|
അവസാനത്തെ ആണി
Posted on: 16 Oct 2010
കെ.എം.സുധീര്‍
വീരനായകന്മാര്‍ അക്ഷോഭ്യരായിരിക്കും. തകര്‍ന്ന കപ്പലിലെ അവസാന നാവികനെയും രക്ഷപ്പെടുത്തിയശേഷം സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് കപ്പലിനോടൊപ്പം മുങ്ങിത്താഴുന്ന ധീരനായ കപ്പിത്താന്റെ മുഖത്ത് ജലനിരപ്പില്‍നിന്നും അപ്രത്യക്ഷനാകുംവരെ പുഞ്ചിരി മായാതെ നില്‍ക്കുമത്രേ. ഉപചാരം ചൊല്ലി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നും പുറത്ത് വന്ന റിക്കി പോണ്ടിങ്ങിന്റെ മുഖത്തും അങ്ങനെയൊന്ന് മിന്നിമറഞ്ഞിരുന്നു. അതുപക്ഷേ, സ്ഥൈര്യത്തിന്റെ മന്ദഹാസമാണോ അതോ അവിശ്വസനീയതയുടെ വികൃതഹാസമാണോ എന്ന് പറയാന്‍ സാധിക്കുന്നില്ല. ഒരുപക്ഷേ, യാഥാര്‍ഥ്യം ഇതിനിടയില്‍ എവിടെയോ ആകാം.
അടികൊള്ളുന്നെങ്കില്‍ അത് മോതിരക്കൈകൊണ്ട് എന്ന് പഴമക്കാര്‍ പറയും. ഇവിടെയും മറിച്ചല്ല സംഭവിച്ചത്. ഇത് തീരെ അപ്രതീക്ഷിതം എന്ന് ഓസ്‌ട്രേലിയക്കാര്‍ പറയാനിടയില്ല. കണക്കുകൂട്ടലുകളുടെ വീണ്ടുവിചാരപ്പട്ടികയില്‍ എവിടെയോ ഇത് കുറിച്ചിട്ടിട്ടുതന്നെയാണ് അവര്‍ വിമാനത്താവളത്തില്‍ എത്തിയത്. ആലോചനകളെ മാറ്റിയും മറിച്ചും ശക്തി ദൗര്‍ബല്യങ്ങളെ താരതമ്യം ചെയ്തും സിഡ്‌നി മുതല്‍ ന്യൂഡല്‍ഹി വരെ ബിസിനസ് ക്ലാസില്‍ സഞ്ചരിച്ചതിന്റെ സുഖാലസ്യത്തില്‍ ഒരുപക്ഷേ, പോണ്ടിങ്ങിന്റെ സ്വപ്നങ്ങളിലെവിടെയെങ്കിലും മറിച്ചുള്ള സാധ്യതകള്‍ താലോലിക്കപ്പെട്ടിട്ടുണ്ടാവാം. അങ്ങനെ മധുരസ്വപ്നങ്ങള്‍ നെയ്യാനുള്ള ഓസ്‌ട്രേലിയന്‍ നായകന്റെ അവകാശത്തെ ചോദ്യം ചെയ്യാന്‍ പാടില്ല. സ്ഥിതിവിവരക്കണക്കില്‍ ദക്ഷിണാഫ്രിക്കക്കും ശ്രീലങ്കക്കും ഇംഗ്ലണ്ടിനും പിന്നില്‍ അഞ്ചാം സ്ഥാനത്തിന്റെ അപരിചതത്വത്തില്‍ നില്‍ക്കുന്ന ഒരു ടീം എന്നത് ഓസ്‌ട്രേലിയയുടെ പ്രകടനമികവിനോട് ഒട്ടും നീതി പുലര്‍ത്തുന്ന അവസ്ഥയല്ല. അവരുടെ യഥാര്‍ഥ റാങ്ക് അതിലും എത്രയോ മുകളില്‍ത്തന്നെയാണ്.
പോണ്ടിംഗ് നിര്‍ദ്ദേശിക്കുന്നു, സച്ചിന്‍ തീരുമാനിക്കുന്നു എന്ന പോലെയായി അവസാനം കാര്യങ്ങള്‍. മഹത്തുക്കള്‍ അങ്ങനെയാണ്. ഒരബദ്ധവും അവര്‍ ആവര്‍ത്തിക്കാനിഷ്ടപ്പെടുന്നില്ല. ഒരു സെക്കന്‍ഡിന്റെ പത്തിലൊരംശം സമയത്തേക്ക് അതിരു കടന്നിട്ടുള്ള ആത്മവിശ്വാസത്തിന് സച്ചിന്‍ തെണ്ടുല്‍ക്കറോളം വില കൊടുത്തിട്ടുള്ളവര്‍ ലോക ചരിത്രത്തില്‍ത്തന്നെ വേറെ ആരെങ്കിലും ഉണ്ടാകുമോ എന്ന് സംശയമാണ്. കാവലില്ലാത്ത മേഖലകളിലേക്ക് അതിസൂക്ഷ്മതയോടെ തൊടുക്കുന്ന ഷോട്ടുകള്‍. പത്തില്‍ ഒമ്പതും ലക്ഷ്യം കാണും. ഇടയ്‌ക്കെവിടെയോ ദൈവം മനുഷ്യരൂപം പൂണ്ട് കൈപ്പിഴയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് അപൂര്‍വ്വം. അതിനെ സ്വാഭാവികമായിട്ട് കാണാനറിയാത്ത നമ്മുടെ മനോവിചാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കാത്തതിന്റെ പഴിയേറ്റുവാങ്ങിക്കൊണ്ട് സച്ചിന്‍ തെണ്ടുല്‍കര്‍ യാത്ര തുടരുകതന്നെ ചെയ്യുന്നു. മുപ്പത്തിയേഴാം പിറന്നാള്‍സന്ധ്യയില്‍ അദ്ദേഹം തന്നെ പറഞ്ഞ വാക്കുകള്‍ എത്ര അന്വര്‍ഥമായിരുന്നു! 'സമൂഹം സദാ കല്ലെറിഞ്ഞുകൊണ്ടിരിക്കും. ഞാന്‍ അതൊക്കെ പെറുക്കിയെടുത്ത് പ്രതിഷ്ഠിച്ച് നാഴികക്കല്ലുകളാക്കി മാറ്റും'- ഇതിങ്ങനെ തുടരും. കാല്‍ നൂറ്റാണ്ട് പിന്നിട്ടാലും പതിനേഴായിരം റണ്ണുകള്‍ കഴിഞ്ഞാലും ഇരുനൂറാമത്തെ ടെസ്റ്റ് കളിച്ചാലും അത് മാറാന്‍ പോകുന്നില്ല.
രാവണനിഗ്രഹമായിരുന്നു രാമന്റെ നിയോഗം. അതുവരെയുള്ള യുദ്ധം മുന്നില്‍ നിന്നും നയിച്ചത് ലക്ഷ്മണന്‍ തന്നെയായിരുന്നു. യുദ്ധങ്ങള്‍ എന്നാല്‍ ഒറ്റയാള്‍ പോരാട്ടങ്ങള്‍ മാത്രമല്ല. അടിസ്ഥനപരമായി അതൊരു കൂട്ടുത്തരവാദിത്വമാണ്. നാം ലക്ഷ്മണന്മാരെ മാത്രം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നു. അതിനിടയിലെ ഇശാന്ത് ശര്‍മ്മമാര്‍ സൗകര്യപൂര്‍വം വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ഇതൊരു പ്രകൃതിനിയമം പോലെയാണ്. മാറ്റത്തിന്റെ ഒരു നിയമവും ഇതിനെ ബാധിക്കില്ല.
നാണയത്തിന്റെ ഇരുപുറത്തും മഹേന്ദ്രസിംഗ് ധോണി ഭാഗ്യമന്വേഷിച്ചകൊണ്ടേയിരിക്കുന്നു. തുടര്‍ച്ചയായി ടോസുകള്‍ നഷ്ടപ്പെട്ട (അതും നഷ്ടപ്പെടുത്തിയ എന്ന് വിവക്ഷിക്കാന്‍ നമുക്ക് ഒരു മടിയുമില്ല) നായകന്മാരുടെ റാങ്കിങ്ങിലും ഇന്ത്യന്‍ നായകന്‍ ഒന്നാം സ്ഥാനത്താണെന്ന് തോന്നുന്നു. ആദ്യത്തെ പന്ത് എറിയുന്നതിനു മുമ്പ് തീരുമാനമെടുക്കാനുള്ള ഒരു സാഹചര്യം മാത്രമാണ് ഈ നാണയഭാഗ്യം. അതിനപ്പുറത്ത് ഇതെന്തോ മഹത്തായ ഒരു സംഭവമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. ''ടോസ് കിട്ടിയിട്ടും ബൗള്‍ ചെയ്തു'' എന്നൊക്കെ കുത്തുവാക്കുകളായിട്ട് മേനി പറഞ്ഞ് നടക്കുന്നവരെ കാണാനാകും. മത്സരം ജയിക്കുന്നത് നാണയമെറിഞ്ഞ് തലയെന്നോ വാലെന്നോ വിളിച്ച് കൂവുന്നതുപോലെ എളുപ്പമുള്ള ഒരു സംഗതിയാണെന്ന് ധരിച്ച് വെച്ചിട്ടുള്ളവര്‍ പോലും ഉണ്ടെന്നുള്ളത് ഉറപ്പാണ്. അവരെയൊക്കെ ദൈവം രക്ഷിക്കട്ടെ.
പ്രത്യേകിച്ച് ഒരു ആശയ്ക്കും വകയില്ലാത്ത ഒരു ബൗളിങ്‌നിരയുമായിട്ട് കളത്തിലിറങ്ങിയ ഇന്ത്യ എതിരാളികളുടെ നാല്‍പ്പത് വിക്കറ്റുകളും പിഴുതെറിഞ്ഞത് ഒരേസമയം ആശ്വാസവും അത്ഭുതവുമാണ്. ഇവിടെയും സങ്കല്‍പ്പങ്ങള്‍ പലപ്പോഴും മാനദണ്ഡങ്ങളായി മാറാറുണ്ട്. നാലോ അഞ്ചോ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളര്‍മാര്‍ വാഴ്ത്തപ്പെടുമ്പോള്‍ നിശ്ശബ്ദ സേവകസമൂഹം അവഗണിക്കപ്പെട്ടു പോവുക എന്നത് തന്നെയാണ് എക്കാലത്തും സംഭവിച്ചിട്ടുള്ളത്. പ്രത്യക്ഷത്തില്‍ നോക്കിയാല്‍ മികച്ച ബൗളിങ് പ്രകടനം എന്ന് പറയാനുള്ളത് സഹീര്‍ഖാന്റെ ഒരു അഞ്ച് വിക്കറ്റ് നേട്ടം മാത്രമാണ്. അതിന് അര്‍ഹിക്കുന്ന മൂല്യം നല്‍കിക്കൊണ്ടുതന്നെ അതിനെ രണ്ടാം സ്ഥാനത്തേക്കോ മൂന്നാം സ്ഥാനത്തേക്കോ മാറ്റി നിര്‍ത്തേണ്ടതുണ്ട്. ഏറ്റവും പ്രാധാന്യം സഹീര്‍, ഹര്‍ഭജന്‍, ഓജ എന്നിവര്‍ ചേര്‍ന്ന് വീഴ്ത്തിയ 32 വിക്കറ്റുകള്‍ക്കാണ്. പരമ്പരയിലെ വിക്കറ്റ് പട്ടികയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഇവര്‍ക്കാണ്. ബാറ്റ്‌സ്മാന്മാര്‍ ഏതാണ്ട് ഒരേനിലവാരം പ്രദര്‍ശിപ്പിച്ച സീരീസിന്റെ ഭാഗധേയം നിശ്ചയിച്ചതും മറ്റൊന്നല്ല.
ബാറ്റിങ് പട്ടികയുടെ ചിത്രം കൂടി എടുത്താലേ നേരത്തേ സൂചിപ്പിച്ചത് പൂര്‍ത്തിയാകൂ. ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ തെണ്ടുല്‍കര്‍ക്ക് ശേഷം നാലും ഓസ്‌ട്രേലിയക്കാരാണ്. ശക്തമായ രണ്ട് ഒന്നാം ഇന്നിങ്ങ്‌സുകളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ടോസിന്റെ ആനുകൂല്യം ഇവിടെ ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്യപ്പെടുന്നു. മത്സരങ്ങള്‍ ജയിപ്പിക്കുന്നത് ബൗളര്‍മാരാണ് എന്ന പ്രാഥമിക നിയമം ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെടുകയും ചെയ്യുന്നു. സുരക്ഷിതം എന്ന് ഇതുവരെ വിശ്വസിച്ച് പോന്ന സ്‌കോറുകളൊക്കെ പുനര്‍വിചിന്തനം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. നാനൂറിനും അഞ്ഞൂറിനും നല്‍കാന്‍ കഴിയാത്ത ഒന്നാമിന്നിങ്‌സ് അഭയങ്ങളെക്കുറിച്ച് ഇനി ആരും വേവലാതിപ്പെട്ടിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. എന്തൊക്കെ മാറിയാലും അനിശ്ചിതത്വങ്ങള്‍ അതിനനുസരിച്ച് മാറുന്നു എന്നതാവും ടെസ്റ്റ് ക്രിക്കറ്റിനെ ഇപ്പോഴും ആകര്‍ഷണീയമാക്കി നിര്‍ത്തുന്നത്.
പോണ്ടിങ്ങിന് തെറ്റി എന്ന് ഷെയ്ന്‍ വോണ്‍ വിലപിയ്ക്കുന്നു. വിലാപം വോണിയുടേതാകുമ്പോള്‍ അതില്‍ കഴമ്പുണ്ടാകാതിരിക്കില്ല. നേതന്‍ ഹൗറിറ്റ്‌സിനെ ഉപയോഗിച്ച രീതിയാണ് വോണിയെ ചൊടിപ്പിക്കുന്നത്. ഓസ്‌ട്രേലിയന്‍ നായകന്മാര്‍ക്ക് വളരെ അപരിചിതമായ ഒരു മേഖലയിലേക്കാണ് ഈ വിലാപത്തിന്റെ വാതില്‍ തുറക്കുന്നത്. ബൗളര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഫീല്‍ഡ് വിന്യാസങ്ങളുടെ ജാമിതീയഘടന മാത്രം നോക്കേണ്ട നായകന്മരെയാണ് നമുക്ക് പരിചയം. അതിസൂക്ഷ്മതയും ആര്‍ഭാടം പോലെ വൈവിധ്യങ്ങളുമുള്ള ബൗളര്‍മാരുടെ കാലം കഴിഞ്ഞത് റിക്കി പോണ്ടിങ്ങിനെപ്പോലൊരു ക്യാപ്റ്റന്‍ അറിയാതിരുന്നത് അദ്ദേഹത്തിന്റെ മാത്രം കുഴപ്പമാണോ എന്ന് ഉറപ്പിച്ച് പറയാനാവില്ല. ഒരു ടീമിന്റെ പൊതു നിലവാരമാണ് നായകന്റെ പ്രതിച്ഛായയുടെ ആകെത്തുക. നല്ലൊരു നായകന്‍ വിഡ്ഢിയാക്കി ചിത്രീകരിക്കപ്പെടാന്‍ ഒന്നോ രണ്ടോ സെഷനുകള്‍ മതി. മറിച്ച് സംഭവിക്കാന്‍ ചിലപ്പോള്‍ സീസണുകള്‍ തന്നെ വേണ്ടി വന്നേക്കും.
ആഷസിനു മുമ്പ് ഇന്ത്യയിലെ ബൗണ്‍സ് കുറഞ്ഞ പ്രതലത്തില്‍ കളിച്ച് പരിചയം പുതുക്കേണ്ടി വരുന്നതിനെ ഓസ്‌ട്രേലിയക്കാര്‍ ആശങ്കയോടെയാണ് കണ്ടിരുന്നത്. മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ ഇതിന്റെ സാംഗത്യത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഒരര്‍ഥത്തില്‍ അതൊരു മുന്‍കൂര്‍ ക്ഷമാപണമായിരുന്നു. പ്രതലങ്ങളെ പഴിച്ച് കുറവുകളെ മറയ്ക്കാനുള്ള ഒരു സാധാരണ തന്ത്രം. ഒരുപക്ഷേ, ആസന്നമായ മറ്റൊരു പരാജയത്തിന്റെ സാധ്യതകളെക്കൂടി അദ്ദേഹം മുന്നില്‍ക്കാണുന്നുണ്ടാകാം. ഇനി അത് മാത്രമേ ഓസ്‌ട്രേലിയക്ക് നഷ്ടപ്പെടാനുള്ളൂ. അവസാനത്തെ ആണിയും തറയ്ക്കപ്പെട്ടിരിക്കുന്നു. അതൊന്ന് ഉറപ്പിക്കുന്ന ജോലിയേ ആന്‍ഡ്ര്യൂ സ്ട്രൗസിന്റെ ടീമിനുള്ളൂ. അതത്ര എളുപ്പമല്ലെങ്കിലും.
|
|
Other stories in this section:
|
|