SATURDAY, JANUARY 31, 2015
ആഹ്ലാദത്തിരയില്‍ പ്രജുഷ
Posted on: 11 Oct 2010

കെ. വിശ്വനാഥ്


ന്യൂഡല്‍ഹി : ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ അമ്പതിനായിരത്തോളം വരുന്ന ജനക്കുട്ടം എഴുന്നേറ്റുനിന്ന് കൈവീശി ആരവം മുഴക്കിയപ്പോള്‍ പ്രജുഷ സന്തോഷംകൊണ്ട് അക്ഷരാര്‍ഥത്തില്‍ തുള്ളിച്ചാടുകയായിരുന്നു. സ്റ്റേഡിയത്തിന്റെ രണ്ടുഭാഗത്തുമുള്ള കൂറ്റന്‍ ടി.വി സ്‌ക്രീനില്‍ പ്രജുഷയുടെ ചിരിക്കുന്ന മുഖം നിറഞ്ഞുനിന്നു. കായികകേരളത്തിന്റെ അഭിമാനനിമിഷങ്ങള്‍! സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും വീരേന്ദര്‍ സെവാഗിനുംവേണ്ടി ആര്‍ത്തു വിളിക്കാറുള്ള ഡല്‍ഹിയിലെ ജനക്കൂട്ടം ' പ്രജു, പ്രജു ' എന്ന് അലറിയപ്പോള്‍ അവള്‍ വിളികേട്ടു. അരികിലേക്ക് ചെന്ന് അവര്‍ക്കുനേരെ ഇന്ത്യന്‍പതാക വീശി പ്രത്യഭിവാദ്യം ചെയ്തു. ആഹ്ലാദത്തിമര്‍പ്പിനിടയില്‍ പ്രജുഷ വന്നു. മാതൃഭൂമിക്ക് ഒരഭിമുഖം.

വലിയ വിജയമാണല്ലോ ? എന്തു തോന്നുന്നു ?

ഭയങ്കര സന്തോഷം . അടിപൊളി. ജീവിതത്തില്‍ ഏറ്റവും സന്തോഷംതോന്നിയ നിമിഷങ്ങളാണ്.

6.47 മീറ്റര്‍. ഈ പ്രകടനത്തെക്കുറിച്ച് എന്തുതോന്നുന്നു?

എന്റെ ഏറ്റവുംമികച്ച പ്രകടനം ഇവിടെ വേണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ സാധിച്ചിരുന്നെങ്കില്‍ സ്വര്‍ണം കിട്ടിയേനെ ! എങ്കിലും സാരമില്ല. ഇന്ത്യക്ക് ഒരു മെഡല്‍ സമ്മാനിക്കാന്‍ കഴിഞ്ഞല്ലോ

ആര്‍ക്കാണ് ഈ മെഡല്‍ സമര്‍പ്പിക്കുന്നത് ?

എനിക്കുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും. പിന്നെ എന്റെ കോച്ച് ജോര്‍ജ് സാറിന്. അച്ഛന്, അമ്മയ്ക്ക്..

അഞ്ചാമത്തെ ചാട്ടംവരെ പ്രജുഷ ഒന്നാം സ്ഥാനത്തായിരുന്നു. 52 വര്‍ഷംമുമ്പ് മില്‍ഖ നേടിയ ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു അത്‌ലറ്റിനും സ്വര്‍ണം നേടാനായില്ല. അവസാന ചാട്ടത്തിനു മുമ്പ് അക്കാര്യം ഓര്‍ത്തിരുന്നോ?

അങ്ങനെ ഒന്നുമില്ലായിരുന്നു മനസ്സില്‍. പക്ഷെ, ഏറ്റവും മികച്ച ജമ്പിനാണ് ശ്രമിച്ചത്. കാലിന് ചെറിയൊരു വേദന ആ സമയത്ത് അനുഭവപ്പെട്ടു. ആ ചാട്ടം നന്നായില്ല.

അഞ്ജുബോബിജോര്‍ജാണ് പ്രജുഷയ്ക്കു മുമ്പ് കേരളത്തില്‍നിന്ന് ഗെയിംസില്‍ മെഡല്‍ നേടിയത്. അഞ്ജു ഒരു പ്രചോദനമായിരുന്നോ ?

തീര്‍ച്ചയായും. അഞ്ജുച്ചേച്ചിക്ക് ഒപ്പം മത്സരിച്ചത് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. അന്നൊക്കെ ഞങ്ങള്‍ കരുതിയത് അന്താരാഷ്ട്ര മത്സരങ്ങളില്‍ ജമ്പിനങ്ങളില്‍ മെഡല്‍ നേടാന്‍ വിദേശികള്‍ക്കേ കഴിയൂ എന്നാണ്. അത് തിരുത്തിത്തന്നത് അഞ്ജു ചേച്ചിയാണ്. പിന്നെ ഞങ്ങള്‍ ബാംഗ്ലൂരില്‍നിന്ന് യാത്രതിരിക്കുമ്പോള്‍ ഒരു ഫെയര്‍വെല്‍ പാര്‍ട്ടിയുണ്ടായിരുന്നു. പാര്‍ട്ടിയില്‍ ചേച്ചി ഞങ്ങള്‍ക്ക് ഗുഡ്‌ലക്ക് നേര്‍ന്നു. അതും ഒരു പ്രചോദനമായിരുന്നു.

മയൂഖയും രശ്മിയും പ്രജുഷയും ഒരുമിച്ചാണ് പരിശീലിക്കുന്നത്. അതെത്രത്തോളം ഗുണം ചെയ്തു ?

ഞങ്ങള്‍ കുറേക്കാലമായി അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ച് ട്രെയിന്‍ ചെയ്യുന്നതും ചര്‍ച്ചചെയ്യുന്നതുമെല്ലാം ഏറെ ഗുണംചെയ്തു. മയൂഖയ്ക്ക് കാലിന് പരിക്കേറ്റതു കൊണ്ടാണ് ഇന്ന് മികച്ച പ്രകടനം സാധിക്കാഞ്ഞത്. അല്ലെങ്കില്‍ അവള്‍ക്കും മെഡല്‍ കിട്ടിയേനേ.

ഒരുദിവസം ട്രിപ്പിളില്‍ ദേശീയറെക്കോഡ്, രണ്ടുദിവസം കഴിഞ്ഞ് ലോങ്ജമ്പില്‍ വെള്ളിമെഡല്‍. എന്തു തോന്നുന്നു ?

ദൈവത്തിന്റെ അനുഗ്രഹം. ഒരു മെഡലിനാണ് ഞാന്‍ പ്രാര്‍ഥിച്ചത്. ദൈവം വെള്ളിമെഡല്‍തന്നെ തന്നു.

 

 

 

Other stories in this section:
 • അര്‍ജന്റീനയ്ക്ക് എന്താണ് സംഭവിച്ചത്?-മഷെറാനോ
 • സ്‌ക്വയര്‍ ഡ്രൈവ്‌
 • സഞ്ജു കൂളാണ്‌
 • ആക്രമണം തന്നെ പ്രതിരോധം
 • റോള്‍ മോഡല്‍
 • ബില്യണ്‍ ഡോളര്‍ ബെയ്ല്‍
 • വെരി വെരി സ്‌പെഷ്യല്‍
 • 'നഷ്ടമായത് ഒളിമ്പിക് മെഡല്‍മാത്രം'
 • 'എന്റെ ഏറ്റവും വലിയ ജയം'
 • ദീപികയ്ക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കം
 • ഷാര്‍പ്പ് ഷൂട്ടര്‍
 • ലക്ഷ്യം ഒളിമ്പിക് മെഡല്‍; ഈ വെള്ളി കോച്ച് അജിമോന്-ദുര്‍ഗേഷ്‌
 • സ്വപ്നം പോലെ സ്വര്‍ണപ്പന്ത്
 • ഇത് ഉറുഗ്വായ്ന്‍ ജനതയ്ക്കുള്ള സമ്മാനം: ഫോര്‍ലാന്‍
 • ആഫ്രിക്കയുടെ ആവേശം പ്രകടമാവും
 • ഞങ്ങള്‍ക്കുമുണ്ട് ചില സ്വപ്നങ്ങള്‍: ദ്രോഗ്ബ
 • ടീമാണ് മുഖ്യം, വ്യക്തിനേട്ടങ്ങള്‍ രണ്ടാമത് മാത്രം
 • ജയമാണ് പ്രധാനം, കേളീഭംഗിയല്ല: ദുംഗ
 • അര്‍ജന്റീനയെ പേടിക്കണം
 • എന്റെ സ്വപ്നം ലോകകപ്പ്‌
 •