MONDAY, FEBRUARY 02, 2015
ആഫ്രിക്കയുടെ ആവേശം പ്രകടമാവും
Posted on: 02 Jun 2010അന്താരാഷ്ട്ര ഫുട്‌ബോളില്‍ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത ടീമാണ് കാമറൂണ്‍. 1990-ല്‍ ലോകകപ്പ് ക്വാര്‍ട്ടറിലെത്തി അവര്‍ കരുത്തുകാട്ടി. ആറുതവണ ലോകകപ്പിനെത്തി. ആഫ്രിക്കന്‍ വന്‍കരയില്‍ ലോകകപ്പെത്തുമ്പോള്‍, ഏവരും ഉറ്റുനോക്കുന്ന ടീമുകളിലൊന്നാണ് കാമറൂണ്‍. തന്റെ ഭൂഖണ്ഡത്തിലേക്ക് വിരുന്നെത്തിയ ലോകകപ്പിന് കാമറൂണ്‍ കരുതിവെച്ചിരിക്കുന്നത് എന്തൊക്കെയാവും?. ക്യാപ്റ്റന്‍ സാമുവല്‍ എറ്റു പറയുന്നു.? 2006-ല്‍ കാമറൂണിന് ലോകകപ്പിന് യോഗ്യത നേടാനായില്ല. ഇക്കുറി സ്വന്തം ഭൂഖണ്ഡത്തിലാണ് കാമറൂണ്‍ കളിക്കാനിറങ്ങുന്നത്. അതിലെത്രത്തോളം സന്തോഷവാനാണ്

* ആഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ കളിക്കുക. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമാണ് എനിക്കിത്. ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍മുതല്‍ ആ ആഹ്ലാദം ഞാന്‍ അനുഭവിക്കുന്നു. ഒരു ഫുട്‌ബോള്‍താരത്തിന് ഇതിലപ്പുറം ആഹ്ലാദിക്കാനില്ല. ജര്‍മനിയിലെ ലോകകപ്പിന് യോഗ്യത കിട്ടാതിരുന്നപ്പോള്‍ ടീം എത്രത്തോളം വേദനിച്ചിരുന്നെന്ന് എനിക്കറിയാം. തകര്‍ന്നുപോയ നിമിഷങ്ങള്‍. അന്ന് ബാഴ്‌സലോണയിലെ എന്റെ എല്ലാ കൂട്ടുകാരും ജര്‍മനിയില്‍ ഉണ്ടായിരുന്നു. അവരെ ടെലിവിഷനിലൂടെ കാണേണ്ട അവസ്ഥയില്‍ ഞാനും. ഇക്കുറി ആഘോഷങ്ങള്‍ക്ക് ഞാനുമുണ്ടാവുമെന്നത് ആവേശമിരട്ടിപ്പിക്കുന്നു.

?ഹോളണ്ട് കഴിഞ്ഞാല്‍ ഗ്രൂപ്പ് ഇയില്‍നിന്ന് മുന്നേറാന്‍ സാധ്യതയുള്ള ടീമുകളുടെ കൂട്ടത്തിലാണ് കാമറൂണ്‍

* ലോകകപ്പില്‍ കഴിയുന്നിടത്തോളം, ഒത്താല്‍ ലോകകിരീടത്തോളം മുന്നേറാനാവുന്നതുതന്നെയാണ് സന്തോഷം. കളി നടക്കുന്നത് ഞങ്ങളുടെ നാട്ടിലാണ്. അതുകൊണ്ടുതന്നെ, ആഫ്രിക്കന്‍ ഫുട്‌ബോള്‍ കൈവരിച്ച പുരോഗതിയെന്തെന്ന് ലോകത്തെ കാട്ടിക്കൊടുക്കാനുള്ള ഉത്തരവാദിത്വമുണ്ട്. ഞങ്ങള്‍ മാത്രമല്ല. ഐവറി കോസ്റ്റും ഘാനയും നൈജീരിയയും അള്‍ജീരിയയുമൊക്കെ എതിരാളികളെ ഞെട്ടിക്കാന്‍പോന്ന കരുത്തുള്ള ടീമുകളാണ്.

? അപ്പോള്‍, നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാനാവുമെന്ന് ഉറപ്പുണ്ട്

* ഫുട്‌ബോളില്‍ ഒന്നുംതന്നെ പ്രവചിക്കാനാവില്ല. പക്ഷേ, അതിനാവുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. ഹോളണ്ടും ഡെന്‍മാര്‍ക്കും ജപ്പാനുമടങ്ങുന്ന ഗ്രൂപ്പില്‍നിന്ന് മുന്നേറുക വിഷമംപിടിച്ച കാര്യമാണ്. ലോകകപ്പാകുമ്പോള്‍ എല്ലാ എതിരാളികളെയും ബഹുമാനിക്കാതെ പറ്റില്ല. ഇതൊരു സവിശേഷ സന്ദര്‍ഭമായതിനാല്‍ എല്ലാ ടീമുകളും അവരുടെ മികവ് പുറത്തെടുക്കും. കൂടുതല്‍ തയ്യാറെടുപ്പോടെയും ആസൂത്രണത്തോടെയുമാണ് യൂറോപ്യന്‍ടീമുകള്‍ വരിക. ഞങ്ങളും എല്ലാ ശക്തിയും കാഴ്ചവെക്കും.

? ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ പര്യായങ്ങളാണ് ദിദിയര്‍ ദ്രോഗ്ബയും മൈക്കല്‍ എസിയനും സാമുവല്‍ എറ്റൂവും. എസിയനൊഴികെ മറ്റ് രണ്ടുപേരും ലോകകപ്പില്‍ കളിക്കുന്നുമുണ്ട്.

* എസിയന് ഘാനയ്‌ക്കൊപ്പം കളിക്കാനാവില്ലെന്നത് നിരാശാജനകമാണ്. ജനിച്ച ഭൂഖണ്ഡത്തിന്റെ പ്രതിനിധികളായി ലോകത്തിനുമുന്നില്‍ നില്‍ക്കുകയെന്ന നേട്ടം ചെറിയ കാര്യമല്ല. ആഫ്രിക്കക്കാരാണ് ഞങ്ങള്‍. അതിനുശേഷമേ, കാമറൂണുകാരനും ഘാനക്കാരനും ഐവറി കോസ്റ്റുകാരനുമാകുന്നുള്ളൂ. ഞങ്ങള്‍ എല്ലാവരും ഈ രീതിയില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. ആഫ്രിക്കയിലെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് വലിയൊരവസരമാണ് ഈ ലോകകപ്പ്.

?ആഫ്രിക്കന്‍ ഫുട്‌ബോളറെ തിരഞ്ഞെടുക്കുമ്പോള്‍, മാറി മാറി ആ സ്ഥാനത്തേക്ക് വരുന്നത് ദ്രോഗ്ബയും എറ്റൂവുമാണ്. നിങ്ങള്‍ക്കിടയില്‍ നല്ല ബന്ധമല്ലെന്നാണ് കേട്ടിട്ടുള്ളത്. സത്യമാണോ

* ഒരിക്കലുമല്ല. ഇത്തരം വാര്‍ത്തകള്‍ എവിടുന്നാണ് കിട്ടുന്നതെന്ന് എനിക്കറിയില്ല. എന്നെപ്പോലെത്തന്നെ ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ ശക്തനായ അംബാസഡറാണ് ദ്രോഗ്ബയും. സ്വന്തം കഴിവിന്റെ പരമാവധി മൈതാനത്ത് പുറത്തെടുക്കുകയും ആഫ്രിക്കയിലെ ജനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന താരമാണ് അദ്ദേഹം. ദ്രോഗ്ബയുടെ പ്രകടനങ്ങളെ എക്കാലത്തും ഞാന്‍ പ്രകീര്‍ത്തിച്ചിട്ടേയുള്ളൂ.

? ഇക്കുറി കാമറൂണിന്റെ ക്യാപ്റ്റനാണ്. അത് അമിതസമ്മര്‍ദമുണ്ടാക്കുന്നുണ്ടോ

* ടീമിനെ നയിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അതില്‍ പ്രത്യേകിച്ച് വ്യത്യാസമൊന്നും അനുഭവപ്പെട്ടിട്ടില്ല. ക്യാപ്റ്റനായാലും അല്ലെങ്കിലും ടീമിനൊപ്പം നില്‍ക്കുകയെന്നതാണ് എന്റെ നയം. കഴിയുന്നത്ര അച്ചടക്കംപുലര്‍ത്തുക. കോച്ച് ഏല്‍പ്പിക്കുന്ന ദൗത്യം ഭംഗിയാക്കുക. ഫുട്‌ബോള്‍ ഒരു ടീം ഗെയിമാണ്. ഈ കളിയില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും വ്യക്തികളല്ല. ടീമാണ്. ടീമിന്റെ നേട്ടത്തിനു വേണ്ടി കളിക്കുകയെന്നതാണ് എന്റെ രീതി.

? ഇതൊരു യൂറോപ്യന്‍ കാഴ്ചപ്പാടാണ്. ഏറെക്കാലവും യൂറോപ്പില്‍ കളിച്ചതുകൊണ്ടാണോ ചിന്താഗതിയിലെ ഈ മാറ്റം

* ആയിരിക്കാം. ഞാന്‍ യൂറോപ്പില്‍ ജീവിക്കുകയും ആഫ്രിക്കയില്‍ ഉറങ്ങുകയും ചെയ്യുന്ന വ്യക്തിയാണ്. കളിക്കുന്നത് യൂറോപ്പിലാണെങ്കിലും, എന്റെ വേരുകളിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചാണ് സ്വപ്നം കാണുന്നത്. നേട്ടങ്ങള്‍ നാട്ടില്‍ ആഘോഷിക്കുന്നതിലാണ് എനിക്ക് താത്പര്യം. കാമറൂണിലെ കുട്ടികള്‍ക്കുവേണ്ടി ഞാന്‍ ചിലതൊക്കെ ചെയ്യുന്നുണ്ട്. റിട്ടയര്‍ ചെയ്തശേഷം അത് വിപുലമാക്കും. യൂറോപ്യന്‍മാരാണ് കളിക്കളത്തിലെ സംഘാടനത്തെക്കുറിച്ച് എന്നെ പഠിപ്പിച്ചത്. ടീം ഗെയിമുകള്‍ക്ക് അത്യാവശ്യം വേണ്ടത് അതാണ്.

?മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കി. അതിലേറ്റവും പ്രിയപ്പെട്ടത് ഇക്കുറി റയല്‍ മാഡ്രിഡിന്റെ തട്ടകത്തില്‍ നേടിയ കിരീടത്തിനായിരിക്കും. 16-ാം വയസ്സില്‍ അവിടെ ചേര്‍ന്നിട്ടും ഒരിക്കല്‍പ്പോലും റയലിന്റെ ആദ്യടീമില്‍ എറ്റൂവിന് അവസരം കിട്ടിയിരുന്നില്ല.

* എന്റെ ടീമിനെ വിജയിപ്പിക്കാനാണ് ഞാന്‍ കളിക്കുന്നത്. ആര്‍ക്കെങ്കിലും എന്തെങ്കിലും കാണിച്ചുകൊടുക്കാന്‍വേണ്ടിയല്ല ഞാന്‍ കളിക്കുന്നത്. റയല്‍ മാഡ്രിഡ് അവരുടെ ടീമില്‍ എന്നെ കളിപ്പിച്ചിട്ടില്ലെന്നും എപ്പോഴും മറ്റ് ക്ലബ്ബുകള്‍ക്ക് ലോണടിസ്ഥാനത്തില്‍ കൈമാറിയെന്നതും ശരിതന്നെ. മയോര്‍ക്കയിലെത്തിയപ്പോള്‍, എനിക്ക് ആത്മവിശ്വാസം പകര്‍ന്ന ലൂയി അരഗോണ്‍സിനോടാണ് എനിക്ക് കടപ്പാടുള്ളത്. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ സ്‌പെയിന്‍ യൂറോകപ്പ് നേടിയപ്പോള്‍ ഞാനേറെ ആഹ്ലാദിക്കുകയും ചെയ്തു.

? ആഫ്രിക്കന്‍ ടീമുകള്‍ കഴിഞ്ഞാല്‍, സ്‌പെയിനിനെയാകും താങ്കള്‍ പിന്തുണയ്ക്കുക

* എന്റെ ഹൃദയത്തില്‍ സ്‌പെയിനിന് സവിശേഷമായൊരു സ്ഥാനമുണ്ട്. 13 വര്‍ഷം ഞാന്‍ പന്തുതട്ടിയത് അവിടെയാണ്. ഒട്ടേറെ സുഹൃത്തുക്കളുമുണ്ട് അവിടെ. സ്‌പെയിന്‍ കിരീടസാധ്യതയുള്ള ടീമാണ്. പക്ഷേ, മറ്റുചില ടീമുകളും രംഗത്തുണ്ട്. ആദ്യമായി ഒരു ആഫ്രിക്കന്‍ ടീം കിരീടം നേടുന്നതു കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതു പകരുന്ന സന്തോഷം മറ്റൊന്നിനുമുണ്ടാവില്ല.

 

 

 

Other stories in this section:
 • അര്‍ജന്റീനയ്ക്ക് എന്താണ് സംഭവിച്ചത്?-മഷെറാനോ
 • സ്‌ക്വയര്‍ ഡ്രൈവ്‌
 • സഞ്ജു കൂളാണ്‌
 • ആക്രമണം തന്നെ പ്രതിരോധം
 • റോള്‍ മോഡല്‍
 • ബില്യണ്‍ ഡോളര്‍ ബെയ്ല്‍
 • വെരി വെരി സ്‌പെഷ്യല്‍
 • 'നഷ്ടമായത് ഒളിമ്പിക് മെഡല്‍മാത്രം'
 • 'എന്റെ ഏറ്റവും വലിയ ജയം'
 • ആഹ്ലാദത്തിരയില്‍ പ്രജുഷ
 • ദീപികയ്ക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കം
 • ഷാര്‍പ്പ് ഷൂട്ടര്‍
 • ലക്ഷ്യം ഒളിമ്പിക് മെഡല്‍; ഈ വെള്ളി കോച്ച് അജിമോന്-ദുര്‍ഗേഷ്‌
 • സ്വപ്നം പോലെ സ്വര്‍ണപ്പന്ത്
 • ഇത് ഉറുഗ്വായ്ന്‍ ജനതയ്ക്കുള്ള സമ്മാനം: ഫോര്‍ലാന്‍
 • ഞങ്ങള്‍ക്കുമുണ്ട് ചില സ്വപ്നങ്ങള്‍: ദ്രോഗ്ബ
 • ടീമാണ് മുഖ്യം, വ്യക്തിനേട്ടങ്ങള്‍ രണ്ടാമത് മാത്രം
 • ജയമാണ് പ്രധാനം, കേളീഭംഗിയല്ല: ദുംഗ
 • അര്‍ജന്റീനയെ പേടിക്കണം
 • എന്റെ സ്വപ്നം ലോകകപ്പ്‌
 •