a mathrubhumi initiative
IST:
ഹോം   കോളം   ഒ.ആര്‍. രാമചന്ദ്രന്‍
ചീറ്റിപ്പോയ ഡച്ച് വിപ്ലവം 2010
Posted on: 12 Jul 2010


യോഹാന്‍ ക്രൈഫിനെപ്പോലെ അഭിനയിക്കണം -ഗുന്തര്‍ നെസ്റ്ററിനോട് ബെര്‍ട്ടി വോട്‌സ് പറഞ്ഞു. ഓരോ നീക്കത്തിനും ഓരോ ഫൗള്‍. നെസ്റ്റര്‍ വീഴുന്നു, എഴുനേറ്റ് വീണ്ടും ഡ്രിബ്ള്‍ ചെയ്യുന്നു, ഫൗള്‍ ഏറ്റു വാങ്ങുന്നു, വീഴുന്നു. വീണ്ടും അതാവര്‍ത്തിക്കുന്നു. മൂന്നര പതിറ്റാണ്ടു മുമ്പു നടന്ന ഒരു കൊലപാതകത്തിന്റെ റിഹേഴ്‌സലാണ് ഇത്. ടോട്ടല്‍ ഫുട്‌ബോളെന്ന ഡച്ച് സൗന്ദര്യാത്മകയുദ്ധമുറയെ ജര്‍മ്മനി കൊല്ലാക്കൊല ചെയ്ത നീക്കങ്ങളുടെ ഡ്രസ്സ് റിഹേഴ്‌സല്‍ കഥ.

1974ലെ ജര്‍മ്മന്‍ ഫുട്‌ബോള്‍ ക്യാമ്പിലെ ഈ രഹസ്യം സമീപകാലത്ത് വെളിപ്പെടുത്തിയത് ക്രൈഫിനെ മാര്‍ക്ക് ചെയ്യാന്‍ ചുമതല ഉണ്ടായിരുന്ന ഡിഫന്‍ഡര്‍, സാക്ഷാല്‍ ബെര്‍ട്ടി വോട്‌സ് തന്നെ. അന്ന് ഫൈനലില്‍ േയാഹാന്‍ ക്രൈഫിന്റെ ഹോളണ്ടും കൈസര്‍ ബെക്കന്‍ ബോവറിന്റെ ജര്‍മ്മനിയും മുഖാമുഖം വന്നപ്പോള്‍ ലോകം മുഴുവന്‍ ഹോളണ്ടിനൊപ്പമായിരുന്നു. എന്നാല്‍ നിര്‍ദ്ദയമായ ഒരു ജര്‍മ്മന്‍ ആക്രമണത്തില്‍ ഡച്ച് പട ചോരവാര്‍ന്നു വീണു. ക്രൈഫിനെ ഫൗള്‍ ചെയ്യേണ്ടതെങ്ങിനെ എന്ന് പ്രത്യേക പരിശീലനം നേടിയാണ് അന്നു ജര്‍മ്മനി ഇറങ്ങിയത്. ക്യാമ്പില്‍ വോട്‌സിനോട് കോച്ച് പറഞ്ഞത് 'ക്രൈഫിനെ കശാപ്പു ചെയ്‌തേക്കൂ' എന്നാണത്രെ!

ഹോളണ്ട് ജര്‍മ്മനിയാവുന്നു!

36 വര്‍ഷങ്ങള്‍ക്കു ശേഷം, ഈ ലോകകപ്പിലെ രണ്ടു ടീമിന്റെയും ആദ്യത്തെ ഓരോ മാച്ചുകള്‍ കഴിഞ്ഞപ്പോള്‍, ബെര്‍ട്ടി വോട്‌സ് പറഞ്ഞു, 'ഇതെന്തു കഥ! ഹോളണ്ട് ജര്‍മ്മനിയെപ്പോലെയും ജര്‍മ്മനി ഹോളണ്ടിനെപ്പോലെയും കളിക്കുന്നല്ലോ' എന്ന്! യോഹാന്‍ ക്രൈഫിന്റെ ടോട്ടല്‍ ഫുട്‌ബോള്‍ വിപ്ലവത്തെ ഫൗളുകളില്‍ മുക്കിക്കൊന്ന ജര്‍മ്മന്‍ ഡിഫന്‍ഡറുടെ വാക്കുകള്‍ അറം പറ്റി. ഹോളണ്ടിനെപ്പോലെ കളിച്ച ജര്‍മ്മനി സെമിയില്‍ തന്നെ പോയി. ജര്‍മ്മനിയെപ്പോലെ കളിച്ച ഹോളണ്ട് ഫൈനലിലെത്തുകയും ചെയ്തു.

ചരിത്രത്തിന്റെ തമാശ അവിടെയും നിന്നില്ല. ഫൈനലില്‍ അന്നു ജര്‍മ്മനി ഹോളണ്ടിനോട് ചെയ്തതാണ് ഇന്നലെ ഹോളണ്ട് സ്‌പെയിനോട് ചെയ്തത്. അന്നത്തെ ഹോളണ്ടിനെപ്പോലെ സൗന്ദര്യാത്മക ഫുട്‌ബോള്‍ കളിച്ച മറ്റൊരു ടീമിനെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അവര്‍ പ്രത്യേകം പരിശീലിച്ചെത്തി! അന്നു ജര്‍മ്മനി ജയിച്ചുവെങ്കില്‍, ഹോളണ്ട് ഇന്നലെ തോറ്റു. 1974ലെ ഹോളണ്ടല്ല 2010ലെ സ്‌പെയിന്‍. മൈതാനത്തെ ക്രൂരവും കുടിലവുമായ യുദ്ധമുറകളെ അതിജീവിക്കാന്‍ അവര്‍ക്കു സാധിച്ചു. അര്‍ഹിച്ച ജയം നേടുകയും ചെയ്തു. ഇനിയൊരു 36 വര്‍ഷം കഴിയുമ്പോള്‍ വാന്‍ ബൊമ്മലോ നൈജല്‍ ഡി ജോങ്ങോ വെളിപ്പെടുത്തിയേക്കും, ഞങ്ങളന്ന് ഇനിയെസ്റ്റയേയും സാബി അലോണ്‍സോവിനെയും നേരിടാന്‍ പ്രത്യേക 'കൊലപാതക' പരിശീലനം നടത്തിയിരുന്നു എന്ന്.

സങ്കട ഫൈനല്‍!

30 രാത്രികളിലെ ആഘോഷങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം നമുക്കു കിട്ടിയത് ഇങ്ങിനെ കയ്ക്കുന്ന ഒരു ഫൈനലാണല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. സ്ലോവാക്യ -ഇറ്റലി മാച്ചും ഉറൂഗ്വായ് - ഘാന മാച്ചും ഇതിനേക്കാള്‍ എത്രയോ മികച്ച ഫൈനലായിരുന്നു. എന്തിന് അപ്രസക്തമായ മൂന്നാം സ്ഥാനത്തിനു വേണ്ടി ഉറൂഗ്വായും ജര്‍മ്മനിയും തമ്മില്‍ നടന്ന കളി പോലും എത്ര മികച്ചതായിരുന്നു! മനോഹരമാവേണ്ടിയിരുന്ന ഒരു ഫൈനലിനെ ഇങ്ങിനെ ചോരയില്‍ മുക്കിക്കൊന്നതിന് ഹോളണ്ടിന് മാപ്പില്ല! 14 മഞ്ഞക്കാര്‍ഡുകളും (ഒരു ചുവപ്പു കാര്‍ഡും) അതിലേറെ റഫറി നല്‍കാന്‍ മടിച്ച കാര്‍ഡുകളും കൊണ്ട് കലുഷിതമായ ഒരു ഫൈനല്‍. വാന്‍ ബൊമ്മലും സ്‌നൈഡറും പുയോളും കൂടി ചുവപ്പു കാര്‍ഡ് കാണേണ്ടിയിരുന്ന മാച്ചില്‍ റഫറി ഹോവാര്‍ഡ് വെബ്ബിന്റെ ഔദാര്യമാണ് കളിയെ കൂടുതല്‍ മാരകമാക്കിയത്. ഫൗള്‍ പരമ്പരകള്‍ തന്നെ പിറന്ന ഈ ഫൈനല്‍ അതിവേഗം വിസ്മരിക്കപ്പെടട്ടെ!.

ഇത് ഹോളണ്ട് തന്നെയോ?

ഇത് ഹോളണ്ട് തന്നെയാണോ എന്നു തോന്നിക്കുന്നതായിരുന്നു ഹോളണ്ടിന്റെ കളി. എക്കാലവും ഇരയാവുക എന്നല്ലാതെ വേട്ടക്കാരന്റെ വേഷത്തില്‍ ഹോളണ്ടിനെ ആരും കണ്ടിട്ടില്ല. ഫുട്‌ബോളിലെ ഒരു കാല്‍പ്പനിക സ്മൃതിയാണ് ഹോളണ്ട്. റൈന്‍ നദിയിലെ കുഞ്ഞലകള്‍ പോലെ മൈതാനത്ത് നെയ്തുനെയ്തു നിറയുന്ന നൃത്തമായിരുന്നു അവരുടെ ഫുട്‌ബോള്‍. 2010ലെ സ്‌പെയിനെപ്പോലെ തന്നെ -അതൊരു സംഗീതവുമായിരുന്നു. എല്ലാ സ്വരസ്ഥാനങ്ങളിലും എല്ലാ ശ്രുതിയിലും എല്ലാവരും നിറയുന്ന ടോട്ടല്‍ ഫുട്‌ബോളെന്ന മൈതാനത്തിന്റെ സംഗീതം. അതിന്റെ കണ്ടക്റ്റര്‍ യോഹാന്‍ ക്രൈഫായിരുന്നു. സുന്ദരനായ ഫുട്‌ബോള്‍ രാജകുമാരന്‍. അവനെ അന്നു ജര്‍മനി 'കശാപ്പു' ചെയ്തു. 1954ല്‍ ഹംഗറിയും 82ല്‍ ബ്രസീലും ജയിക്കാതെ പോയതു പോലെ 74ല്‍ ഹോളണ്ടും പോയി. ഒരു ഫുട്‌ബോള്‍ വിപ്ലവം കണ്ണീരില്‍ കുതിര്‍ന്ന വിഷാദസ്മൃതിയായി. അതു പക്ഷെ തോല്‍വിയിലും അതിന്റെ സൗന്ദര്യപൂര്‍ണിമയാല്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ അനശ്വരത നേടി.

മൂന്നര പതിറ്റാണ്ടിനു ശേഷം വീണ്ടും ഹോളണ്ട് ഫൈനലിലെത്തിയപ്പോള്‍,്് അന്നു കിട്ടാതെ പോയ ജയം കൈയകലത്തെത്തിയപ്പോള്‍, ചരിത്രത്തിന്റെ ഐറണിയാവാം, അവര്‍ കളിച്ചത് അന്നത്തെ ജര്‍മ്മനിയുടെ വേഷത്തിലായിപ്പോയി! ഹോളണ്ടിന്റെ വേഷത്തില്‍ സ്‌പെയിനും. സംഗീതം പോലെ സുന്ദരമായിരുന്നു ഈ ലോകകപ്പില്‍ സ്‌പെയിന്‍ കളിച്ച ടിക്കി -ടാക്ക ഫുട്‌ബോള്‍. ടോട്ടല്‍ ഫുട്‌ബോളിന്റെ മറ്റൊരു പതിപ്പ്. നിശിതവും കഠിനവുമായ തയ്യാറെടുപ്പുകളിലൂടെ ഹോളണ്ട് അതിനെ 'കശാപ്പ്' ചെയ്തു. ജയമാണ് ഫുട്‌ബോളില്‍ വലുത് എന്നു തിരിച്ചറിഞ്ഞ ഒരു ജനതയുടെ പ്രതികാരശ്രമം. (എന്നാല്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ടോട്ടല്‍ ഫുട്‌ബോള്‍ പോലെ നാളെ ടിക്കി ടാക്ക ഫുട്‌ബോളും അനശ്വരത നേടും, തീര്‍ച്ച).

ഭൂതകാലം വേട്ടയാടിയ ടീം

36 കൊല്ലത്തിനു ശേഷം അര്‍ഹിച്ച ഒരു ജയം ഹോളണ്ടിനു കിട്ടിയിരുന്നെങ്കില്‍ സന്തോഷിക്കാത്തവരായി ഭൂമുഖത്ത് ആരും ഉണ്ടാവില്ല. ഇതുവരെ ജയിക്കാഞ്ഞതിന് അവര്‍ക്ക് ആരെയും പഴിക്കാനുമില്ല. സ്വന്തം ഭൂതകാലത്തില്‍ അഭിരമിച്ച് ഹോളണ്ട് സ്വയം നശിപ്പിക്കുകയായിരുന്നു. 88ല്‍ ഗുള്ളിറ്റും വാന്‍ബാസ്റ്റനും കളിച്ച ഹോളണ്ടും 90കളില്‍ ബെര്‍ഗ് കാംപും ക്ലൈവര്‍ട്ടും ഓവര്‍മാഴ്‌സും കളിച്ച ഹോളണ്ടും 74ലെ ടീമിനേക്കാള്‍ മോശമായിരുന്നില്ല. പക്ഷെ ഭൂതകാലത്തെ പുനരാവാഹിക്കാനുള്ള ശ്രമത്തില്‍ ഓരോ തവണയും അവര്‍ക്ക് അടി തെറ്റി.

എന്നാല്‍ ഇത്തവണ ഹോളണ്ട് വന്നത് എല്ലാം നിശ്ചയിച്ചുറപ്പിച്ചിട്ടായിരുന്നു. കോച്ച് ബെര്‍ടി വാന്‍ മിര്‍വിക്കിന് രണ്ടു 'ഗുണ'ങ്ങള്‍ ഉണ്ടായിരുന്നു. യാഥാര്‍ഥ്യ ബോധവും ടോട്ടല്‍ ഫുട്‌ബോളിന്റെ 'സുന്ദര സുവര്‍ണ ഭൂതകാല'വുമായുള്ള നിഷ്ഫല താരതമ്യങ്ങളോട് പുച്ഛവും! ക്രൈഫിന്റെ പ്രേതത്തിനെ ഉച്ചാടനം ചെയ്യുക എന്നതാണ് ചുമതല ഏറ്റ ഉടനെ തന്റെ ദൗത്യമെന്ന് അയാള്‍ പറയുകയും ചെയ്തു. ജയിക്കാതെ കളിക്കുന്നതില്‍ അര്‍ഥമില്ല എന്നയാള്‍ വിശ്വസിച്ചു. വേണ്ട മാച്ചില്‍ വേണ്ട അളവില്‍ മാത്രം കളിച്ച ഹോളണ്ട് അവസാനം വരെ ഊര്‍ജം സൂക്ഷിച്ചു വെച്ചു. അവസാനത്തോടടുത്തപ്പോള്‍ അയാളിലെ കഠിനഹൃദയനും വിജയദാഹിയുമായ കളിക്കാരന്‍ ഉണര്‍ന്നു. എന്തു ചെയ്തും ജയിക്കണമെന്നായിരുന്നു അയാളുടെ നിര്‍ദ്ദേശം. അതു നടപ്പാക്കാനുള്ള ശ്രമത്തില്‍ സുന്ദരമായ അവരുടെ ഭൂതകാലം ഒറ്റ രാത്രി കൊണ്ട് പഴങ്കഥയായി.

ജയിക്കാതെ അനശ്വരരായവരാണ് ക്രൈഫും നീസ്‌കെന്‍സും പോലുള്ള അന്നത്തെ ഡച്ച് താരങ്ങള്‍. റോബനും ബൊമ്മലും സ്‌നൈഡറും കുയ്റ്റുമുള്‍പ്പെട്ട ഹോളണ്ടിലെ പുതിയ ഫുട്‌ബോള്‍ തലമുറ അതിനേക്കാള്‍ മോശക്കാരൊന്നുമല്ല. പക്ഷെ ഇന്നലെ കളിച്ച കളി കൊണ്ട് ജയിച്ചാലും അവര്‍ അനശ്വരരാവില്ലായിരുന്നു. കാരണം, ഡച്ച് ജനത ഫുട്‌ബോളിലെ ജയത്തേക്കാള്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നവരാണ്. ഞാനീ ടീമിനെ പിന്തുണക്കില്ല എന്നു പരസ്യമായി പറഞ്ഞ ക്രൈഫിനെപ്പോലുള്ളവര്‍ അവിടെ വേറെയുമുണ്ട്. അത് അവരുടെ പൊതുവികാരമാണ്. ലോകകപ്പ് നേടിയാലും നല്ല കളി കളിച്ചില്ലെങ്കില്‍ തൃപ്തി വരാത്ത കാണികളുടെ നാടാണ് ഹോളണ്ട്. ശുദ്ധ സൗന്ദര്യ വാദികളുടെ നാട്. ഈ തോല്‍വിയോടെ ഒന്നുറപ്പായി. ഡച്ച് ഫുട്‌ബോള്‍ വീണ്ടും ഒരു പരീക്ഷണഘട്ടത്തിലൂടെ കടന്നു പോകേണ്ടി വരും. ഒരു പക്ഷെ ആ ഭൂതകാലം അവരെ വീണ്ടും തോല്‍വികളുടെ പടുകുഴിയിലേക്കു തന്നെ തള്ളിയെന്നും വരാം.

സ്‌പെയിന്‍ അര്‍ഹിക്കുന്നു

ഈ ലോകകപ്പില്‍ സ്‌പെയിന്‍ ചാമ്പ്യന്മാരായില്ലെങ്കില്‍ അത് കാവ്യനീതിയാവില്ല എന്നു കരുതുന്നവരുണ്ട്. കൂട്ടത്തില്‍ മെച്ചപ്പെട്ട ടീം അവരുടേതു തന്നെയായിരുന്നു. അവര്‍ കപ്പു നേടി എന്ന് നമുക്കു സന്തോഷിക്കാം. തൊട്ട് -തൊട്ട് എന്നര്‍ഥം വരുന്ന ടിക്കി -ടാക്ക ഫുട്‌ബോള്‍ കൊണ്ട് ലോകത്തെ ഭ്രമിപ്പിച്ച സ്‌പെയിന്‍ ഫുട്‌ബോളില്‍ പുതിയൊരിടം കണ്ടെത്തി. ടോട്ടല്‍ ഫുട്‌ബോള്‍ പോലെ ഈ ടിക്കി-ടാക്ക എന്ന വാക്കും ഇനി ഫുട്‌ബോള്‍ പുരാവൃത്തങ്ങളില്‍ എക്കാലവും ആഘോഷിക്കപ്പെടുന്ന വാക്കാവും. കണ്‍ഗ്രാജുലേഷന്‍സ്, ഡെല്‍ബോസ്‌ക്! ടോട്ടല്‍ ഫുട്‌ബോള്‍ പോലെ ടിക്കി-ടാക്ക ഫുട്‌ബോള്‍ എന്ന ഒരു സുവര്‍ണസ്മൃതി ലോകത്തിനു നല്‍കിയതിന്. സീ യു നെക്സ്റ്റ് ടൈം ഇന്‍ ബ്രസീല്‍....

Other stories in this section:



 

 


 

© Copyright 2013 Mathrubhumi. All rights reserved.