍ പാര്‍ക്കില്‍ അമേലി മൗറിസ്‌മോയുമായുള്ള മത്സരത്തിനിടെ പിന്‍മാറി. വിംബിള്‍ഡണില്‍ മൗറിസ്‌മോ തന്നെയാണ് ഹെനിനെ തോല്പിച്ചത്. യു.എസ്. ഓപ്പണില്‍ ഒരു സെറ്റിനു മുന്നിട്ടുനിന്ന ശേഷം മരിയ ഷറപ്പോവയോട് കീഴടങ്ങി. തുടര്‍ന്ന് നടന്ന സോണി എറിക്‌സണ്‍ ടൂര്‍ണമെന്റില്‍ ഷറപ്പോവയെ സെമിയിലും മൗറിസ്‌മോയെ ഫൈനിലും തോല്പിച്ച് ഹെനിന്‍ മുന്‍ തോല്‍വികളുടെ പകരം വീട്ടി.
2007ല്‍ വിവാഹമോചനമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാള്‍ വിട്ടുനിന്ന ഹെനിന്‍, മിയാമി മാസ്റ്റേഴ്‌സില്‍ രണ്ടാം സ്ഥാനത്തോടെ തിരിച്ചെത്തി.
ഫ്രഞ്ച് ഓപ്പണില്‍ എല്ലാ കണ്ണുകളും ഈ ബെല്‍ജിയന്‍ താരത്തിലായിരുന്നു. ക്വാര്‍ട്ടറില്‍ സെറീനയേയും സെമിയില്‍ യെലേന ജാങ്കോവിച്ചിനെയും തോല്പിച്ച ഹെനിന്‍ ഫൈനലില്‍ സെര്‍ബിയയുടെ അന്ന ഇവാനോവിച്ചിനെ 6-1, 6-2ന് തകര്‍ത്ത് ഓപ്പണ്‍ യുഗത്തിലെ മോണിക്കാ സെലസിന്റെ തുടര്‍ച്ചയായ മൂന്നു ഫ്രഞ്ച് ഓപ്പണുകള്‍ എന്ന റെക്കോഡിനൊപ്പം എത്തി. വിംബിള്‍ഡണിലെ കുതിപ്പ് സെമിയില്‍ അവസാനിച്ചെങ്കിലും, യു.എസ്. ഓപ്പണ്‍ ഫൈനില്‍ കുസ്‌നെട്‌സോവയെ തോല്പിച്ച് തന്റെ ഏഴാം ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കി. ഒപ്പം ഒരു ടൂര്‍ണമെന്റില്‍ വില്യംസ് സഹോദരിമാരെ തോല്പിക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോഡും.
ഒന്നാം റാങ്കുമായി സീസണ്‍ അവസാനിപ്പിച്ച ഹെനിന്‍ 2008 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ ഷറപ്പോവയോട് പരാജയപ്പെട്ടു. 2008 മെയ് 18ന് ഏവരെയും ഞെട്ടിച്ച് വിടവാങ്ങല്‍ പ്രഖ്യാപിച്ച ഹെനിന്റെ പേര് റാങ്കിങ്ങ് പട്ടികയില്‍ നിന്ന് അടിയന്തിരമായി നീക്കാന്‍ ഡബ്ല്യു.ടി.എ. ആവശ്യപ്പെട്ടു. കാരണം ഹെനിന്‍ അപ്പോഴും ഒന്നാം റാങ്കിലായിരുന്നു. കുറച്ചുനാള്‍ ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അവര്‍ 2010ല്‍ വീണ്ടും അന്താരാഷ്ട്ര ടെന്നീസിലേക്കെത്തുകയാണെന്ന് പ്രഖ്യാപിച്ചു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കളിച്ച് ബ്രിസ്‌ബേന്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ വരെയെത്തി. തുടര്‍ന്നു നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റാങ്കില്ലാ താരമായി ഫൈനല്‍ വരെ മുന്നേറിയ ഹെനിന്‍ സെറീന വില്യംസിനോടു തോറ്റു. വര്‍ഷങ്ങള്‍ നീണ്ട ടെന്നീസ് കുടിപ്പകയ്ക്കിടെ ഇരുവരും ഒരു ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിക്കുന്നത് ആദ്യമായിട്ടായിരുന്നു.
വിംബിള്‍ഡണില്‍ കിം ക്ലൈസ്റ്റേഴ്‌സുമായുള്ള നാലാം റൗണ്ട് മത്സരത്തിനിടെ പരിക്കേറ്റ ഹെനിന്‍ തോറ്റ് പിന്‍മാറി. ആറു മാസത്തിനു ശേഷം ഹോപ്പ്മാന്‍ കപ്പിലൂടെ മടങ്ങി വന്നെങ്കിലും 2011 ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കുസനെട്‌സോവയോടു തോറ്റതോടെ ഹെനിന്‍ സമ്പൂര്‍ണ വിടവാങ്ങല്‍ പ്രഖ്യാപിക്കുകയായിരുന്നു.
2009ല്‍ ആദ്യമായി ഫ്രഞ്ച് ഓപ്പണ്‍ നേടിയ റോജര്‍ ഫെഡററുടെ കഥ വിംബിള്‍ഡണില്‍ ആവര്‍ത്തിക്കാമെന്ന് മോഹിച്ചാണ് ഹെനിന്‍ മടങ്ങി വന്നതെങ്കിലും സെന്റര്‍ കോര്‍ട്ടില്‍ ഒരു കിരീടമുയര്‍ത്താനാകാതെയാണ് അവര്‍ മടങ്ങുന്നതെന്ന സത്യം ആരാധകരെ വേദനിപ്പിക്കുന്നു. എങ്കില്‍ കൂടി, 'കളം വിട്ടോളൂ, നിങ്ങളുടെ ബാക്ക്ഹാന്‍ഡ് കളിയുടെ രഹസ്യം എനിക്ക് തന്നിട്ടെന്ന്' ഹെനിന്റെ വിരമിക്കല്‍ പ്രഖ്യാപനം കേട്ട് ബ്ലോഗില്‍ കുറിച്ച് ബോബ് ബ്രയന്റെ വാക്കുകള്‍ ഈ കളിക്കാരിയുടെ പ്രതിഭയ്ക്കുള്ള അംഗീകാരമല്ലാതെ മറ്റെന്താണ്!