WEDNESDAY, JANUARY 28, 2015
സ്വപ്നം പോലെ സ്വര്‍ണപ്പന്ത്
Posted on: 01 Aug 2010

ആര്‍.ഗിരീഷ്‌കുമാര്‍

കൊല്‍ക്കത്ത: ക്യാമറുടെ ഫ്ലാഷ് ലൈറ്റിന് ഡീഗോ ഫോര്‍ലാന്റെ നക്ഷത്രക്കണ്ണുകളുടെ തിളക്കമില്ല. സാധാരണ മട്ടില്‍ വസ്ത്രമണിഞ്ഞ് മുന്നിലേക്കെത്തിയത് ലോകം മുഴുവന്‍ ആരാധനയോടെ നെഞ്ചേറ്റിയ ഉറുഗ്വായുടെ പ്രിയപ്പെട്ട താരം ഡീഗോ ഫോര്‍ലാനാണോ എന്ന് വിശ്വസിക്കാന്‍ തന്നെ ഏറെ പാടുപെട്ടു. ദക്ഷിണാഫ്രിക്കന്‍ മൈതാനങ്ങളെ തീപിടിപ്പിച്ച സ്വര്‍ണത്തലമുടിക്കാരന്‍ വെറും രണ്ടടി മുന്നില്‍. സൗമ്യമായ നോട്ടവും വിനയത്തോടെയുള്ള സംസാരവും. ഡീഗോ ഫോര്‍ലാനോട് സംസാരിക്കുമ്പോള്‍ ആദ്യ ചോദ്യമെന്താകണമെന്നാലോചിക്കുന്നതിനുമുമ്പെ, മനസ്സിലെത്തിയത് ലൂസേഴ്‌സ് ഫൈനലിന്റെ അവസാന നിമിഷം ഫോര്‍ലാന്റെ ഷോട്ട് ജര്‍മന്‍ പോസ്റ്റില്‍ തട്ടിത്തെറിക്കുന്ന ചിത്രമാണ്. അതുതന്നെയായി ആദ്യത്തെ ചോദ്യവും.

ജര്‍മനിക്കെതിരെ, അവസാന നിമിഷം പന്ത് പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ മനസ്സിലുണ്ടായ വികാരമെന്തായിരുന്നു?

ഫുട്‌ബോളില്‍ എന്തും സംഭവിക്കാം. അതുതന്നെയാണ് ആ കളിയുടെ ഭംഗിയും. ജര്‍മനിക്കെതിരെ ഉറപ്പായും ഗോളാകുമായിരുന്ന കിക്ക് നഷ്ടപ്പെട്ടപ്പോള്‍ നിരാശ തോന്നിയെങ്കിലും, ഈ ചിന്ത എന്നിലുണ്ടായിരുന്നു. ജര്‍മന്‍ കളിക്കാര്‍ വളരെ ഉയരമുള്ളവരാണ്. അവരെ മറികടന്ന് പന്ത് വലയിലെത്തിക്കുക എളുപ്പമായിരുന്നില്ല. അതുകൊണ്ട് ഗോളിയ്ക്കടുത്ത പോസ്റ്റിലേക്ക് പന്തുതൊടുക്കുക മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന വഴി. ഞാനത് ചെയ്തു. അത് ഗോളിനടുത്തെത്തുകയും ചെയ്തു. പക്ഷേ, സംഭവിക്കേണ്ടത് സംഭവിച്ചു.


പക്ഷേ, അത് ഗോളായിരുന്നെങ്കില്‍ താങ്കള്‍ ലോകകപ്പിലെ ടോപ്‌സ്‌കോററുമാകുമായിരുന്നു. അഞ്ചു ഗോള്‍ നേടിയെങ്കിലും ലോകകപ്പിലെ ടോപ്‌സ്‌കോറര്‍ പട്ടം ലഭിക്കാതിരുന്നതില്‍ നിരാശ തോന്നിയോ?

ലോകകപ്പിലെ മികച്ച സ്‌ട്രൈക്കര്‍ക്കാണ് ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബോള്‍ ലഭിച്ചത്. പക്ഷേ, ഞങ്ങള്‍ നാലുപേര്‍ അഞ്ചു ഗോള്‍ വീതം നേടിയിരുന്നു. ഒന്നോര്‍ക്കണം. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കുകയെന്നത് വേറിട്ടൊരു അനുഭവമാണ്. ഗോള്‍ഡന്‍ ബൂട്ട് സ്‌ട്രൈക്കര്‍ക്കുള്ളതാണ്. ഗോള്‍ഡന്‍ ബോള്‍ ഏറ്റവും മികച്ചതാരത്തിനും.

ഗോള്‍ഡന്‍ ബോള്‍ നേട്ടത്തെ എങ്ങനെ വിലയിരുത്തുന്നു

അതിന് ശുപാര്‍ശ ചെയ്യപ്പെട്ടതുതന്നെ വലിയ കാര്യമായിരുന്നു. ഗോള്‍ഡന്‍ ബോളിന് പരിഗണിക്കുന്നവരുടെ കൂട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഞങ്ങള്‍ സെമിയിലേക്ക് മുന്നേറുകയും ചെയ്തതോടെ എനിക്ക് വിശ്വാസം കൂടിവന്നു. എന്നോടൊപ്പം പരിഗണിക്കപ്പെട്ട മുള്ളറും സാവിയും വിയയുമൊക്കെ ഫൈനലിലും കളിച്ചുവെന്നോര്‍ക്കണം. ഫൈനല്‍ കളിക്കാതെ മികച്ച താരമാകുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും ബഹുമതി ലഭിച്ചപ്പോള്‍ ഞാന്‍ ഈ ലോകത്തൊന്നുമായിരുന്നില്ല. ഒരു ലോകകപ്പില്‍ കളിക്കുകയും അതിലെ ഏറ്റവും മികച്ച താരമാവുകയും ചെയ്യുകയെന്നത് നിസ്സാര കാര്യമല്ല. എത്രയോ കാലത്തെ കാത്തിരിപ്പിന്റെയും കഠിന പ്രയത്‌നത്തിന്റെയും ഫലമാണത്.


അടിച്ച അഞ്ചുഗോളുകളില്‍ ഏറ്റവും പ്രിയപ്പെട്ടതേതാണ്

ലോകകപ്പുപോലുള്ള വലിയ വേദിയില്‍ നേടുന്ന ഓരോ ഗോളും ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അതില്‍നിന്ന് ഏറ്റവും മികച്ച ഗോള്‍ തിരഞ്ഞെടുക്കേണ്ടിവരിക ദുഷ്‌കരവും. എന്നാല്‍, ലൂസേഴ്‌സ് ഫൈനലില്‍ ജര്‍മനിക്കെതിരെ നേടിയ ഗോളാണ് എനിക്കേറെ സംതൃപ്തി പകര്‍ന്നത്. രാജ്യത്തിന് വേണ്ടി ഗോള്‍ നേടുകയെന്നതുതന്നെയാണ് ഒരു ഫുട്‌ബോളറുടെ ജീവിതത്തിലെ വലിയ കാര്യം

ഘാനയ്‌ക്കെതിരെ ക്വാര്‍ട്ടറില്‍ ലൂയി സുവാരസ് പന്ത് കൈകൊണ്ട് തടുത്തത് വിവാദമായിരുന്നല്ലോ. സുവരാസിന്റെ ആ നീക്കത്തെ എങ്ങനെ കാണുന്നു?

സുവാരസിനെ ഞാന്‍ കുറ്റം പറയില്ല. ഗോള്‍ വരയില്‍ അത്തരമൊരു ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ സ്വയമറിയാതെ അങ്ങനെ ചിലത് ചെയ്തുപോകും. അതിന്റെ നീതിന്യായങ്ങളെക്കുറിച്ചുള്ള ചിന്ത അപ്പോള്‍ മനസ്സിലുണ്ടാവില്ല. സുവാരസ് ഞങ്ങളുടെ ഹീറോമാരിലൊരാളാണ്. കൈകൊണ്ടുള്ള ആ സേവാണ് ഞങ്ങളെ സെമിയിലെത്തിച്ചത്. സുവാരസിന്റെ ചെയ്തി ന്യായമായിരുന്നില്ലെന്ന് പറയുന്നവര്‍, ഘാനയ്ക്ക് ഗോള്‍ നേടാന്‍ അതിനുശേഷം അവസരം കിട്ടിയെന്ന കാര്യം ഓര്‍ക്കുന്നില്ല. പെനാല്‍ട്ടി നേടിയിരുന്നെങ്കില്‍ അവര്‍ക്ക് കടക്കാമായിരുന്നു. ഷൂട്ടൗട്ടിലും അവസരമുണ്ടായിരുന്നു. ഫുട്‌ബോള്‍ ഇങ്ങനെയുള്ള നിമിഷങ്ങളിലൂടെയാണ് എപ്പോഴും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സുവാരസ് ഞങ്ങളെ സന്തോഷിപ്പിക്കുകയാണ് ചെയ്തത്.

ലോകകപ്പിലെ സുവര്‍ണ താരമായി മാറിയ ശേഷമാണ് ലോകം താങ്കളെ അംഗീകരിച്ചതെന്ന് കരുതുന്നുണ്ടോ?

എക്കാലത്തും ഇങ്ങനെയൊരു നേട്ടത്തിനായാണ് ഞാന്‍ പരിശ്രമിച്ചിരുന്നത്. കുട്ടിക്കാലം മുതല്‍ക്കെ മനസ്സില്‍ ഇത്തരമൊരു സ്വപ്നമുണ്ടായിരുന്നു. എത്രയോ കാലം ജീവിതം മാറ്റിവെച്ചതിന് കിട്ടിയ പ്രതിഫലമാണ് ഈ അംഗീകാരങ്ങള്‍. ഫുട്‌ബോള്‍ ഞാന്‍ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. അതിനുവേണ്ടിയാണ് ഓരോ നിമിഷവും നീക്കിവെയ്ക്കുന്നതും. കളിയിലുള്ള ശ്രദ്ധതെറ്റാതെ അതിനായി പോരാടിക്കൊണ്ടിരുന്നാല്‍ നേട്ടങ്ങള്‍ തനിയെ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

ഫോര്‍ലാന്റെ നിഗമനത്തില്‍ ലോകകപ്പിന്റെ താരമാണ്?

(ഒരുമിനിറ്റോളം ആലോചിച്ചശേഷം) അങ്ങനെയൊരാളെ ചൂണ്ടിക്കാട്ടാനാവില്ല. ലോകകപ്പില്‍ ഇത്രയും പ്രഗത്ഭരായ താരങ്ങള്‍ക്കൊപ്പം കളിക്കാനാവുകയെന്നതുതന്നെ വലിയ കാര്യമാണ്. എന്റെ നോട്ടത്തില്‍, സുവര്‍ണ താരത്തിനായി പരിഗണിപ്പെട്ടവരെല്ലാം തന്നെ മികച്ച താരങ്ങളാണ്. ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടങ്കിലും, മറ്റുള്ളവരെ കാണാതെ പോകാനാവില്ല. സ്‌ട്രൈക്കര്‍മാര്‍ മാത്രമല്ല ലോകകപ്പിലുള്ളത്. മികച്ച പ്രതിരോധനിര താരങ്ങളും ഗോള്‍കീപ്പര്‍മാരുമൊക്കെ ഈ ലോകകപ്പില്‍ വന്നു. അവരെല്ലാം മികച്ചവര്‍ തന്നെയാണ്.

ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച് എന്താണ് ഫോര്‍ലാന്റെ അഭിപ്രായം

സത്യം പറഞ്ഞാല്‍ ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച് എനിക്കൊന്നുമറിയില്ല. പക്ഷേ, ഇന്ത്യയ്ക്ക് സമീപ ഭാവിയില്‍ത്തന്നെ ലോകകപ്പിലൊക്കെ കളിക്കാനാവട്ടെ എന്ന് ഞാനാശംസിക്കുന്നു. വെറും മുപ്പതു ലക്ഷം പേരാണ് ഞങ്ങളുടെ നാട്ടിലുള്ളത്. അവിടെനിന്നാണ് ഞങ്ങള്‍ ലോകകപ്പിനെത്തുന്നത്. നിങ്ങളുമായി അത് താരതമ്യം ചെയ്യാന്‍ പോലുമാകാത്തത്ര വിഭവശേഷി കുറഞ്ഞ രാജ്യമാണ് ഉറുഗ്വായ്. പക്ഷേ, ഫുട്‌ബോളില്‍ ഇന്ത്യ മുന്നേറണമെങ്കില്‍ അതിനാവശ്യമായ കാര്യങ്ങള്‍ ഇവിടെ വേണം. ചെറുതെന്ന് തോന്നുന്ന പല കാര്യങ്ങളും വലിയ ചരിത്രത്തിലേക്കുള്ള ചവിട്ടുപടികളായി മാറും. ഇപ്പോള്‍ സാങ്കേതികത ഒട്ടേറെ വളര്‍ന്നിരിക്കുന്നു. ഫുട്‌ബോള്‍ കണ്ടുപഠിക്കാന്‍ ഏറെ മാര്‍ഗങ്ങളുണ്ട്. ആദ്യം വേണ്ടത് ഇവിടുത്തെ താരങ്ങള്‍ യൂറോപ്പിലൊക്കെ കളിച്ചുതുടങ്ങുകയാണ്. അതിലേക്ക് വളര്‍ന്നുവരികയാണ് ആദ്യം ചെയ്യേണ്ടത്. ഇന്ത്യയില്‍നിന്നുള്ള താരങ്ങളെ സംബന്ധിച്ചിടത്തോളം യൂറോപ്പാണ് നല്ല മാര്‍ഗം. ഒട്ടേറെ ക്ലബ്ബുകള്‍ അവിടെയുണ്ട്. പടിപടിയായി ഇന്ത്യയ്ക്ക് മുന്നിലേക്കെത്താവുന്നതേയുള്ളൂ. അതിനേറെയൊന്നും കാത്തിരിക്കേണ്ടിവരില്ലെന്നാണ് എനിക്ക് തോന്നുന്നത്.


 

 

 

Other stories in this section:
 • അര്‍ജന്റീനയ്ക്ക് എന്താണ് സംഭവിച്ചത്?-മഷെറാനോ
 • സ്‌ക്വയര്‍ ഡ്രൈവ്‌
 • സഞ്ജു കൂളാണ്‌
 • ആക്രമണം തന്നെ പ്രതിരോധം
 • റോള്‍ മോഡല്‍
 • ബില്യണ്‍ ഡോളര്‍ ബെയ്ല്‍
 • വെരി വെരി സ്‌പെഷ്യല്‍
 • 'നഷ്ടമായത് ഒളിമ്പിക് മെഡല്‍മാത്രം'
 • 'എന്റെ ഏറ്റവും വലിയ ജയം'
 • ആഹ്ലാദത്തിരയില്‍ പ്രജുഷ
 • ദീപികയ്ക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കം
 • ഷാര്‍പ്പ് ഷൂട്ടര്‍
 • ലക്ഷ്യം ഒളിമ്പിക് മെഡല്‍; ഈ വെള്ളി കോച്ച് അജിമോന്-ദുര്‍ഗേഷ്‌
 • ഇത് ഉറുഗ്വായ്ന്‍ ജനതയ്ക്കുള്ള സമ്മാനം: ഫോര്‍ലാന്‍
 • ആഫ്രിക്കയുടെ ആവേശം പ്രകടമാവും
 • ഞങ്ങള്‍ക്കുമുണ്ട് ചില സ്വപ്നങ്ങള്‍: ദ്രോഗ്ബ
 • ടീമാണ് മുഖ്യം, വ്യക്തിനേട്ടങ്ങള്‍ രണ്ടാമത് മാത്രം
 • ജയമാണ് പ്രധാനം, കേളീഭംഗിയല്ല: ദുംഗ
 • അര്‍ജന്റീനയെ പേടിക്കണം
 • എന്റെ സ്വപ്നം ലോകകപ്പ്‌
 •