SUNDAY, FEBRUARY 01, 2015
ഷാര്‍പ്പ് ഷൂട്ടര്‍
Posted on: 07 Oct 2010ന്യൂഡല്‍ഹി: 'എന്റെ പ്രായത്തിലുള്ള കുട്ടികള്‍ കളിവണ്ടികള്‍ക്കു വേണ്ടി വാശി പിടിക്കുമ്പോള്‍ ഞാന്‍ എടുത്തിരുന്നത് കളിത്തോക്കുകളാണ്. അതിനാല്‍ത്തന്നെ ഇത് എനിക്ക് ഒരു ഉപജീവനമാര്‍ഗം എന്നതിനെക്കാളുപരി കളിയാണ്' -പറയുന്നത് ഗഗന്‍ നാരംഗ്. പത്തൊമ്പതാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി ആദ്യ ഇരട്ട സ്വര്‍ണം നേടിയ ഷൂട്ടിങ് താരമായി അദ്ദേഹം മാറിയതില്‍ അത്ഭുതപ്പെടാനില്ല. ഒളിമ്പിക് ചാമ്പ്യന്‍ അഭിനവ് ബിന്ദ്രയോടൊപ്പം ചേര്‍ന്ന് 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലായിരുന്നു ഗഗന്റെ ആദ്യ സ്വര്‍ണം. രണ്ടാമത്തേത് സാക്ഷാല്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത മത്സരത്തില്‍ ഒളിമ്പിക് മികവിനെ മറികടന്നു നേടിയതും.

ഷൂട്ടിങ് റേഞ്ചിന്റെ ഇടനാഴിയില്‍ നില്‍ക്കുകയായിരുന്ന ഗഗനെ സമീപിക്കുമ്പോള്‍ സംശയമായിരുന്നു, രണ്ടു സ്വര്‍ണം നേടിയതിന്റെ തലക്കനവുമായി നില്‍ക്കുന്ന താരം സംസാരിക്കാന്‍ തയ്യാറാവുമോ എന്ന്. സംശയം അസ്ഥാനത്താണെന്നു താമസിയാതെ മനസ്സിലായി. വാക്കുകളില്‍ തികഞ്ഞ വിനയം. ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരം. പക്ഷേ, നയപരം.

? ഒളിമ്പിക് ചാമ്പ്യനെ തോല്പിച്ചതില്‍ എന്തു തോന്നുന്നു


= ഞങ്ങള്‍ തമ്മില്‍ കിടമത്സരമുണ്ടെന്നു സംശയമുണ്ടോ? എങ്കില്‍ അതു വേണ്ട. അഭിനവും ഞാനും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണുള്ളത്. പരസ്പരം മത്സരിക്കുന്നതില്‍ ഞങ്ങള്‍ ആഹ്ലാദം കണ്ടെത്തുന്നു. ഈ ബന്ധം അനുദിനം ശക്തി പ്രാപിക്കുന്നു. പരസ്പരം സഹായിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു.

? മത്സരങ്ങള്‍ കടുത്ത സമ്മര്‍ദം ഉണ്ടാക്കുന്നില്ലേ


= ഇത്തരം മത്സരങ്ങള്‍ നമുക്ക് മികച്ച ആത്മവിശ്വാസം പകരുന്നു. ഷൂട്ടിങ്ങിന്റെ പ്രധാന ഘടകം തന്നെ ആത്മവിശ്വാസമാണ്. നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ ഓരോ തവണ മത്സരിക്കാനിറങ്ങുമ്പോഴും പെര്‍ഫെക്ട് 100 രേഖപ്പെടുത്താനാവും. കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനാവുന്നത് കൂടുതല്‍ നല്ലത്. പരിശീലന വേളകളില്‍ നമുക്ക് സമ്മര്‍ദമുണ്ടാവില്ല. മത്സരവേളയില്‍ മാത്രമാണ് സമ്മര്‍ദമുണ്ടാവുക. അതിനെ അതിജീവിക്കാന്‍ പഠിക്കുന്നതോടെ മികവ് കൈവരുകയായി.

? ക്രിക്കറ്റിനെപ്പോലെ ഷൂട്ടിങ് എന്നെങ്കിലും ജനപ്രിയമാവുമോ


= ഷൂട്ടിങ് താരങ്ങള്‍ ഇതുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരുന്നാല്‍ ജനപ്രീതി താനെ വരും. ഏതു തലത്തിലും ഇന്ത്യക്കു മെഡല്‍ നേടാന്‍ സാധിക്കുന്ന ഒരേ ഒരു കായിക ഇനം ഇന്ന് ഷൂട്ടിങ്ങാണ്. അതിനാല്‍ത്തന്നെ ഇതിനു വളരെ പ്രാധാന്യമുണ്ട്.

ഗഗന്‍ സംസാരിച്ചുകൊണ്ടേയിരുന്നു. അപ്പോഴേക്കും ടീം ഒഫീഷ്യല്‍ അദ്ദേഹത്തെ തേടിയെത്തി. മെഡല്‍ദാന ചടങ്ങിനു സമയമായിരിക്കുന്നു. 'മത്സരങ്ങള്‍ തീരും വരെ ഉണ്ടാവുമല്ലോ, ഇനിയും കാണാം' -അദ്ദേഹം യാത്ര പറഞ്ഞു.

ഷൂട്ടിങ്ങില്‍ ഇന്ത്യയെ ലോകത്തെ എണ്ണം പറഞ്ഞ ശക്തികളിലൊന്നാക്കി മാറ്റിയതില്‍ നിര്‍ണായക പങ്കുണ്ട്. 2003ല്‍ ഹൈദരാബാദില്‍ നടന്ന പ്രഥമ ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിക്കൊണ്ടാണ് ഈ ഇരുപത്തേഴുകാരന്‍ ശ്രദ്ധേയനാകുന്നത്. പിന്നീട് 2006ലെ മെല്‍ബണ്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലു സ്വര്‍ണം നേടി. ആ വര്‍ഷം തന്നെ ലോക കപ്പിലും സ്വര്‍ണം നേടി.

അഭിനവ് ബിന്ദ്ര ഒളിമ്പിക്‌സ് സ്വര്‍ണം നേടിയതോടെ ഗഗന്‍ അദ്ദേഹത്തിന്റെ നിഴലിലായി. 600ല്‍ 600 പോയന്‍റ് നേടിയ ലോക റെക്കോഡ് നേട്ടത്തിനും അദ്ദേഹത്തെ വെളിച്ചത്തിലെത്തിക്കാനായില്ല. പക്ഷേ, ഡല്‍ഹിയില്‍ ബുധനാഴ്ച നേടിയ സ്വര്‍ണം ഗഗന് മോചനമേകിയിരിക്കുന്നു.

ഗഗനെക്കുറിച്ച് അഭിനവിനു പറയാന്‍ നല്ലതു മാത്രം -'ഗഗന്‍ സമാനതകളില്ലാത്ത ഷൂട്ടറാണ്. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി അദ്ദേഹം സ്ഥിരതയോടെ വെടിയുതിര്‍ക്കുന്നു. ഗഗനിലൂടെ നമുക്കൊരു ഒളിമ്പിക് സ്വര്‍ണം പ്രതീക്ഷിക്കാം.'

ഗഗനും അഭിനവിനുമിടയിലെ സൗഹൃദം ശക്തമായി നിലനില്‍ക്കുന്നതിനു പിന്നിലൊരു രഹസ്യമുണ്ട് -പരിശീലകനായ സ്റ്റാനിസ്ലാവ് ലെപിഡസിന്റെ ഉപദേശം. 'നിങ്ങള്‍ പരസ്പരം മത്സരിക്കരുത്. തന്നോടു തന്നെ മത്സരിക്കുക'. ഗഗനും അഭിനവും അതു ശിരസ്സാ വഹിക്കുന്നു.

 

 

 

Other stories in this section:
 • അര്‍ജന്റീനയ്ക്ക് എന്താണ് സംഭവിച്ചത്?-മഷെറാനോ
 • സ്‌ക്വയര്‍ ഡ്രൈവ്‌
 • സഞ്ജു കൂളാണ്‌
 • ആക്രമണം തന്നെ പ്രതിരോധം
 • റോള്‍ മോഡല്‍
 • ബില്യണ്‍ ഡോളര്‍ ബെയ്ല്‍
 • വെരി വെരി സ്‌പെഷ്യല്‍
 • 'നഷ്ടമായത് ഒളിമ്പിക് മെഡല്‍മാത്രം'
 • 'എന്റെ ഏറ്റവും വലിയ ജയം'
 • ആഹ്ലാദത്തിരയില്‍ പ്രജുഷ
 • ദീപികയ്ക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കം
 • ലക്ഷ്യം ഒളിമ്പിക് മെഡല്‍; ഈ വെള്ളി കോച്ച് അജിമോന്-ദുര്‍ഗേഷ്‌
 • സ്വപ്നം പോലെ സ്വര്‍ണപ്പന്ത്
 • ഇത് ഉറുഗ്വായ്ന്‍ ജനതയ്ക്കുള്ള സമ്മാനം: ഫോര്‍ലാന്‍
 • ആഫ്രിക്കയുടെ ആവേശം പ്രകടമാവും
 • ഞങ്ങള്‍ക്കുമുണ്ട് ചില സ്വപ്നങ്ങള്‍: ദ്രോഗ്ബ
 • ടീമാണ് മുഖ്യം, വ്യക്തിനേട്ടങ്ങള്‍ രണ്ടാമത് മാത്രം
 • ജയമാണ് പ്രധാനം, കേളീഭംഗിയല്ല: ദുംഗ
 • അര്‍ജന്റീനയെ പേടിക്കണം
 • എന്റെ സ്വപ്നം ലോകകപ്പ്‌
 •