a mathrubhumi initiative
IST:
ഹോം   ടെന്നീസ്‌  
ടെന്നീസ് കോര്‍ട്ടില്‍ ചൈനീസ് വിപ്ലവം
Posted on: 28 Jan 2011

കെ.എം. ബൈജു


ചൈനയ്ക്കു മാത്രമല്ല ഏഷ്യന്‍ ടെന്നീസിന് മൊത്തം അഭിമാനവും ആവേശവുമായാണ് ലി നാ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ ലോക ഒന്നാംനമ്പര്‍ താരം ഡെന്മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാക്കായെ ഞെട്ടിച്ച് ലി മുന്നേറിയത് ചരിത്രത്തിലേക്കാണ്. ഗ്രാന്റ് സ്ലാം ടെന്നീന്നില്‍ ആദ്യമായാണ് ഏഷ്യന്‍ വനിതാതാരം ഫൈനലിലെത്തുന്നത്. ആദ്യസെറ്റ് 3-6ന് നഷ്ടമായശേഷം രണ്ടാംസെറ്റില്‍ മാച്ച്‌പോയന്റ് രക്ഷപ്പെടുത്തിയ ശേഷമാണ് ചൈനീസ് താരം കളിയില്‍ തിരിച്ചെത്തിയത്. രണ്ടാംസെറ്റ് 7-5നും മൂന്നാംസെറ്റ് 6-3നും നേടി ലി കിരീടപോരാട്ടത്തിന് അര്‍ഹത നേടി.

ഒമ്പതാംസീഡായ ലി ഫൈനലില്‍ ബെല്‍ജിയത്തിന്റെ മുന്‍ലോക ഒന്നാംനമ്പര്‍ കിം ക്ലൈസ്റ്റേഴ്‌സിനെയാണ് നേരിടുക. ജയിച്ചാല്‍ അത് മറ്റൊരു ചരിത്രനേട്ടമാവും. 2011-ല്‍ തോല്‍വി അറിഞ്ഞിട്ടില്ലാത്ത ലി സിഡ്‌നി ഓപ്പണ്‍ ഫൈനലില്‍ ക്ലൈസ്റ്റേഴ്‌സിനെ തോല്പിച്ചാണ് കിരീടം ചൂടിയത്. മിന്നുന്ന ഫോമിലുള്ള ബെല്‍ജിയം കാരിക്കെതിരെ ഒരട്ടിമറികൂടി സാധ്യമാണെന്നുതന്നെയാണ് ലിയുടെ ഉറച്ചവിശ്വാസം. കഴിഞ്ഞതവണ സെമിയില്‍ അമേരിക്കയുടെ സെറീന വില്യംസിനോട് തോല്‍ക്കാനായിരുന്നു ചൈനീസ് ഒന്നാം നമ്പറിന്റെ വിധി. 2010-ല്‍ വിംബിള്‍ഡണ്‍ ക്വാര്‍ട്ടറിലും ലി ഇടം നേടിയിരുന്നു. ലോകറാങ്കിങ്ങില്‍ ആദ്യ പത്തിലെത്തിയ ആദ്യ ചൈനീസ് താരവും ലിയാണ്.

ചൈനയിലെ വിമതസ്വരംകൂടിയാണ് 28-കാരിയായ ലി. സര്‍ക്കാറിന്റെ ഇടുങ്ങിയ കായികനയം തിരുത്തണമെന്ന് രണ്ടുവര്‍ഷം മുമ്പ് ലി ആവശ്യപ്പെട്ടത് വിവാദം ഉയര്‍ത്തിയിരുന്നു. ഏതായാലും ടെന്നീസില്‍നിന്നുള്ള വരുമാനം സ്വന്തമായി സൂക്ഷിക്കാനുള്ള അവകാശം ലിക്ക് സര്‍ക്കാര്‍ നല്കിയിട്ടുണ്ട്.

മധ്യചൈനയിലെ വുഹാന്‍ നഗരത്തില്‍ ജനിച്ച ലി ആറാംവയസ്സില്‍ ബാഡ്മിന്റണ്‍ താരമായാണ് തുടങ്ങിയത്. എന്നാല്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ടെന്നീസ് ശൈലിയില്‍ കളിച്ച ലിയെ കോച്ച് ടെന്നീസിലേക്ക് തിരിച്ചുവിടുകയായിരുന്നു. 1999 മുതല്‍ പ്രൊഫഷണല്‍ താരമായി. 2004-ല്‍ ഗ്വാങ്ഷു ഓപ്പണ്‍ നേടി ഡബ്ല്യു.ടി.എ. കിരീടം ചൂടുന്ന ആദ്യ ചൈനീസ് താരമായി. ഇതുവരെ നാല് ഡബ്ല്യു.ടി.എ കിരീടങ്ങള്‍ ലി സ്വന്തമാക്കിയിട്ടുണ്ട്.

കോര്‍ട്ടിലെ ചടുലമായ നീക്കങ്ങളും റിഫ്‌ളക്‌സുകളുമാണ് ലിയുടെ പ്രത്യേകത. മികച്ച ഗ്രൗണ്ട് സ്‌ട്രോക്കുകള്‍ 28-കാരിയുടെ കരുത്താണ്. ഏറെ അനാവശ്യ പിഴവുകള്‍ വരുത്തുന്നതാണ് പലപ്പോഴും ലിക്ക് തിരിച്ചടിയാവുന്നത്. നിരന്തരം വേട്ടയാടുന്ന പരിക്കും വലിയ നേട്ടങ്ങളില്‍നിന്ന് ലിയെ തടയുന്നു. എന്നാല്‍ തിരിച്ചടികളില്‍ പതറാതെ മുന്നേറാന്‍തന്നെയാണ് ലിയുടെ തീരുമാനം.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.