a mathrubhumi initiative
IST:
ഹോം   ടെന്നീസ്‌  
പുതുവര്‍ഷ ജയവുമായി ഹെനിന്‍
Posted on: 03 Jan 2011

ഷീബ ജെയിംസ്‌


വനിതാ ഫെഡറര്‍' എന്ന് ജസ്റ്റിന്‍ ഹെനിനെ വിളിച്ചത് ഇതിഹാസതാരം മാര്‍ട്ടീന നവരത്ത്‌ലോവയാണ്. ഹെനിന്റെ കളി വാസ്തവത്തില്‍ പ്രതിഭാസമാണെന്നാണ് മാര്‍ട്ടീനയുടെ കണ്ടെത്തല്‍. ഒരു തൂവല്‍പോലെ പറന്നുകളിക്കുന്ന 'ലൈറ്റ് വെയ്റ്റ്' കളികൊണ്ടാവണം ഫെഡററും ഹെനിനും ഒരുപോലെയാണെന്ന് മാര്‍ട്ടീന പറയുന്നത്.

ടെന്നീസ് വിദഗ്ധര്‍ ഹെനിനെ വിശേഷിപ്പിക്കുന്നതാകട്ടെ 'ലേഡി നദാലെന്നാണ്'. റൊളാങ്ങ് ഗാരോയില്‍ നാലുതവണ കിരീടമുയര്‍ത്തിയ വനിതാതാരത്തെ മറ്റെന്തു വളിക്കാന്‍. മൂന്ന് വിംബിള്‍ഡണും നാല് യു.എസ്.ഓപ്പണും അമേരിക്കയിലെത്തിച്ച ജോണ്‍ മക്കനോര്‍ പറയുന്നത് ഹെനിന്റെ ഒറ്റക്കൈയന്‍ ബാക്ക് ഹാന്‍ഡുകളെ വെല്ലാന്‍ പുരുഷ-വനിത ടെന്നീസില്‍ പുതിയ ഒരാള്‍ ജനിക്കണമെന്നാണ്.

സമകാലിക ടെന്നീസിലെ ഏറ്റവും മികച്ച താരങ്ങളായ ഫെഡറര്‍-നദാല്‍ എന്നിവരുമായുള്ള താരതമ്യപ്പെടുത്തലുകളിലൂടെതന്നെ ഹെനിന്റെ ക്ലാസ് വ്യക്തമാകുന്നു.

പരിക്കിനെത്തുടര്‍ന്ന് ആറു മാസമായി കളത്തില്‍നിന്ന് വിട്ടുനിന്ന ബെല്‍ജിയം താരം തിരിച്ചെത്തിയിരിക്കുകയാണ്. ശനിയാഴ്ച പെര്‍ത്തില്‍ നടന്ന കളിയില്‍ ഓസ്‌ട്രേലിയന്‍ താരം അലീഷാ മോളിക്കിനെ തോല്പിച്ചുകൊണ്ടാണ് ഹെനിന്‍ പുതുവര്‍ഷപ്പിറവി ആഘോഷിച്ചത്. ഹോപ്മാന്‍ കപ്പിലായിരുന്നു 6-4, 6-4 സ്‌കോറിനുള്ള ഹെനിന്റെ വിജയം. കഴിഞ്ഞവര്‍ഷം വിംബിള്‍ഡണ്‍ 4-ാം റൗണ്ടില്‍ നാട്ടുകാരി കിം ക്ലൈസ്‌റ്റേഴ്‌സുമായുള്ള മത്സരത്തിനിടെയാണ് പരിക്കിനെത്തുടര്‍ന്ന് ഹെനിന്‍ പിന്‍മാറിയത്.

പെര്‍ത്തിലെ മത്സരത്തില്‍ യഥാര്‍ഥ റിഥം പ്രകടമാക്കാന്‍ ഹെനിനായില്ലെങ്കിലും ഈ മാസം 17ന് തുടങ്ങുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ താരത്തിനാവും എന്ന് വ്യക്തമാക്കുന്നതാണ് ഹോസ്മാന്‍ കപ്പിലെ ആദ്യ ജയം. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫൈനലിലെത്തിയ ഹെനിന്‍ യു.എസ്.താരം സെറീന വില്യംസിനോടാണ് തോറ്റത്. 2004ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടം നേടിയ ഹെനിന്‍ 2005 മുതല്‍ 2007 വരെ തുടര്‍ച്ചയായും 2003ലും ഫ്രഞ്ച് ഓപ്പണ്‍ നേടിയ താരമാണ്.

വിംബിള്‍ഡണ്‍ കിട്ടാക്കനിയായി തുടരുമ്പോഴും ഒരു വര്‍ഷം നാലു ഗ്രാന്‍ഡ്സ്ലാം ഫൈനലുകള്‍ കളിച്ച നിലവില്‍ സജീവമായിരിക്കുന്ന വനിതാതാരം എന്ന നേട്ടം ഹെനിനു മാത്രം അവകാശപ്പെട്ടതാണ്. 2003ലും 2007ലും യു.എസ്. ഓപ്പണ്‍ നേടിയ ഹെനിനായിരുന്നു 2004ലെ സിംഗിള്‍സ് ഒളിമ്പിക്‌സ് സ്വര്‍ണവും. 2004ല്‍ മികച്ച ഡബ്ല്യു.ടി.എ. താരത്തിനുള്ള പുരസ്‌കാരം നല്‍കിയും 2008 കായികരംഗത്തെ പരമോന്നത പുരസ്‌കാരമായ ലോറസ് അവാര്‍ഡു നല്‍കിയും ടെന്നീസ് ലോകം ഹെനിനെ ആദരിച്ചു.

മറ്റ് വനിതാ താരങ്ങളെ അപേക്ഷിച്ച് ശാരീരിക കാര്യക്ഷമതയില്‍ ഏറെ പിന്നിലായ ഹെനിന്‍ മാനസിക കരുത്തിലൂടെയാണ് എതിരാളികളെ പിന്നിലാക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. 175 സെന്റിമീറ്റര്‍ ഉയരമുള്ള സെറീന വില്യംസും 167 സെന്റിമീറ്റര്‍ ഉയരമുള്ള ഹെനിനും കളിക്കുമ്പോള്‍ ഈ വ്യത്യാസം പ്രകടവുമാണ്. എന്തുതന്നെയായാലും ബെല്‍ജിയത്തിന് ടെന്നീസ് ഭൂപടത്തില്‍ ഇടം നേടിക്കൊടുത്ത താരം എന്ന നിലയ്ക്കാണ് ഹെനിന്‍ വാഴ്ത്തപ്പെടുന്നത്. 17 മുതല്‍ മെല്‍ബണ്‍ പാര്‍ക്കില്‍ തുടങ്ങുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മികച്ച പ്രകടനത്തോടെ കഴിഞ്ഞതവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാന്‍ ഹെനിനുണ്ടാകുമെന്ന് ഹോപ്മാന്‍ കപ്പിലെ വിജയത്തോടെ കരുതാം.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.