THURSDAY, JANUARY 29, 2015
ഇത് ഉറുഗ്വായ്ന്‍ ജനതയ്ക്കുള്ള സമ്മാനം: ഫോര്‍ലാന്‍
Posted on: 14 Jul 2010


ബാറിലിടിച്ചു മടങ്ങിയ ആ കിക്ക് ഡീഗോ ഫോര്‍ലാന് നഷ്ടപ്പെടുത്തിയത് അവാര്‍ഡ്ഡബിളാണ്. ലൂസേഴ്‌സ് ഫൈനലിന്റെ അന്ത്യനിമിഷത്തില്‍ ജര്‍മനിക്കെതിരെ ഫോര്‍ലാനെടുത്ത ആ കിക്ക് അരയിഞ്ച് കൂടി താഴ്ന്നു പറന്നിരുന്നെില്‍ സ്വര്‍ണപ്പന്ത് മാത്രമല്ല, സ്വര്‍ണപ്പാദുകം കൂടി ഫോര്‍ലാന്റെ കൈവശമെത്തുമായിരുന്നു. പക്ഷേ, ഈ ഉറുഗ്വായ്ന്‍ സ്‌ട്രൈക്കര്‍ക്കില്ല ഒട്ടും ദു:ഖം. സ്വപ്‌നതുല്യമായ തന്റെ നേട്ടം നാട്ടുകാര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ് ഫോര്‍ലാന്‍. ലോകകപ്പിലെ സുവര്‍ണപ്പന്ത് സ്വന്തമാക്കുന്ന നാലാമത്തെ ലാറ്റിനമേരിക്കന്‍ താരമാണ് ഫോര്‍ലാന്‍. ഡീഗോ മാറഡോണ, റൊമാരിയോ, റൊണാള്‍ഡോ എന്നിവരാണ് ഈ നേട്ടത്തിന്റെ കാര്യത്തില്‍ ഫോര്‍ലാന്റെ മുന്‍ഗാമികള്‍. സ്വപ്‌നതുല്യമായ നേട്ടത്തിന്റെ നെറുകയില്‍ ഫോര്‍ലാന്‍ മനസ്സ് തുറക്കുന്നു....

സ്വര്‍ണപ്പന്ത് നേടിയപ്പോള്‍ തോന്നിയ വികാരമെന്താണ്?

ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ നേട്ടമായിരുന്നു അത്. ഒരിക്കലും, സ്വപ്‌നത്തില്‍പ്പോലും കടന്നുവരാത്ത നേട്ടം. വിവരണാതീതമാണ് അതിന്റെ അനുഭവം. ഒരു സ്‌ട്രൈക്കര്‍ എന്ന നിലയില്‍ സ്വര്‍ണപ്പാദുകം നേടിയാല്‍ അത്ഭുതപ്പെടാനില്ലായിരുന്നു. ഒരുതരത്തില്‍ ഞാനതിന്റെ അടുത്തെത്തുകയും ചെയ്തു. എന്നാല്‍, എനിക്ക് ലഭിച്ചത് ഏറ്റവും മികച്ച താരത്തിനുള്ള അവാര്‍ഡാണ്. ഞാനിപ്പോള്‍ അതിന്റെ സന്തോഷത്തില്‍ മതിമറക്കുകയാണ്. ഇത് എന്തുകൊണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഉറുഗ്വായ്ന്‍ ഫുട്‌ബോളിന് കൂടി അര്‍ഹതപ്പെട്ട പുരസ്‌കാരമാണ്.

അവസാന നിമിഷം ഈ അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നോ?

എന്റെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടപ്പോള്‍ ഞാന്‍ വെറുതെ കാത്തിരിക്കുക മാത്രമാണ് ചെയ്തത്. ഇതിനിടയില്‍ എനിക്ക് ബ്യൂണസ് ഏറീസില്‍ നിന്ന് അവാര്‍ഡ്‌ലബ്ധിയില്‍ അഭിനന്ദിച്ചുകൊണ്ട് ഒരു സന്ദേശം ലഭിക്കുകയായിരുന്നു. പിന്നെ എന്റെ ഏജന്റ് വിളിച്ച് വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് അഭിനന്ദന പ്രവാഹമായിരുന്നു.

ഈ അവാര്‍ഡ് നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുകയാണല്ലൊ ചെയ്തത്?

ഈ ലോകകപ്പില്‍ അത്രയുമധികം വിശ്വാസമാണ് എന്റെ ടീമംഗങ്ങളും നാട്ടുകാരും എന്നില്‍ അര്‍പ്പിച്ചത്. ഈ വിശ്വാസം തിരിച്ചുനല്‍കാനായി എന്നത് ഒരു വലിയ കാര്യമായാണ് എനിക്ക് തോന്നുന്നത്. അതുപോലെ തിളങ്ങാന്‍ വേണ്ടത്ര അവസരം ലഭിക്കാതെ പോയ ഒരുപാട് പേരുണ്ട് ടീമില്‍. ഈ അവാര്‍ഡ് അവര്‍ക്കുവേണ്ടിയും സമര്‍പ്പിക്കുന്നു.

ഇതുപോലൊരു പുരസ്‌കാരം ലഭിക്കുന്നത് താങ്കളുടെ കരിയറിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ?

എനിക്ക് ഇതിന് മുന്‍പും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ നേട്ടങ്ങളില്‍ ഞാന്‍ ഒരിക്കലും മതിമറന്നിട്ടില്ല. എന്റെ പ്രകടനത്തെ ബാധിക്കാനും അനുവദിക്കാറില്ല. എന്റെ മാതാപിതാക്കളാണ് എന്നെ ജീവിതമൂല്യങ്ങള്‍ പഠിപ്പിച്ചത്. സഹോദരങ്ങളാണ് വഴിതെറ്റാതെ ജീവിക്കാന്‍ വഴികാട്ടിയത്. ഞാന്‍ ഇന്നത്തെ ഈ നിലയിലെത്തിയത് കഠിനാധ്വാനം ഒന്നു കൊണ്ടു മാത്രമാണ്. അതുകൊണ്ട് കൂടുതല്‍ മെച്ചപ്പെടാനായി ഞാന്‍ ഇനിയും കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കും


ഉറുഗ്വായ്ക്ക് കിരീടം കൈവിട്ടുപോയതിന്റെ സങ്കടം മാറ്റാന്‍ പോന്നതാണ് ഈ നേട്ടം?

പുരസ്‌കാരം ലഭിച്ചതിലും ഗോളുകള്‍ നേടിയതിലും സന്തോഷമുണ്ട്. എന്നാല്‍, സത്യസന്ധമായി പറഞ്ഞാല്‍ അല്‍പം സങ്കടത്തോടെ തന്നെയാണ് ഞാന്‍ നാട്ടിലേയ്ക്ക് മടങ്ങുന്നത്. ഫൈനല്‍ കണ്ടപ്പോഴാണ് ഞാനറിഞ്ഞത് ഞങ്ങള്‍ കിരീടത്തിന് എത്ര അടുത്തായിരുന്നുവെന്ന്. സെമിയിലെ തോല്‍വി ഒരു വലിയ ആഘാതമായിരുന്നു. ഏറെ കഴിഞ്ഞാണ് ഞാന്‍ അതില്‍ നിന്ന് മുക്തനായത്. ഇപ്പോഴും അതിന്റെ വേദന എന്നെ പിന്തുടരുന്നുണ്ട്.

സ്വര്‍ണപ്പന്ത് സ്വീകരിക്കാന്‍ താങ്കള്‍ കാത്തിരിക്കുകയാണോ?

അതിനെ കുറിച്ച് ഞാന്‍ അതധികമൊന്നും ചിന്തിച്ചിട്ടില്ല. സൂറിച്ചില്‍ വച്ചായരിക്കും അവാര്‍ഡ്ദാനമെന്നാണ് ഞാന്‍ കരുതുന്നത്. അതുമായി എത്രയും പെട്ടന്ന് ഉറുഗ്വായില്‍ എത്തുകയാണ് എന്റെ ലക്ഷ്യം. ഞങ്ങളെ കാത്തിരിക്കുന്ന നാട്ടുകാരുടെ ആഘോഷത്തെ ഈ പുരസ്‌കാരം കൂടുതല്‍ കൊഴുപ്പിക്കുമെന്ന് എനിക്കറിയാം.

ഇതുപോലെ അവാര്‍ഡുകള്‍ വാരിക്കൂട്ടിക്കൊണ്ടിരുന്നാല്‍ അലമാരയില്‍ സ്ഥലമില്ലാതാകുമോ?

സ്​പാനിഷ് ലീഗിലെ ടോപ്‌സ്‌കോററുടേതടക്കം ലഭിച്ച രണ്ട് പുരസ്‌കാരങ്ങള്‍ ഇപ്പോഴും വീട്ടിലുണ്ട്. അതിനൊപ്പം എന്തായാലും ഈ ഗോള്‍ഡണ്‍ ബോളിനും സ്ഥാനമുണ്ടാകും.

സ്‌പെയിന്‍ സത്യത്തില്‍ ഈ ലോകകപ്പ് അര്‍ഹിച്ചിരുന്നോ?

അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഈ ടൂര്‍ണമെന്റിലുടനീളം മികവുറ്റ കളിയാണ് അവര്‍ കാഴ്ചവച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് വളരെ പെട്ടന്നാണ് അവര്‍ തിരിച്ചുവന്നത്. അവരുടെ ടീമംഗങ്ങളും കോച്ചിങ് സ്റ്റാഫും ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു. ഒരുനാള്‍ ഇതുപോലൊരു ദിനം ഞങ്ങള്‍ക്കും വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.

 

 

 

Other stories in this section:
 • അര്‍ജന്റീനയ്ക്ക് എന്താണ് സംഭവിച്ചത്?-മഷെറാനോ
 • സ്‌ക്വയര്‍ ഡ്രൈവ്‌
 • സഞ്ജു കൂളാണ്‌
 • ആക്രമണം തന്നെ പ്രതിരോധം
 • റോള്‍ മോഡല്‍
 • ബില്യണ്‍ ഡോളര്‍ ബെയ്ല്‍
 • വെരി വെരി സ്‌പെഷ്യല്‍
 • 'നഷ്ടമായത് ഒളിമ്പിക് മെഡല്‍മാത്രം'
 • 'എന്റെ ഏറ്റവും വലിയ ജയം'
 • ആഹ്ലാദത്തിരയില്‍ പ്രജുഷ
 • ദീപികയ്ക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കം
 • ഷാര്‍പ്പ് ഷൂട്ടര്‍
 • ലക്ഷ്യം ഒളിമ്പിക് മെഡല്‍; ഈ വെള്ളി കോച്ച് അജിമോന്-ദുര്‍ഗേഷ്‌
 • സ്വപ്നം പോലെ സ്വര്‍ണപ്പന്ത്
 • ആഫ്രിക്കയുടെ ആവേശം പ്രകടമാവും
 • ഞങ്ങള്‍ക്കുമുണ്ട് ചില സ്വപ്നങ്ങള്‍: ദ്രോഗ്ബ
 • ടീമാണ് മുഖ്യം, വ്യക്തിനേട്ടങ്ങള്‍ രണ്ടാമത് മാത്രം
 • ജയമാണ് പ്രധാനം, കേളീഭംഗിയല്ല: ദുംഗ
 • അര്‍ജന്റീനയെ പേടിക്കണം
 • എന്റെ സ്വപ്നം ലോകകപ്പ്‌
 •